കൊവിഡ് വാക്സിന്റെ ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിച്ചതായി നിര്‍മ്മാണ കമ്പനിയായ ആസ്ട്രാസെനേക്ക അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ടെന്നാണ് റിപ്പോർട്ട്. വാക്സിൻ സ്വീകരിച്ച ശേഷം 51 പേര്‍ക്ക് ആരോഗ്യപ്രശ്നങ്ങളുണ്ടായി എന്ന പരാതി യുകെയില്‍ നിന്നാണ് ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ വാക്സിന് പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇന്ത്യയില്‍ ഏറ്റവുമധികം പേര്‍ക്ക് നല്‍കിയതും കമ്പനിയുടെ കൊവിഷീല്‍ഡ് വാക്സിൻ ആണ്. എന്നാൽ പാര്‍ശ്വഫലങ്ങള്‍ ഉള്ളതുകൊണ്ടല്ല വാക്സിൻ പിൻവലിക്കുന്നതെന്നും വളരെയധികം വാക്സിനുകള്‍ മാര്‍ക്കറ്റിലുണ്ട്, തങ്ങളുടെ വില്‍പന കുത്തനെ കുറഞ്ഞുപോയിതിനാലാണ് പിൻവലിക്കുന്നതെന്നാണ് കമ്പനിയുടെ വിശദീകരണം.
കെ.പി.സി.സി അധ്യക്ഷനായി കെ. സുധാകരന്‍ വീണ്ടും ചുമതലയേറ്റു. കണ്ണൂരില്‍ സ്ഥാനാര്‍ഥിയായതിന് പിന്നാലെയാണ് എം.എം.ഹസന് ചുമതല കൈമാറിയത്. താല്‍കാലിക പ്രസിഡന്‍റായിരുന്ന ഹസന്‍റെ തീരുമാനങ്ങള്‍ പുനഃപരിശോധിക്കുമെന്ന് ചുമതലയേറ്റതിന് പിന്നാലെ അദ്ദേഹം പറഞ്ഞു. എം.എ.ലത്തീഫിനെ തിരിച്ചെടുത്തത് അടക്കമുള്ളവ പുനഃപരിശോധിക്കുമെന്നും സുധാകരന്‍ വ്യക്തമാക്കി.
ബിജെപിയെ പേടിച്ചിട്ടാണോ മുഖ്യമന്ത്രി പിണറായി വിജയൻ പ്രചാരണത്തിന് ഇറങ്ങാതെ വിദേശത്തേക്ക് പോയതെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശൻ. മുഖ്യമന്ത്രിയും മന്ത്രിമാരും വിദേശയാത്ര നടത്തുന്നതിന് പ്രതിപക്ഷം എതിരല്ല, എന്നാല്‍ മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ളവര്‍ അതീവരഹസ്യമായി യാത്ര നടത്തിയത് എന്തിനെന്ന് മനസിലാകുന്നില്ല, 16 ദിവസം മുഖ്യമന്ത്രി സംസ്ഥാനത്തില്ലെന്നാണ് മനസിലാക്കുന്നത്, ഭരണഘടനാ സ്ഥാനത്തിരിക്കുന്നവര്‍ എന്ത് ചെയ്യുമ്പോഴും സുതാര്യത ഉറപ്പാക്കേണ്ടതുണ്ട്, അല്ലെങ്കില്‍ അത് പലവിധ സംശയങ്ങള്‍ക്കും ഇടവരുത്തുമെന്നും വിഡി സതീശൻ വ്യക്തമാക്കി.
സംസ്ഥാനത്തെ ടിപ്പർ ലോറികളിൽ അടുത്ത ദിവസങ്ങളിൽ വ്യാപക പരിശോധന നടത്തുമെന്ന് ഗതാഗത മന്ത്രി കെബി ഗണേഷ് കുമാർ. ടിപ്പർ ലോറികളിൽ ഘടിപ്പിച്ചിട്ടുള്ള സ്പീഡ് ഗവർണറുകൾ ഊരിവെച്ചിട്ടുള്ളവർ അത് തിരിച്ചു പിടിപ്പിക്കണമെന്നും വ്യാപക പരിശോധന നടത്താൻ പോവുകയാണെന്നുമാണ് മന്ത്രിയുടെ ഫേയ്സ് ബുക്ക് പോസ്റ്റ്. ചില ടിപ്പർ ലോറികളിൽ സ്പീഡ് ഗവർണറുകൾ ഊരിവെയ്ക്കാതെ മറ്റ് ചില അഡ്ജസ്റ്റുമെന്റുകളാണ് ചെയ്യുന്നത്. സോഫ്റ്റ് വെയറുകളിൽ ചില കമ്പനികൾ കള്ളത്തരങ്ങൾ നടത്താറുണ്ട്. അവരും ഇതിന് ഉത്തരം പറയേണ്ടി വരുമെന്നും മന്ത്രി വ്യക്തമാക്കി.
കള്ളക്കടൽ പ്രതിഭാസത്തിന്റെ ഭാഗമായി കേരള തീരത്ത് രാത്രി 11.30 വരെ 0.5 മുതൽ 1.4 മീറ്റർ വരെ ഉയർന്ന തിരമാലയ്ക്കും കടലാക്രമണത്തിനും സാധ്യതയുണ്ടെന്ന് ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു. ഉയർന്ന തിരമാല ഉണ്ടാവാൻ സാധ്യതയുള്ളതിനാൽ മത്സ്യത്തൊഴിലാളികളും തീരദേശവാസികളും ജാഗ്രത പാലിക്കണം. മൽസ്യബന്ധന യാനങ്ങൾ ഹാർബറിൽ സുരക്ഷിതമായി കെട്ടിയിട്ട് സൂക്ഷിക്കുക. ബീച്ചിലേക്കുള്ള യാത്രകളും കടലിൽ ഇറങ്ങിയുള്ള വിനോദങ്ങളും പൂർണമായും ഒഴിവാക്കണമെന്നും ദേശീയ സമുദ്രസ്ഥിതിപഠന ഗവേഷണ കേന്ദ്രം അറിയിച്ചു.
പാലക്കാട് കൊട്ടേക്കാട് കാട്ടാനയുടെ ആക്രമണത്തെ തുടർന്ന് മാതൃഭൂമി ന്യൂസ് ക്യാമറാമാൻ എ.വി.മുകേഷ് അന്തരിച്ചു. 34 വയസ്സായിരുന്നു. കാട്ടാനക്കൂട്ടം പുഴ മുറിച്ചുകടക്കുന്നതിന്റെ ദൃശ്യം പകർത്തുന്നതിനിടെയാണ് ആനയുടെ ആക്രമണം ഉണ്ടായത്. ഉടൻ തന്നെ പാലക്കാട് ജില്ലാശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ദീർഘകാലം ഡൽഹിയിൽ ജോലി ചെയ്തിരുന്നു. ഒരു വർഷമായി പാലക്കാട് ബ്യൂറോയിലായിരുന്നു.
എയർ ഇന്ത്യ എക്സ്പ്രസ്സ് വിമാനങ്ങൾ മുന്നറിയിപ്പില്ലാതെ റദ്ദാക്കിയതോടെ നൂറുകണക്കിന് യാത്രക്കാര്‍ കണ്ണൂര്‍- നെടുമ്പാശ്ശേരി- തിരുവനന്തപുരം വിമാനത്താവളങ്ങളില്‍ പെട്ടുപോയി. രണ്ട് മണിക്കൂര്‍ മുമ്പ് മാത്രമാണ് ഇങ്ങനെയൊരു അറിയിപ്പുണ്ടായത് എന്നാണ് ജീവനക്കാര്‍ അറിയിച്ചത്. അതേസമയം ജീവനക്കാരുടെ മിന്നല്‍ പണിമുടക്കാണ് സര്‍വീസുകള്‍ മുടങ്ങാൻ കാരണമെന്നാണ് അനൗദ്യോഗിക വിവരം. വിമാന സര്‍വീസുകള്‍ റദ്ദാക്കിയ വിവരം അറിഞ്ഞതോടെ യാത്രക്കാര്‍ വിമാനത്താവളത്തില്‍ പ്രതിഷേധിച്ചു.
പത്തനംതിട്ട മൈലപ്ര സഹകരണ ബാങ്ക് മുൻ പ്രസിഡന്റ് ജെറി ഈശോ ഉമ്മൻ, സെക്രട്ടറി ജോഷ്വാ മാത്യു, ഇവരുടെ ബന്ധുക്കൾ എന്നിവരുടെ 18 കോടിയുടെ സ്വത്തു വകകൾ സഹകരണ വകുപ്പ് ജപ്തി ചെയ്തു. ബാങ്കിൽ ഈട് വെച്ചിട്ടുള്ള വസ്തുക്കൾ ഇവർ കൈമാറ്റം ചെയ്യാൻ നീക്കം നടത്തുന്നു എന്ന് അറിഞ്ഞാണ് ജപ്തി എന്ന് സഹകരണ വകുപ്പ് വ്യക്തമാക്കി. വൻ ക്രമക്കേട് നടന്ന ബാങ്കിൽ ക്രൈംബ്രാഞ്ച് അന്വേഷണം ഉൾപ്പെടെ പുരോഗമിക്കുകയാണ്.
ചിന്നക്കനാലിലെ ഭൂമി കയ്യേറ്റ കേസില്‍ എംഎല്‍എ മാത്യു കുഴല്‍നാടനെതിരെ വിജിലൻസ് എഫ്ഐആര്‍. കേസില്‍ ആകെയുള്ള 21 പ്രതികളില്‍ 16ാം പ്രതിയാണ് മാത്യു കുഴല്‍നാടൻ. ക്രമക്കേടുണ്ടെന്ന് അറിഞ്ഞിട്ടും മാത്യു കുഴല്‍നാടൻ ഭൂമി വാങ്ങിയെന്നാണ് എഫ്ഐആര്‍. ഇടുക്കി വിജിലൻസ് യൂണിറ്റ് ആണ് ഇന്നലെ വൈകീട്ടോടെ എഫ്ഐആർ രജിസ്റ്റർ ചെയ്തത്. ഇന്ന് മൂവാറ്റുപുഴ വിജിലൻസ് കോടതിയിൽ സമർപ്പിക്കും.
2023-24 വര്‍ഷത്തെ എസ്.എസ്.എല്‍.സി, റ്റി.എച്ച്.എസ്.എല്‍.സി, എ.എച്ച്.എസ്.എല്‍.സി പരീക്ഷാ ഫലം ഇന്ന് പ്രഖ്യാപിക്കും. ഉച്ച കഴിഞ്ഞ് മൂന്ന് മണിക്ക് വിദ്യാഭ്യാസ മന്ത്രി വി. ശിവന്‍കുട്ടി ഫലപ്രഖ്യാപനം നടത്തും. ഔദ്യോഗിക പ്രഖ്യാപന ശേഷം www.prd.kerala.gov.in, www.result.kerala.gov.in, www.examresults.kerala.gov.in, https://sslcexam.kerala.gov.in, www.results.kite.kerala.gov.in, pareekshabhavan.kerala.gov.in എന്നീ വെബ്‌സൈറ്റുകളിലൂടെ ഫലം അറിയാം.
വിജയശതമാനം കൂടുന്നത് നിലവാര തകർച്ചയായി കണക്കാക്കേണ്ടതില്ലെന്ന് വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവൻകുട്ടി. ഫലപ്രഖ്യാപനത്തിൽ ആശങ്ക വേണ്ടെന്ന് വ്യക്തമാക്കിയ മന്ത്രി അക്ഷരമറിയാത്തവർക്ക് മാർക്ക് കൊടുത്തുവെന്നത് തെറ്റിദ്ധാരണയാണെന്നും വ്യക്തമാക്കി.
മലബാറിലെ പ്ലസ് വൺ സീറ്റിൽ ബാച്ചുകൾ വർദ്ധിപ്പിക്കില്ലെന്ന് ആവർത്തിച്ച് വിദ്യാഭ്യാസവും തൊഴിലും വകുപ്പ് മന്ത്രി വി ശിവൻകുട്ടി. പ്രതിഷേധിക്കുന്നവർ മാർജിനൽ സീറ്റ് വർധനവിനെ അഭിനന്ദിക്കണമെന്നും മന്ത്രി പറഞ്ഞു. പ്രതിഷേധമുന്നയിക്കുന്നവർ പ്രശ്നം പരിഹരിക്കണമെന്ന് മാത്രമാണ് നേരത്തെ പറഞ്ഞതെന്നും പ്രശ്നം പരിഹരിക്കാൻ ശ്രമം തുടങ്ങിയപ്പോൾ ബാച്ച് വേണമെന്ന് പറയുന്നത് ശരിയല്ലെന്നും മന്ത്രി പറഞ്ഞു.
ഈ അദ്ധ്യയന വര്‍ഷം മുതല്‍ സംസ്ഥാനത്ത് സ്കൂളുകളില്‍ ലൈംഗിക വിദ്യാഭ്യാസം പാഠ്യപദ്ധതിയുടെ ഭാഗമാകുന്നു. ഇതുമായി ബന്ധപ്പെട്ട് അധ്യാപകര്‍ക്കുള്ള പരിശീലനം അടക്കം എല്ലാ നടപടികളും പൂര്‍ത്തിയായി. കൗമാര ഗർഭധാരണം വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് ലൈംഗിക വിദ്യാഭ്യാസത്തിനുള്ള നടപടികൾ ഹൈക്കോടതി ഉറപ്പാക്കിയത്.
പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിന് നിയമ പരമായ പരിരക്ഷ ലഭിക്കുമെന്നും ഔദ്യോഗിക സ്ഥാനത്തിരിക്കുമ്പോൾ ഗവർണറെ പ്രോസിക്യൂട്ട് ചെയ്യാനാവില്ലെന്നും ഗോവ ഗവർണർ പി എസ് ശ്രീധരൻ പിള്ള. തെളിവുകളില്ലാതെ അദ്ദേഹത്തെ അപമാനിക്കുന്നത് ശരിയല്ലെന്നും സർക്കാർ വളഞ്ഞ രീതിയിൽ ഗവർണർക്ക് ഭരണഘടന നൽകുന്ന ഇമ്യൂണിറ്റിയെ കുഴിച്ചു മൂടുന്നത് ശരിയല്ലെന്നും പി എസ് ശ്രീധരൻപിള്ള അഭിപ്രായപ്പെട്ടു.
റാഗിംഗിനിരയായി കൊല്ലപ്പെട്ട പൂക്കോട് വെറ്ററിനറി കോളേജ് വിദ്യാർത്ഥി സിദ്ധാർത്ഥിന്‍റെ മരണ കാരണത്തിൽ വ്യക്തത വരുത്താൻ സിബിഐ. ദില്ലി എയിംസിൽ നിന്ന് സിബിഐ വിദഗ്ധോപദേശം തേടി. സിദ്ധാർത്ഥന്റെ പോസ്റ്റ്മോർട്ടം റിപ്പോർട്ട്, ഫോറൻസിക് സർജന്‍റെ റിപ്പോർട്ട്, ഡെമ്മി പരീക്ഷണം നടത്തിയ റിപ്പോർട്ട് എന്നിവ എയിംസിലേക്ക് അയച്ചിട്ടുണ്ട്. മെഡിക്കൽ ബോർഡ് രൂപീകരിക്കണമെന്നും ആവശ്യപ്പെട്ടിട്ടുണ്ട്.
തിരുവല്ലയില്‍ മദ്യപൻ യുവതിയെ പരസ്യമായി ആക്രമിച്ച സംഭവത്തില്‍ പൊലീസിന് വീഴ്ച പറ്റിയതായി വിലയിരുത്തല്‍. സ്റ്റേഷൻ വളപ്പില്‍ ഏറെ നേരം നിന്ന് ബഹളം വയ്ക്കുകയും പൊലീസുകാരെ വെല്ലുവിളിക്കുകയും ചെയ്ത ശേഷമാണ് പ്രതി ജോജോ പുറത്തിറങ്ങി യുവതിയെയും ആക്രമിച്ചത്. ഈ സമയത്ത് ജോജോയെ കസ്റ്റഡിയില്‍ എടുത്തിരുന്നെങ്കില്‍ യുവതി ആക്രമിക്കപ്പെടുന്ന അവസ്ഥയുണ്ടാകുമായിരുന്നില്ല എന്നാണ് വിലയിരുത്തല്‍.
കലാകാരനും സാമൂഹ്യ പ്രവർത്തകനുമായ വി കെ ശേഖരൻ അന്തരിച്ചു. ചാവക്കാട് പാപാലയൂർ വടക്കുംഞ്ചേരി കുടുംബ ക്ഷേത്രത്തിൽ കളഭാട്ടത്തിനിടെ കുചേല വേഷത്തിൽ അരങ്ങിലെത്തിയപ്പോള്‍ ദേഹാസ്വാസ്ഥ്യം അനുഭവപ്പെടുകയായിരുന്നു. ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചു. 96 വയസ്സായിരുന്നു.
മൂന്നാംഘട്ട ലോക്സഭാ തെരഞ്ഞെടുപ്പിന്‍റെ പോളിംഗ് ശതമാനം 64.58 ആയതായിപ്പോർട്ട്. ചില സ്ഥലങ്ങളിലെ കണക്കുകൾ കൂടി വരുമ്പോൾ വീണ്ടും ഉയരാൻ സാധ്യതയുണ്ട്. കഴിഞ്ഞ തവണത്തെക്കാൾ നിലവിൽ മൂന്ന് ശതമാനം കുറവാണിത്. കർണ്ണാടകയിൽ പോളിംഗ് 70 ശതമാനം കടന്നു. ഇത് കഴിഞ്ഞ തവണത്തെക്കാൾ കൂടുതലാണ്. അസമിലെ പോളിംഗ് 81 ശതമാനമാണ്. യുപിയിലും ഗുജറാത്തിലും കഴിഞ്ഞ തവണത്തേക്കാൾ പോളിംഗ് കുറഞ്ഞു. ഇതുവരെ മൂന്ന് ഘട്ടങ്ങളിലായി 284 മണ്ഡലങ്ങളിലാണ് പോളിംഗ് നടന്നത്.
അംബാനിയുമായും അദാനിയുമായും രാഹുൽ ഗാന്ധി ഒത്തുതീർപ്പുണ്ടാക്കിയെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. നോട്ടുകെട്ടുകൾ കിട്ടിയതു കൊണ്ടാണോ ഇപ്പോൾ രണ്ടു പേരെ കുറിച്ചും മിണ്ടാത്തതെന്നും മോദി തെലങ്കാനയിലെ റാലിയിലെ പ്രസംഗത്തിനിടെ ചോദിച്ചു. അദാനിയുമായുള്ള മോദിയുടെ ബന്ധം സ്ഥിരമായി രാഹുൽ ഗാന്ധി ചൂണ്ടിക്കാട്ടിയിരുന്നത് ഉന്നയിച്ചാണ് പ്രധാനമന്ത്രി പ്രസംഗിച്ചത്.
രാഹുല്‍ ഗാന്ധിക്കും തനിക്കുമെതിരായ ബിജെപിയുടെ പരാതി കോൺഗ്രസിന്റെ പ്രചാരണം അട്ടിമറിക്കാനാണെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ. ബിജെപി ഭരണഘടന മാറ്റുമെന്ന് ഖാർഗെയും രാഹുലും പറഞ്ഞുവെന്നും രാജ്യത്ത് വിഭജനമുണ്ടാക്കുന്ന പരാമർശങ്ങൾ നടത്തി എന്നുമായിരുന്നു ബിജെപിയുടെ പരാതി. പരാതിക്ക് പിന്നിൽ തെറ്റായ അനുമാനവും പ്രേരണയുമാണെന്നും തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ നോട്ടിസിന് നൽകിയ മറുപടിയിൽ ഖർഗെ വിശദീകരിച്ചു.
മെഡിക്കൽ പ്രവേശന പരീക്ഷയിൽ ആള്‍മാറാട്ടം നടത്തിയ കേസിൽ എംബിബിഎസ് വിദ്യാർഥിനി അറസ്റ്റിൽ. രാജസ്ഥാൻ സ്വദേശിനിയായ 20 കാരിയായ വിദ്യാർഥിനിക്കെതിരെയാണ് ആൾമാറാട്ടത്തിന് പൊലീസ് കേസെടുത്തത്. ജാൽഗനിൽ നിന്നുള്ള നീറ്റ് പരീക്ഷയെഴുതുന്ന വിദ്യാർഥിക്ക് വേണ്ടിയാണ് എംബിബിഎസ് വിദ്യാർഥിനി പരീക്ഷ എഴുതിയത്. ആൾമാറാട്ടത്തിന് വിദ്യാർഥിനിയെ പിടികൂടിയതായി അന്വേഷണ ഉദ്യോഗസ്ഥർ അറിയിച്ചു.
എൻഡിഎ സ്ഥാനാർഥിയും സിറ്റിംഗ് എംപിയുമായ പ്രജ്വൽ രേവണ്ണ നാട്ടിൽ തിരിച്ചെത്തുക 13 ന് ശേഷമെന്ന് വിവരം. കേസ് വരുമെന്ന് കണ്ടപ്പോൾ കർണാടകയിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പ് കഴിഞ്ഞ പിന്നാലെ രാജ്യം വിട്ട പ്രജ്വലിനെതിരെ ഇന്നലെ ഇന്റർപോൾ ബ്ലൂ കോർണർ നോട്ടീസ് പുറത്തിറക്കിയിരുന്നു. അതിജീവിതയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പ്രജ്വലിന് എതിരെ പുതിയ എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ട്.
ഹൈദരാബാദിലെ ബാച്ചുപള്ളി മേഖലയിൽ കനത്ത മഴയ്ക്കിടെ നിർമാണത്തിലിരിക്കുന്ന അപാർട്‍മെന്‍റിന്‍റെ ഭിത്തി തകർന്ന് ഏഴ് മരണം. ഒഡീഷ, ഛത്തീസ്ഗഡ് സംസ്ഥാനങ്ങളിൽ നിന്നുള്ള കുടിയേറ്റ തൊഴിലാളികളാണ് മരിച്ചത്. ബുധനാഴ്ച പുലർച്ചെ എക്‌സ്‌കവേറ്റർ ഉപയോഗിച്ച് തകർന്ന മതിലിന്‍റെ അവശിഷ്ടങ്ങൾക്കിടയിൽ നിന്ന് ഇവരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതെന്ന് പൊലീസ് വ്യക്തമാക്കി.
നെതർലാൻഡ്, ജർമ്മനി, ഫ്രാൻസ്, സ്വിറ്റ്സർലാൻഡ്, ഓസ്ട്രിയ അടക്കമുള്ള യൂറോപ്യൻ രാജ്യങ്ങളിലെ വിവിധ സർവ്വകലാശാലകളിൽ പലസ്തീൻ അനുകൂല പ്രതിഷേധങ്ങൾ വ്യാപകമാവുന്നു. അമേരിക്കയിലെ പ്രമുഖ സർവ്വകലാശാലകളിൽ അടുത്തിടെയുണ്ടായ പ്രതിഷേധങ്ങളുടെ ചുവട് പിടിച്ചാണ് യൂറോപ്പിലെ പ്രതിഷേധം. ഗാസയിലെ ഇസ്രയേൽ ആക്രമണങ്ങൾക്ക് എതിരെയാണ് വിദ്യാർത്ഥി പ്രതിഷേധം വ്യാപകമാവുന്നത്.