mid day hd 1

 

കൊല്ലം ഓയൂരിലെ ആറു വയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ ചാത്തന്നൂര്‍ സ്വദേശിയായ പത്മകുമാറും കുടുംബവും അറസ്റ്റിലായി. മാമ്പള്ളികുന്നം കവിതരാജില്‍ കെ ആര്‍ പത്മകുമാര്‍ (52), ഭാര്യ എം.ആര്‍ അനിതകുമാരി (45), മകള്‍ പി. അനുപമ (20) എന്നിവരെയാണ് അറസ്റ്റു ചെയ്തത്. അഞ്ചു ലക്ഷം സബ്‌സ്‌ക്രൈബേഴ്‌സുള്ള യുട്യൂബ് ഇന്‍ഫ്‌ളുവന്‍സറാണ് അനുപമ. പത്മകുമാര്‍ ലോണ്‍ ആപ്പില്‍നിന്നും ക്രഡിറ്റ് കാര്‍ഡ് വഴിയും വായ്പയെടുത്തിരുന്നു. ബാധ്യതകള്‍ തീര്‍ക്കാനാണ് കുട്ടിയെ തട്ടിക്കൊണ്ടുപോയത്. 1993 ല്‍ ടി കെ എം എന്‍ജിനിയറിംഗ് കോളജില്‍ പഠിച്ചയാളാണ് പത്മകുമാര്‍.

ആറു വയസുകാരിയെ തട്ടികൊണ്ടുപോയ കേസില്‍ പ്രതി പത്മകുമാര്‍ ഒപ്പമുണ്ടായിരുന്ന സഹോദരന് പണം തന്നാല്‍ കുട്ടിയെ വിട്ടുതരാമെന്ന ഭീഷണിക്കത്തു കൈമാറാന്‍ ശ്രമിച്ചെങ്കിലും സഹോദരന്‍ കുറിപ്പ് വാങ്ങിയില്ല. കുട്ടിയെ താമസിപ്പിച്ച വീട്ടിലെത്തി ടിവി ഓണ്‍ ചെയ്തപ്പോള്‍ നാടു മുഴുവന്‍ തങ്ങള്‍ക്കു പിറകേയാണെന്നു മനസിലാക്കി. ഇതോടെയാണ് കുട്ടിയെ ഉപേക്ഷിച്ചു കടന്നത്.

ആറുവയസുകാരിയെ തട്ടിക്കൊണ്ടുപോയ കേസില്‍ അറസ്റ്റിലായ പത്മകുമാറിന്റെ മകള്‍ അനുപമ യൂട്യൂബില്‍
ഹോളിവുഡ് താരങ്ങളുടെയും സെലിബ്രിറ്റികളെയും കുറിച്ചുള്ള വീഡിയോകളാണ് അപ് ലോഡ് ചെയ്തിരുന്നത്. ഇംഗ്‌ളീഷിലാണു വിവരണം.

കുഞ്ഞിനെ തട്ടിക്കൊണ്ടുപോയ കേസ് ആത്മാര്‍ത്ഥമായും അര്‍പ്പണ മനോഭാവത്തോടെയും പോലീസ് അന്വേഷണിച്ചു ചുരുങ്ങിയ ദിവസങ്ങള്‍ കൊണ്ടു യഥാര്‍ഥ പ്രതികളെ പിടികൂടിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസ് അഭിനന്ദനം അര്‍ഹിക്കുന്നു. എന്നാല്‍ പോലീസിന്റെ കൃത്യനിര്‍വഹണം തടസപ്പെടുത്തുന്ന തരത്തില്‍ പോലീസ് സ്റ്റേഷന്‍ ഉപരോധിച്ച് രാഷ്ട്രീയ മുതലെടുപ്പ് നടത്താനാണു ചിലര്‍ ശ്രമിച്ചതെന്ന് മുഖ്യമന്ത്രി വിമര്‍ശിച്ചു.

കരുവന്നൂര്‍ നിക്ഷേപത്തട്ടിപ്പില്‍ സിപിഎം വന്‍തുക കമ്മീഷന്‍ കൈപ്പറ്റിയെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. കരുവന്നൂര്‍ ബാങ്കില്‍ സിപിഎമ്മിന്റെ ലോക്കല്‍ കമ്മിറ്റിക്കു രണ്ട് അക്കൗണ്ടുകളുണ്ട്. ഈ അക്കൗണ്ടുകളിലൂടെ വന്‍ തുകയുടെ ഇടപാട് നടത്തി. ബിനാമി ലോണുകളുടെ കമ്മിഷനും അക്കൗണ്ടിലെത്തി. ക്രമക്കേട് പുറത്തായതോടെ പാര്‍ട്ടി അക്കൗണ്ടില്‍നിന്ന് 90 ശതമാനം തുകയും പിന്‍വലിച്ചു. അക്കൗണ്ടിന്റെ വിവരങ്ങള്‍ കൈമാറാന്‍ ജില്ലാ സെക്രട്ടറി എം.എം. വര്‍ഗീസ് വിസമ്മതിച്ചെന്നും എന്‍ഫോഴ്‌സ്‌മെന്റ് പറയുന്നു.

