വീണ്ടും മോദി മാജിക്. ഹിന്ദി ഹൃദയഭൂമിയില്‍ താമര വിരിഞ്ഞു. കോണ്‍ഗ്രസ് ഭരിച്ചിരുന്ന രാജസ്ഥാനും ഛത്തീസ്ഗഡും ബിജെപി പിടിച്ചെടുത്തു. മധ്യപ്രദേശില്‍ ബിജെപിക്കു തുടര്‍ഭരണം. തെലുങ്കാനയില്‍ ബിആര്‍എസിനെ തൂത്തെറിഞ്ഞ കോണ്‍ഗ്രസിന് ആശ്വാസ ജയം. രാജസ്ഥാനില്‍ തമ്മിലടിയാണു കോണ്‍ഗ്രസിന്റെ പതനം ഉറപ്പിച്ചതെങ്കില്‍ ഛത്തീസ്ഗഡില്‍ അവസാന നാളുകളില്‍ മോദി സര്‍ക്കാര്‍ നടത്തിച്ച എന്‍ഫോഴ്‌സ്‌മെന്റു വേട്ടയാണ് അട്ടിമറിയുണ്ടാക്കിയത്. തെലുങ്കാനയില്‍ കെസിആറിനെതിരായ ഭരണവിരുദ്ധ വികാരമാണ് കോണ്‍ഗ്രസിനു തുണയായത്.
നാലു സംസ്ഥാനങ്ങളിലെ ലീഡുനില:
മധ്യപ്രദേശ്: ആകെ 230. ബിജെപി 162, കോണ്‍ഗ്രസ് 65, ബിഎസ്പി 2.
ഛത്തീസ്ഗഡ്: ആകെ 90. ബിജെപി 54, കോണ്‍ഗ്രസ് 35.
രാജസ്ഥാന്‍: ആകെ 199. ബിജെപി 111, കോണ്‍ഗ്രസ് 72, മറ്റുള്ളവര്‍ 13.
തെലുങ്കാന: ആകെ 119. കോണ്‍ഗ്രസ് 65, ബിആര്‍എസ് 38, ബിജെപി 10, മറ്റുള്ളവര്‍ 4, സിപിഐ 1.
തെരഞ്ഞെടുപ്പിലെ തിരിച്ചടി ചര്‍ച്ച ചെയ്യാന്‍ ഇന്ത്യാ മുന്നണി ചൊവ്വാഴ്ച യോഗം ചേരുന്നു. കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജുന ഖര്‍ഗെയാണ് അദ്ദേഹത്തിന്റെ ഡല്‍ഹിയിലെ വസതിയില്‍ യോഗം വിളിച്ചിരിക്കുന്നത്. നിയമസഭാ തെരഞ്ഞെടുപ്പുകളില്‍ കോണ്‍ഗ്രസ് മറ്റു കക്ഷികളെ പരിഗണിച്ചില്ലെന്ന വിമര്‍ശനം ഉയര്‍ന്നിരുന്നു.
ബംഗാള്‍ ഉള്‍ക്കടലില്‍ മിഷോങ് ചുഴലിക്കാറ്റ് രൂപപ്പെട്ടു. ആന്ധ്രപ്രദേശ്, തമിഴ്നാട്, പുതുച്ചേരി തീരങ്ങളില്‍ ചുഴലിക്കാറ്റിന്റെ രണ്ടാംഘട്ട മുന്നറിയിപ്പായ ഓറഞ്ച് മുന്നറിയിപ്പ്. ശക്തമായ മഴ തുടരുന്നതാ നിര്‍ദേശമുണ്ട്.
മുഖ്യമന്ത്രി പിണറായി വിജയന്റെ നേതൃത്വത്തിലുള്ള നവകേരള അക്രമ യാത്രയാണെന്നും സ്ത്രീ സമൂഹം പ്രതികരിക്കുമെന്നും മഹിളാ കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് ജെബി മേത്തര്‍. മഹിളാ കോണ്‍ഗ്രസ് കൊച്ചിയില്‍ നടത്തിയ സംഗമത്തില്‍ പങ്കെടുത്തു മടങ്ങിയ സ്ത്രീകളെയും വാഹനത്തിന്റെ ഡ്രൈവറെയും ഡിവൈഎഫ്‌ഐക്കാര്‍ പൊലീസ് സ്റ്റേഷനു മുന്നില്‍ തടഞ്ഞുനിര്‍ത്തി മര്‍ദിച്ചത് എന്ത് ‘രക്ഷാ പ്രവര്‍ത്തന’മാണെന്നും ജെബി മേത്തര്‍ ചോദിച്ചു.
ശബരിമല ദര്‍ശനത്തിനു ഭക്തരുടെ തിരക്ക്. മണിക്കൂറുകളോളം നീണ്ട ക്യൂവിലാണ് ഭക്തര്‍. നിയന്ത്രിക്കാനുള്ള പൊലീസിന്റെ നടപടികള്‍ക്കെതിരെ വ്യാപക പരാതിയുണ്ട്. എണ്‍പതിനായിരത്തിലധികം ഭക്തരാണ് കഴിഞ്ഞ രണ്ടു ദിവസങ്ങളില്‍ ദര്‍ശനം നടത്തിയത്.
പോലീസ് സംഘമാണെന്ന വ്യാജേന കൊച്ചിയിലെ ഹോസ്റ്റലില്‍ അതിക്രമിച്ചു കയറി കവര്‍ച്ച നടത്തിയ നിയമ വിദ്യാര്‍ത്ഥിനി അടക്കമുള്ള നാലംഗ സംഘം പിടിയില്‍. എറണാകുളം പോണേക്കര സ്വദേശി സെജിന്‍ പയസ് (21), ചേര്‍ത്തല കയിസ് മജീദ് (35), ഇടുക്കി രാജാക്കാട് ജയ്‌സണ്‍ ഫ്രാന്‍സിസ് (39), ആലുവ സ്വദേശി മനു മധു (30) എന്നിവരാണ് അറസ്റ്റിലായത്.
ആറ് വയസുകാരിയെ തട്ടിക്കൊണ്ടുപോയത് നവകേരള സദസിന് പണമുണ്ടാക്കാനാണെന്നും മുഖ്യമന്ത്രിക്കു പങ്കുണ്ടെന്നും വ്യാജ പ്രചാരണം നടത്തിയയാള്‍ക്കെതിരെ കേസ്. കാസര്‍കോട് കുശ്ചത്തൂര്‍ സ്വദേശി അബ്ദുല്‍ മനാഫിനെതിരെയാണ് മഞ്ചേശ്വരം പൊലീസ് കേസെടുത്തത്.
തൃശൂര്‍ കയ്പമംഗലത്ത് റോഡു പണിക്കിടെ ടാറിംഗ് വാഹനത്തിനു തീ പിടിച്ചു. കയ്പ്പമംഗലം 12 ല്‍ ആറുവരി ദേശീയപാത 66 ന്റെ പണികള്‍ക്കിടെയാണ് ഇന്നലെ രാത്രി പതിനൊന്നോടെ തീ പിടിച്ചത്. ഡ്രൈവര്‍ രഞ്ജിത്തിന് കൈക്ക് പൊള്ളലേറ്റു.
തെലങ്കാനയില്‍ എംഎല്‍എമാരെ റിസോര്‍ട്ടിലേക്കു മാറ്റാന്‍ ആഡംബര ബസുകമളുമായി കോണ്‍ഗ്രസ്. ബിആര്‍എസ് നേതൃത്വം കുതിരക്കച്ചവടത്തിന് ഇറങ്ങുമെന്ന ഭീതിയിലാണ് ബസുകള്‍ ഒരുക്കിയത്. കര്‍ണാടക ഉപമുഖ്യമന്ത്രി ഡികെ ശിവകുമാറിന്റെ നേതൃത്വത്തിലാണ് കോണ്‍ഗ്രസ് തെലങ്കാനയിലെ രാഷ്ട്രീയ നീക്കങ്ങള്‍ നടത്തുന്നത്.