ബഫര്‍ സോണ്‍ വിധിയില്‍ സുപ്രീംകോടതി ഇളവ് വരുത്തി. സമ്പൂര്‍ണ നിയന്ത്രണങ്ങള്‍ കോടതി നീക്കി. ക്വാറികള്‍ക്കു നിയന്ത്രണം തുടരും. ആരേയും കുടിയിറക്കില്ല. എന്നാല്‍ വലിയ നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ക്കു നിയന്ത്രണമുണ്ടാകും. സംരക്ഷിത വനമേഖലയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ ബഫര്‍സോണായി പ്രഖ്യാപിച്ച സുപ്രീം കോടതി ഉത്തരവാണ് ബി ആര്‍ ഗവായ് അധ്യക്ഷനായ ബെഞ്ച് ഭേദഗതി ചെയ്ത് ഉത്തരവിട്ടത്.
എ ഐ ക്യാമറ ഇടപാടില്‍ വിജിലന്‍സ് അന്വേഷണം. സെയ്ഫ് കേരള പദ്ധതിയിലെ ക്രമക്കേടുകളെക്കുറിച്ച് മുന്‍ ജോയിന്റ് ട്രാന്‍പോര്‍ട്ട് കമ്മീഷണര്‍ രാജീവന്‍ പുത്തലത്തിനെത്തിനെതിരായ പരാതിയിലാണ് അന്വേഷണം. പുത്തലത്തിനും ട്രാന്‍സ്‌പോര്‍ട്ട് കമ്മീഷണര്‍ ഓഫീസിലെ ഒരു ക്‌ളര്‍ക്കിനെതെരേയുമാണ് ആരോപണങ്ങള്‍. എഐ ക്യാമറകള്‍, ലാപടോപ്, വാഹനങ്ങള്‍ എന്നിവയുടെ ഇടപാടുകളില്‍ അഴിമിതിയുണ്ടെന്നാണ് ആരോപണം. വിശദമായ അന്വഷണത്തിന് മുഖ്യമന്ത്രി അനുമതി നല്‍കി.
നടന്‍ മാമുക്കോയ അന്തരിച്ചു. 76 വയസായിരുന്നു. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഫുട്‌ബോള്‍ മല്‍സരം ഉദ്ഘാടനം ചെയ്യാനെത്തിയതിനിടെ ദേഹാസ്വാസ്ഥ്യത്തെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. നാടക വേദികളില്‍നിന്ന് 1979 ലാണ് സിനിമയില്‍ എത്തിയത്. 250 ലേറെ സിനിമകളില്‍ അഭിനയിച്ചിട്ടുണ്ട്.
പിഎസ്സി വഴി നിയമനം ലഭിച്ച ശേഷം തസ്തിക പുനര്‍ നിര്‍ണയത്തിന്റെ പേരില്‍ സര്‍വീസില്‍നിന്നു പിരിച്ചു വിടപ്പെട്ട 68 അധ്യാപകര്‍ക്ക് 2025 മെയ് വരെ പുനര്‍ നിയമനം നല്‍കാന്‍ മന്ത്രിസഭ തീരുമാനിച്ചു. സൂപ്പര്‍ ന്യൂമററി തസ്തികകള്‍ സൃഷ്ടിച്ചു കൊണ്ടാണ് നിയമനം നല്‍കുന്നത്.
മോട്ടോര്‍ വാഹന നിയമം ലംഘിച്ച് കാറിന്റെ ഡോര്‍ തുറന്നുപിടിച്ചു തൂങ്ങിക്കിടന്ന് റോഡ് നടത്തിയതിനു പ്രധാനമന്ത്രി രനരേന്ദ്രമോദിക്കും വാഹനമോടിച്ചയാള്‍ക്കും എതിരേ കേസെടുക്കണമെന്ന് പരാതി. തിരുവില്വാമല സ്വദേശി ജയകൃഷ്ണനാണ് ഡിജിപിക്കും മോട്ടോര്‍ വാഹന വകുപ്പിനും പരാതി നല്‍കിയത്. ഡ്രൈവറുടെ കാഴ്ച മറയ്ക്കുന്നവിധത്തില്‍ വാഹനത്തിന്റെ മുന്നിലുള്ള ഗ്ലാസ് പൂക്കള്‍ നിറച്ചെന്നും പരാതിയില്‍ പറയുന്നു. നിയമം എല്ലാവര്‍ക്കും ബാധകമെന്നു സമൂഹത്തെ ബോധ്യപ്പെടുത്താന്‍ നടപടി വേണമെന്നും പരാതിക്കാരന്‍ ആവശ്യപ്പെട്ടു.
ഇന്ന് ഉച്ചയ്ക്ക് കാസര്‍കോടു നിന്ന് തിരുവനന്തപുരത്തേക്കു പുറപ്പടേണ്ട വന്ദേ ഭാരത് എക്‌സ്പ്രസിലെ എസി ഗ്രില്ലില്‍ ചോര്‍ച്ച. റെയില്‍വെയുടെ സാങ്കേതിക വിഭാഗം ജീവനക്കാര്‍ പരിശോധന നടത്തി. കണ്ണൂരിലാണ് വന്ദേ ഭാരത് ട്രെയിന്‍ നിര്‍ത്തിയിട്ടിയിരുന്നത്.
വന്ദേ ഭാരത് എക്‌സ്പ്രസില്‍ പാലക്കാട് എംപി ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചത് ശരിയായില്ലെന്ന് വടകര എംപി കെ മുരളീധരന്‍. പാലക്കാട് എംപിക്ക് ഈ പോസ്റ്റര്‍ ഒട്ടിച്ച സംഭവത്തില്‍ പങ്കില്ലെന്നാണ് അറിവ്. പോസ്റ്ററൊട്ടിച്ചത് ആരായാലും പാര്‍ട്ടി നടപടിയെടുക്കും. വന്ദേ ഭാരത് എക്‌സ്പ്രസിന് തലശേരിയില്‍ സ്റ്റോപ്പ് വേണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സംസ്ഥാനത്തെ റേഷന്‍ കടകള്‍ ഇന്നു നാലു വരെ അടച്ചിടും. ഇ-പോസ് മെഷീനുകളും സെര്‍വറും തകരാറായതിനാലാണ് കടകള്‍ അടച്ചത്.
എ.ഐ ക്യാമറ ഇടപാട് സംബന്ധിച്ച് വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തു നല്‍കി. 232 കോടി രൂപ മുതല്‍മുടക്കില്‍ സ്ഥാപിച്ച എ.ഐ ക്യാമറകളുടെ കരാറില്‍ അടിമുടി ദുരൂഹതകളാണ്. യാതൊരു സുതാര്യതയുമില്ലാത്ത ഈ പദ്ധതി സംബന്ധിച്ച രേഖകള്‍ സര്‍ക്കാരിന്റെ വെബ്സൈറ്റിലോ, പൊതുജനമധ്യത്തിലോ ലഭ്യമല്ല. ഇതു ദുരൂഹത വര്‍ധിപ്പിക്കുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എ ഐ ക്യാമറ സ്ഥാപിച്ചശേഷം സംസ്ഥാനത്ത് ലക്ഷത്തോളം നിയമ ലംഘനങ്ങള്‍ കുറഞ്ഞെന്ന് മന്ത്രി ആന്റണി രാജു. നിരപരാധികളുടെ ജീവന്‍ രക്ഷിക്കാനാണ്, സര്‍ക്കാരിന് പണമുണ്ടാക്കാനല്ല ക്യാമറകള്‍ സ്ഥാപിച്ചത്. കേന്ദ്ര നിയമം സംസ്ഥാനം നടപ്പാക്കുന്നതേയുള്ളൂ. സംസ്ഥാനം പുതിയ ഒരു നിയമവും കൊണ്ടുവന്നിട്ടില്ല. മന്ത്രി ആന്റണി രാജു പറഞ്ഞു.
പാലക്കാട് ജില്ലയിലെ കൊല്ലങ്കോട് ഫയര്‍ എന്‍ജിന്‍ തലകീഴായി മറിഞ്ഞു. വടക്കഞ്ചേരിയില്‍നിന്നു കൊല്ലങ്കോട്ടേക്ക് രക്ഷാപ്രവര്‍ത്തനത്തിനുപോകുകയായിരുന്ന വാഹനമാണ് വട്ടേക്കാട് മറിഞ്ഞത്. വാഹനത്തിലെ നാലുപേര്‍ക്കു പരിക്കേറ്റു. കൊല്ലങ്കോട് ഭാഗത്തു തീപിടിച്ച ചകിരി ഫാക്ടറിയിലെ തീയണയ്ക്കാന്‍ പോകവേ, പുലര്‍ച്ചെ നാലരയ്ക്കാണ് അപകടമുണ്ടായത്.
പ്രധാനമന്ത്രി നരേന്ദ്രമോദി അനാച്ഛാദനം ചെയ്ത തൃശൂര്‍ പൂങ്കുന്നം ശ്രീ സീതാരാമസ്വാമി ക്ഷേത്രത്തിലെ ഹനുമാന്‍ പ്രതിമ സാമൂഹ്യ മാധ്യമങ്ങളില്‍ തരംഗമായി. പ്രധാനമന്ത്രി ഓണ്‍ലൈനായാണ് ശില്‍പം അനാച്ഛാദനം ചെയ്തത്. തൃശൂര്‍ പൂരത്തിന് ആശംസ നേര്‍ന്നുകൊണ്ടാണു മോദി പ്രസംഗം ആരംഭിച്ചത്. ഒറ്റക്കല്ലില്‍ തീര്‍ത്ത കേരളത്തിലെ ഏറ്റവും വലിയ ഹനുമാന്‍ ശില്‍പമാണിത്. 55 അടി ഉയരമുണ്ട്. 2.30 കോടി രൂപയാണ് നിര്‍മാണ ചെലവ്. ആന്ധ്രാപ്രദേശിലെ അല്ലഗഡയിലുള്ള ശില്‍പി വി. സുബ്രഹ്‌മണ്യം ആചാര്യയുടെ നേതൃത്വത്തില്‍ മുപ്പതിലേറെ പേര്‍ മൂന്നു മാസം അധ്വാനിച്ചാണ് ശില്‍പം പൂര്‍ത്തികരിച്ചത്.
താരങ്ങളുടെ മയക്കുമരുന്ന് ഉപയോഗവുമായി ബന്ധപ്പെട്ട് വിവരങ്ങള്‍ തന്നാല്‍ അന്വേഷിക്കുമെന്ന് സാംസ്‌കാരിക മന്ത്രി സജി ചെറിയാന്‍. ലഹരി ഉപയോഗിക്കുന്ന താരങ്ങള്‍ക്കെതിരായ വിലക്ക് മുന്നോട്ട് പോകട്ടെയെന്നും മന്ത്രി പറഞ്ഞു. നിര്‍മാതാക്കളെ ബഹുമാനിക്കുകയോ അനുസരിക്കുകയോ ചെയ്യുന്നില്ലെന്നു നിരവധി പരാതികളുണ്ടെന്നും മന്ത്രി പറഞ്ഞു.
വിദ്യാര്‍ത്ഥിനികള്‍ക്കു നേരെ നഗ്‌നതാ പ്രദര്‍ശനം നടത്തിയ വില്ലേജ് ഓഫീസര്‍ അറസ്റ്റില്‍. തിരുവനന്തപുരം പട്ടം പ്ലാമൂട്ടില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയ ഷിജു കുമാറിനെ മ്യൂസിയം പൊലീസ് ഓടിച്ചിട്ട് പിടികൂടുകയായിരുന്നു.
അവധിയെടുത്ത് ഭാര്യയെ കാണാനായി വിദേശത്തേക്കു പോയി തിരിച്ചെത്താതിരുന്ന പൊലീസുകാരനെ പിരിച്ചുവിട്ടു. ഇടുക്കി കരിങ്കുന്നം സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസര്‍ ജിമ്മി ജോസിനെയാണ് പിരിച്ചുവിട്ടത്.
വ്യാജ അഭിഭാഷകയായി ആള്‍മാറാട്ടം നടത്തിയ സെസി സേവ്യര്‍ 21 മാസം ഒളിവില്‍ കഴിഞ്ഞത് ഇന്‍ഡോറിലും ഡല്‍ഹിയിലും. കേസ് ക്രൈംബ്രാഞ്ച് ഏറ്റെടുത്തത് ഒരാഴ്ച മുമ്പാണ്. സെസിയെ പിടികിട്ടാപ്പുള്ളിയായി പൊലീസ് പ്രഖ്യാപിച്ചതോടെയാണ് കീഴടങ്ങിയത്.
വന്ദേ ഭാരത് എക്‌സ്പ്രസ്സ് ട്രെയിനില്‍ എംപി വികെ ശ്രീകണ്ഠന്റെ പോസ്റ്റര്‍ ഒട്ടിച്ചതില്‍ പ്രതിഷേധിച്ച് ബിജെപി പ്രവര്‍ത്തകര്‍ ശ്രീകണ്ഠന്റെ ഓഫീസിലേക്കു മാര്‍ച്ച് നടത്തും. ബിജെപി പാലക്കാട് മണ്ഡലം കമ്മിറ്റിയാണു മാര്‍ച്ച് പ്രഖ്യാപിച്ചത്.
കട്ടിപ്പാറ വനത്തിനുള്ളില്‍ ആദിവാസി സ്ത്രീ ലീലയുടെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. ഭര്‍ത്താവ്, സഹോദരി ഭര്‍ത്താവ് രാജന്‍ എന്നിവരടക്കം നാല് പേരാണ് കസ്റ്റഡിയിലുള്ളത്. ലീലയുടെ മകന്‍ വേണുവിനെ കൊലപ്പെടുത്തിയ കേസില്‍ ജയിലിലായിരുന്ന രാജന്‍ ഈയിടെയാണ് മോചിതനായത്.
വാടകഗര്‍ഭധാരണം പ്രയോജനപ്പെടുത്താന്‍ ഉദ്ദേശിക്കുന്ന ദമ്പതികള്‍ ദാതാവ് വഴി അണ്ഡകോശം സ്വീകരിക്കുന്നത് വിലക്കുന്ന വ്യവസ്ഥയ്‌ക്കെതിരെ സുപ്രീം കോടതിയില്‍ ഹര്‍ജി. വ്യവസ്ഥ റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് കേരളത്തില്‍ നിന്നുള്ള നാലു സ്ത്രീകളാണ് സുപ്രീം കോടതിയെ സമീപിച്ചത്. ദമ്പതികളിലെ പുരുഷന്റെയും സ്ത്രീയുടെയും അണ്ഡകോശം ഉപയോഗിച്ചാകണം വാടകഗര്‍ഭധാരണമെന്ന വ്യവസ്ഥയ്‌ക്കെതിരേയാണ് ഹര്‍ജി.
നാലു ശതമാനം മുസ്ലീം സംവരണം ഒഴിവാക്കിയ നടപടിയെ ന്യായീകരിച്ച് കര്‍ണാടക സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ സത്യവാങ്മൂലം സമര്‍പ്പിച്ച്ു. മതാടിസ്ഥാനത്തിലുള്ള സംവരണം ഭരണഘടനാ വിരുദ്ധമാണ്. പിന്നോക്ക മുസ്ലിംകള്‍ക്ക് ഇഡബ്ല്യുഎസ് പ്രകാരം സംവരണമുണ്ട്. മുസ്ലിം സമുദായത്തിന് പ്രത്യേക സംവരണം കേരളത്തില്‍ മാത്രമാണെന്നും മറ്റു സംസ്ഥാനങ്ങളില്‍ ഇല്ലെന്നും സത്യവാങ്മൂലത്തില്‍ പറയുന്നു.
കാമുകിയുടെ അച്ഛനോടുള്ള വൈരാഗ്യം തീര്‍ക്കാന്‍ അദ്ദേഹത്തിന്റെ ഫോണ്‍ മോഷ്ടിച്ച് ഉത്തര്‍ പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വധിക്കുമെന്നു സന്ദേശം അയച്ച ബേഗംപൂര്‍വ സ്വദേശി അമീന്‍ എന്ന 19 കാരനെ യുപി പോലീസ് അറസ്റ്റു ചെയ്തു. എമര്‍ജന്‍സി നമ്പറായ 112 -ലേക്കാണ് യോഗി ആദിത്യനാഥിനെ വധിക്കുമെന്നു സന്ദേശം അയച്ചത്.
തമിഴ്‌നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ കുടുക്കാന്‍ ആദായനികുതി വകുപ്പ് നടത്തുന്ന പരിശോധന മൂന്നാം ദിവസവും തുടരുന്നു. പ്രമുഖ റിയല്‍ എസ്റ്റേറ്റ് കമ്പനിയായ ജി സ്‌ക്വയര്‍ റിലേഷന്‍സിന്റെ വിവിധ ഓഫീസുകളിലാണ് പരിശോധന. മുഖ്യമന്ത്രി എം.കെ സ്റ്റാലിന്റെ വിശ്വസ്ഥനായ അണ്ണാ നഗര്‍ എംഎല്‍എ എം.കെ. മോഹന്റെ വീട്ടിലും പരിശോധന നടക്കുന്നുണ്ട്.
കനേഡിയന്‍ നടന്‍ സെന്റ് വോണ്‍ കൊലൂച്ചി അന്തരിച്ചു. കൊറിയന്‍ പോപ്പ് ഗായകന്‍ ജിമിനെപ്പോലെ ആകാന്‍ നിരന്തരം ശസ്ത്രക്രിയകള്‍ക്ക് വിധേയനായതിനെ തുടര്‍ന്നുണ്ടായ ആരോഗ്യ പ്രശ്‌നങ്ങള്‍മൂലമാണ് 22 ാമത്തെ വയസില്‍ ഈ യുവ നടന്‍ മരിച്ചത്.