mid day hd 18

 

കെ- ഫോണ്‍ പദ്ധതി നടത്തിപ്പില്‍ എസ്.ആര്‍.ഐ.ടി ഗുരുതര വീഴ്ച വരുത്തിയെന്ന് സി.എ.ജി റിപ്പോര്‍ട്ട്. പദ്ധതിയുടെ മെല്ലെപ്പോക്കിനും മോശം പ്രകടനത്തിനും കാരണം എസ്ആര്‍ഐടിയുടെ വീഴ്ചകളാണെന്നാണ് നിരീക്ഷണം. ഏറ്റെടുത്ത ചുമതലകളില്‍ ഒന്നുപോലും എസ്.ആര്‍.ഐ.ടി കാര്യക്ഷമായി നിറവേറ്റിയില്ലെന്നു റിപ്പോര്‍ട്ടില്‍ പറയുന്നു.

നിയമസഭ പാസാക്കിയ എട്ടു സുപ്രധാന ബില്ലുകളില്‍ ഒപ്പിടാന്‍ മടിക്കുന്ന ഗവര്‍ണര്‍ക്കെതിരെ തത്കാലം സുപ്രീം കോടതിയെ സമീപിക്കേണ്ടെന്നു സര്‍ക്കാര്‍. കോടതിയെ സമീപിക്കാമെന്ന നിയമോപദേശം ഉണ്ടെങ്കിലും നിയമയുദ്ധം ആരംഭിച്ചാല്‍ ഗവര്‍ണര്‍ കൂടുതല്‍ പ്രതിസന്ധിയുണ്ടാക്കുമെന്നു ശങ്കയുള്ളതിനാലാണ് കോടതിയെ സമീപിക്കാത്തത്. ചാന്‍സലര്‍ നിയമന ബില്‍. ലോകായുക്ത ബില്‍ എന്നിവ അടക്കമുളള്ള ബില്ലുകളിലാണ് ഗവര്‍ണര്‍ ഒപ്പുവയ്ക്കാത്തത്.

ശസ്ത്രക്രിയക്കിടെ കത്രിക വയറ്റില്‍ കുടുങ്ങിയ സംഭവത്തില്‍ പൊലീസ് റിപ്പോര്‍ട്ട് അംഗീകരിക്കുമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ്. പൊലീസിന്റെ റിപ്പോര്‍ട്ട് കിട്ടിയാല്‍ കുറ്റക്കാര്‍ക്കെതിരെ നടപടി ഉണ്ടാകും. ആരെയും സംരക്ഷിക്കില്ല. വീണാ ജോര്‍ജ്ജ് പറഞ്ഞു. ഹര്‍ഷിനയെ പ്രസവശസത്രക്രിയക്ക് വിധേയമാക്കിയ കോഴിക്കോട് മെഡിക്കല്‍ കോളേജിലെ രണ്ട് ഡോക്ടര്‍മാര്‍, നേഴ്‌സുമാര്‍ എന്നിവരെ വൈകാതെ അറസ്റ്റു ചെയ്‌തേക്കും.

കാസര്‍കോട് കേന്ദ്ര സര്‍വകലാശാല വൈസ് ചാന്‍സലര്‍ നിയമനം റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീം കോടതിയില്‍ ഹര്‍ജി. പ്രൊഫ. എച്ച് വെങ്കിടേശ്വരലുവിന്റെ നിയമനം ചോദ്യം ചെയ്താണ് ഹര്‍ജി. കേന്ദ്രസര്‍ക്കാര്‍ നിയോഗിച്ച സെര്‍ച്ച് കമ്മിറ്റി നല്‍കിയ പേരുകള്‍ അട്ടിമറിച്ചാണ് വി സിയെ നിയമിച്ചതെന്നാണ് ആരോപണം.

താനൂര്‍ ബോട്ടപകടക്കേസില്‍ തുറമുഖ മന്ത്രി അഹമ്മദ് ദേവര്‍കോവിലിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഇടപെട്ടെന്നു മൊഴി നല്‍കിയ മാരിടൈം ബോര്‍ഡ് സിഇഒ ടി.പി സലീം കുമാറിനെ മാറ്റി. അപകടമുണ്ടാക്കിയ അത്‌ലാന്റിസ് ബോട്ടിന് രജിസ്‌ട്രേഷന്‍ നല്‍കണമെന്നു മന്ത്രിയുടെ ഓഫീസ് ആവശ്യപ്പെട്ടെന്ന് ഇദ്ദേഹം നേരത്തെ മൊഴി നല്‍കിയിരുന്നു.

നടിയെ ആക്രമിച്ച കേസിലെ മെമ്മറി കാര്‍ഡ് ചോര്‍ന്ന സംഭവം അന്വേഷിക്കണമെന്ന അതിജീവിതയുടെ ഹര്‍ജിയില്‍ വാദം മാറ്റി വയ്ക്കണമെന്ന ദിലീപിന്റെ ആവശ്യം ഹൈക്കോടതി നിരാകരിച്ചു. ഹര്‍ജി വിധി പറയാന്‍ മാറ്റി. അന്വേഷണം വേണമെന്ന ആവശ്യം ന്യായമാണെന്ന് സര്‍ക്കാര്‍ കോടതിയില്‍ വാദിച്ചു. ജഡ്ജി വിധി പറയുന്നത് തടയാനാണ് അതിജീവിതയുടെ ഹര്‍ജിയുടെ ലക്ഷ്യമെന്ന് ദിലീപ് വാദിച്ചു.

മന്ത്രിമാരുടേതുള്‍പ്പെടെ സര്‍ക്കാര്‍ വാഹനങ്ങളിലെ എല്‍ഇഡി ലൈറ്റുകള്‍ക്ക് നിരോധനം. അനധികൃതമായി ലൈറ്റുകള്‍ ഘടിപ്പിച്ചിട്ടുണ്ടെങ്കില്‍ ഓരോ ലൈറ്റിനും 5,000 രൂപ വരെ പിഴ ഈടാക്കും. ഹൈക്കോടതി നിര്‍ദേശത്തെത്തുടര്‍ന്നാണ് സര്‍ക്കാര്‍ ഉത്തരവ്.

വിലക്കയറ്റവുമായി ബന്ധപ്പെട്ട അടിയന്തിര പ്രമേയ നോട്ടീസിന് മറുപടി നല്‍കവെ സപ്ലൈകോ വില്‍പനശാലകളില്‍ 13 നിത്യോപയോഗ സാധനങ്ങള്‍ ഉണ്ടെന്നു നിയമസഭയെ തെറ്റിദ്ധരിപ്പിച്ചെന്ന് ആരോപിച്ച് ഭക്ഷ്യ മന്ത്രി ജി.ആര്‍ അനിലിനെതിരെ കോണ്‍ഗ്രസിന്റെ എം വിന്‍സെന്റ് എം.എല്‍.എ അവകാശലംഘന നോട്ടീസ് നല്‍കി. സപ്ലൈകോ സന്ദര്‍ശിച്ച ദൃശ്യമാധ്യമങ്ങള്‍ പുറത്തുവിട്ട ദൃശ്യങ്ങളില്‍ കാര്യങ്ങള്‍ വ്യക്തമാണെന്ന് ചൂണ്ടിക്കാണിച്ചാണ് സ്പീക്കര്‍ക്കു നോട്ടീസ് നല്‍കിയത്.

തിരുവനന്തപുരം വഞ്ചിയൂര്‍ കോടതിയില്‍ സാക്ഷി പറയാനെത്തിയയാളെ പ്രതി കുത്തിവീഴ്ത്തി. വീടുകയറി ആക്രമണം നടത്തിയ കേസിലെ സാക്ഷി എറണാകുളം സ്വദേശി നിധിനാണ് പ്രതിയായ വിമലിന്റെ കുത്തേറ്റത്.

പൊതുമരാമത്ത് വകുപ്പു മന്ത്രിയായിരുന്നപ്പോള്‍ താന്‍ ചെയ്ത കാര്യങ്ങളെക്കുറിച്ച് മരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് ഒന്നും പറയുന്നില്ലെന്നു പരോക്ഷമായി കുറ്റപ്പെടുത്തി മുന്‍ മന്ത്രി ജി സുധാകരന്‍. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് സുധാകരന്റെ വിമര്‍ശനം. ആലപ്പുഴയിലെ കൊമ്മാടി ശവകോട്ട പാലങ്ങളുടെ ഉദ്ഘാടനം അടുത്ത ദിവസം നടക്കാനിരിക്കെ, ഈ പാലങ്ങളുടെ നിര്‍മ്മാണം താന്‍ മന്ത്രി ആയിരിക്കെയാണ് തുടങ്ങിവച്ചതെന്നു സുധാകരന്‍ പറഞ്ഞു. താന്‍ മന്ത്രി ആയിരിക്കെ 500 പാലങ്ങളുടെ നിര്‍മാണം നടത്തിയെന്നും സുധാകരന്‍ പറഞ്ഞു.

ഐഎസ്ആര്‍ഒയുടെ വിഎസ്എസ് സി പരീക്ഷ തട്ടിപ്പിനു പ്രതികള്‍ എത്തിയത് വിമാനത്തില്‍. മുഖ്യപ്രതി ഹരിയാന സ്വദേശിയായ കോച്ചിംഗ് സെന്റര്‍ നടത്തിപ്പുകാരനാണെന്ന് പൊലീസ് കണ്ടെത്തി. ആള്‍മാറാട്ടം നടത്തി പരീക്ഷയെഴുതുന്നതിന് വന്‍ തുകയാണ് തട്ടിപ്പ് സംഘം വാങ്ങുന്നത്.

മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍ കരിമണല്‍ കമ്പനിയില്‍നിന്നു വാങ്ങിയ പണത്തിന് ആനുപാതികമായി ജിഎസ്ടി അടിച്ചിട്ടുണ്ടെന്നു തെളിഞ്ഞാല്‍ മാപ്പു ചോദിക്കമെന്നു മാത്യു കുഴല്‍നാടന്‍ എംഎല്‍എ. ആരോപണത്തില്‍ ഉറച്ചുനില്‍ക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

കണ്ണൂര്‍ തളാപ്പില്‍ മിനി ലോറിയും ബൈക്കും കൂട്ടിയിടിച്ച് മരിച്ചയാളില്‍ നിന്നും ന്യൂജെന്‍ മയക്കുമരുന്നായ എംഡിഎംഎ കണ്ടെടുത്തു. കാസര്‍ഗോഡ് സ്വദേശി ലത്തീഫിന്റെ പോക്കറ്റില്‍ നിന്നാണ് 8.9 ഗ്രാം എംഡിഎംഎ കണ്ടെത്തിയത്. ലത്തീഫിനൊപ്പം സുഹൃത്തായ മനാഫും മരിച്ചിരുന്നു.

അങ്കമാലി അത്താണിയില്‍ റോഡ് മുറിച്ചുകടക്കവേ, പിക്ക് അപ്പ് വാന്‍ ഇടിച്ച് രണ്ടു സ്ത്രീകള്‍ മരിച്ചു. കാംകോ കാന്റീനിലെ ജീവനക്കാരികളായ മറിയം, ഷീബ എന്നിവരാണ് മരിച്ചത്.

സുഹൃത്തുക്കളുമൊത്തു കെട്ടിടത്തിന്റെ രണ്ടാം നിലയിലിരുന്നു മദ്യപിക്കുന്നതിനിടെ മീനച്ചിലാറ്റിലേക്കു ചാടിയ നേപ്പാള്‍ സ്വദേശി സുലോചന്‍ തരു (23) മരിച്ചു.

തിരുവനന്തപുരം തുമ്പയില്‍ നാഗാലാന്‍ഡ് സ്വദേശിയായ യുവതിക്കു നേരെയാണ് ലൈംഗികാതിക്രമം നടത്തിയ യുവാവിനെ പോലീസ് പിടികൂടി. ബൈക്കിലെത്തി യുവതിയെ കടന്നുപിടിച്ച മേനംകുളം സ്വദേശി അനീഷിനെ (26)യാണു തുമ്പ പോലീസ് പിടികൂടിയത്.

കോണ്‍ഗ്രസ് പ്രവര്‍ത്തകസമിതി പുനസംഘടന സംബന്ധിച്ചു പരസ്യ വിമര്‍ശനങ്ങള്‍ അരുതെന്ന് നേതാക്കളോട് എഐസിസി. അതൃപ്തിയുളള നേതാക്കളുമായി കോണ്‍ഗ്രസ് അധ്യക്ഷന്‍ മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ സംസാരിക്കും. പകുതി 50 വയസിന് താഴെയുള്ളവര്‍ ആകണമെന്ന നിര്‍ദേശം നടപ്പാക്കാനായിട്ടില്ല.

ഉത്തരാഖണ്ഡിലെ ഉത്തരകാശി ജില്ലയില്‍ ഗംഗോത്രി തീര്‍ഥാടകര്‍ സഞ്ചരിച്ച വാന്‍ കൊക്കയിലേക്കു മറിഞ്ഞ് ഏഴുപേര്‍ കൊല്ലപ്പെട്ടു. അപകടത്തില്‍ 27 പേര്‍ക്ക് പരിക്കേറ്റു. ഗുജറാത്ത് സ്വദേശികളാണ് കൊല്ലപ്പെട്ടത്. വാഹനത്തില്‍ 35 പേരുണ്ടായിരുന്നു.

മണിപ്പൂര്‍ കലാപത്തില്‍ ഏഴു വയസുകാരനെ അമ്മക്കും ബന്ധുവിനുമൊപ്പം ആംബുലന്‍സിലിട്ട് ചുട്ടുകൊന്ന കേസ് സിബിഐക്കു കൈമാറി. 20 കലാപ കേസുകളാണ് സിബിഐ അന്വേഷിക്കുന്നത്. വെസ്റ്റ് ഇംഫാലില്‍ ജൂണ്‍ നാലിനു വെടിയേറ്റ കുട്ടിയുമായി അമ്മയും ബന്ധുവും ആംബുലന്‍സില്‍ ആശുപത്രിയിലേക്ക് പോകവേ പോലീസ് നോക്കിനില്‍ക്കേ കലാപകാരികള്‍ ആക്രമിക്കുകയായിരുന്നു.

കോട്ട- പട്‌ന എക്‌സ്പ്രസിലെ സ്ലീപ്പര്‍ കോച്ചായ എസ് ടു കോച്ചില്‍ സഞ്ചരിച്ച രണ്ടു പേര്‍ മരിക്കുകയും ആറുപേര്‍ ആശുപത്രിയിലാകുകയും ചെയ്ത സംഭവത്തെക്കുറിച്ച് റെയില്‍വേ അന്വേഷിക്കുന്നു. കംപാര്‍ട്ടുമെന്റിലെ നിരവധി യാത്രക്കാര്‍ക്ക ഛര്‍ദ്ദിയും ബോധക്ഷയവുമുണ്ടായിരുന്നു. വാരാണസിയില്‍ നിന്ന് മഥുരയിലേക്കാണ് സംഘം യാത്ര ചെയ്തത്.

രാജ്യത്തെ ആദ്യത്തെ എട്ടുവരി എലിവേറ്റഡ് അര്‍ബന്‍ അതിവേഗ പാതയായ ദ്വാരക എക്സ്പ്രസ് വേയുടെ ദൃശ്യങ്ങള്‍ പങ്കിട്ട് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്‍ജിനിയറിംഗിന്റെ അത്ഭുതം എന്നാണ് അദ്ദേഹം ഈ റോഡിനെ വിശേഷിപ്പിച്ചത്. 563 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള നാല് പാക്കേജുകളുള്ള ഹൈവേയാണ് ദ്വാരക എക്സ്പ്രസ്വേ. ദേശീയപാത 8 ല്‍ ശിവമൂര്‍ത്തിയില്‍ തുടങ്ങി ഗുരുഗ്രാമിലെ ഖേര്‍ക്കി ദൗല ടോള്‍ പ്ലാസയിലാണ് റോഡ് അവസാനിക്കുന്നത്.

ചന്ദ്രയാന്‍ 3 പകര്‍ത്തിയ ചന്ദ്രോപരിതലത്തിന്റെ പുതിയ ചിത്രങ്ങള്‍ ഐഎസ്ആര്‍ഒ പുറത്തുവിട്ടു. ലാന്‍ഡറിലെ കാമറയാണ് ചിത്രങ്ങള്‍ പകര്‍ത്തിയത്. വന്‍ ഗര്‍ത്തങ്ങളും കൂറ്റന്‍ പാറകളും ഇല്ലാത്ത ഭാഗം കണ്ടെത്തി സുരക്ഷിതമായി ലാന്‍ഡു ചെയ്യാനുള്ള സമതല പ്രദേശം കണ്ടെത്തുന്നതിന്റെ ഭാഗമായാണു കാമറ ചിത്രീകരണം നടത്തിയത്. ബുധനാഴ്ച ചന്ദ്രനില്‍ ഇറക്കാനാണ് നീക്കം.

ഗുജറാത്തില്‍ ബലാല്‍സംഗത്തിന് ഇരയായ അതിജീവതയ്ക്കു ഗര്‍ഭഛിദ്രം നടത്താന്‍ സുപ്രീം കോടതി അനുമതി നല്‍കി. 27 ആഴ്ച പ്രായമുള്ള ഗര്‍ഭം അലസിപ്പിക്കാനാണ് അനുമതി.

കര്‍ണാടകത്തില്‍ ഓപറേഷന്‍ ഹസ്ത. പണ്ടു ബിജെപി നടത്തിയ ഓപറേഷന്‍ താമര എന്ന കൂട്ട കൂറുമാറ്റത്തിനു ബദലായി കോണ്‍ഗ്രസിന്റെ സിദ്ധരാമയ്യ സര്‍ക്കാര്‍ ബിജെപി എംഎല്‍എമാരെ കോണ്‍ഗ്രസിലേക്കു തിരിച്ചെത്തിക്കുന്ന അടവുകള്‍ പയറ്റുന്നു. ബിജെപിയുടെ എസ്.ടി. സോമശേഖര്‍ എംഎല്‍എ മുഖ്യമന്ത്രി സിദ്ധരാമയ്യയുമായി കൂടിക്കാഴ്ച നടത്തി.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *