mid day hd 1

സംസ്ഥാനത്തെ ഡ്രൈവിങ് ടെസ്റ്റ് പരിഷ്കരണത്തിനായി നിർദ്ദേശിച്ച് ട്രാൻസ്പോർട്ട് കമ്മീഷണർ ഇറക്കിയ സർക്കുലര്‍ ഹൈക്കോടതി സ്റ്റേ ചെയ്തില്ല. ഡ്രൈവിങ് പരിഷ്കരണവുമായി മുന്നോട്ട് പോകാമെന്നും ഹൈകോടതി വ്യക്തമാക്കി. സര്‍ക്കുലര്‍ റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജിയില്‍ വിധി വരുന്നതുവരെ സ്റ്റേ ചെയ്യണമെന്നായിരുന്നു ആവശ്യം. എന്നാല്‍, ഹര്‍ജിയില്‍ ഇടക്കാല ഉത്തരവിറക്കിയ ഹൈക്കോടതി സര്‍ക്കുലര്‍ സ്റ്റേ ചെയ്യണമെന്ന ആവശ്യം തള്ളുകയായിരുന്നു. ഡ്രൈവിംഗ് സ്കൂൾ ഉടമകളും ജീവനക്കാരുമടക്കം നൽകിയ നാല് ഹർജികളിലാണ് ജസ്റ്റിസ് കൗസർ എടപ്പഗത്ത് ഇടക്കാല ഉത്തരവിറക്കിയത്.

 

ഡ്രൈവിങ് ലൈസന്‍സ് ടെസ്റ്റ് പരിഷ്കരണത്തിനെതിരെ ഡ്രൈവിങ് സ്കൂള്‍ സംഘടനകളുടെ സംയുക്ത സമര സമിതി നടത്തുന്ന സമരം അവസാനിപ്പിക്കുന്നതിന് ചര്‍ച്ചയില്‍ തീരുമാനമായില്ല. സമര സമിതിക്കുവേണ്ടി സിഐടിയു, ഐഎന്‍ടിയുസി പ്രതിനിധികളാണ് ഗതാഗത കമ്മീഷണറുമായി ചര്‍ച്ച നടത്തിയത്.

 

തൊഴിലാളി വർഗ സർക്കാർ എന്ന നിലയിൽ ഗണേഷ് കുമാർ സമരം അവസാനിപ്പിക്കാൻ ഇടപെടണമെന്നും അതിന് തയ്യാറാകണമെന്നും അനില്‍ കുമാര്‍ പറഞ്ഞു. മന്ത്രിയുടെ ഭാവനക്ക് ഗ്രൗണ്ട് വികസിപ്പിക്കാൻ പണം ചെലവഴിക്കാൻ സ്കൂളുകാർക്ക് കഴിയില്ലെന്നും പ്രശ്ന പരിഹാരമായില്ലെങ്കില്‍ സെക്രട്ടറിയേറ്റിലേക്ക് സമരം വ്യാപിക്കുമെന്നും അനില്‍ കുമാര്‍ പറഞ്ഞു.

 

വൈദ്യുതി ഉപയോഗത്തിൽ മേഖല തിരിച്ചു വൈദ്യുതി നിയന്ത്രണം വേണം എന്ന നിർദ്ദേശവുമായി കെഎസ്ഇബി. അധികം ഉപഭോഗം ഉള്ള സ്ഥലങ്ങളിൽ നിയന്ത്രണം വേണമെന്നും, പീക്ക് ടൈമിൽ സ്വയം ഉപഭോഗം കുറക്കാൻ വ്യവസായ സ്ഥാപനങ്ങളോട് ആവശ്യപ്പെടുമെന്നും, ഒരു ദിവസം 150 മെഗാ വാട്ട് എങ്കിലും കുറക്കണമെന്നും കെഎസ്ഇബി മുന്നോട്ട് വെച്ച നിർദേശങ്ങളിലുണ്ട്. എങ്ങനെ എപ്പോൾ നിയന്ത്രണം കൊണ്ട് വരണം എന്നതിൽ കെഎസ്ഇബി സർക്കുലർ ഇറക്കിയേക്കും.

 

കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ ഉഷ്ണതരംഗ മാപ്പിൽ സ്ഥാനം പിടിച്ച് കേരളവും. ആദ്യമായാണ് കേരളം ഈ മാപ്പിൽ എത്തുന്നത്. ഈ വർഷം ഇതുവരെ കേരളത്തിൽ ഉഷ്ണതരംഗം അനുഭവപ്പെട്ടത് അഞ്ചുദിവസമാണ്. ഈവർഷം കേരളത്തിൽ ഏപ്രിലിൽ 16 ദിവസം 40 ഡിഗ്രിയോ അതിനുമുകളിലോ താപനില രേഖപ്പെടുത്തി.

 

കൊച്ചി പനമ്പിള്ളി നഗറിനടുത്ത് നടുറോഡിൽ നവജാത ശിശുവിന്‍റെ മൃതദേഹം കണ്ടെത്തിയ സംഭവത്തില്‍ 22 കാരി കുറ്റം സമ്മതിച്ചെന്ന് പൊലീസ്. ജനിച്ച് മൂന്ന് മണിക്കുറിനൂള്ളിൽ സമീപത്തെ ഫ്ലാറ്റിലെ താമസക്കാരിയായ അമ്മ കുഞ്ഞിനെ നടുറോഡിലേയ്ക്ക് എറിയുകയായിരുന്നുവെന്ന് കൊച്ചി സിറ്റി പൊലീസ് കമ്മീഷണർ വ്യക്തമാക്കി.കൊലപാതകമാണോയെന്ന് പോസ്റ്റ്മോര്‍ട്ടത്തിന് ശേഷമേ സ്ഥിരീകരിക്കാനാകുവെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ കൂട്ടിച്ചേര്‍ത്തു. ഇന്നു രാവിലെയാണ് ഒരു ദിവസം പ്രായമായ ആൺകുഞ്ഞിന്‍റെ മൃതദേഹം ശുചീകരണ തൊഴിലാളികളും സമീപവാസികളും കണ്ടത്. ഇതിന് ശേഷം സമീപത്തുള്ളൊരു ഫ്ളാറ്റില്‍ നിന്ന് കുഞ്ഞിനെ എറിയുന്ന വീഡിയോയും സിസിടിവി ക്യാമറയില്‍ പതിഞ്ഞത് ലഭിച്ചിരുന്നു.

 

മാസപ്പടി കേസിൽ മുഖ്യമന്ത്രിക്കും മകൾക്കുമെതിരെ വിജിലൻസ് അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജിയിൽ വിധി പറയുന്നത് മെയ് ആറിലേക്ക് മാറ്റി. സിഎംആ‌ർഎല്ലിന് ഖനനത്തിന് അനുമതി നൽകിയ ഉത്തരവും സിഎംആ‌ർഎല്ലിന് അനുകൂലമായി തീരുമാനമെടുത്തുള്ള പ്രിൻസിപ്പൽ സെക്രട്ടറിയുടേയും ആലപ്പുഴ കളക്ടറുടേയും ഉത്തരവുകളും കേന്ദ്രം അനുമതി റദ്ദാക്കിയ രേഖകളുമടക്കം കേസ് പരിഗണിക്കുന്ന തിരുവനന്തപുരം വിജിലൻസ് കോടതിയിൽ പരാതിക്കാരനായ മാത്യു കുഴൽനാടൻ എംഎൽഎ ഇന്ന് പുതുതായി ഹാജരാക്കി.

 

ഇ പി ജയരാജനും ബി ജെ പിയും തമ്മിലുള്ള ബന്ധം തെളിവുകള്‍ സഹിതം പുറത്തു വന്നിട്ടും അദ്ദേഹത്തെ എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനത്ത് നിന്ന് നീക്കണമെന്ന് ആവശ്യപ്പെടാനുള്ള ധൈര്യം മുന്നണിയിലെ ഒരു ഘടകകക്ഷികള്‍ക്കുമില്ലെന്നത് അദ്ഭുതകരമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ വ്യക്തമാക്കി. സിപിഐ ഉള്‍പ്പെടെയുള്ള ഘടകകക്ഷികളുടെ നേതാക്കള്‍ അധികാരത്തിന്റെ അപ്പക്കക്ഷണത്തിന് വേണ്ടി പിണറായി വിജയന് മുന്നില്‍ ഓച്ഛാനിച്ചു നില്‍ക്കുന്നത് രാഷ്ട്രീയത്തിലെ അപമാനകരമായ കാഴ്ചയാണെന്നും അദ്ദേഹം പറഞ്ഞു.

 

ദല്ലാൾ നന്ദകുമാറിൽ നിന്ന് അനിൽ ആന്റണി പണം വാങ്ങിയെന്നും ഇക്കാര്യം 3 പേരോട് പറഞ്ഞിട്ടുണ്ടെന്നുമുള്ള മുതിർന്ന കോൺഗ്രസ് നേതാവ് പിജെ കുര്യന്റെ ആരോപണത്തിൽ പിജെ കുര്യൻ പേരുകൾ പുറത്തുവിടട്ടെ എന്ന് അനിൽ ആന്റണിയുടെ പ്രതികരിച്ചു. പിജെ കുര്യനെതിരായ നിയമനടപടികൾ പാർട്ടിയുമായി ചേർന്ന് തീരുമാനിക്കുമെന്ന് പറഞ്ഞ അനിൽ ആന്റണി തന്നെയും അച്ഛനെയും ഉന്നമിട്ടുള്ള നീക്കമെന്നും ആരോപിച്ചു.

 

അക്കൗണ്ടില്‍ നിന്ന് നഷ്ടപ്പെട്ട 4,07,053 രൂപയും നഷ്ടപരിഹാരമായി 50,000 രൂപയും നല്‍കാന്‍ ഇസാഫ് ബാങ്കിനെതിരെ ജില്ലാ ഉപഭോക്തൃകമ്മീഷന്റെ വിധി. അക്കൗണ്ട് ഉടമയുടെ പണം സുരക്ഷിതമായി സൂക്ഷിക്കാന്‍ ബാങ്കിന് ബാധ്യതയുണ്ടെന്നും പണം നഷ്ടമായയുടന്‍ വിവരമറിയിച്ചിട്ടും തിരിച്ചുനല്‍കാന്‍ നടപടിയെടുത്തില്ലെന്നും കണ്ടെത്തിയാണ് നഷ്ടപരിഹാരം നല്‍കാന്‍ കമ്മീഷന്‍ വിധിച്ചത്. റിസര്‍വ് ബാങ്കിന്റെ മാര്‍ഗനിര്‍ദേശമനുസരിച്ച് പണം നഷ്ടപ്പെട്ടതില്‍ പരാതിക്കാരന് പങ്കുള്ളതായി തെളിയിക്കേണ്ട ബാധ്യത ബാങ്കിനാണെന്നും കമ്മീഷന്‍ ഉത്തരവില്‍ പറയുന്നു.

 

അന്തർ സംസ്ഥാന സർവീസ് നടത്തുന്ന കോൺട്രാക്ട് കാര്യേജ് സ്വകാര്യ ബസുകൾക്കെതിരെ കെ.എസ്.ആർ.ടി.സി പരാതി നൽകി. രാത്രി സർവീസുകളിൽ നിയമം ലംഘിച്ച് സ്റ്റോപ്പുകളിൽ നിന്ന് ആളെ കയറ്റുന്നുവെന്നാണ് പരാതി. വലിയ വരുമാന നഷ്ടം ഇതിലൂടെ കെ.എസ്.ആർ.ടി.സിക്ക് ഉണ്ടാകുന്നുവെന്ന് ഉദ്യോഗസ്ഥർ പറയുന്നു.

 

നെയ്യാറ്റിൻകരയില്‍ ആശുപത്രിയില്‍ നവജാത ശിശു മരിച്ചു. ഒറ്റശേഖരമംഗലം സ്വദേശി ആതിര പ്രസവിച്ച കുഞ്ഞാണ് മരിച്ചത്. ഇന്ന് രാവിലെയാണ് ആതിര പ്രസവിച്ചത്. പിന്നാലെ കുഞ്ഞ് മരിക്കുകയായിരുന്നു. ഷുഗർ കൂടിയതാണ് മരണകാരണമെന്ന് ഡോക്ടർ പറഞ്ഞു. നെയ്യാറ്റിൻകര ജനറല്‍ ആശുപത്രിയിലാണ് സംഭവം.

 

പത്തനംതിട്ട അടൂരിൽ ഓട്ടോ ഡ്രൈവറെ വാഹനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തി. അടൂര്‍ കണ്ണങ്കോട് സ്വദേശി ബിനീഷാണ് മരിച്ചത്. കോ-ഓപ്പറേറ്റീവ് പാൽ സൊസൈറ്റി ഗ്രൗണ്ടിലാണ് ബിനീഷിനെ മരിച്ച നിലയിൽ കണ്ടെത്തിയത്. മൃതദേഹം അടൂർ ജനറൽ ആശുപത്രിയിലേക്ക് മാറ്റി. മരണകാരണം വ്യക്തമല്ല.

 

പൊലീസ് ഉദ്യോഗസ്ഥനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ആലപ്പുഴ എആർ ക്യാമ്പിലെ പോലീസുകാരനായ തോട്ടപ്പുളി ഒറ്റപ്പന പുതുവൽ കാർത്തികേയന്റെ മകൻ ശ്യാം ഘോഷിനെയാണ് രാവിലെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. ബന്ധം വേർപെടുത്തിയ ശ്യാംഘോഷ് കുറേ നാളായി നീണ്ട അവധിയിലായിരുന്നു.

 

രാഹുല്‍ ഗാന്ധി അമേഠിയില്‍ നിന്ന് ഭയന്നോടിയതാണെന്ന് നരേന്ദ്ര മോദി. അമേഠിയില്‍മത്സരിക്കാൻ രാഹുലിന് ഭയമാണ്, ഭയപ്പെടരുതെന്ന് ജനങ്ങളോട് പറയുന്ന രാഹുല്‍ തന്നെ ഭയന്നോടിയിരിക്കുകയാണെന്നും നരേന്ദ്ര മോദി പറഞ്ഞു. രാഹുല്‍ രണ്ടാം മണ്ഡലം തേടിപ്പോകുമെന്ന് താൻ നേരത്തെ പ്രവചിച്ചതാണെന്നും മോദി കൂട്ടിച്ചേർത്തു. റായ്‍ബറേലിയില്‍ രാഹുല്‍ ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വം സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നരേന്ദ്ര മോദിയുടെ പ്രതികരണം.

 

പശ്ചിമബംഗാൾ ഗവർണർ സിവി ആനന്ദബോസിനെതിരായ ലൈംഗിക പീഡന പരാതിയിൽ പൊലീസ് നിയമോപദേശം തേടി. ഗവർണ്ണർക്കെതിരെ കേസെടുത്തിട്ടില്ലെന്ന് പൊലീസ് വ്യക്തമാക്കി. രണ്ട് തവണ ഓഫീസിൽ വച്ച് പീഡിപ്പിച്ചു എന്നാണ് പരാതിയിൽ പറയുന്നത്. എന്നാൽ ജോലിയിൽ വീഴ്ച വരുത്തിയതിൽ ഗവർണർ താക്കീത് നൽകിയതിൽ കരാർ ജീവനക്കാരി പ്രതികാരം തീർക്കുന്നു എന്നാണ് രാജ്ഭവൻ നൽകുന്ന വിശദീകരണം. ജനങ്ങളുടെ പരാതി കൈകാര്യം ചെയ്യുന്നതിൽ വീഴ്ച വരുത്തിയതിനായിരുന്നു ഗവർറുടെ താക്കീതെന്നും വിശദീകരണത്തിൽ രാജ്ഭവൻ വ്യക്തമാക്കി.

 

ഹൈദരാബാദ് കേന്ദ്ര സര്‍വകലാശാലയിലെ ഗവേഷക വിദ്യാര്‍ത്ഥിയായിരുന്ന രോഹിത് വെമുലയുടെ ആത്മഹത്യയിൽ കേസ് അവസാനിപ്പിച്ചതായി തെലങ്കാന പൊലീസ് അറിയിച്ചു. തെലങ്കാന ഹൈക്കോടതിയിൽ കേസവസാനിപ്പിച്ച് ഇന്ന് ക്ളോഷർ റിപ്പോർട്ട് നൽകും. വിസി അപ്പാ റാവു, അന്നത്തെ എംപി ബന്ദരു ദത്താത്രേയ, അന്നത്തെ കേന്ദ്രമന്ത്രി സ്മൃതി ഇറാനി, കേസിൽ ആത്മഹത്യാ പ്രേരണാ കുറ്റം ചുമത്തപ്പെട്ട ക്യാമ്പസിലെ എബിവിപി നേതാക്കൾ എന്നിവരെ വെറുതെ വിടണം എന്ന് റിപ്പോർട്ടിൽ ചൂണ്ടിക്കാണിക്കുന്നു. കേസ് ഇന്ന് തെലങ്കാന ഹൈക്കോടതി പരിഗണിക്കും. വ്യാജസർട്ടിഫിക്കറ്റ് ഉണ്ടാക്കിയാണ് രോഹിത് പ്രവേശനം നേടിയത് എന്നും ഇത് പുറത്ത് വരുമോ എന്ന ഭയം മൂലം ആയിരിക്കാം രോഹിത് ആത്മഹത്യ ചെയ്തത് എന്നും പൊലീസ് റിപ്പോർട്ടിൽ ആവർത്തിക്കുന്നു.

 

തമിഴ്നാട്ടിലെ സേലത്തെ ദീവട്ടിപ്പട്ടിയിലെ മാരിയമ്മന്‍ ക്ഷേത്രത്തില്‍ ദളിത് വിശ്വാസികളെ പ്രവേശിക്കുന്നതുമായി ബന്ധപ്പെട്ട് നടന്ന സമാധാന ചര്‍ച്ചയ്ക്ക് പിന്നാലെ സംഘര്‍ഷം. പ്രദേശത്തെ രണ്ട് ജാതി വിഭാഗങ്ങള്‍ തമ്മിലുണ്ടായ സംഘര്‍ഷം തീവെപ്പിലേക്കും അക്രമത്തിലും കലാശിച്ചു. ആള്‍ക്കൂട്ടം പ്രദേശത്തെ കടകള്‍ക്കും വാഹനങ്ങള്‍ക്കും തീയിട്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്.

 

ദില്ലിയിലെ സ്കൂളുകളിൽ വീണ്ടും വ്യാജബോംബ് ഭീഷണി. ദില്ലി പൊലീസ് കമ്മീഷണർക്കാണ് സന്ദേശം കിട്ടിയത്. സംഭവത്തെ തുടർന്ന് നടത്തിയ അന്വേഷണത്തിൽ പ്രായപൂർത്തിയാകാത്ത വിദ്യാർത്ഥിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. തുടർന്ന് കുട്ടിക്ക് കൗൺസിലിംഗ് നൽകി വിട്ടയച്ചു. കഴിഞ്ഞ ദിവസങ്ങളിലും ദില്ലിയിലെ സ്കൂളുകളിലേത്ത് ബോംബ് ഭീഷണി സന്ദേശം എത്തിയിരുന്നു.

 

കൊൽക്കത്തയിലെ നേതാജി സുഭാഷ് ചന്ദ്രബോസ് അന്താരാഷ്ട്ര വിമാനത്താവളത്തിന് അടുത്തുള്ള സ്ഥലങ്ങളിൽ ലേസർ ലൈറ്റ് ഷോകൾക്ക് വിലക്കേർപ്പെടുത്തി കൊൽക്കത്ത പൊലീസ്. ലേസർ ബീമുകളും ലൈറ്റുകളും കാരണം കാഴ്ച മങ്ങുന്നു എന്ന പൈലറ്റുമാരുടെ പരാതിയെ തുടർന്നാണ് നടപടി. വിലക്ക് ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയെന്ന് പൊലീസ് അറിയിച്ചു.

 

ജെഡിഎസ് ദേശീയ അധ്യക്ഷൻ എച്ച്ഡി ദേവഗൗഡയുടെ മകനും ജെഡിഎസ് നേതാവുമായ എച്ച് ഡി രേവണ്ണയ്ക്കെതിരെ കേസ്. രേവണ്ണയുടെ മകനും ഹാസനിലെ ജെഡിഎസ് സിറ്റിങ് എംപിയുമായ പ്രജ്വല്‍ രേവണ്ണയ്ക്കെതിരെ ബലാത്സംഗ പരാതി ഉന്നയിച്ച കെ ആർ നഗര സ്വദേശിനിയുടെ അമ്മയെ തട്ടിക്കൊണ്ടു പോയി എന്നതാണ് കേസ്.

 

സമരം ചെയ്യാൻ വിദ്യാർത്ഥികൾക്ക് അവകാശമുണ്ടെന്നും പക്ഷെ കലാപാന്തരീക്ഷം സൃഷ്ടിക്കുന്നത് തെറ്റാണെന്നും പ്രസിഡന്റ് ജോ ബൈഡൻ. അഭിപ്രായ സ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനോടൊപ്പം സമൂഹത്തിന്റെ സുരക്ഷയും ഉറപ്പാക്കണം. ക്യാമ്പസ് പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തിൽ അമേരിക്കയുടെ ഇസ്രായേൽ നയങ്ങളിൽ മാറ്റമുണ്ടാവില്ലെന്നും ജോ ബൈഡൻ വ്യക്തമാക്കി. ഇന്നലെ അമേരിക്കൻ സർവകലാശാലകളിൽ പലസ്തീൻ അനുകൂല സമരത്തെ തുടർന്ന് സംഘർഷമുണ്ടായിരുന്നു. ഇതേ തുടർന്ന് പ്രതികരിക്കുകയായിരുന്നു ബൈഡൻ.

 

ബ്രസീലിൽ പ്രളയത്തിൽ മരിച്ചവരുടെ എണ്ണം 30 ആയി. പ്രളയം പൊതു ദുരന്തം ആയി പ്രഖ്യാപിച്ചിരിക്കുകയാണ് ബ്രസീൽ സർക്കാർ. പ്രളയത്തിൽ നിരവധിപ്പേരെ കാണാതാവുകയും 5,257 പേരെ മാറ്റിപ്പാർപ്പിക്കുകയും ചെയ്തിട്ടുണ്ട്. പെരും മഴയ്ക്ക് പിന്നാലെ തെക്കൻ ബ്രസീലിലെ ജലവൈദ്യുത പദ്ധതിയുടെ അണക്കെട്ട് തകർന്നതും മരണ സംഖ്യ ഉയർത്തുന്നതിന് കാരണമായിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *