വളം ചാക്കുകളില്‍ ഇനി പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ചിത്രവും സന്ദേശവും. രാസ വളങ്ങളുടെ ഉപയോഗം കുറയ്ക്കണമെന്ന സന്ദശമാണ് ബാഗുകളില്‍ നല്‍കുന്നത്. വളങ്ങളെ ‘ഭാരത്’ എന്ന ഒരൊറ്റ ബ്രാന്‍ഡാക്കുന്ന ‘വണ്‍ നേഷന്‍, വണ്‍ ഫെര്‍ട്ടിലൈസേഴ്‌സ്’ പദ്ധതി നടപ്പാക്കുമെന്ന് കേന്ദ്ര സര്‍ക്കാര്‍ തീരുമാനിച്ചിരുന്നു.
സംസ്ഥാനത്തെ ഗ്രാമപഞ്ചായത്തുകള്‍, മുനിസിപ്പാലിറ്റികള്‍, കോര്‍പറേഷന്‍ എന്നിവയിലെ ഡിവിഷനുകളുടേയും വാര്‍ഡുകളുടേയും എണ്ണം വര്‍ധിപ്പിക്കും. ജനസംഖ്യാനുപാതികമായി വാര്‍ഡുകളുടെ എണ്ണം കൂട്ടുന്നതിനനുസരിച്ച് പുതിയ ഗ്രാമപഞ്ചായത്തുകളും രൂപീകരിക്കും. നിലവിലുള്ള 941 ഗ്രാമപഞ്ചായത്തുകള്‍ ആയിരം പഞ്ചായത്തുകളായി വര്‍ധിക്കും. ജില്ലാ പഞ്ചായത്ത് വാര്‍ഡുകളുടെ എണ്ണത്തിലും വര്‍ധനയുണ്ടാകും.
കെ- ഫോണ്‍ ബെല്‍ കണ്‍സോര്‍ഷ്യത്തിനു നല്‍കിയ പലിശ രഹിത മൊബിലൈസേഷന്‍ ഫണ്ട് വഴി സര്‍ക്കാരിന് 36 കോടി രൂപ നഷ്ടമുണ്ടായെന്ന് സിഎജി. നെഷ്ടമുണ്ടാക്കിയതിനു സിഎജി സര്‍ക്കാരിനോടു വിശദീകരണം തേടി. കെഎസ്ഇബി ഫിനാന്‍സ് ഓഫീസറുടെ നിര്‍ദ്ദേശം അവഗണിച്ചാണ് കരാറുണ്ടാക്കിയത്.
പതിനാറ്, പതിനെട്ടു വയസിന് ഇടയിലുള്ളവര്‍ പരസ്പര സമ്മതത്തോടെ ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടുന്നത് കുറ്റമല്ലാതാക്കണമെന്ന പൊതുതാല്‍പര്യ ഹര്‍ജിയില്‍ സുപ്രീം കോടതി കേന്ദ്ര സര്‍ക്കാരിന്റെ അഭിപ്രായം തേടി.
സ്മാര്‍ട്ട് മീറ്റര്‍ പദ്ധതി ഉപേക്ഷിച്ചിട്ടില്ലെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. പദ്ധതി ഉപേക്ഷിച്ചാല്‍
കേന്ദ്രത്തില്‍നിന്ന് പതിനായിരം കോടി രൂപ കിട്ടാതാകും. ബദല്‍ സംവിധാനങ്ങളെക്കുറിച്ച് ആലോചിക്കാന്‍ 25 ന് മുഖ്യമന്ത്രിയുമായി കൂടിക്കാഴ്ച നടത്തും.
താനൂരില്‍ പൊലീസ് കസ്റ്റഡിയില്‍ മരിച്ച താമിര്‍ ജെഫ്രിയെ പോസ്റ്റുമോര്‍ട്ടം ചെയ്ത മഞ്ചേരി മെഡിക്കല്‍ കൊളജിലെ ഫൊറന്‍സിക് മേധാവി ഡോ. ഹിതേഷിനെതിരേ പൊലീസ് റിപ്പോര്‍ട്ട്. അമിത ലഹരിയും ഹൃദ്രോഹവുമാണു മരണകാരണമെന്ന് പോസ്റ്റുമോര്‍ട്ടത്തില്‍ വ്യക്തമാണ്. ശരീരത്തിലേറ്റ പരിക്കുകള്‍ മരണ കാരണമായെന്ന് സര്‍ജന്‍ എഴുതി ചേര്‍ത്തതിനെതിരേയാണു പോലീസ് റിപ്പോര്‍ട്ട്. കേസ് സിബിഐക്കു വിട്ടിരിക്കേയാണ് പോലീസ് ഇങ്ങനെ റിപ്പോര്‍ട്ടു തയാറാക്കിയത്.
വയനാട്ടിലെ മുട്ടില്‍ മരംമുറിക്കേസില്‍ അന്വേഷണ ചുമതലയില്‍നിന്ന് ഒഴിവാക്കണമെന്ന ഡിവൈഎസ്പി വി.വി. ബെന്നിയുടെ അപേക്ഷയില്‍ തീരുമാനമാകാതെ ആഭ്യന്തര വകുപ്പ്. ബെന്നിയെ മാറ്റിയാല്‍ അന്വേഷണത്തിനു തരിച്ചടിയാകുമെന്ന് വിലയിരുത്തലാണു തീരുമാനം വൈകാന്‍ കാരണം. കേസില്‍ അഗസ്റ്റിന്‍ സഹോദരന്മാരെ അറസ്റ്റു ചെയ്യുകയും നിര്‍ണായക തെളിവുകള്‍ ശേഖരിക്കുകയും ചെയ്ത അന്വേഷണ ഉദ്യോഗസ്ഥനാണ് ചുമതലയില്‍ നിന്ന് ഒഴിഞ്ഞുമാറുന്നത്.
ഇടതു സഹയാത്രികന്‍ റസാഖ് പയമ്പ്രോട്ടിന്റെ ആത്മഹത്യക്കു കാരണമായ മലപ്പുറം പുളിക്കലിലെ പ്ലാസ്റ്റിക് സംസ്‌കരണ യൂണിറ്റില്‍ മാലിന്യപ്രശ്‌നമില്ലെന്നു ജില്ലാ കളക്ടര്‍ നിയോഗിച്ച സമിതി റിപ്പോര്‍ട്ടു നല്‍കി. ഫാക്ടറിയുടെ പ്രവര്‍ത്തനത്തെക്കുറിച്ച് പഠിക്കാനെത്തിയ സമിതി ജനങ്ങളുടെ അഭിപ്രായം കേട്ടില്ലെന്നും ഏകപക്ഷീയമായി റിപ്പോര്‍ട്ട് തയ്യാറാക്കിയെന്നുമാണ് നാട്ടുകാരുടെ ആരോപണം.
തിരുവനന്തപുരം തിരുവല്ലം ടോള്‍ പ്ലാസയില്‍ നിരക്കുകള്‍ വര്‍ധിപ്പിച്ചു. കാറുകള്‍ക്ക് ഒരു വശത്തേക്ക് 150 രൂപ നല്‍കണം. നേരത്തെ 120 രൂപയായിരുന്നു. 30 രൂപയാണ് വര്‍ധിച്ചത്. ഇന്നു മുതല്‍ ഇരുവശത്തേക്കും 225 രൂപ നല്‍കണം.
എറണാകുളം സെന്റ് മേരിസ് ബസലിക്കയില്‍ വികാരിയായി ഫാ. ആന്റണി പൂതവേലില്‍ ചുമതലയേറ്റു. 44 ദിവസം മുന്‍പു നിയമിച്ചതാണെങ്കിലും ഒരു വിഭാഗം വിശ്വാസികള്‍ ഉപരോധിച്ചതിനാല്‍ ചുമതല ഏറ്റിരുന്നില്ല. കനത്ത പൊലീസ് കാവലോടെയാണ് വികാരി ചുമതല ഏറ്റത്.
ഹരിപ്പാട് കാര്‍ത്തികപ്പള്ളി കായംകുളം റോഡില്‍ ചൂളത്തെരുവ് ജംഗ്ഷനിലെ ഇരട്ട ആല്‍മരം വെട്ടിമാറ്റി. ഏതു നിമിഷവും മറിഞ്ഞുവീഴുമെന്ന ഭീഷണിയിലായതിനാലാണ് മുറിച്ചത്.
ഗവിയില്‍ വനം വാച്ചറെ മര്‍ദ്ദിച്ച് അവശനാക്കിയ സംഭവത്തില്‍ മൂന്നു വനം വികസന കോര്‍പറേഷന്‍ ഉദ്യോഗസ്ഥരെ സസ്‌പെന്‍ഡു ചെയ്തു. വനം വകുപ്പ് വാച്ചര്‍ വര്‍ഗീസ് രാജിനാണ് മര്‍ദ്ദനമേറ്റത്.
വാര്‍ത്തകള്‍ തയ്യാറാക്കാന്‍ ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് ഉപയോഗിക്കരുതെന്ന് വാര്‍ത്താ ഏജന്‍സിയായ അസോസിയേറ്റഡ് പ്രസ്. ആര്‍ട്ടിഫിഷ്യല്‍ നിര്‍മ്മിതമായ ചിത്രങ്ങളും ഉള്ളടക്കങ്ങളും ഉപയോഗിക്കരുതെന്നാണു നിര്‍ദേശം.
പ്രധാനമന്ത്രി നരേന്ദ്രമോദി അടുത്തയാഴ്ച ദക്ഷിണാഫ്രിക്കയും ഗ്രീസും സന്ദര്‍ശിക്കും. 22 ന് ആരംഭിക്കുന്ന ബ്രിക്‌സ് ഉച്ചകോടിയില്‍ പങ്കെടുക്കാനാണ് ദക്ഷിണാഫ്രിക്കയിലെ ജോഹാനസ്ബര്‍ഗിലേക്കു പോകുന്നത്. 25 നു ഗ്രീസിലേക്കു പോകും.
ചെന്നൈയില്‍ വീടിനു തീപിടിച്ച് ഒരു കുടുംബത്തിലെ നാലു പേര്‍ വെന്തുമരിച്ചു. മുത്തശ്ശിയും മൂന്നു കൊച്ചുമക്കളുമാണ് മരിച്ചത്. മുത്തശ്ശി സന്താനലക്ഷ്മി, കുട്ടികളായ പ്രിയദര്‍ശിനി, സംഗീത, പവിത്ര എന്നിവരാണ് മരിച്ചത്. കൊതുകു നശീകരണയന്ത്രം ഉരുകി കാര്‍ഡ് ബോര്‍ഡിലേക്ക് വീണ് തീ പടര്‍ന്നതായാണ് സംശയം. വാഹനാപകടത്തില്‍ പരിക്കേറ്റ അച്ഛനൊപ്പം ആശുപത്രിയില്‍ കഴിയുകയാണ് കുട്ടികളുടെ അമ്മ. വീട്ടില്‍ കുട്ടികള്‍ തനിച്ചായതിനാലാണ് അമ്മൂമ്മയെ വരുത്തിയതായിരുന്നു.