സജി ചെറിയാന്‍ വീണ്ടും പിണറായി മന്ത്രിസഭയിലേക്ക്. സത്യപ്രതിജ്ഞ നാളെ വൈകുന്നേരം നാലിന്. ഇത് സംബന്ധിച്ച മുഖ്യമന്ത്രിയുടെ ശുപാര്‍ശ ഗവര്‍ണര്‍ അംഗീകരിച്ചു. ഭരണഘടനാ വിരുദ്ധ പ്രസംഗത്തിന്റെ പേരില്‍ രാജിവച്ച സജി ചെറിയാനെതിരായ കേസില്‍ കോടതി കുറ്റമുക്തനാക്കാത്ത സാഹചര്യത്തില്‍ ഗവര്‍ണര്‍ നിയമോപദേശം തേടിയ ശേഷമാണ് സത്യപ്രതിജ്ഞ നടത്താന്‍ സമയം അനുവദിച്ചത്. സജി ചെറിയാനെതിരെ തെളിവില്ലെന്ന പോലീസ് റിപ്പോര്‍ട്ട് തിരുവല്ല കോടതിയുടെ പരിഗണനയിലാണ്.
സംസ്ഥാനത്തെ കളേക്ടറേറ്റുകളിലും വകുപ്പു മേധാവിമാരുടെ ഓഫീസുകളിലും ബയോമെട്രിക് പഞ്ചിംഗ് പൂര്‍ണമായി നടപ്പാക്കാനായില്ല. ശമ്പള സോഫ്റ്റുവെയറുമായി പഞ്ചിംഗ് ബന്ധിപ്പിക്കുന്ന നടപടി പൂര്‍ത്തിയാകാത്തതാണു കാരണം. പൂര്‍ത്തിയാക്കാന്‍ ഇനിയും ഒരു മാസം വേണമെന്നാണ് റിപ്പോര്‍ട്ട്. ജനുവരി ഒന്നുമുതല്‍ പഞ്ചിംഗ് നിര്‍ബന്ധമാക്കി ചീഫ് സെക്രട്ടറിയുടെ ഒരു മാസം മുമ്പേ ഉത്തരവിറക്കിയിരുന്നു.
മന്ത്രിമാര്‍ അടക്കം ജനപ്രതിനിധികളുടെ വിവാദ പ്രസംഗങ്ങളിലും അഭിപ്രായ സ്വാതന്ത്ര്യത്തിലും അധിക നിയന്ത്രണങ്ങള്‍ ചുമത്താനാകില്ലെന്ന് സുപ്രിം കോടതി ഭരണഘടന ബെഞ്ച്. നിലവിലുള്ള നിയന്ത്രണങ്ങള്‍ മതിയാകും. പൗരന്റെ അവകാശം ലംഘിക്കുന്ന രീതിയിലുള്ള മന്ത്രിയുടേയോ ജനപ്രതിനിധികളുടെയേ പ്രസ്താവന ഭരണഘടന ലംഘനമായി കാണാനാകില്ല. കോടതി വ്യക്തമാക്കി.
കലോല്‍സവത്തില്‍ ഒന്നാം സ്ഥാനം നേടന്നതിനേക്കാള്‍ പങ്കാളിയാകുന്നതുതന്നെ വലിയ അംഗീകാരമായി കണക്കാക്കുന്ന സംസ്‌കാരം വളരണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അറുപത്തൊന്നാമത് സംസ്ഥാന സ്‌കൂള്‍ യുവജനോത്സവം കോഴിക്കോട്ട് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മാറുന്ന കാലത്തേക്കു പിടിച്ച കണ്ണാടിയാവുകയാണ് കലോല്‍സവമെന്ന് മുഖ്യമന്ത്രി പറഞ്ഞു. കലോല്‍സവ വേദിയില്‍ എത്തിയ ഓരോ കുട്ടിയും വിജയികളാണെന്ന് മുഖ്യാതിഥിയായ സിനിമാതാരം ആശാ ശരത് പറഞ്ഞു. സാമൂതിരിയുടെ നാട്ടില്‍ ഇനി അഞ്ചു നാള്‍ കലയുടെ ഉല്‍സവം. ഞായറാഴ്ചയാണു സമാപനം.
സജി ചെറിയാന്റെ സത്യപതിജ്ഞയ്ക്കു ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ നിയമപരമായ നടപടി മാത്രം സ്വീകരിച്ചാല്‍ മതിയെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം.വി ഗോവിന്ദന്‍. സര്‍ക്കാരിനെ അലോസരപ്പെടുത്താനാണ് ഗവര്‍ണര്‍ ശ്രമിക്കുന്നത്. ഭരണഘടനയെ വിമര്‍ശിക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്നു പറയാനാവില്ലെന്ന് സുപ്രീം കോടതി തന്നെ പറഞ്ഞിട്ടുണ്ടെന്നും ഗോവിന്ദന്‍ പറഞ്ഞു.
സജി ചെറിയാനെതിരെ തെളിവില്ലെന്ന പൊലീസ് റിപ്പോര്‍ട്ടിനെതിരെ തടസവാദവുമായി പരാതിക്കാരന്‍ തിരുവല്ല കോടതിയില്‍. പൊലീസ് റിപ്പോര്‍ട്ടിനെതിരായ ഹര്‍ജി ഹൈക്കോടതിയുടെ പരിഗണനയിലാണ്. സിബിഐ അന്വേഷണം വേണമെന്നാണ് ആവശ്യം. ഹൈക്കോടതി തീരുമാനമെടുക്കുംവരെ പൊലീസിന്റെ റിപ്പോര്‍ട്ട് പരിഗണിക്കരുതെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
സജി ചെറിയാനെ വീണ്ടും മന്ത്രിയാക്കുന്നത് അധാര്‍മികമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍. വിഷയം ഹൈകോടതിയുടെ പരിഗണയിലാണെന്ന് പ്രതിപക്ഷ നേതാവ് ചൂണ്ടിക്കാട്ടി. കോടതി കുറ്റവിമുക്തനാകാതെ സജി ചെറിയാനെ മന്ത്രിയാക്കുന്നതു തെറ്റാണെന്നും സതീശന്‍.
പാര്‍ട്ടിയെ ശക്തിപ്പെടുത്താന്‍ പ്രസംഗിച്ചാല്‍ മാത്രം പോരാ, പ്രവര്‍ത്തിക്കുകകൂടി വേണമെന്ന് കെ മുരളീധരന്‍ എംപി. അടുത്ത ലോക്‌സഭാ തെരഞ്ഞെടുപ്പിനായി സിപിഎമ്മും ബിജെപിയും ഒരുക്കങ്ങള്‍ തുടങ്ങി. സിപിഎമ്മുകാര്‍ വീടുകയറുകയാണ്, ബിജെപിക്കാര്‍ പ്രോഗ്രസ് റിപ്പോര്‍ട്ട് തയാറാക്കുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഇപ്പോഴും പുന:സംഘടന ചര്‍ച്ച ചെയ്യുകയാണെന്നും മുരളീധരന്‍ പറഞ്ഞു.
മദ്യം വാങ്ങാന്‍ പണം നല്‍കാത്തതിന് പട്ടാപ്പകല്‍ നടുറോഡില്‍ മധ്യവയസ്‌കനെ കുത്തി പരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. കടയ്ക്കാവൂര്‍ സ്വദേശി സുനില്‍ കുമാറിനാണ് കുത്തേറ്റത്. കടയ്ക്കാവൂര്‍ പഴഞ്ചിറ കാട്ടുവിള വീട്ടില്‍ കുമാര്‍ എന്ന് വിളിക്കുന്ന ചപ്ര കുമാറിനെയാണ് അറസ്റ്റു ചെയ്തത്.
പിരിച്ചുവിടാന്‍ നോട്ടീസുള്ള ഇന്‍സ്‌പെക്ടര്‍ പി.ആര്‍ സുനു ഡിജിപിക്കു മുന്നില്‍ ഹാജരായില്ല. ആരോഗ്യപ്രശ്‌നങ്ങള്‍മൂലം ചികിത്സയിലാണെന്നും നേരിട്ട് ഹാജരാവാന്‍ സാവകാശം വേണമെന്നും സുനു ഡിജിപിക്ക് മെയില്‍ അയച്ചു.
എടപ്പാളില്‍ പ്രവാസി യുവാവിനെ തട്ടിക്കൊണ്ടുപോയി കെട്ടിയിട്ട് ലഹരി നല്‍കി മര്‍ദിച്ചെന്നു പരാതി. കോലളമ്പ് സ്വദേശിയായ പണ്ടാരത്തില്‍ റഹ്‌മത്തിന്റെ ഫര്‍ഹല്‍ അസീസ് (23)നെയാണ് മര്‍ദിച്ചത്. പണവും യു.എ.ഇ ഐഡി അടക്കമുള്ള രേഖകളും മൊബൈല്‍ ഫോണും കവര്‍ന്ന് നഗ്ന വീഡിയോ പകര്‍ത്തിയാണ് വിട്ടയച്ചതെന്നാണു പരാതി.
യുവസംവിധായിക നയനസൂര്യയുടെ മരണത്തില്‍ പൊലീസിനെതിരെ കുടുംബം. മരണത്തില്‍ അസ്വാഭാവികത ഇല്ലെന്ന് പൊലീസ് ആദ്യമേ പറഞ്ഞു വിശ്വസിപ്പിച്ചെന്നാണ് ആരോപണം. ശരീരത്തിലെ പാടുകളെക്കുറിച്ച് പൊലീസ് അറിയിച്ചിരുന്നില്ല. പുതിയ അന്വേഷണത്തില്‍ പ്രതീക്ഷയുണ്ടെന്നും കുടുംബം.
ടോറസ് ലോറിക്കു മുകളിലേക്ക് മറ്റൊരു ടോറസ് മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. തൃശൂര്‍ നടത്തറ മൂര്‍ക്കിനിക്കര സ്വദേശി സച്ചിന്‍ (28) ആണ് മരിച്ചത്. ആലത്തൂര്‍ വണ്ടാഴി വടക്കുമുറിയിലെ ഇഷ്ടികക്കളത്തില്‍ മണ്ണ് തട്ടുന്നതിനിടെയാണ് അപകടമുണ്ടായത്.
തിരുവനന്തപുരം പുളിയറക്കോണം കര്‍മ്മ ബ്യൂട്ടിപാര്‍ലറില്‍ ആയുധവുമായി അതിക്രമിച്ച് കയറി കട ഉടമയെ ആക്രമിച്ച പ്രതികളെ വിളപ്പില്‍ ശാല പൊലീസ് അറസ്റ്റ് ചെയ്തു. കരുവിലാഞ്ചി മണ്ണാത്തിക്കോണം മുക്കംപാലമൂട് ചൈത്രത്തില്‍ മനീഷ് (24), പൂവച്ചല്‍ പുളിങ്കോട് കിഴക്കേകര പുത്തന്‍വീട്ടില്‍ രാജീവ് (23) എന്നിവരാണ് അറസ്റ്റിലായത്. സച്ചു എന്ന വിളിക്കുന്ന കിരണ്‍ ലാല്‍ ആണ് അക്രമത്തിനിരയായത്.
തിരുനെല്ലിയില്‍ കാര്‍ യാത്രികരെ കാട്ടാന ആക്രമിച്ചു. കാര്‍ ഭാഗികമായി തകര്‍ന്നു. തലനാരിഴയ്ക്കാണ് യാത്രക്കാര്‍ രക്ഷപ്പെട്ടത്. കാര്‍ തകര്‍ത്തശേഷം ആന സ്വയം പിന്‍മാറി. തൃശ്ശിലേരി മഹാദേവ ക്ഷേത്രത്തിലെ ജീവനക്കാരനായ ശ്രീരാജിന്റെ കാറാണ് തകര്‍ന്നത്.
ഭാരത് ജോഡോ യാത്രയുടെ രണ്ടാം ഘട്ടത്തിനു തുടക്കമായി. കാഷ്മീരി ഗേറ്റിനു സമീപമുള്ള ഹനുമാന്‍ ക്ഷേത്രത്തിനു മുന്‍പില്‍നിന്ന് രാവിലെ പത്തിനാണ് യാത്ര തുടങ്ങിയത്. ഉച്ചയോടെ ഉത്തര്‍പ്രദേശ് അതിര്‍ത്തിയായ ഗാസിയാബാദിലെത്തി. യുപി, പഞ്ചാബ് സംസ്ഥാനങ്ങളിലൂടെ യാത്ര കാഷ്മീരില്‍ സമാപിക്കും.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര 3000 കിലോമീറ്റര്‍ പിന്നിട്ടിരിക്കേ, ആശംസകള്‍ നേര്‍ന്ന് രാമജന്മക്ഷേത്രത്തിലെ മുഖ്യപുരോഹിതന്‍ ആചാര്യ സത്യേന്ദ്ര ദാസ്. രാഹുല്‍ ഗാന്ധിക്ക് ഭഗവാന്‍ ശ്രീരാമന്റെ അനുഗ്രഹം എപ്പോഴും ഉണ്ടായിരിക്കട്ടെയെന്ന് ആശംസിച്ചു. നിങ്ങള്‍ പോരാടുന്ന ദൗത്യം വിജയിക്കുമെന്ന് ഞാന്‍ പ്രതീക്ഷിക്കുന്നു, പ്രാര്‍ത്ഥിക്കുന്നു. കത്തില്‍ പറയുന്നു.
ഡല്‍ഹിയില്‍ കാറിനടിയില്‍ കുടുങ്ങി യുവതി കൊല്ലപ്പെട്ട സംഭവത്തില്‍ അപകട സമയത്ത് യുവതിക്കൊപ്പം ഉണ്ടായിരുന്ന സുഹൃത്തിനെ പോലീസ് തെരയുന്നു. യുവാക്കളുടെ കാറുമായി കൂട്ടിയിടിച്ചപ്പോള്‍ ചെറിയ പരുക്കേറ്റ പെണ്‍കുട്ടി സംഭവ സ്ഥലത്തുനിന്നും കടന്നു കളഞ്ഞെന്നാണു റിപ്പോര്‍ട്ട്. ഇതേസമയം, മുഖ്യമന്ത്രിയോ ലഫ്റ്റനന്റ് ഗവര്‍ണറോ വീട്ടില്‍ വരാതെ മൃതദേഹം സംസ്‌കരിക്കില്ലെന്ന് കുടുംബം നിലപാടടുത്തു.
ഇന്ത്യന്‍ റെയില്‍വേ പാസഞ്ചര്‍ വിഭാഗത്തില്‍ നിന്നുള്ള വരുമാനം 71 ശതമാനം വര്‍ധിച്ചു. ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെ റെയില്‍വേയുടെ പാസഞ്ചര്‍ വരുമാനം 48,913 കോടി രൂപയാണ്. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ 28,569 കോടി രൂപയായിരുന്നു.
ക്ലാസില്‍ കയറി കോളജ് വിദ്യാര്‍ഥിനിയെ ആണ്‍ സുഹൃത്ത് കൊലപ്പെടുത്തി. ബെംഗളൂരുവിലെ സ്വകാര്യ എന്‍ജിനീറയറിംഗ് കോളേജായ പ്രസിഡന്‍സി യൂണിവേഴ്‌സിറ്റിയിലെ ബിടെക് വിദ്യാര്‍ഥിനി ലയ സ്മിതയാണ് കൊല്ലപ്പെട്ടത്. പെണ്‍കുട്ടിയെ കുത്തിയശേഷം ആത്മഹത്യക്കു ശ്രമിച്ച ആണ്‍സുഹൃത്ത് പവന്‍ കല്യാണ്‍ (21) ചികിത്സയിലാണ്.