mid day hd 7

 

ട്രെയിന്‍ തീവയ്പു കേസിലെ പ്രതി ഷാറൂഖ് സെയ്ഫി അവസാനം വിളിച്ച നമ്പറുകളെല്ലാം സ്വിച്ച് ഓഫ് ആണെന്ന് പോലീസ്. ന്യൂ ഡല്‍ഹി റെയില്‍വേ സ്റ്റേഷനില്‍നിന്നുള്ള സിസിടിവി ദൃശ്യങ്ങള്‍ അന്വേഷണ സംഘം ശേഖരിച്ചു പരിശോധിച്ചുവരികയാണ്. ഇയാള്‍ മുമ്പും കേരളത്തില്‍ എത്തിയിരുന്നോയെന്നു പരിശോധിക്കുന്നുണ്ട്. സംഭവ ദിവസം പ്രതി ഷൊര്‍ണൂരില്‍ ചിലവഴിച്ചത് 14 മണിക്കൂറാണ്. കേസ് എന്‍ഐഎയ്ക്കു കൈമാറാനും ആലോചനയുണ്ട്.

കോവിഡ് വ്യാപിക്കുന്നതിനാല്‍ കേരളം അടക്കമുള്ള വിവിധ സംസ്ഥാനങ്ങള്‍ മാസ്‌ക് നിര്‍ബന്ധമാക്കുന്നു. 60 വയസിനു മുകളിലുള്ളവരും ആരോഗ്യ പ്രശ്‌നങ്ങളുള്ളവരും നിര്‍ബന്ധമായും മാസ്‌ക് ധരിക്കണമെന്ന് ആരോഗ്യമന്ത്രി വീണ ജോര്‍ജ് നിര്‍ദേശിച്ചു. ഹരിയാനയിലും പുതുച്ചേരിയിലും മാസ്‌ക് നിര്‍ബന്ധമാക്കിയിട്ടുണ്ട്.

അടുത്ത മാസം മുഖ്യമന്ത്രി പിണറായി വിജയന്‍ യുഎഇയിലേക്ക്. മുഖ്യമന്ത്രിക്കു പുറമേ, മന്ത്രിമാരായ മുഹമ്മദ് റിയാസ്, പി. രാജീവ്, ചീഫ് സെക്രട്ടറി വി.പി. ജോയ് തുടങ്ങിയവരടങ്ങുന്ന ഒമ്പതംഗ സംഘമാണു മേയ് ഏഴിന് അബുദാബിയിലേക്കു പോകുന്നത്. അബുദാബി സര്‍ക്കാര്‍ സംഘടിപ്പിക്കുന്ന നിക്ഷേപക സംഗമത്തില്‍ വിവിധ സംഘടനകളുടെ പരിപാടികളിലും മുഖ്യമന്ത്രി പങ്കെടുക്കും. യുഎഇ മന്ത്രിയുടെ ക്ഷണമനുസരിച്ചാണു മുഖ്യമന്ത്രിയുടെ സന്ദര്‍ശനം.

പാലക്കാട് ജില്ലയിലെ യൂത്ത് കോണ്‍ഗ്രസ് ചേരിപ്പോരും കൂട്ട രാജിയും അന്വേഷിക്കാന്‍ കമ്മീഷനെ നിയോഗിച്ചു. സംസ്ഥാന വൈസ് പ്രസിഡന്റുമാരായ റിജില്‍ മാക്കുറ്റി, പ്രേംരാജ് എന്നിവരെയാണ് സംസ്ഥാന പ്രസിഡന്റ് ഷാഫി പറമ്പില്‍ അന്വേഷണ കമ്മീഷനായി നിയോഗിച്ചത്. ജില്ലാ സമ്മേളനവുമായി സഹകരിക്കാത്ത എട്ടു മണ്ഡലം കമ്മറ്റികള്‍ പിരിച്ചു വിട്ടിരുന്നു.

പ്രധാനമന്ത്രി നരേന്ദ്രമോദി നല്ല നേതാവാണെന്നു കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. ഒരു ഇംഗ്‌ളീഷ് ദിനപത്രത്തിനു നല്‍കിയ അഭിമുഖത്തിലാണ് ഈ പരാമര്‍ശം. ഇന്ത്യയില്‍ ക്രൈസ്തവര്‍ അരക്ഷിതരല്ലെന്നും ബിജെപിക്ക് സമ്പൂര്‍ണ അധികാരം കിട്ടിയാലും ന്യൂനപക്ഷങ്ങള്‍ അരക്ഷിതരാകുമെന്ന് കരുതുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കേരളത്തില്‍ മൂന്നു മുന്നണികള്‍ക്കും സാധ്യതയുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കിയിലെ അരിക്കൊമ്പനെ മയക്കു വെടിവച്ച് പിടികൂടി ജിപിഎസ് കോളര്‍ വച്ചുപിടിപ്പിക്കാനുളള ദൗത്യം വൈകും. ആസാമില്‍നിന്ന് ജിപിഎസ് കോളര്‍ എത്താത്തതാണ് കാരണം. ചൊവ്വാഴ്ച വിവിധ വകുപ്പുകളെ ഉള്‍പ്പെടുത്തി മോക്ക് ഡ്രില്‍ നടത്താനായിരുന്നു ആലോചന. ഈസ്റ്റര്‍ അവധിയായതിനാലാണ് വൈകുന്നതെന്നാണ് വനംവകുപ്പിന്റെ വിശദീകരണം.

തൃശൂര്‍ ചേര്‍പ്പില്‍ ബസ് ഡ്രൈവറെ മര്‍ദ്ദിച്ചു കൊന്ന കേസിലെ ഒന്നാം പ്രതി രാഹുലിനെ നാളെ കേരളത്തില്‍ എത്തിക്കും. ഗള്‍ഫില്‍നിന്ന് മടങ്ങി വരുന്നതിനിടെ മുംബൈ വിമാനത്താവളത്തിലാണ് രാഹുല്‍ പിടിയിലായത്.

ഈസ്റ്റര്‍ ദിനത്തില്‍ ബിജെപി നേതാക്കള്‍ വിവിധ ക്രൈസ്തവ മതമേലധ്യക്ഷരെ സന്ദര്‍ശിച്ചു. പി കെ കൃഷ്ണദാസും എപി അബ്ദുള്ളക്കുട്ടിയും തലശ്ശേരി ബിഷപ് മാര്‍ ജോസഫ് പാംപ്ലാനിയെ സന്ദര്‍ശിച്ചു.

മന്ത്രി വീണ ജോര്‍ജിനെതിരെ ഓര്‍ത്തഡോക്‌സ് പള്ളികള്‍ക്ക് മുന്നില്‍ പോസ്റ്റര്‍ പതിപ്പിച്ചതിന് അടൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കാര്‍ പൊലീസ് കസ്റ്റഡിയിലെടുത്തു. പന്നിവിഴ സ്വദേശി എബല്‍ ബാബുവിന്റെ കാറാണ് കസ്റ്റഡിയില്‍ എടുത്തതിനെതിരേ പ്രതിഷേധവും ഉയര്‍ന്നു. ഓര്‍ത്തഡോക്‌സ് യുവജന പ്രസ്ഥാനത്തിന്റെ നേതാവുകൂടിയായ എബല്‍ ബാബുവിന്റെ വാഹനത്തിലാണ് പള്ളികള്‍ക്കു മുന്നില്‍ പോസ്റ്റര്‍ പതിച്ചവര്‍ യാത്ര ചെയ്തതെന്നു പൊലീസ്.

പ്രണയക്കെണിയില്‍ പെണ്‍കുട്ടികളെ കുടുക്കുന്നതിനെതിരേ ജാഗ്രത വേണമെന്ന് തലശ്ശേരി ആര്‍ച്ച് ബിഷപ്പ് മാര്‍ ജോസഫ് പംപ്ലാനിയുടെ ഇടയലേഖനം. സ്ത്രീകള്‍ക്കും പുരുഷന്മാര്‍ക്കും തുല്യ അവകാശം ഉറപ്പുവരുത്തണം. സ്ത്രീധനമെന്ന സ്ത്രീവിരുദ്ധ സമ്പ്രദായം അവസാനിപ്പിക്കണമെന്നും പാംപ്ലാനി ഈസ്റ്റര്‍ സന്ദേശത്തില്‍ പറഞ്ഞു.

കോഴിക്കോട് ഗവണ്‍മെന്റ് മെഡിക്കല്‍ കോളേജ് അങ്കണത്തിലെ പരീക്ഷാ ഹാള്‍ നിര്‍മ്മാണത്തിനിടെ കെട്ടിടത്തിനു മുകളില്‍ നിന്ന് വീണ് തൊഴിലാളി മരിച്ചു. കുറ്റിക്കാട്ടൂര്‍ പൈങ്ങോട്ടുപുറം ആനശ്ശേരി പുറത്തോട്ടു കണ്ടി രാജന്റെ മകന്‍ രഞ്ജിത്ത് (31) ആണ് മരിച്ചത്.

കര്‍ണാടകയിലെ ബന്ദിപ്പൂര്‍ കടുവാ സങ്കേതത്തില്‍ കാമോ ഫ്‌ളാഷ് ടീ ഷര്‍ട്ടും ജാക്കറ്റും കാക്കി പാന്റും കറുത്ത തൊപ്പിയും ധരിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. ചിത്രങ്ങളും വീഡിയോയും വൈറലായി. പ്രോജക്ട് ടൈഗര്‍ പദ്ധതിയുടെ സുവര്‍ണ ജൂബിലി ആഘോഷത്തില്‍ കടുവ സെന്‍സസ് റിപ്പോര്‍ട്ട് പുറത്തിറക്കുന്നതിനാണ് ഇവിടെ എത്തിയത്.

എല്ലാ യുദ്ധങ്ങളും അവസാനിപ്പിക്കണമെന്നു ഫ്രാന്‍സിസ് മാര്‍പ്പാപ്പ. റഷ്യന്‍ ആക്രമണം നേരിടുന്ന യുക്രെയ്‌നെയും അവിടത്തെ ജനതയെയും രക്തസാക്ഷികള്‍ എന്നാണ് ഈസ്റ്റര്‍ സന്ദേശത്തില്‍ മാര്‍പ്പാപ്പ വിശേഷിപ്പിച്ചത്. ശ്വാസകോശത്തിലെ അണുബാധയെത്തുടര്‍ന്ന് ചികില്‍സയിലായിരുന്ന മാര്‍പാപ്പ വ്യാഴാഴ്ചയാണ് ഡിസ്ചാര്‍ജായത്. ഡോക്ടര്‍മാരുടെ കനത്ത നിരീക്ഷണത്തിലാണ് ഈസ്റ്റര്‍ ശുശ്രൂഷകള്‍ക്കു നേൃതൃത്വം നല്‍കിയത്.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *