ഗതാഗത നിയമലംഘനത്തിന് ഐഎ ക്യാമറകള്‍ വഴി പിടിക്കപ്പെടുന്നവര്‍ക്കു തിങ്കളാഴ്ച മുതല്‍ നോട്ടീസ് നല്‍കും. തത്കാലം പിഴ ഈടാക്കില്ല. അടുത്ത മാസം 20 മുതലാണു പിഴ ഈടാക്കുക. ബോധവത്കരണം എന്ന നിലയിലാണ് നിയമലംഘകര്‍ക്കു ഒരു മാസം നോട്ടീസ് മാത്രം നല്‍കുന്നത്.
കേരളത്തിലെ 111 ജലാശയങ്ങളില്‍ കയ്യേറ്റമുണ്ടെന്നു കേന്ദ്ര സര്‍ക്കാരിന്റെ ജലസെന്‍സസ് റിപ്പോര്‍ട്ട്. കേരളത്തില്‍ 49,725 ജലാശയങ്ങളാണുള്ളത്. കുളങ്ങളും, തടാകങ്ങളും അടക്കമുള്ള കെട്ടിനിര്‍ത്തിയ ജലാശയങ്ങളുടെ എണ്ണത്തില്‍ കേരളം പന്ത്രണ്ടാം സ്ഥാനത്താണ്. പശ്ചിമ ബംഗാളാണ് ഒന്നാം സ്ഥാനത്ത്. രാജ്യത്ത് ആദ്യത്തെ ജലസെന്‍സസ് റിപ്പോര്‍ട്ടാണ് ജലശക്തി മന്ത്രാലയം പ്രസിദ്ധീകരിച്ചത്.
തിങ്കളാഴ്ച വരെ ഇടിമിന്നലോടുകൂടി മഴയ്ക്കു സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രം. കേരള തീരത്ത് ഉയര്‍ന്ന തിരമാലയ്ക്കും കടല്‍ ക്ഷോഭത്തിനും സാധ്യതയുണ്ട്.
താന്‍ ഹിന്ദു മത വിശ്വാസിയും പട്ടികജാതിക്കാരനുമാണെന്നു വാദിച്ചും അയോഗ്യനാക്കിയ ഹൈക്കോടതി ഉത്തരവു റദ്ദാക്കണമെന്ന് ആവശ്യപ്പെട്ടും ദേവികുളം മുന്‍ എംഎല്‍എ എ രാജ സുപ്രീംകോടതിയില്‍. രാജ സമര്‍പ്പിച്ച അപ്പീലില്‍ വെള്ളിയാഴ്ച വിശദമായി വാദം കേള്‍ക്കും.
സ്വകാര്യ ബസുകള്‍ക്ക് ദീര്‍ഘദൂര സര്‍വീസ് നടത്താമെന്ന ഹൈക്കോടതി ഉത്തരവിനെതിരെ അപ്പീലുമായി കെഎസ്ആര്‍ടിസി സുപ്രീംകോടതിയില്‍. ഹൈക്കോടതി ഉത്തരവ് കോര്പ്പറേഷന് വലിയ നഷ്ടമുണ്ടാക്കുമെന്നാണ് കെഎസ്ആര്‍ടിസിയുടെ വാദം.
കൊച്ചി വാട്ടര്‍ മെട്രോ ഉദ്ഘാടനത്തിനൊരുങ്ങി. അനുമതി ലഭിച്ചാല്‍ ചൊവ്വാഴ്ച പ്രധാനമന്ത്രി നരേന്ദ്രമോദി വാട്ടര്‍മെട്രോ കമ്മീഷന് ചെയ്യും. ഹൈക്കോടതി-ബോള്‍ഗാട്ടി-വൈപ്പിന്‍ റൂട്ടിലാകും ആദ്യ സര്‍വീസ്. ട്രയല്‍ റണ്ണുകള്‍ പുരോഗമിക്കുന്നു. ആധുനിക സൗകര്യങ്ങളുള്ള ഒന്‍പതു ബോട്ടുകളാണ് സജ്ജമാക്കിയിരിക്കുന്നത്. വൈദ്യുതിയില്‍ പ്രവര്‍ത്തിക്കുന്ന ശീതീകരിച്ച ബോട്ടില്‍ 100 പേര്‍ക്ക് ഒരേ സമയം യാത്ര ചെയ്യാം.
നടന് മമ്മൂട്ടിയുടെ അമ്മ ഫാത്തിമ ഇസ്മായില്‍ കൊച്ചിയില്‍ അന്തരിച്ചു. 93 വയസ്സായിരുന്നു. വ്യാപാരിയും കര്‍ഷകനുമായിരുന്ന പരേതനായ പാണപ്പറമ്പില്‍ ഇസ്മെയിലിന്റെ പത്നിയാണ്. ആലപ്പുഴ ജില്ലയിലെ എരമല്ലൂരിനടുത്തുള്ള ചന്തിരൂരാണു സ്വദേശം. മമ്മൂട്ടി മൂത്ത മകനാണ്. ചലച്ചിത്ര-സീരിയല്‍ നടന് ഇബ്രാഹിംകുട്ടി, ചലച്ചിത്ര നിര്‍മ്മാതാവ് സക്കറിയ, ആമിന, സൗദ, ഷഫീന എന്നിവരാണ് മറ്റു മക്കള്‍.
