നോട്ട് നിരോധിച്ച കേന്ദ്ര സര്‍ക്കാരിന്റെ നടപടി സുപ്രീം കോടതി ശരിവച്ചു. അഞ്ചംഗ ബെഞ്ചില്‍ ഒരാളായ ഭൂരിപക്ഷ വിധി ജസ്റ്റിസ് ബിആര്‍ ഗവായ് വായിച്ചു. എന്നാല്‍ ജസ്റ്റിസ് ബിവി നാഗരത്‌നം വിയോജിച്ചു. ജസ്റ്റിസുമാരായ എസ് അബ്ദുള്‍ നസീര്‍, ബി.ആര്‍. ഗവായ്, എ.എസ്. ബൊപ്പണ്ണ, വി. രാമസുബ്രഹ്‌മണ്യന്‍, ബി.വി. നാഗരത്ന എന്നിവര്‍ ഉള്‍പ്പെട്ട അഞ്ചംഗ ഭരണഘടനാ ബെഞ്ചാണ് കേസ് പരിഗണിച്ചത്. നോട്ട് നിരോധനത്തില്‍ കേന്ദ്ര സര്‍ക്കാരിന് തീരുമാനമെടുക്കാമെന്ന് ജസ്റ്റിസ് ബിആര്‍ ഗവായ് ഭൂരിപക്ഷ വിധിയില്‍ വ്യക്തമാക്കി. എന്നാല്‍ നടപടിക്രമങ്ങള്‍ പാലിച്ചില്ലെന്ന് ജസ്റ്റിസ് ബിവി നാഗരത്‌നം ചൂണ്ടിക്കാട്ടി.
നോട്ട് നിരോധനത്തിനു ഗസറ്റ് നോട്ടിഫിക്കേഷന്‍ അടക്കമുള്ള നടപടിക്രമങ്ങള്‍ പാലിക്കേണ്ടതായിരുന്നെന്ന് വിയോജന വധി രേഖപ്പെടുത്തിയ ജസ്റ്റിസ് ബിവി നാഗരത്‌നം വിലയിരുത്തി. റിസര്‍വ് ബാങ്കിന്റെ ബോര്‍ഡില്‍ ഏകാഭിപ്രായമായിരുന്നോ? പാര്‍ലമെന്റിന്റെ അനുമതി ആവശ്യമായിരുന്നെന്നും നാഗരത്‌നം പറഞ്ഞു. നോട്ട് നിരോധനത്തിനെതിരേ 58 ഹര്‍ജികളാണ് സുപ്രീം കോടതിയുടെ പരിഗണനയിലുണ്ടായിരുന്നത്. 2016 നവംബര്‍ എട്ടിനാണ് 500, 1000 നോട്ടുകള്‍ നിരോധിച്ചത്.
‘ഒരു നായര്‍ക്ക് മറ്റൊരു നായരെ കണ്ടുകൂടെ’ന്ന് മന്നം 80 വര്‍ഷം മുന്‍പു പറഞ്ഞിട്ടുണ്ടെന്നും ഇപ്പോള്‍ രാഷ്ട്രീയത്തില്‍ താനത് അനുഭവിക്കുകയാണെന്നും ശശി തരൂര്‍ എംപി. എന്‍എസ്എസ് ആസ്ഥാനത്ത് മന്നം ജയന്തി സമ്മേളനത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. മുമ്പും താന്‍ പെരുന്നയില്‍ വന്നിട്ടുണ്ട്. മന്നം ജയന്തി സമ്മേളനത്തില്‍ പങ്കെടുക്കുന്നത് ആദ്യമാണെന്നും അദ്ദേഹം പറഞ്ഞു. മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളെ ഇന്നത്തെ ചടങ്ങിലേക്കു ക്ഷണിച്ചിട്ടില്ല.
സൈനികരുടെ ക്ഷേമത്തിന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. 122 ടെറിട്ടോറിയല്‍ ആര്‍മിയുടെ കേരളത്തിലെ ആസ്ഥാനമായ കോഴിക്കോട് വെസ്റ്റ്ഹില്‍ കേന്ദ്രത്തില്‍ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. വീരമൃത്യു വരിച്ച നായിക് ബികെ അനില്‍കുമാര്‍, ഹവീല്‍ദാര്‍ എം. വിജയന്‍ എന്നീവരുടെ സ്മൃതി മണ്ഡപത്തില്‍ മുഖ്യമന്ത്രി പുഷ്പചക്രം അര്‍പ്പിച്ചു. ഇവരുടെ ഭാര്യമാരെ മുഖ്യമന്ത്രി ആദരിച്ചു.
ഹരിപ്പാട് കരുവാറ്റയില്‍ സ്വകാര്യ വ്യക്തിയുടെ ഗോഡൗണില്‍നിന്ന് 1,400 കിലോ റേഷനരി പിടികൂടി. താറാവുതീറ്റയ്ക്കി മാറ്റാന്‍ എത്തിച്ച അരിയാണു സിവില്‍ സപ്‌ളൈസ് അധികാരികള്‍ പിടികൂടിയത്. ക്രമക്കേടു നടത്തിയ ആളുടെ പേരു പുറത്തുവിടാന്‍ സിവില്‍ സപ്ലൈസ് അധികൃതര്‍ തയ്യാറായിട്ടില്ല.
പോപ്പുലര്‍ ഫ്രണ്ടിനെതിരായ അന്വേഷണവുമായി ബന്ധപ്പെട്ട് കൂടുതല്‍ പേരെ ദേശീയ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്യും. സംസ്ഥാനത്തെ 56 ഇടങ്ങളില്‍ കഴിഞ്ഞ ദിവസം പരിശോധന നടത്തിയപ്പോള്‍ ലഭിച്ച രേഖകളുടെയും തെളിവുകളുടെയും അടിസ്ഥാനത്തിലാണ് തുടര്‍ ചോദ്യം ചെയ്യല്‍. തിരുവനന്തപപുരത്ത് നിന്ന് കസ്റ്റിഡിയിലെടുത്ത ജില്ല നേതാവടക്കം മൂന്നുപേരെ ഇന്നലെ വിട്ടയച്ചിരുന്നു. ഇവരില്‍ ചിലരെയും വീണ്ടും ചോദ്യം ചെയ്യും.
പൊലീസ് യൂണിഫോമില്‍ ക്യാമറ ഘടിപ്പിച്ചുള്ള പരീക്ഷിച്ചു പരാജയപ്പെട്ട പദ്ധതി നടപ്പാക്കാന്‍ മോട്ടോര്‍വാഹന വകുപ്പ്. പോലീസിലേതുപോലെത്തന്നെ ഒരു കോടിയോളം രൂപ ചലവിട്ട് 356 ബോഡി ക്യാമറകള്‍ വാങ്ങാനാണു മോട്ടോര്‍ വാഹന വകുപ്പിന്റെ തീരുമാനം.
ദേശീയ ജൂനിയര്‍ സൈക്കിള്‍പോളോ ചാമ്പ്യന്‍ഷിപ്പിനു പോയി മരിച്ച നിദ ഫാത്തിമയുടെ വീട്ടിലേയ്ക്കു നിറകണ്ണുകളുമായി കളിക്കൂട്ടുകാരെത്തി. നിദയ്‌ക്കൊപ്പം മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയി നാഗ്പൂരില്‍നിന്നു മടങ്ങിയ ടീമംഗങ്ങളാണ് നിദയുടെ വീട്ടിലെത്തിയത്. നിദ ഫാത്തിമയുടെ ഓര്‍മ്മകളില്‍ തേങ്ങലോടെയാണ് അവര്‍ എത്തിയത്. സ്ഥലത്തെത്തിയിരുന്ന മന്ത്രി റോഷി അഗസ്റ്റിന്‍ ഇവരുമായി സംസാരിച്ചു. കേരള സൈക്കിള്‍പോളോ അസോസിയേഷന്‍ ഭാരവാഹികളും ഒപ്പമുണ്ടായിരുന്നു.
പുല്‍പ്പള്ളിയില്‍ തെങ്ങു മുറിക്കുന്നതിനിടെ ശരിരത്തിലേക്കു വീണു പരിക്കേറ്റയാള്‍ മരിച്ചു. എരിയപ്പള്ളി നെല്ലിമണ്ണില്‍ രാജന്‍ (52) ആണ് മരിച്ചത്.
കണ്ണൂര്‍ യൂണിവേഴ്‌സിറ്റി വൈസ് ചാന്‍സലര്‍ പുനര്‍നിയമനം ചോദ്യം ചെയ്തുള്ള ഹര്‍ജികള്‍ സുപ്രീം കോടതി ഇന്ന് പരിഗണിക്കും. കേസ് നാലാഴ്ചത്തേക്കു മാറ്റിവക്കണമെന്ന് വിസിയുടെ അഭിഭാഷകന്‍ സുപ്രീംകോടതിയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ട്.
യുവ സംവിധായക നയന സൂര്യയുടെ മരണത്തെക്കുറിച്ച് അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുഹൃത്തുക്കള്‍ രംഗത്. ഇതോടെ കേസില്‍ തുടരന്വേഷണത്തിനു നടപടിയുണ്ടായേക്കും. തിരുവനന്തപുരത്തെ വീട്ടിലാണ് നയനയെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കഴുത്തില്‍ ഞെരിച്ച പാടുണ്ടെന്ന് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടിലുണ്ട്. എന്നാല്‍ കേസ് അന്വേഷിച്ച മ്യൂസിയം പൊലീസ് സംഭവത്തില്‍ ദുരൂഹതയില്ലെന്നാണ് റിപ്പോര്‍ട്ടു ചെയ്തത്.
കോയമ്പത്തൂര്‍ വിമാനത്താവളത്തില്‍നിന്ന് ഷാര്‍ജയിലേക്കു പോകുകയായിരുന്ന വിമാനത്തിന്റെ എന്‍ജിനുമായി പരുന്തുകള്‍ കൂട്ടിയിടിച്ചു. വിമാനത്തിന്റെ യാത്ര മാറ്റിവച്ചു. എയര്‍ അറേബ്യ വിമാനത്തിലാണ് പക്ഷി ഇടിച്ചത്.
അന്തരിച്ച ബനഡിക്ട് പതിനാറാമന്‍ മാര്‍പ്പാപ്പയ്ക്ക് അന്ത്യാഞ്ജലിയുമായി ലോകം. ഭൗതികശരീരം വത്തിക്കാനിലെ സെന്റ് പീറ്റേഴ്‌സ് ബസിലിക്കയില്‍ പൊതുദര്‍ശനത്തിനു വച്ചു. വ്യാഴാഴ്ച ഇന്ത്യന്‍ സമയം ഉച്ചയ്ക്കു രണ്ടിനു സംസ്‌കാര ചടങ്ങുകള്‍ തുടങ്ങും.
മെക്കിസിക്കോയിലെ സ്യൂഡോസ്‌വാറസിലെ ജയിലില്‍ ഉണ്ടായ വെടിവയ്പ്പില്‍ പത്തു ജയില്‍ ഉദ്യോഗസ്ഥരടക്കം 14 പേര്‍ കൊല്ലപ്പെട്ടു. 24 തടവുകാര്‍ രക്ഷപ്പെട്ടു. തടവുകാരെ കാണാനായി എത്തിയവര്‍ക്കൊപ്പം ജയിലില്‍ കടന്ന സായുധ സംഘമാണ് വെടിവച്ചത്.
ബ്രസീലില്‍ പ്രസിഡന്റായി ലുല ഡ സില്‍വ അധികാരമേറ്റു. നവംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ പ്രസിഡന്റായിരുന്ന ബൊല്‍സനാരോയുടെ വലതുപക്ഷ പാര്‍ട്ടിയെ തോല്‍പ്പിച്ചാണ് ഇടതുപക്ഷ വര്‍ക്കേഴ്സ് പാര്‍ട്ടി നേതാവ് ലുല ഡ സില്‍വ അധികാരത്തിലെത്തിയത്.