നവകേരള സദസിന് ഫണ്ട് നല്‍കുന്നതിന് നഗരസഭ സെക്രട്ടറിമാര്‍ക്കു നല്‍കിയിരുന്ന അനുമതി ഉത്തരവ് ഹൈക്കോടതി റദ്ദാക്കിയ നടപടി സര്‍ക്കാരിന് തിരിച്ചടിയല്ലെന്ന് മന്ത്രി എംബി രാജേഷ്. നഗരസഭകള്‍ക്ക് കൗണ്‍സില്‍ ചേര്‍ന്ന് പാസാക്കി പണം നല്‍കാമെന്നു രാജേഷ് പറഞ്ഞു.

പാലക്കാട് മുന്‍ ഡിസിസി പ്രസിഡന്റ് എവി ഗോപിനാഥ് നവകേരള സദസിന്റെ പ്രഭാതയോഗത്തില്‍ പങ്കെടുത്തു. സിപിഎം ജില്ലാ സെക്രട്ടറി ഇ.എന്‍ സുരേഷ് ബാബുവിനൊപ്പമാണ് ഗോപിനാഥ് എത്തിയത്. ഗോപിനാഥിനെ വീട്ടില്‍പോയി കൊണ്ടുവരികയായിരുന്നു. താനിപ്പോഴും കോണ്‍ഗ്രസുകാരനാണെന്നായിരുന്നു ഗോപിനാഥിന്റെ പ്രതികരണം.

നവകേരള സദസിന്റെ പ്രഭാത യോഗത്തില്‍ മണ്ണാര്‍ക്കാട് നഗരസഭ മുന്‍ അധ്യക്ഷയും മുസ്ലീം ലീഗ് നേതാവുമായ എന്‍കെ സുബൈദ പങ്കെടുത്തു. പാര്‍ട്ടി നടപടിയെ കുറിച്ച് ആശങ്കയില്ലെന്നു സുബൈദ പറഞ്ഞു. പാര്‍ട്ടിയില്‍ നിന്ന് ഒന്നരവര്‍ഷം മുന്‍പ് സുബൈദയെ പുറത്താക്കിയിരുന്നെന്ന് ലീഗ് നേതൃത്വം.

സിപിഎം നേതാക്കളായ എ.എ റഹീമും എം സ്വരാജും കുറ്റക്കാരെന്ന് തിരുവനന്തപുരം ഒന്നാം ക്ലാസ്സ് ജുഡീഷ്യല്‍ മജിസ്‌ട്രേട്ട് കോടതി. ശിക്ഷ ഇന്നുതന്നെ വിധിക്കും. ഉമ്മന്‍ചാണ്ടി സര്‍ക്കാറിന്റെ വിദ്യാഭ്യാസനയങ്ങള്‍ക്കെതിരെ എസ് എഫ് ഐ നടത്തിയ നിയമസഭ മാര്‍ച്ചിനിടെ പൊലീസിന്റെ ബാരിക്കേട് തകര്‍ത്തെന്നും വാഹനങ്ങള്‍ നശിപ്പിച്ചെന്നും കോടതി കണ്ടെത്തി. 2010 ല്‍ മ്യൂസിയം പൊലീസെടുത്ത കേസിലാണ് ഇരുവരും കുറ്റക്കാരെന്ന് കോടതി വിധിച്ചത്.

പി.വി അന്‍വര്‍ എംഎല്‍എയുടെ അനധികൃത ഭൂമി വിഷയത്തില്‍ താന്‍ പ്രതികരിക്കുമെന്ന് മാധ്യമങ്ങള്‍ കരുതേണ്ടെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അന്‍വറിനോടു ചില മാധ്യമപ്രവര്‍ത്തകര്‍ക്കു വിരോധമുണ്ട്. ‘നിങ്ങള്‍ അതുംകൊണ്ട് നടന്നോ ഞാന്‍ മറുപടി പറയുമെന്ന് കരുതേണ്ടെന്നു’മായിരുന്നു മുഖ്യമന്ത്രിയുടെ പ്രതികരണം.

മുന്‍ സര്‍ക്കാര്‍ പ്ലീഡര്‍ പി.ജി മനു പ്രതിയായ ബലാത്സംഗ കേസ് അന്വേഷിക്കാന്‍ ആറംഗ പ്രത്യേക സംഘം. പുത്തന്‍കുരിശ് ഡിവൈഎസ് പി അന്വേഷണത്തിന് നേതൃത്വം നല്‍കും.

നവകേരള സദസില്‍ പങ്കെടുത്ത ഫറോക്ക് കോണ്‍ഗ്രസ് ബ്ലോക്ക് ജനറല്‍ സെക്രട്ടറി എം മമ്മുണ്ണിയെ സസ്പെന്‍ഡു ചെയ്തു. ഡിസിസി പ്രസിഡന്റ് കെ പ്രവീണ്‍കുമാറാണു സസ്പെന്‍ഡു ചെയ്തത്.

ശബരിമല തീര്‍ത്ഥാടകരെന്ന വ്യാജേന അഞ്ചു കിലോ തിമിംഗല ഛര്‍ദ്ദി കാറില്‍ കടത്തുകയായിരുന്ന മൂന്നു പേരെ ഗുരുവായൂര്‍ ടെമ്പിള്‍ പൊലീസ് പിടികൂടി. കൊയിലാണ്ടി സ്വദേശികളായ അരുണ്‍ ദാസ്, ബിജിന്‍, രാഹുല്‍ എന്നിവരെയാണ് പിടികൂടിയത്.

സ്‌കൂള്‍ വിദ്യാര്‍ഥികളുടെ വിനോദയാത്രയ്ക്കു വ്യാജരേഖയുണ്ടാക്കി സര്‍വീസ് നടത്തിയ രണ്ടു ടൂറിസ്റ്റ് ബസുകള്‍ മോട്ടോര്‍ വാഹന വകുപ്പ് കസ്റ്റഡിയിലെടുത്തു. പാലക്കാട് കാവശ്ശേരിയില്‍, വടവന്നൂര്‍ സ്വദേശികളുടെ ഉടമസ്ഥതയിലുള്ള ബസുകളാണ് പിടിയിലായത്. മോട്ടര്‍ വാഹനവകുപ്പ് ഉദ്യോഗസ്ഥര്‍ നല്‍കേണ്ട സാക്ഷ്യപത്രം വ്യാജമായി നിര്‍മിച്ചാണ് സര്‍വീസ് നടത്തിയത്. 6,250 രൂപ പിഴ ഈടാക്കി.

ചെന്നൈയില്‍ കൈക്കൂലി കേസില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥനെ അറസ്റ്റു ചെയ്തതിനു പിറകേ, എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസില്‍ വിജിലന്‍സ് റെയ്ഡ്. കൂടുതല്‍ ഇഡി ഉദ്യോഗസ്ഥരെ ചോദ്യം ചെയ്യാന്‍ വിളിപ്പിക്കുമെന്ന് വിജിലന്‍സ് അറിയിച്ചു. അറസ്റ്റിലായ അങ്കിത് തിവാരിയുടെ സഹപ്രവര്‍ത്തകര്‍ക്ക് സമന്‍സ് അയക്കും.

ഗുജറാത്തിലെ സൂറത്തില്‍ ലഹരിക്കായി ആയുര്‍വേദ ചുമമരുന്ന് കഴിച്ച് ആറു പേര്‍ മരിച്ചു. പൊലീസ് വിവിധ സ്ഥലങ്ങളില്‍ നടത്തിയ റെയ്ഡില്‍ ഏഴു പേരെ അറസ്റ്റു ചെയ്തു. പരിശോധനയില്‍ 2195 കുപ്പി ചുമമരുന്ന് പിടിച്ചെടത്തു.

കാമുകനുമൊത്തു ജീവിക്കാന്‍ ഭര്‍ത്താവിന്റെ 45 രൂപയുടെ സ്വത്ത് തട്ടിയെടുക്കാന്‍ അധ്യാപകനായ ഭര്‍ത്താവിനെ കൊലപ്പെടുത്തി. ഉത്തര്‍പ്രദേശിലെ കാന്‍പൂരില്‍ രാജേഷ് ഗൗതം എന്ന നാല്‍പതുകാരനാണു കൊല്ലപ്പെട്ടത്. ഭാര്യ ഊര്‍മിള കുമാരി (32), കാമുകന്‍ ശൈലേന്ദ്ര സോങ്കര്‍ (34) എന്നിവര്‍ പിടിയിലായി. നടക്കുന്നതിനിടെ കാറിടിച്ചാണ് രാജേഷ് ഗൗതം മരിച്ചത്.

മോശം കാലാവസ്ഥമൂലം ഡല്‍ഹി വിമാനത്താവളത്തില്‍ ഇറങ്ങേണ്ട 18 വിമാനങ്ങള്‍ വഴിതിരിച്ചുവിട്ടു. കനത്ത മൂടല്‍മഞ്ഞും പുകയുംമൂലം കാഴ്ച മങ്ങിയതാണ് വിമാനങ്ങള്‍ വഴിതിച്ചുവിടാന്‍ കാരണം. വിമാനങ്ങള്‍ ജയ്പൂര്‍, ലക്‌നോ, അഹമ്മദാബാദ്, അമൃത്സര്‍ എന്നിവിടങ്ങളിലാണ് ഇറങ്ങിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *