കെഎസ്ആർടിസിയുടെ എല്ലാ ഡിപ്പോകളിലും ട്രാൻസ്പോർട്ട് മാനേജ്മെന്‍റ് കമ്മിറ്റി രൂപീകരിക്കുന്നതിന് സർക്കാർ അനുമതി നൽകി ഉത്തരവായി. ട്രാൻസ്പോർട്ട് മാനേജ്മെന്റ് കമ്മിറ്റികളുടെ രൂപീകരണം നിർണായകമായ ചുവടുവയ്പ്പാകുമെന്ന് ഗതാഗത വകുപ്പ് മന്ത്രി സി പി ജോൺ അറിയിച്ചു.
വിഴിഞ്ഞം രാജ്യാന്തര തുറമുഖത്തിന്റെ ഓഹരിക്കൈമാറ്റവുമായി ബന്ധപ്പെട്ട് അദാനി ഗ്രൂപ്പ് നൽകിയ കത്ത് ചീഫ് സെക്രട്ടറി അധ്യക്ഷനായ എംപവേർഡ് കമ്മിറ്റി പരിശോധിക്കും. എംപവേഡ് കമ്മിറ്റി നൽകുന്ന ശുപാർശകൂടി പരിഗണിച്ചാകും അനുമതി നൽകുന്നതിൽ സർക്കാർ തീരുമാനം എടുക്കുക.
വിഴിഞ്ഞം തുറമുഖ ഓഹരി കൈമാറ്റ വിഷയത്തിൽ മുഖ്യമന്ത്രി നിയമസഭയിൽ കാര്യങ്ങൾ വ്യക്തമാക്കിയിട്ടുണ്ടെന്ന് നിയമസഭാ സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. സംസ്ഥാന – കേന്ദ്ര സർക്കാരുകൾ കാര്യങ്ങൾ അറിയണം. സംസ്ഥാന സർക്കാർ അറിയാതെ ഒന്നും ചെയ്യാൻ പാടില്ല. നിബന്ധനകൾ അനുസരിച്ച് കാര്യങ്ങൾ മുന്നോട്ടു പോകണമെന്നും അദ്ദേഹം പറഞ്ഞു.
വിഴിഞ്ഞത്തെ അദാനി – എംഎസ്‍സി ഓഹരി കൈമാറ്റം നിയമവിരുദ്ധമെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ. 25 ശതമാനത്തിൽ അധികം ഓഹരി കൈമാറ്റം വേണമെങ്കിൽ സംസ്ഥാന സർക്കാരിൻറെ മുൻകൂർ അംഗീകാരം ആവശ്യമാണ്. അതാണ് കരാറിലെ വ്യവസ്ഥ. സംസ്ഥാന സർക്കാരിന്‍റെ അറിവോടെയുള്ള നീക്കമാണോ നടന്നതെന്നും ജൂൺ 29 തന്നെ കരാർ ഒപ്പിട്ടു കഴിഞ്ഞുവെന്നും പിണറായി വിജയൻ പറഞ്ഞു.
സംസ്ഥാന സര്‍ക്കാരിനും മുഖ്യമന്ത്രിക്കും എതിരെ അതിരൂക്ഷ വിമര്‍ശനവുമായി സിപിഐഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. ആര്‍എസ്എസിന്റെ വിധേയരാകാന്‍ വി.ഡി. സതീശന്‍ സര്‍ക്കാര്‍ മത്സരിക്കുകയാണെന്നാണ് സിപിഐഎം മുഖപത്രം ദേശാഭിമാനിയിലെഴുതിയ ലേഖനത്തില്‍ കുറ്റപ്പെടുത്തല്‍.
വിഴിഞ്ഞം അന്താരാഷ്ട്ര തുറമുഖം ഓഹരി കൈമാറ്റത്തിൽ നിലപാട് മാറ്റി സിപിഐഎം മുഖപത്രം ദേശാഭിമാനി. വിഴിഞ്ഞത്തെ ഓഹരി കൈമാറ്റത്തിൽ ആശങ്കയെന്നാണ് ഇന്നത്തെ പത്രത്തിലെ ഒന്നാം പേജ് വാർത്ത. വിദേശനിക്ഷേപം വന്നത് എൽഡിഎഫിന്റെ ദീർഘവീക്ഷണത്തിന്റെ ഫലം എന്നായിരുന്നു ഇന്നലത്തെ വാർത്ത.
കശുവണ്ടി ഇറക്കുമതി അഴിമതിക്കേസുമായി ബന്ധപ്പെട്ട് ഐഎന്‍ടിയുസി സംസ്ഥാന പ്രസിഡന്റ് ആര്‍ ചന്ദ്രശേഖരനെയും, കോര്‍പ്പറേഷന്‍ മുന്‍ എംഡി രതീഷിനേയും പ്രോസിക്യൂട്ട് ചെയ്യാന്‍ സര്‍ക്കാര്‍ അനുമതി. നാളെ ഹൈക്കോടതിയില്‍ തീരുമാനം അറിയിക്കും.
തിരുവനന്തപുരം വിവാദ വിഷയങ്ങളിൽ പ്രതികരണവുമായി സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ. കുട്ടനാട് അവധി വിവാദം, ഉമാ തോമസ്, കെ. രാജൻ തുടങ്ങിയ വിഷയങ്ങളിലായിരുന്നു തിരുവഞ്ചൂരിന്റെ വിശദീകരണം. നിയമസഭയിലേത് പവർഫുൾ മൈക്കാണെന്നും ചില കാര്യങ്ങൾ കേട്ടെന്ന് ഇരിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ദേശീയപാതയിലെ ഗര്‍ത്തം രൂപപ്പെട്ടതിൽ മുന്നറിയിപ്പുകള്‍ എന്‍എച്ച്എഐ അവഗണിച്ചെന്ന് ജലഅതോറിറ്റി. നിര്‍മാണം തുടങ്ങും മുമ്പ് തന്നെ കുടിവെള്ള പൈപ്പുകള്‍ മാറ്റണമെന്ന് നിര്‍ദേശിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം എന്‍എച്ച്എഐ കരാറുകാരന്‍ ഗൗരവമായി എടുത്തില്ലെന്ന് ജലഅതോറിറ്റി എക്സിക്യൂട്ടീവ് എന്‍ജിനീയർ വ്യക്തമാക്കി.
വെള്ളാപ്പള്ളി നടേശന് നൽകിയ പത്മഭൂഷൺ പുരസ്കാരം റദ്ദാക്കണമെന്നാവശ്യപ്പെട്ട് പൊതുതാൽപര്യ ഹർജി. എന്നാൽ പുരസ്കാരത്തിൽ ഇടപെടാനാവില്ലന്ന് ഹൈക്കോടതി. കേസുകൾ നിലവിലുണ്ടെന്ന കാരണത്താൽ ഒരാളെ കുറ്റക്കാരനായി കണക്കാക്കാനാകില്ലെന്ന് ഉത്തരവിൽ ഹൈക്കോടതി ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി.
ദേവികുളം റേഞ്ചിലെ ഗൂഡൻപാറ എസ്റ്റേറ്റിൽ നടന്ന വൻ മരംകൊള്ളയിൽ ഹൈക്കോടതി സ്വമേധയാ കേസെടുത്തു. ഏലപ്പട്ടയ ഭൂമിയിലെ മരങ്ങൾ മുറിക്കാൻ നിയമപരമായി അനുമതിയില്ലാതിരുന്നിട്ടും വൻതോതിലുള്ള മരം കൊള്ളയാണ് നടന്നത്.
വടകര കാഫിർ സ്ക്രീൻഷോട്ട് കേസിൽ എംഎസ്എഫ് നേതാവ് മുഹമ്മദ് കാസിമിനെ പ്രതിസ്ഥാനത്ത് നിന്ന് ഒഴിവാക്കി പ്രത്യേക അന്വേഷണസംഘം. കാസിം അല്ല സ്ക്രീൻഷോട്ട് നിർമിച്ചത് എന്ന് വ്യക്തമായ സാഹചര്യത്തിലാണ് നടപടി.
ബിജെപി അധികാരത്തിലെത്തി ആറ് മാസത്തിന് ശേഷവും തലസ്ഥാന നഗരത്തിലെ മാലിന്യ സംസ്‌കരണം നടപ്പിലായില്ല. ശാസ്ത്രീയ മാലിന്യ സംസ്കരണം പോയിട്ട് ബദൽ സംവിധാനത്തിൽ ചർച്ചയെങ്കിലും തുടങ്ങിയോ എന്നാണ് പ്രതിപക്ഷത്തിൻ്റെ ചോദ്യം.
നടി അൻസിബ ഹസൻ നൽകിയ പരാതിയിൽ നടൻ ടിനി ടോമിനെ വീണ്ടും വിളിച്ചുവരുത്തി ചോദ്യം ചെയ്യാൻ കടവന്ത്ര പൊലീസ്. ടിനി ടോമിനെതിരെ കേസ് എടുക്കാൻ കഴിഞ്ഞ ദിവസം കോടതി നിർദേശിച്ചതിനു പിന്നാലെയാണ് നടപടി. നടിമാരായ നീന കുറുപ്പ്, ശ്വേത മേനോൻ എന്നിവരുടെ മൊഴിയും രേഖപ്പെടുത്തും.
കരിപ്പൂർ പൊലീസ് സ്റ്റേഷനിൽ സൂക്ഷിച്ചിരുന്ന പത്ത് ലക്ഷം രൂപയോളം വിലമതിക്കുന്ന സ്വർണാഭരണങ്ങൾ കാണാതായ സംഭവത്തിൽ മുൻ സ്റ്റേഷൻ ഹൌസ് ഓഫീസർക്ക് സസ്പെൻഷൻ. എട്ട് പവനോളം തൊണ്ടി മുതൽ സ്റ്റേഷനിൽ നിന്നും മോഷ്ടിച്ചത് മുൻ എസ്എച്ച്ഒ ആണെന്ന് അന്വേഷണ റിപ്പോർട്ട് ഉണ്ടായിരുന്നു. ഈ റിപ്പോർട്ടിന്‍റെ അടിസ്ഥാനത്തിലാണ് നടപടി.
പള്ളിപ്പെരുന്നാളുകളിൽ വെടിക്കെട്ട് ഒഴിവാക്കി പാവപ്പെട്ടവർക്ക് വീട് വെച്ചുനൽകാനുള്ള ഓർത്തഡോക്സ് സഭാധ്യക്ഷന്റെ ആഹ്വാനം യാഥാർത്ഥ്യമായി. അർഹരായ കുടുംബത്തിന് 60 ദിവസത്തിനുള്ളിൽ വീടൊരുക്കി പത്തനംതിട്ട ചന്ദനപ്പള്ളി വലിയപള്ളി.
സംസ്ഥാന സർക്കാർ നടപ്പാക്കാൻ ലക്ഷ്യമിടുന്ന, മൃതദേഹം കീറിമുറിക്കാതെയുള്ള ‘വെർച്വൽ ഓട്ടോപ്സി’ സംവിധാനം മലപ്പുറം ജില്ലയിൽ പൈലറ്റ് പദ്ധതിയായി ആരംഭിക്കണമെന്ന് ജില്ലാ പഞ്ചായത്ത് പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.
വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് 80 ശതമാനത്തോളം ശാരീരിക-മാനസിക വൈകല്യം സംഭവിച്ച യുവാവിന് ഒരു കോടി അഞ്ച് ലക്ഷം (1.05 കോടി) രൂപ നഷ്ടപരിഹാരം നൽകാൻ മഞ്ചേരി മോട്ടോർ ആക്‌സിഡന്റ് ക്ലൈം ട്രൈബ്യൂണൽ (മാക്റ്റ്) ഉത്തരവിട്ടു. കിഴിശ്ശേരി തവനൂർ ഒന്നാംമൈൽ സ്വദേശി കിണറ്റിങ്ങൽ വീട്ടിൽ മുബഷിറിനാണ് ട്രൈബ്യൂണൽ ജഡ്ജി ഈ വൻ തുക നഷ്ടപരിഹാരമായി അനുവദിച്ചത്.
കൊച്ചി പോർട്ട് ട്രസ്റ്റിന്റെ ഉടമസ്ഥതയിലുള്ള, ട്രെയിൻ സർവീസുകൾ ഇല്ലാത്ത ഐലൻഡ് റെയിൽപാതയിലെ ഏകദേശം അര കിലോമീറ്ററോളം പാളം മോഷണം നടത്തിയ സംഭവത്തിൽ മൂന്ന് പേർ എറണാകുളം സൗത്ത് ആർപിഎഫ് പിടിയിൽ. വൈപ്പിൻ മുള്ളയ്ക്കൽ വീട്ടിൽ പി കെ അഫ്സൽ (52), മട്ടാഞ്ചേരി പഴയ വീട്ടിൽ പിഐ താജുദ്ദീൻ (63), അസം സ്വദേശിയായ ചന്ദ്രശേഖർ മാലിക് (46) എന്നിവരാണ് അറസ്റ്റിലായത്.
സ്കൂൾ ഗ്രൗണ്ടിൽ വെച്ച് എട്ടാം ക്ലാസ് വിദ്യാർത്ഥിയെ ക്രൂരമായി മർദ്ദിച്ച കായിക അധ്യാപകനെതിരെ പയ്യന്നൂർ പോലീസ് കേസെടുത്തു. തായിനേരി എസ്.എ.ബി.ടി.എം ഹൈസ്കൂളിലെ പി.ടി അധ്യാപകനായ രഘുവിനെതിരെയാണ് നടപടി.
പത്തനംതിട്ട കോന്നി കാട്ടാത്തി ഉന്നതിയിലെ ഊര് മൂപ്പൻ മോഹൻദാസിനെ കാണാതായിട്ട് ആറു ദിവസം. മൂപ്പനെ കണ്ടെത്താൻ തെരച്ചിൽ കൂടുതൽ ഊർജ്ജിതമാക്കണമെന്ന് ആവശ്യപ്പെട്ട് കളക്ടർക്കും എസ്പിക്കും കുടുംബം പരാതി നൽകി.
നിതീഷ് കുമാറിന് ഉപ പ്രധാനമന്ത്രി പദം നൽകണമെന്ന് ജെഡിയു എംഎൽഎ പങ്കജ് മിശ്ര. കേന്ദ്രമന്ത്രിയായും മുഖ്യമന്ത്രിയായി 20 വർഷവും അനുഭവസമ്പത്തുള്ള നേതാവാണ് നിതീഷ് കുമാർ. അദ്ദേഹത്തെ ഉപപ്രധാനമന്ത്രിയാക്കിയാൽ ബിഹാറിലെ ജനങ്ങൾ സന്തോഷിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ കനത്ത മഴയെത്തുടർന്ന് വൻ നാശനഷ്ടവും വെള്ളപ്പൊക്കവും. ഹിമാചൽ പ്രദേശിലും ഉത്തരാഖണ്ഡിലും പ്രളയസമാനമായ സാഹചര്യമാണ് നിലനിൽക്കുന്നത്. ഹിമാചലിൽ മാത്രം ഇതിനകം നാല് മരണങ്ങൾ റിപ്പോർട്ട് ചെയ്തു കഴിഞ്ഞു.
ശ്രീരാമ ജന്മഭൂമി തീർഥക്ഷേത്ര ട്രസ്റ്റിന്റെ നിർണായക യോഗം ജൂലായ് ആറിന്. ജനറൽ സെക്രട്ടറി ചമ്പത് റായിയുടെയും ട്രസ്റ്റിയായ ഡോ. അനിൽ മിശ്രയുടെയും രാജിയിൽ അന്തിമ തീരുമാനമെടുക്കാനാണ് ട്രസ്റ്റിന്റെ അടിയന്തര യോഗം വിളിച്ചുചേർത്തിരിക്കുന്നത്.
അയോധ്യ കേസിലെ പ്രതി നിർമ്മിക്കുന്ന പുതിയ വീട് ഇടിച്ച് കളഞ്ഞേക്കും. അനധികൃത നിർമ്മാണമെന്ന് ചൂണ്ടിക്കാട്ടി അയോധ്യ വികസന അതോറിറ്റി അയോധ്യക്കേസിലെ പ്രതി ലവ് കുശ് മിശ്രക്ക് നോട്ടീസ് നൽകി. .
കർണാടകയിലെ ബെംഗളൂരു ദക്ഷിണ താലൂക്കിലുണ്ടായ ക്വാറി അപകടത്തിൽ ഒമ്പത് തൊഴിലാളികൾ മരണപ്പെട്ടു. ഇന്ന് രാവിലെ മാദാപട്ടണത്തിന് സമീപം പ്രവർത്തിക്കുന്ന ‘കാവേരി ക്രഷർ’ എന്ന ക്വാറിയിലാണ് ദുരന്തമുണ്ടായത്. അപകടത്തിൽപ്പെട്ടവരെല്ലാം അസം, ബിഹാർ സ്വദേശികളാണെന്നാണ് പ്രാഥമിക വിവരം.
ലഹരി ഉപയോഗം ചോദ്യം ചെയ്തതിന്റെ പേരിൽ മുത്തശ്ശിയെ കൊലപ്പെടുത്തി ചെറുമകൻ. കർണാടകയിലെ ഷിമോഗയിലാണ് ഞെട്ടിക്കുന്ന സംഭവം. അണ്ണാനഗർ സ്വദേശി സുശീലാമ്മ (60) ആണ് കൊല്ലപ്പെട്ടത്. കല്ലുകൊണ്ടിടിച്ചാണ് സുശീലാമ്മയെ കിഷോർ കൊലപ്പെടുത്തിയത്.
യുക്രെയ്ൻ തലസ്ഥാനമായ കീവിൽ അർധരാത്രിയിൽ റഷ്യയുടെ കടുത്ത ഡ്രോൺ-മിസൈൽ ആക്രമണം. വ്യാഴാഴ്ച പുലർച്ചെ നഗരമധ്യത്തിലെ പ്രമുഖ ഹോട്ടലുകളും പാർപ്പിട സമുച്ചയങ്ങളും കേന്ദ്രീകരിച്ച് റഷ്യ നടത്തിയ വ്യാപക ആക്രമണത്തിൽ രണ്ട് പേർ കൊല്ലപ്പെട്ടു.
മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ സംസ്‌കാര ചടങ്ങുകൾക്കായി അയൽരാജ്യമായ ഇറാഖ് ഉൾപ്പെടെ അഞ്ച് നഗരങ്ങളിലായി ആറ് ദിവസം നീണ്ടുനിൽക്കുന്ന ചടങ്ങുകൾ ഒരുക്കി ഇറാൻ. വരുന്ന ശനിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് മൊസല്ല പ്രാർത്ഥനാ സമുച്ചയത്തിൽ ഭൗതികശരീരം പൊതുദർശനത്തിന് വെക്കുന്നതോടെ ചടങ്ങുകൾ ആരംഭിക്കും.
പാകിസ്ഥാനിൽ 125 വർഷം പഴക്കമുള്ള ചരിത്രപ്രസിദ്ധമായ സിഖ് ഗുരുദ്വാര തകർത്ത് വ്യവസായി. ‘ഗുരുദ്വാര ശ്രീ ഗുരു സിങ് സഭ സാഹിബ്’ ആണ് അധികൃതരുടെ അനുമതിയില്ലാതെ വ്യവസായി പൊളിച്ചുനീക്കിയത്. സംഭവത്തെ തുടർന്ന് സിഖ് സമൂഹം വലിയ പ്രതിഷേധവുമായി രംഗത്തെത്തി.
2026 ഫിഫ ലോകകപ്പ് റൗണ്ട് ഓഫ് 32 മത്സരത്തിൽ ബോസ്‌നിയയെ കീഴടക്കി ആതിഥേയരായ യുഎസ്എ പ്രീക്വാർട്ടറിൽ. എതിരില്ലാത്ത രണ്ടു ഗോളുകൾക്കായിരുന്നു യുഎസിന്റെ ജയം.
പുറത്താകലിന്റെ വക്കിൽ നിന്ന് സ്വപ്നതുല്യമായ തിരിച്ചുവരവ്. എക്സ്ട്രാടൈമിൽ പെനാൽറ്റി ഗോൾ നേടി ലോകകപ്പിന്റെ റൗണ്ട് ഓഫ് 32 മത്സരത്തിൽ ബെൽജിയം ജയിച്ചുകയറി.
