ശബരിമല വിമാനത്താവളത്തിന് സൈറ്റ് ക്ലിയറന്‍സ് അനുമതി. അധ്യാത്മിക വിനോദ സഞ്ചാരത്തിന് സന്തോഷകരമായ വാര്‍ത്തയാണിതെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. സിവില്‍ ഏവിയേഷന്‍ മന്ത്രാലയത്തിന്റെ ട്വീറ്റ് പങ്കുവച്ചുകൊണ്ടാണ് പ്രധാനമന്ത്രിയുടെ പ്രതികരണം. ചെറുവള്ളിയില്‍ നെടുമ്പാശേരിക്ക് ഒരു ഫീഡര്‍ വിമാനത്താവളം എന്ന ആശയത്തില്‍ വിഭാവനം ചെയ്ത പദ്ധതി രാജ്യന്തര വിമാനത്താവളമാക്കാനാണു നീക്കം.
മഹാരാഷ്ട്രയില്‍ ഒളിച്ചുകളിയുമായി രാഷ്ട്രീയം. എന്‍സിപിയിലെ 52 എംഎല്‍എമാരില്‍ 40 പേരുമായി അജിത് പവാര്‍ ബിജെപി പക്ഷത്തേക്കു മാറിയേക്കും. ഒന്നും സംഭവിക്കില്ലെന്ന് എന്‍സിപി അധ്യക്ഷന്‍ ശരത് പവാര്‍ ശിവസേന നേതാവ് ഉദ്ധവ് താക്കറെയോടും ചില കോണ്‍ഗ്രസ് നേതാക്കളോടും പ്രതികരിച്ചു. അജിത് പവാറും അണിയറ നീക്കങ്ങളെ നിഷേധിച്ചു. എന്നാല്‍ അജിത് പവാര്‍ 40 എംഎല്‍എമാരുടെ പിന്തുണ ഉറപ്പാക്കിയിട്ടുണ്ടെന്നാണ് രഹസ്യ റിപ്പോര്‍ട്ടുകള്‍. അജിത് പവാറിനെ മുഖ്യമന്ത്രിയാക്കാമെന്ന് ബിജെപി നേതാവും ഉപമുഖ്യമന്ത്രിയുമായ ദേവേന്ദ്ര ഫഡ്‌നാവിസും ശിവസേന നേതാവും മുഖ്യമന്ത്രിയുമായ ഏക്‌നാഥ് ഷിന്‍ഡെയും വാഗ്ദാനം നല്‍കിയെന്നാണ് വിവരം.
മില്‍മ പാലിനു വീണ്ടും വില കൂട്ടുന്നു. പച്ച, മഞ്ഞ കവറുകളിലെ പാലിനാണു വില കൂട്ടുന്നത്. 29 രൂപയായിരുന്ന മില്‍മ റിച്ചിന് 31 രൂപയാകും. 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയാകും. കൂടുതല്‍ ഡിമാന്‍ഡുള്ള നീല കവര്‍ പാലിന്റെ വില കൂടില്ല. രണ്ടു മാസം മുമ്പ് നീല കവര്‍ പാലിന്റെ വില കൂട്ടിയിരുന്നു.
ട്രെയിന്‍ തീ വയ്പ്പ് കേസ് എന്‍ഐഎയ്ക്കു കൈമാറി. തീവ്രവാദ ബന്ധവും യുഎപിഎ വകുപ്പും നിലനില്‍ക്കുന്നതിനാലും പല സംസ്ഥാനങ്ങളിലായി അന്വേഷണം നടത്തേണ്ടതുള്ളതിനാലുമാണ് കേസ് എന്‍ഐഎ ഏറ്റെടുത്തത്. പ്രതി ഷാറൂഖ് സെയ്ഫിയുടെ പൊലീസ് കസ്റ്റഡി ഇന്ന് അവസാനിക്കും. പ്രതിക്കു കൂടുതല്‍ സഹായികളുണ്ടെന്നാണ് പോലീസിന്റേയും എന്‍ഐഎയുടേയും നിഗമനം.
താമരശേരിയില്‍ പ്രവാസി മുഹമ്മദ് ഷാഫിയെ തട്ടിക്കൊണ്ടു പോയി മര്‍ദിച്ചത് കൊടുവള്ളി സ്വദേശി സാലിയുടെ സംഘമാണെന്നാണ് പോലീസ്. ഗള്‍ഫിലെ പണമിടപാടിന്റെ പേരിലാണ് തട്ടിക്കൊണ്ടു പോയത്. സഹോദരനെതിരെ വീഡിയോയില്‍ പറഞ്ഞത് ഭീഷണിക്കു വഴങ്ങിയാണെന്നും ഷാഫി പോലീസിനു മൊഴി നല്‍കി
കൊച്ചി വിമാനത്താവളം വഴി മൂന്നേകാല്‍ കോടി രൂപയുടെ വിദേശ പാഴ്‌സല്‍ കള്ളക്കടത്തിനു സഹായിച്ച ഫോറിന്‍ പോസ്റ്റ് ഓഫീസ് സൂപ്രണ്ട് അശുതോഷിനെ ഡിആര്‍ഐ അറസ്റ്റു ചെയ്തു. ഒരാഴ്ച മുമ്പ് മലപ്പുറം മുന്നിയൂരില്‍ നിന്ന് 6.3 കിലോ സ്വര്‍ണവുമായി ആറു പേര്‍ അറസ്റ്റിലായിരുന്നു. കൊച്ചിയില്‍നിന്ന് പരിശോധന കഴിഞ്ഞെത്തിയ പാഴ്സലുകളിലായിരുന്നു സ്വര്‍ണം. സ്വര്‍ണം ക്ലിയര്‍ ചെയ്ത് നല്‍കിയത് അശുതോഷാണെന്ന് കണ്ടെത്തിയതിനെത്തുടര്‍ന്നാണ് അറസ്റ്റ്.
കണ്ണൂര്‍ സര്‍വകലാശാലയില്‍ വൈസ് ചാന്‍സലര്‍ സ്ഥാനത്ത് ഡോ ഗോപിനാഥ് രവീന്ദ്രന് പുനര്‍നിയമനം നല്‍കിയത് ചട്ടപ്രകാരമാണെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിയമനം ചട്ടപ്രകാരമല്ലെന്നു ഗവര്‍ണറും ചാന്‍സലറുമായ ആരിഫ് മുഹമ്മദ് ഖാനും സത്യവാങ്മൂലം നല്‍കിയിട്ടുണ്ട്.
അരിക്കൊമ്പന്‍ വിഷയത്തില്‍ കോടതി വിധി നടപ്പാക്കുമെന്ന് സംസ്ഥാന വനം മന്ത്രി എകെ ശശീന്ദ്രന്‍. അരിക്കൊമ്പനെ മാറ്റാന്‍ പുതിയ സ്ഥലം കണ്ടെത്തി റിപ്പോര്‍ട്ട് നല്‍കാന്‍ വനം വകുപ്പിനു നിര്‍ദേശം നല്‍കിയെന്നും അദ്ദേഹം പറഞ്ഞു.
പന്തീരാങ്കാവില്‍ ഇതര സംസ്ഥാന തൊഴിലാളി ക്യാമ്പില്‍നിന്ന് മാവോയിസ്റ്റ് നേതാവിനെ പിടികൂടി. ജാര്‍ഖണ്ഡ് സ്വദേശി അജയ് ഒരോണ്‍ ആണ് പിടിയിലായത്. ഇയാള്‍ ഒന്നരമാസമായി ഇവിടെ കഴിയുകയായിരുന്നു.
ഇടപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ നവജാത ശിശുവിന് വാക്‌സിന്‍ മാറി കുത്തിവച്ചതിന് ഉത്തരവാദികള്‍ക്കെതിരേ നടപടി സ്വീകരിക്കും. വീഴ്ച സംഭവിച്ചവര്‍ക്കെതിരെ നടപടി സ്വീകരിക്കാന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജ് നിര്‍ദ്ദേശം നല്‍കി.
കേന്ദ്ര ന്യൂനപക്ഷ സഹമന്ത്രി ജോണ്‍ ബര്‍ള കൊച്ചിയില്‍ സീറോ മലബാര്‍ സഭാധ്യക്ഷന്‍ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായി കൂടിക്കാഴ്ച നടത്തി. കര്‍ദിനാളുമൊത്തു പ്രതാലും കഴിച്ചു. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ഭരണത്തില്‍ ക്രൈസ്തവര്‍ സുരക്ഷിതരാണെന്ന് അദ്ദേഹം കൂടിക്കാഴ്ചയ്ക്കുശേഷം പ്രതികരിച്ചു.
തിരുവനന്തപുരം കിഴക്കേക്കോട്ടയില്‍ തീപിടിത്തം. ബസ് വെയിറ്റിംഗ് ഷെഡിനോടു ചേര്‍ന്നുള്ള കടകളിലാണ് തീപിടിച്ചത്. ചായക്കടയില്‍നിന്നാണു തീപടര്‍ന്നതെന്നാണ് വിവരം. നാലു കടകള്‍ കത്തി നശിച്ചു. അഗ്നിശമന സേന എത്തിയാണു തീയണച്ചത്.
സാമൂഹ്യ മാധ്യമങ്ങളിലൂടെ പരിചയപ്പെട്ട് മെഡിക്കല്‍ പിജീ വിദ്യാര്‍ത്ഥിനിയെന്നു വിശ്വസിപ്പിച്ച് വിവാഹ വാഗ്ദാനം നല്‍കി ലക്ഷങ്ങള്‍ തട്ടിയെടുത്ത കേസില്‍ സ്ത്രീയും സുഹൃത്തും അറസ്റ്റിലായി. കൊല്ലം ചടമംഗലം സ്വദേശിനി ബിന്ദു (41), ഇരിങ്ങാലക്കുട അരിപ്പാലം പുത്തൂര്‍ വീട്ടില്‍ റനീഷ് (35) എന്നിവരാണു പിടിയിലായത്. ബിന്ദുവിന്റെ മകന്‍ മിഥുന്‍ മോഹന്‍ ഒളിവിലാണ്. പഠനാവശ്യത്തിനെന്ന പേരില്‍ ഒരാളില്‍നിന്ന് പത്തു ലക്ഷം രൂപയും മറ്റൊരാളില്‍നിന്ന് അഞ്ചു ലക്ഷം രൂപയുമാണു തട്ടിയെടുത്തത്.
ഒമ്പതു വര്‍ഷം മുമ്പു വിവാഹമോചിതയായ യുവതിയെ വീട്ടില്‍ അതിക്രമിച്ചു കയറി ആക്രമിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച മുന്‍ഭര്‍ത്താവ് അറസ്റ്റില്‍. ചെമ്മരുതി പനയറ കുംഭക്കാട് ജി.ജി വിലാസത്തില്‍ പൊടിയന്‍ എന്ന് വിളിക്കുന്ന ഷൈന്‍ (36) ആണ് അറസ്റ്റിലായത്. മുന്‍ഭാര്യ പനയറ സ്വദേശിനി രജിതയെ ആക്രമിച്ച കേസിലാണ് ഇയാളെ പിടികൂടിയത്.
കൊല്ലം മേവറം ബൈപ്പാസിലുണ്ടായ വാഹനാപകടത്തില്‍ പോലീസുകാരന്‍ മരിച്ചു. ചന്ദനത്തോപ്പ് സ്വദേശി അനസ് (30) ആണ് മരിച്ചത്. തിരുവനന്തപുരം റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയിലെ സുരക്ഷാ ചുമതലയായിരുന്നു അനസിന്.
ആലുവയ്ക്കടുത്ത് ദേശീയ പാതയില്‍ പുളിഞ്ചുവടിന് സമീപം ബൈക്കും ഇന്നോവാ കാറും തമ്മില്‍ കൂട്ടിയിടിച്ച് ബൈക്ക് യാത്രക്കാരന്‍ മരിച്ചു. ആലുവ ഉളിയന്നൂര്‍ കടവത്ത് വീട്ടില്‍ മുജീബ് റഹ്‌മാനാണ് മരിച്ചത്.
വയനാട് വേലിയമ്പത്ത് കാട്ടാനയുടെ ആക്രമണത്തില്‍ ബൈക്ക് തകര്‍ന്നു. ബൈക്ക് യാത്രികനായ ഇളവുങ്കല്‍ സണ്ണി തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.
കാറുമായി കൂട്ടിയിടിച്ച ഓട്ടോറിക്ഷയുടെ ഡ്രൈവര്‍ ആത്മഹത്യ ചെയ്തു. വിഴിഞ്ഞം ഉച്ചക്കട എസ് എസ് നിവാസില്‍ ആദര്‍ശ് എന്ന 21 കാരനാണു ജീവനൊടുക്കിയത്. അപകടമുണ്ടായപ്പോള്‍ 48,000 രൂപ നഷ്ടപരിഹാരമായി കാറുകാരന്‍ ആവശ്യപ്പെട്ടതില്‍ മനംനൊന്താണ് ഇയാള്‍ ആത്മഹത്യ ചെയ്തതന്നാണു കുടുംബത്തിന്റെ ആരോപണം.
പുല്‍വാമ വിഷയത്തില്‍ യോജിച്ച സമരത്തിന് പ്രതിപക്ഷം നീക്കം. കേന്ദ്ര സര്‍ക്കാരിനെതിരെ രാഷ്ട്രപതിക്കു പരാതി നല്‍കുന്നതടക്കം സംയുക്ത പ്രക്ഷോഭത്തിനാണ് ആലോചന. എഐസിസി ജനറല്‍ സെക്രട്ടറി കെസി വേണുഗോപാല്‍ ഉദ്ധവ് താക്കറെയുമായി ഈ വിഷയത്തില്‍ ചര്‍ച്ച നടത്തി. മഹാരാഷ്ട്രയില്‍ അജിത് പവാര്‍ നടത്തുന്ന നീക്കവും ചര്‍ച്ച ചെയ്തു.
കൊല്ലപ്പെട്ടാല്‍ മുദ്രവച്ച ഒരു കവര്‍ സുപ്രീംകോടതിക്കും മറ്റൊരു കവര്‍ മുഖ്യമന്ത്രി യോഗി ആദിത്യനാഥിനും ലഭിക്കുമെന്ന് അതിഖ് അഹമ്മദിന്റെ സഹോദരന്‍ അഷ്‌റഫ് പറഞ്ഞിരുന്നതായി അഭിഭാഷകന്‍. എന്നാല്‍ എന്താണ് കവറിലെ ഉള്ളടക്കമെന്ന് പറഞ്ഞിരുന്നില്ലെന്നും അഭിഭാഷകനായ വിജയ് മിശ്ര വ്യക്തമാക്കി. ജയിലില്‍നിന്ന് പുറത്തു വരുമ്പോള്‍ 15 ദിവസത്തിനകം കൊല്ലപ്പെടുമെന്ന് ഒരു പൊലീസുകാരന്‍ പറഞ്ഞിരുന്നതായി അഷ്‌റഫ് തങ്ങളോട് പറഞ്ഞുവെന്നും അദ്ദേഹം ആരോപിച്ചു.
എന്‍സിപിയില്‍ പിളര്‍പ്പുണ്ടാകേുമെന്ന അഭ്യൂഹങ്ങള്‍ അടിസ്ഥാന രഹിതമെന്ന് അജിത് പവാര്‍. എംഎല്‍എമാരുടെ യോഗം വിളിച്ചെന്ന റിപ്പോര്‍ട്ടുകളും അജിത് പവാര്‍ തള്ളി. പൊതുപരിപാടികള്‍ റദ്ദാക്കിയത് നവിമുംബൈയിലുണ്ടായ സൂര്യാഘാത ദുരന്തത്തിന്റെ പശ്ചാത്തലത്തിലാണെന്നും അജിത് വിശദീകരിച്ചു.
തൃണമൂല്‍ കോണ്‍ഗ്രസ് നേതാവ് മുകുള്‍ റോയിയെ കാണാനില്ലെന്ന പരാതിയുമായി മകന്‍ കൊല്‍ക്കത്തയില്‍. മണിക്കൂറുകള്‍ക്കകം മുകുള്‍ റോയിയെ ഡല്‍ഹി വിമാനത്താവളത്തില്‍ കണ്ടെത്തി. ഇന്നലെ ഇന്‍ഡിഗോ വിമാനത്തില്‍ ഡല്‍ഹിയിലേക്കു പോയ പിതാവിനേക്കുറിച്ച് വിവരമില്ലെന്നായിരുന്നു മകന്റെ പരാതി. മകനുമായി പിണങ്ങിയാണ് അദ്ദേഹം ഡല്‍ഹിക്കു പോയതെന്നാണ് ചില ബന്ധുക്കള്‍ പ്രതികരിച്ചത്.
പാക്കിസ്ഥാനിലെ ചൈനീസ് പൗരന്മാരുടെ സ്ഥാപനങ്ങള്‍ പോലീസ് അടച്ചുപൂട്ടിച്ചു. ഭീമമായ വായ്പാ കുടിശികയില്‍ ഇളവു ലഭിക്കാന്‍ പാക്കിസ്ഥാന്‍ നടത്തുന്ന സമ്മര്‍ദ തന്ത്രമാണ് ഇതെന്നും ആരോപണം ഉയര്‍ന്നിട്ടുണ്ട്. നോമ്പുകാലത്ത് യഥാസമയം ജോലി ചെയ്യുന്നില്ലെന്ന് ആരോപിച്ച എന്‍ജിനിയറെ ഇന്നലെ പാക്കിസ്ഥാന്‍ പോലീസ് അറസറ്റു ചെയ്തിരുന്നു. അറസ്റ്റു ചെയ്യണമെന്ന് ആവശ്യപ്പെട്ട് നൂറുകണക്കിന് ആളുകള്‍ റോഡ് ഉപരോധ സമരം നടത്തിയതിനു പിറകേയാണ് അറസ്റ്റ്. പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം മോശമായതിനാല്‍ പൗരന്മാരോട് ജാഗ്രത പാലിക്കാന്‍ ചൈന മുന്നറിയിപ്പു നല്‍കിയിരുന്നു.