തിരുവനന്തപുരം കോര്‍പ്പറേഷനിലെ പട്ടികജാതി ഫണ്ടു വെട്ടിപ്പ് സിപിഎം അന്വേഷിക്കുന്നു. ഡിവൈഎഫ്ഐ നേതാവ് പ്രതിന് സാജ് കൃഷ്ണ ഉള്‍പ്പെടെയുള്ളവര്‍ക്കെതിരെയാണ് അന്വേഷണം. സി ജയന് ബാബുവും എസ് പുഷ്പലതയുമാണ് കമ്മീഷന് അംഗങ്ങള്‍. തിരുവനന്തപുരം ജില്ലയിലെ നേമം, വിതുര, ശ്രീകാര്യം, പാളയം എന്നീ നാല് ഏരിയാ കമ്മിറ്റികളുടെ സെക്രട്ടറിമാരെ മാറ്റി.
കൊയിലാണ്ടിയില്‍ ഐസ്ക്രീം കഴിച്ചു 12 വയസുകാരന് മരിച്ച സംഭവത്തില്‍ കുട്ടിയുടെ പിതൃ സഹോദരി താഹിറ കസ്റ്റഡിയിലായി. അരിക്കുളം കോറോത്ത് മുഹമ്മദലിയുടെ മകന് അഹമ്മദ് ഹസന് റിഫായിയാണ് കഴിഞ്ഞ ഞായറാഴ്ച മരിച്ചത്. വിഷം കലര്‍ത്തിയ ഐസ് ക്രീം കഴിച്ചെന്നാണു റിപ്പോര്‍ട്ട്.
പെരുമ്പാവൂരിലെ ഫാക്ടറികളില്‍ പശ്ചിമ ബംഗാള്‍ ഗവര്‍ണര്‍ സി.വി ആനന്ദബോസ് സന്ദര്‍ശനം നടത്തി. അതിഥി തൊഴിലാളികളുടെ തൊഴിലിടവും ജീവിത രീതിയും മനസ്സിലാക്കാനാണ് സന്ദര്‍ശനം. കേരളത്തിലെ അതിഥി തൊഴിലാളികളില്‍ വലിയൊരു ശതമാനം പശ്ചിമബംഗാളില്‍ നിന്നുള്ളവരാണ്.
തിരുവനന്തപുരം ബാലരാമപുരത്ത് വയോധികയെ മകന്റെ വീട്ടിലെ കുളിമുറിയില്‍ രക്തം വാര്‍ന്നു മരിച്ചനിലയില്‍ കണ്ടെത്തി. അമ്പൂരി കുട്ടമല നെടുപുലി തടത്തരികത്ത് വീട്ടില്‍ പരേതനായ വാസുദേവന്റെ ഭാര്യയായ ശ്യാമള(71) യെയാണ് മകന് ബിനുവിന്റെ മംഗലത്തുകോണം കാട്ടുനടയിലുള്ള വി.എസ്. ഭവനില്‍ മരിച്ചനിലയില്‍ കണ്ടെത്തിയത്.
നെടുമങ്ങാട് മയക്കുമരുന്നും ആയുധങ്ങളുമായി യുവാവിനെ എക്സൈസ് സംഘം അറസ്റ്റു ചെയ്തു. തേക്കട – ചിറക്കരയിലെ വാടക വീട്ടില്‍ നിന്നാണ് ‘കമ്പി റാഷിദ്’ എന്നു വിളിക്കുന്ന മുഹമ്മദ് റാഷിദിനെ വീടു വളഞ്ഞ് പിടികൂടിയത്.
തിരുവനന്തപുരത്ത് പൂട്ടിയിട്ടിരുന്ന വീടിനകത്ത് സ്ത്രീയുടെ മൃതശരീരം പുഴുവരിച്ച നിലയില്‍. കേരള തമിഴ്നാട് അതിര്‍ത്തിക്കു സമീപം അരുമന പുലിയൂര് ശാല സ്വദേശി സലീന(47)യെയാണ് മരിച്ചത്.
വൈക്കം തലയാഴത്ത് ഇതര സംസ്ഥാന തൊഴിലാളികളായ ദമ്പതികള്‍ കുഴിച്ചിട്ട നവജാത ശിശുവിന്റെ മൃതദേഹം പോലീസ് പുറത്തെടുത്ത് പോസ്റ്റുമോര്‍ട്ടം നടത്തും. ദുരൂഹത ഇല്ലെന്നാണ് പൊലീസിന്റെ നിഗമനം. യുവതി മാസം തികയാതെയാണു പ്രസവിച്ചത്. നാട്ടുകാരുടെ പ്രതിഷേധത്തെത്തുടര്‍ന്നാണ് പോസ്റ്റുമോര്‍ട്ടത്തിനായി മൃതദേഹം പുറത്തെടുക്കുന്നത്.
പൂഞ്ചിലെ ഭീകരാക്രമണത്തില്‍ അഞ്ചു സൈനികര്‍ കൊല്ലപ്പെട്ട കേസിന്റെ അന്വേഷണം എന്‍ഐഎ ഏറ്റെടുത്തു. പ്രദേശത്തു കനത്ത ജാഗ്രത. അടുത്ത മാസം ജി 20 യുടെ ഭാഗമായുള്ള പരിപാടി ജമ്മു കാഷ്മീരില്‍ നടക്കാനിരിക്കെയുണ്ടായ സംഭവത്തെ വളരെ ഗൗരവത്തോടെയാണ് കേന്ദ്ര സര്‍ക്കാര്‍ കാണുന്നത്. ആക്രമണം നടത്തിയ ഭീകരര്‍ക്കായി സൈന്യം തെരച്ചില്‍ തുടരുകയാണ്.
ഡല്‍ഹി സാകേത് കോടതിയില്‍ വെടിവയ്പ്. ഒരു സ്ത്രീക്കു പരിക്കേറ്റു. അഭിഭാഷകന്റെ വേഷത്തില്‍ എത്തിയ ആക്രമി നാലു റൗണ്ട് വെടിവച്ചു.
കര്‍ണാടകയില്‍ പിണങ്ങി നില്ക്കുന്ന ബിജെപി നേതാക്കളെ അനുനയപ്പിക്കാന്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഫോണില്‍ വിളിച്ചു സംസാരിച്ചു. സീറ്റ് നിഷേധിച്ച മുന്‍ ഉപ മുഖ്യമന്ത്രി കെ എസ് ഈശ്വരപ്പയെയാണു മോദി ഫോണില്‍ വിളിച്ചത്. പ്രമുഖ ലിംഗായത്ത് നേതാക്കളുമായി കര്‍ണാടകയിലുള്ള അമിത് ഷായും നദ്ദയും സംസാരിക്കും.
ദുബായ്- ഡല്‍ഹി എയര്‍ ഇന്ത്യ വിമാനത്തില്‍ പൈലറ്റ് കാമുകിയെ കോക്പിറ്റില്‍ കയറ്റിയെന്നു പരാതി. സുരക്ഷാ വീഴ്ച സംബന്ധിച്ച് ഡിജിസിഎ അന്വേഷണം ആരംഭിച്ചു. കാമുകിക്കു കോക്പറ്റിലേക്കു മദ്യവും ഭക്ഷണവും കൊണ്ടുവരാന്‍ ആവശ്യപ്പെട്ടെന്നും വിമാനത്തിലെ കാബിന് ക്രൂവാണു പരാതി നല്‍കിയത്.
റഷ്യന്‍ സൈനിക വിമാനം റഷ്യന്‍ നഗരമായ ബെല്‍ഗൊറോഡില്‍ ബോംബാക്രമണം നടത്തി. യൂക്രൈന്റെ അതിര്‍ത്തിക്കടുത്തുള്ള നഗരമാണിത്. മോസ്കോയിലെ റഷ്യന്‍ പ്രതിരോധ മന്ത്രാലയം ഇക്കാര്യം സമ്മതിച്ചു. സ്ഫോടനത്തെ തുടര്‍ന്ന് നഗരത്തില്‍ ഏതാണ്ട് 20 മീറ്റര്‍ വലിപ്പമുള്ള ഒരു വലിയ ഗര്‍ത്തം രൂപപ്പെട്ടു.
ട്വിറ്ററിന്റെ നീലക്കിളിയെ പറപ്പിച്ചു. അനേകം ട്വിറ്റര്‍ വരിക്കാരുടെ നീലക്കിളി ചിഹ്നം നീക്കം ചെയ്തു. ഇനി പണം നല്‍കിയവര്‍ക്കു മാത്രമാണു നീലക്കിളി ചിഹ്നം ലഭിക്കുക. ഫ്രാന്‍സിസ് മാര്‍പാപ്പ മുതല്‍ മൈക്രോസോഫ്റ്റ് സ്ഥാപകന്‍ ബില്‍ഗേറ്റ്സ് വരെയുള്ള പ്രമുഖര്‍ക്ക് ഇന്നലെ രാത്രിയോടെ നീല ചെക്ക് ചിഹ്നം നഷ്ടമായി.
ചന്ദ്രനിലേക്കും മറ്റു ഗ്രഹങ്ങളിലേക്കും ബഹിരാകാശ യാത്രികരെ കൊണ്ടുപോകാന്‍ സ്പേസ് എക്സ് നിര്‍മ്മിച്ച സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണ ശേഷം പൊട്ടിത്തെറിച്ചു. വിക്ഷേപിച്ചു നാലു മിനിറ്റു കഴിഞ്ഞ് രണ്ടാംഘട്ടത്തില്‍നിന്ന് വേര്പ്പെടുംമുന്പാണ് പൊട്ടിത്തെറിച്ചത്.