മധ്യാഹ്ന വാര്‍ത്തകള്‍
പാര്‍ലമെന്റില്‍ പ്രതിപക്ഷത്തിന്റെ അവിശ്വാസ പ്രമേയത്തിന് എന്‍ഡിഎ സഖ്യകക്ഷിയായ മിസോ നാഷണല്‍ ഫ്രണ്ടിന്റെ പിന്തുണ. മണിപ്പൂരില്‍ കേന്ദ്രസര്‍ക്കാര്‍ ഉചിതമായ നടപടിയെടുക്കാത്തതില്‍ പ്രതിഷേധം അറിയിക്കാനാണ് നീക്കം. ലോക്‌സഭയില്‍ ഒരു എംപി മാത്രമാണ് മിസോറാമിലെ ഭരണകക്ഷിയാണ് മിസോ നാഷണല്‍ ഫ്രണ്ടിനുള്ളത്. കഴിഞ്ഞ മാസം നടന്ന എന്‍ഡിഎ യോഗം എംഎന്‍എഫ് ബഹിഷ്‌കരിച്ചിരുന്നു.
പുതുപ്പള്ളിയില്‍ ഇടതു സ്ഥാനാര്‍ത്ഥിയാക്കാന്‍ സിപിഎം ചരടുവലിച്ചെന്നു പറയപ്പെടുന്ന ഉമ്മന്‍ ചാണ്ടിയുടെ വിശ്വസ്തനെ കോണ്‍ഗ്രസ് അനുനയിപ്പിച്ചു. ഉമ്മന്‍ ചാണ്ടിയുടെ കുടുംബവും കെപിസിസി പ്രസിഡന്റും ഇടപെട്ടു. ഇതേസമയം, താന്‍ ഒരു വിമത നീക്കവും നടത്തിയിട്ടില്ലെന്ന് കോണ്‍ഗ്രസ് നേതാവും ജില്ലാ പഞ്ചായത്ത് അംഗവുമായ നിബു ജോണ്‍ വ്യക്തമാക്കി. തന്നെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കുമെന്നു ചിലര്‍ നടത്തിയ പ്രചാരണം സിപിഎംതന്നെ നിഷേധിച്ചല്ലോയെന്നും അദ്ദേഹം പറഞ്ഞു.
സംസ്ഥാനത്ത് കൊലക്കേസുകളില്‍ വിചാരണ നീണ്ടുപോകാതെ സമയബന്ധിതമായി വിധി പ്രസ്താവിക്കാന്‍ മാര്‍ഗനിര്‍ദേശങ്ങളുമായി കേരളാ ഹൈക്കോടതി. കൊലക്കേസ് മാത്രം പരിഗണിക്കാന്‍ തിരുവനന്തപുരത്ത് രണ്ടും തൃശൂര്‍, കൊല്ലം, തലശേരി എന്നിവിടങ്ങളില്‍ ഓരോന്നും കോടതികളെ ചുമതലപ്പെടുത്തും. ഈ കോടതികള്‍ മാസം അഞ്ചു കൊലക്കേസുകള്‍ വീതം തീര്‍പ്പാക്കണമെന്നും നിര്‍ദ്ദേശിച്ചിട്ടുണ്ട്.
കരുവന്നൂര്‍ സഹകരണ ബാങ്ക് തട്ടിപ്പില്‍ ഇതുവരെ തിരിച്ചുപിടിച്ചത് 4449 രൂപ മാത്രം. ബാങ്കിനുണ്ടായ നഷ്ടം 125.83 കോടി രൂപയുടേതാണ്. നിയമസഭയില്‍ സഹകരണ മന്ത്രി വി എന്‍ വാസവനാണ് ഇക്കാര്യം വെളിപെടുത്തിയത്. 25 പേരില്‍ നിന്നാണ് 125.83 കോടി രൂപ ഈടാക്കേണ്ടത്. ഇതിലൊരാള്‍ 4449 രൂപ നല്‍കി. രണ്ടു പേര്‍ മരിച്ചു. ഇവരുടെ അവകാശികളെ കക്ഷി ചേര്‍ക്കും. സര്‍ക്കാരിനു നല്‍കിയ അപ്പീലില്‍ തീര്‍പ്പാകുന്നതുവരെ റിക്കവറി നടപടികള്‍ നിര്‍ത്തണമെന്ന് ആവശ്യപ്പെട്ട് 19 പേര്‍ കോടതിയെ സമീപിച്ചെന്നും മന്ത്രി അറിയിച്ചു.
കൊല്ലത്തും വാട്ടര്‍ മെട്രോ വരും. കൊല്ലത്ത് പദ്ധതി നടപ്പാക്കാനായി ജലഗതാഗത വകുപ്പുമായി മേയര്‍ പ്രസന്ന ഏണസ്റ്റ് പ്രാഥമിക ചര്‍ച്ച നടത്തി. വിനോദസഞ്ചാരം കൂടി ലക്ഷ്യമാക്കിയാണ് കൊല്ലം വാട്ടര്‍ മെട്രോ പദ്ധതി ആവിഷ്‌കരിക്കുന്നത്.
പുതുപ്പള്ളിയില്‍ യുഡിഎഫ് ഉമ്മന്‍ ചാണ്ടിയെ വിശുദ്ധന്‍ പരാമര്‍ശത്തോടെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയാല്‍ നിയമപരമായി നേരിടുമെന്ന് സിപിഎം നേതാവും മന്ത്രിയുമായ വിഎന്‍ വാസവന്‍. തൃപ്പൂണിത്തുറയില്‍ മതപരമായ കാര്യങ്ങളുയര്‍ത്തി പ്രചാരണം നടത്തിയ വിഷയത്തില്‍ ഹൈക്കോടതി പരാമര്‍ശങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് അദ്ദേഹം പാര്‍ട്ടി നിലപാട് വ്യക്തമാക്കിയത്.
മുഖ്യമന്ത്രി പിണറായി വിജയന്‍ മകളുടെ പേരില്‍ പണം വാങ്ങുകയാണെന്ന് കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. കേരളത്തില്‍ വീണ സര്‍വീസ് ടാക്‌സ് ആണ്. എന്തിന് പണം വാങ്ങിയെന്ന് വ്യക്തമാക്കണം. ഇത് അഴിമതി പണമാണെന്നും രാജീവ് ചന്ദ്രശേഖര്‍ ഡല്‍ഹിയില്‍ പറഞ്ഞു.
മുഖ്യമന്ത്രി പിണറായി വിജയന്റെ മകള്‍ വീണക്കെതിരായ മാസപ്പടി ആരോപണം അടിസ്ഥാന രഹിതമെന്ന് എല്‍ഡിഎഫ് കണ്‍വീനര്‍ ഇ പി ജയരാജന്‍. രാഷ്ട്രീയ വൈരാഗ്യം കാരണം മുഖ്യമന്ത്രിയുടെ മക്കളെ വ്യക്തിഹത്യ ചെയ്യുകയാണ്. വീണ വിജയന്റെ കണ്‍സള്‍ട്ടന്‍സി സ്ഥാപനം സേവനം നല്‍കിയതിന് നികുതി അടച്ച് പണം വാങ്ങിയിട്ടുണ്ടാകാമെന്നും ജയരാജന്‍.
മതവിദ്വേഷം വളര്‍ത്താന്‍ ശ്രമിച്ചെന്ന കേസില്‍ മറുനാടന്‍ മലയാളി ഓണ്‍ലൈന്‍ ചാനല്‍ എഡിറ്റര്‍ ഷാജന്‍ സ്‌കറിയക്ക് ഹൈക്കോടതി മുന്‍കൂര്‍ ജാമ്യം അനുവദിച്ചു. നിലമ്പൂര്‍ പൊലീസിന്റെ കേസിലാണ് മുന്‍കൂര്‍ ജാമ്യം.
അന്തരിച്ച ഉമാദേവി അന്തര്‍ജനത്തിന്റെ ഭര്‍തൃസഹോദര പുത്രന്‍ പരേതനായ എം.വി. സുബ്രഹ്‌മണ്യന്‍ നമ്പൂതിരിയുടെ പത്‌നി സാവിത്രി അന്തര്‍ജനമാകും അടുത്ത മണ്ണാറശാല അമ്മ. കുടുബത്തിലെ മുതിര്‍ന്ന വനിതയാണ് മണ്ണാറശാല നാഗരാജ ക്ഷേത്രത്തിലെ മുഖ്യ പൂജാരിണി. സാവിത്രി അന്തര്‍ജനത്തിന് 83 വയസുണ്ട്. 93 ാം വയസിലാണ് ഉമാദേവി അന്തര്‍ജനം അന്തരിച്ചത്.
വ്യാപാരികള്‍ക്കും വ്യാപാരി സമൂഹവുമായി സഹകരിക്കുന്നവര്‍ക്കുമായി കേരള വ്യാപാരി വ്യവസായി ഏകോപന സമിതി തൃശൂര്‍ ജില്ലാ കമ്മിറ്റി ഏര്‍പ്പെടുത്തിയ കുടുംബ സുരക്ഷാ പദ്ധതി ഹിറ്റായി. നാലായിരം രൂപ പ്രീമിയമായി അടച്ച് ഭദ്രം പദ്ധതിയില്‍ അംഗമാകുന്നവര്‍ക്ക് അഞ്ചു ലക്ഷം രൂപ വരെ ചികിത്സാ സഹായവും പത്തു ലക്ഷം രൂപയുടെ മരണാനന്തര സഹായവുമാണു നല്‍കുന്നത്. ഭദ്രം പ്ലസ് പദ്ധതിയില്‍ 70 വയസിനു താഴെയുള്ള ബന്ധുക്കളേയും അംഗമാക്കാം. ഭദ്രം പ്ലസ് പദ്ധതിയില്‍ ചികിത്സാ സഹായം ഏഴര ലക്ഷം രൂപയും മരണാനന്തര സഹായം 15 ലക്ഷം രൂപയുമാണ്.
ഇടുക്കി മണിയാറന്‍കുടിയില്‍ കിടപ്പു രോഗിയായ പറമ്പപ്പുള്ളില്‍ വീട്ടില്‍ തങ്കമ്മയെ (81) മദ്യലഹരിയില്‍ കട്ടിലില്‍ തലയിടിച്ചു കൊന്ന മകന്‍ സജീവന്‍ അറസ്റ്റില്‍. തങ്കമ്മയ്ക്കു ഭക്ഷണം വാരിക്കൊടുത്തപ്പോള്‍ കഴിക്കാതിരുന്നതിന് അരിശംമൂത്ത് കട്ടിലില്‍ തലയിടിപ്പിക്കുകയായിരുന്നു
കൊച്ചിയില്‍ പതിമൂന്നു വയസുകാരിയുടെ ആത്മഹത്യയുമായി ബന്ധപ്പെട്ട് യുവാവ് അറസ്റ്റില്‍. കളമശ്ശേരി രാജഗിരി ചുള്ളിക്കാവു ആമ്പലത്തിനു സമീപം പള്ളിപ്പറമ്പില്‍ വീട്ടില്‍ ഫെബിന്‍ എന്ന നിരഞ്ജന്‍ (20) ആണ് അറസ്റ്റിലായത്.
വിദ്വേഷം മാത്രം ജീവിത്തില്‍ നിറച്ചു ജീവിക്കുന്നവര്‍ക്ക് സ്‌നേഹത്തിന്റേയും വാല്‍സല്യത്തിന്റേയും ഭാഷ അറിയില്ലെന്ന് ശിവസേന എംപി പ്രിയങ്ക ചതുര്‍വേദി. പാര്‍ലമെന്റില്‍ രാഹുല്‍ഗാന്ധി ബിജെപി ബഞ്ചുകളില്‍ ഇരുന്നവര്‍ക്കു ഫ്‌ളയിംഗ് കിസ് നല്‍കിയതു സ്‌നേഹത്തിന്റെ അടയാളമാണെന്നും പ്രിയങ്ക.
വന്ദേഭാരത് ട്രെയിനില്‍ പുക കണ്ട് ഭയന്ന യാത്രക്കാര്‍ അപായ സൈറന്‍ മഴക്കി ട്രെയിന്‍ നിര്‍ത്തിച്ചു. പരിശോധിച്ചപ്പോഴാണു ശുചിമുറിയില്‍ കയറി ബീഡി വലിച്ചതാണ് പുക ഉയരാന്‍ കാരണമെന്നു കണ്ടെത്തി. യാത്രക്കാരനെ അറസ്റ്റ് ചെയ്തു. തിരുപ്പതി- ഹൈദരാബാദ് വന്ദേ ഭാരതിലാണ് സംഭവം.
യുദ്ധത്തിന് തയ്യാറെടുക്കാന്‍ ഉത്തരകൊറിയന്‍ ഏകാധിപതി കിം ജോങ് ഉന്‍ സൈന്യത്തിനു നിര്‍ദേശം നല്‍കി. സൈനിക മേധാവിയെ പിരിച്ചുവിട്ടു. യുദ്ധസാധ്യതയുള്ളതിനാല്‍ ആയുധനിര്‍മ്മാണം വര്‍ധിപ്പിക്കാനും കിം ജോങ് ഉന്‍ നിര്‍ദേശം നല്‍കിയെന്നാണു റിപ്പോര്‍ട്ട്.
പാക്കിസ്ഥാനില്‍ പാര്‍ലമെന്റ് പിരിച്ചുവിട്ടു. പൊതുതെരഞ്ഞെടുപ്പു നടത്താന്‍ പ്രധാനമന്ത്രി ഷഹബാസ് ഷരീഫിന്റെ നിര്‍ദേശമനുസരിച്ചാണ് പാര്‍ലമെന്റ് പിരിച്ചുവിട്ടത്. 90 ദിവസത്തിനകം തെരഞ്ഞെടുപ്പു നടത്താന്‍ പ്രസിഡന്റ് ആരിഫ് അല്‍വി തെരഞ്ഞെടുപ്പു കമ്മീഷനു നിര്‍ദേശം നല്‍കി.
ഇക്വഡോറിലെ ക്വില്‍റ്റോയില്‍ തെരഞ്ഞെടുപ്പ് പ്രചാരണത്തിനിടെ പ്രസിഡന്റ് സ്ഥാനാര്‍ത്ഥി വെടിയേറ്റു മരിച്ചു. ദേശീയ അസംബ്ലി അംഗമായ ഫെര്‍ണാണ്ടോ വില്ലവിസെന്‍സിയോ ആണ് കൊല്ലപ്പെട്ടത്. തലയ്ക്കാണ് വെടിയേറ്റത്. ലഹരി മാഫിയയുടെ ഭീഷണിയുണ്ടെന്ന് അദ്ദേഹം പറഞ്ഞിരുന്നു. പ്രതികള്‍ക്കു കടുത്ത ശിക്ഷ ഉറപ്പാക്കുമെന്ന് ഇക്വഡോര്‍ പ്രസിഡന്റ് ഗ്വില്ലര്‍മോ ലാസോ പറഞ്ഞു.