40 ദിവസം നീണ്ട പരസ്യ പ്രചരണത്തിനു ശേഷം വോട്ടുറപ്പിക്കുന്നതിനായി മുന്നണികളും സ്ഥാനാർത്ഥികളും ഇന്ന് നിശബ്ദ പ്രചാരണത്തിൽ. സംസ്ഥാനത്ത് 20 മണ്ഡലങ്ങളിലായി 194 സ്ഥാനാര്‍ത്ഥികളാണ് മത്സര രംഗത്തുള്ളത്. 25231 ബൂത്തുകളിലായി വോട്ട് രേഖപ്പെടുത്താന്‍ 2.77 കോടി വോട്ടർമാരാണുള്ളത്.പോളിങ് സാമഗ്രികളുടെ വിതരണം രാവിലെ എട്ട് മണി മുതൽ ആരംഭിച്ചു. നാളെ രാവിലെ ഏഴുമണി മുതൽ വൈകിട്ട് 6 വരെയാണ് വോട്ടെടുപ്പ്. സംഘർഷ സാധ്യത കണക്കിലെടുത്ത് തിരുവനന്തപുരം, പത്തനംതിട്ട, തൃശൂർ, കാസർകോട് എന്നീ ജില്ലകളിൽ നിരോധനാജ്ഞ പ്രഖ്യാപിച്ചു. സുരക്ഷയൊരുക്കാൻ 66,303 പൊലീസുകാരെയും അധിക സുരക്ഷയ്ക്ക് 62 കമ്പനി കേന്ദ്രസേനയെയും നിയോഗിച്ചിട്ടുണ്ട്.
കോൺഗ്രസിന്‍റെ പ്രകടനപത്രിക മുസ്ലിം പ്രകടനപത്രികയെന്ന മോദിയുടെ പരാമർശവുമായി ബന്ധപ്പെട്ട് തെരഞ്ഞെടുപ്പ് കമ്മീഷന്‍റെ നിർദേശ പ്രകാരം ബെംഗളുരു മല്ലേശ്വരം പൊലീസ് ബിജെപിക്കെതിരെ കേസെടുത്തു. പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ വർഗീയ പരാമർശം ബിജെപിയുടെ എക്സ് ഹാൻഡിൽ ട്വീറ്റ് ചെയ്തതിനാണ് കേസ്. മതവിഭാഗങ്ങൾക്കിടയിൽ വിദ്വേഷം പ്രചരിപ്പിക്കാൻ ശ്രമിച്ചെന്ന വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ആര്‍ പി ആക്ട് 125ാം വകുപ്പ് ഐപിസി 153ാം വകുപ്പുകൾ ചുമത്തിയിട്ടുണ്ട്.
വിദ്വേഷപ്രസംഗത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയോട് തിരഞ്ഞെടുപ്പ് കമ്മിഷന്‍ വിശദീകരണം തേടി. ഈ മാസം 29ന് രാവിലെ 11ന് മുന്‍പ് മറുപടി നല്‍കണമെന്നും നിര്‍ദേശം നല്‍കി. രാജസ്ഥാനിലെ ബൻസ്വാരയിൽ നടന്ന ബി.ജെ.പിയുടെ തിരഞ്ഞെടുപ്പ് റാലിക്കിടെയായിരുന്നു മോദിയുടെ വിവാദ പരാമർശങ്ങൾ.
വിദ്വേഷ പ്രസംഗത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ തെരഞ്ഞെടുപ്പ് കമ്മീഷൻ നടപടി വൈകുന്നതിൽ പ്രതിപക്ഷം പ്രതിഷേധം ശക്തമാക്കി. മോദിയുടെ കാര്യം വരുമ്പോൾ കമ്മീഷന്റെ നട്ടെല്ല് വളയുന്നുവെന്ന് പ്രതിപക്ഷം വിമര്‍ശിച്ചു. അതോടൊപ്പം വിദ്വേഷ പ്രസംഗത്തിൽ മോദിക്കെതിരെ നടപടിയാവശ്യപ്പെട്ട് അമേരിക്കയിലുള്ള ഒരു സംഘം ഗുജറാത്തികൾ പ്രചാരണം തുടങ്ങി. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കെതിരെ നടപടി ആവശ്യപ്പെട്ട് ഒരു ലക്ഷം ഇ-മെയിലുകൾ തെരഞ്ഞെടുപ്പ് കമ്മീഷന് അയക്കാനാണ് അവരുടെ തീരുമാനം.
പ്രധാനമന്ത്രി നരേന്ദ്ര മോദി നടത്തിയ മുസ്ലിം വിരുദ്ധ പരാമർശത്തിൽ അതൃപ്തി പ്രകടിപ്പിച്ച ബിക്കാനീർ ബിജെപി ന്യൂനപക്ഷ മോർച്ച ജില്ലാ പ്രസിഡൻ്റ് ഉസ്മാൻ ഘാനിയെ പാർട്ടിയിൽ നിന്ന് പുറത്താക്കി. മുസ്ലീങ്ങളെക്കുറിച്ചുള്ള പ്രധാനമന്ത്രി മോദിയുടെ പരാമർശങ്ങളെക്കുറിച്ച് ചോദിച്ചപ്പോൾ, ഒരു മുസ്ലീമായതിനാൽ പ്രധാനമന്ത്രി പറഞ്ഞതിൽ നിരാശയുണ്ടെന്നും, ബിജെപിക്ക് വേണ്ടി താൻ മുസ്ലീങ്ങളുടെ അടുത്ത് വോട്ട് ചോദിക്കുമ്പോൾ, പ്രധാനമന്ത്രി നടത്തിയ പരാമർശങ്ങളെ കുറിച്ച് സമുദായത്തിലെ ജനങ്ങൾ സംസാരിക്കുമെന്നും തന്നോട് പ്രതികരണം തേടുമെന്നും കൂടാതെ രാജസ്ഥാനിലെ 25 ലോക്‌സഭാ സീറ്റുകളിൽ മൂന്ന് നാല് ലോക്‌സഭാ സീറ്റുകളും ബിജെപിക്ക് നഷ്ടപ്പെടുമെന്നും ഘാനി പറഞ്ഞിരുന്നു.
ഇലക്ഷന്‍ കമ്മിഷന്‍ ഓഫ് ഇന്ത്യയ്ക്ക് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ കത്ത് നല്‍കി. ലഫ്റ്റനന്റ് ഗവര്‍ണറുടെ കേരള സന്ദര്‍ശനം രാഷ്ട്രീയ ലക്ഷ്യങ്ങളോടെയാണെന്നും, ഭരണഘടനാ പദവിയിരിക്കുന്ന ലഫ്റ്റനന്റ് ഗവര്‍ണ്ണര്‍ ബിജെപിക്ക് വേണ്ടി നേരിട്ട് രാഷ്ട്രീയത്തില്‍ ഇടപെടുകയാണെന്നും വിഡി സതീശൻ കത്തില്‍ വ്യക്തമാക്കി.
ബിജെപിയുടെ കളിപ്പാവകളായ ഗവർണർമാർ ഇവിടെ വന്ന് മതമേലധ്യക്ഷൻമാരെ കണ്ടതുകൊണ്ട് വിശ്വാസികൾ അവർക്ക് വോട്ട് ചെയ്യുമെന്ന് ചിന്തിച്ചാൽ അവർ വേറെ ഏതോ ലോകത്താണന്നേ പറയാനുള്ളുവെന്ന് എറണാകുളത്തെ യുഡിഎഫ് സ്ഥാനാർത്ഥി ഹൈബി ഈഡൻ. ദില്ലി ലഫ് ഗവർണർ സഭ നേതാക്കളെ കണ്ടതിൽ പ്രതികരിക്കുകയായിരുന്നു അദ്ദേഹം. ക്രൈസ്തവ സഭയെ ഏറ്റവും കൂടുതൽ വേട്ടയാടിയത് ബിജെപി സർക്കാരാണ്. താൻ മണിപ്പൂരിൽ അത് നേരിട്ട് കണ്ടിരുന്നുവെന്നും ഹൈബി കൂട്ടിച്ചേർത്തു.
പത്തനംതിട്ടയിൽ പോളിംഗ് ഉദ്യോഗസ്ഥരുടെ ചുമതല പട്ടിക ചോർന്ന സംഭവത്തില്‍ എല്‍ഡി ക്ലര്‍ക്ക് യദു കൃഷ്ണനെ സസ്പെന്‍ഡ് ചെയ്തു. സംഭവത്തില്‍ യുഡിഎഫ് സ്ഥാനാര്‍ത്ഥി ആന്‍റോ ആന്‍റണി കളക്ടര്‍ക്ക് പരാതി നല്‍കിയിരുന്നു. നടപടി ആവശ്യപ്പെട്ട് കളക്ടറേറ്റില്‍ ആന്‍റോ ആന്‍റണിയും കോണ്‍ഗ്രസ് നേതാക്കളും കുത്തിയിരുന്ന് പ്രതിഷേധിക്കുകയും ചെയ്തു. ഇതിനുപിന്നാലെയാണ് കളക്ടറുടെ നടപടി. പോളിങ് ഉദ്യോഗസ്ഥറുടെ പട്ടിക സിപിഎം അനുകൂല സംഘടന ചോർത്തിയെന്നും, ഇന്ന് പോളിംഗ് സാമഗ്രികൾ വാങ്ങുമ്പോൾ മാത്രം ഉദ്യോഗസ്ഥർ അറിയേണ്ട പോളിംഗ് സ്റ്റേഷനുകളുടെ വിവരങ്ങളാണ് ചോർത്തിയതെന്നും, പോളിങ് ഉദ്യോഗസ്ഥരുടെ പട്ടിക വാട്സ് ആപ്പില്‍ പ്രചരിക്കുകയാണ്. കള്ളവോട്ട് ചെയ്യാനുള്ള സിപിഎമ്മിന്‍റെ നീക്കമാണിതെന്നും ആന്‍റോ ആന്‍റണി ആരോപിച്ചിരുന്നു.
ബിജെപിയിലേക്ക് പോകാന്‍ ചര്‍ച്ച നടത്തിയ സിപിഎം നേതാവ് ഇ പി ജയരാജനാണെന്ന ആരോപണവുമായി കെപിസിസി പ്രസിഡന്റ് കെ.സുധാകരന്‍. ശോഭസുരേന്ദ്രന്‍ മുഖാന്തരം ചർച്ച നടന്നുവെന്നും പാർട്ടിയിൽ നിന്ന് ഭീഷണി വന്നപ്പോള്‍ ജയരാജന്‍ പിന്മാറി. ചർച്ചക്ക് മധ്യസ്ഥൻ ഉണ്ട്. അദ്ദേഹം തന്നെ തന്നോട് ഇക്കാര്യം പറഞ്ഞിട്ടുണ്ടെന്നും സുധാകരൻ പറഞ്ഞു. പാര്‍ട്ടി സെക്രട്ടറി ആവാത്തത്തിൽ ഇപി നിരാശനായിരുന്നു, ഗോവിന്ദൻ സെക്രട്ടറി ആയതോടെ ഇ പി അവഗണിക്കപ്പെട്ട അവസ്ഥയിലായി. പിണറായിയുമായി അദ്ദേഹത്തിന് നല്ല ബന്ധമില്ല എന്നും സുധാകരൻ കൂട്ടിച്ചേർത്തു.
ആലത്തൂരിലെ എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി കെ രാധാകൃഷ്ണന്‍റെ അകമ്പടി വാഹനത്തില്‍ നിന്നും വടിവാള്‍ ഉള്‍പ്പെടെയുള്ള ആയുധങ്ങള്‍ കണ്ടെത്തിയെന്ന് ആരോപണം. ഇന്നലെ വൈകിട്ട് കൊട്ടിക്കലാശം കഴിഞ്ഞു പോകുന്ന വാഹനവ്യൂഹത്തിലായിരുന്നു ആയുധങ്ങള്‍ ഉണ്ടായിരുന്നതെന്ന് യുഡിഎഫ് നേതാക്കള്‍ ആരോപിച്ചു. ആയുധങ്ങള്‍ വാഹനത്തില്‍ നിന്നും എടുത്തു മാറ്റുന്നതിന്‍റെ സിസിടിവി ദൃശ്യങ്ങളും യുഡിഎഫ് പുറത്തുവിട്ടു. എന്നാൽ പ്രചാരണ ബോര്‍ഡുകള്‍ അഴിച്ചുമാറ്റാൻ ഉപയോഗിച്ച ആയുധങ്ങളാണ് വണ്ടിയിൽ നിന്നും എടുത്തു മാറ്റുന്നതെന്നാണ് സിപിഎം വിശദീകരണം.
വയനാട്ടില്‍ വോട്ടർമാർക്ക് വിതരണം ചെയ്യാൻ വെറ്റിലയും മുറുക്കും പുകയിലയുമടക്കം ഉൾപ്പെട്ട കിറ്റുകൾ എത്തിച്ച സംഭവത്തിൽ ബിജെപിയെ കുറ്റപ്പെടുത്തി ഇടത് വലത് മുന്നണികൾ. ബത്തേരിയിൽ രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ ഇന്നലെ വൈകിട്ട് പൊലീസ് നടത്തിയ പരിശോധനയിൽ 1500 ഓളം ഭക്ഷ്യകിറ്റുകൾ കസ്റ്റഡിയിൽ എടുത്തിരുന്നു. മാനന്തവാടി കെല്ലൂരിലും കിറ്റുകൾ വിതരണത്തിന് എത്തിച്ചെന്നാണ് ആരോപണം. നേരെ ചൊവ്വേ മത്സരിച്ചാൽ വോട്ടു കിട്ടില്ലെന്നും അതുകൊണ്ട് കിറ്റ് കൊടുത്ത് തോൽവിയുടെ ആഘാതം കുറയ്ക്കാൻ ബിജെപി ശ്രമിക്കുന്നതായും ടി.സിദ്ദിഖ് എംഎൽഎ ആരോപിച്ചു. ആദിവാസി കോളനികൾ കേന്ദ്രീകരിച്ചാണ് കിറ്റ് വിതരണം ചെയ്യാൻ കൊണ്ടുവന്നതെന്ന് സിപിഎമ്മും ആരോപിച്ചു.
വയനാട്ടിൽ കിറ്റുകൾ തയ്യാറാക്കിയത് ബിജെപിക്ക് വേണ്ടിയെന്ന ആരോപണം അടിസ്ഥാനരഹിതമാണെന്നും ഗൂഢാലോചനയുണ്ടെന്നും ജില്ലാ പ്രസിഡന്റ് പ്രശാന്ത് മലവയൽ പറഞ്ഞു. സംഭവം ബിജെപിയുടെ മേലിൽ കെട്ടിവയ്ക്കാൻ നോക്കേണ്ടെന്നും, ബന്ധപ്പെട്ടവർ അന്വേഷിച്ചു കണ്ടത്തട്ടെ. ബിജെപി സ്ഥാനാര്‍ത്ഥിക്ക് തികഞ്ഞ മുന്‍തൂക്കം ഉണ്ടെന്ന് മനസിലാക്കിയുള്ള ഗൂഡാലോചനയാണിതെന്നും അദ്ദേഹം പറഞ്ഞു. രഹസ്യവിവരത്തിന്‍റെ അടിസ്ഥാനത്തിലാണ് കിറ്റ് കണ്ടെത്തിയതെന്ന് പറഞ്ഞതില്‍ ദുരൂഹതയുണ്ടെന്നും, എന്തുകൊണ്ട് ഇത് ബിജെപിയുടെ തലയില്‍ കെട്ടിവെക്കാൻ ശ്രമിക്കുന്നതെന്ന് ജനങ്ങള്‍ക്ക് അറിയാമെന്നും പ്രശാന്ത് മലവയല്‍ പറഞ്ഞു.
40 വർഷമായി ഞാൻ തിരുവനന്തപുരത്തുകാരനാണെന്ന് പന്ന്യൻ രവീന്ദ്രൻ. തരൂരിനെ പോലെ പൊട്ടി വീണതല്ല, അദ്ദേഹം ഇടയ്ക്ക് വന്നു പോകുന്നത് പോലെയല്ല, ഞാൻ ജനങ്ങൾക്കിടയിൽ ജീവിക്കുന്നയാളാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു. താൻ ഒന്നാം സ്ഥാനത്താണ്. രണ്ടാം സ്ഥാനത്തിന് വേണ്ടിയാണ് യുഡിഎഫ്-ബിജെപി മത്സരം. ഞാൻ പറഞ്ഞത് ഗ്രൗണ്ട് റിയാലിറ്റിയാണ്. അത് തന്നെയാണ് ഗോവിന്ദൻ മാഷും പറഞ്ഞത്. കേരളത്തിൽ മത്സരം യുഡിഎഫും എൽഡിഎഫും തന്നെയാണെന്നും പന്ന്യൻ രവീന്ദ്രൻ പറഞ്ഞു.
വോട്ടർമാർ കൂട്ടത്തോടെ വരുന്നത് തടഞ്ഞ് ഇടതുപക്ഷത്തെ സഹായിക്കാനാണ് കാസർകോട് നിരോധനാഞ്ജ പ്രഖ്യാപിച്ചതെന്ന് യുഡിഎഫ് സ്ഥാനാർത്ഥി രാജ്മോഹൻ ഉണ്ണിത്താൻ. 27 ന് വൈകീട്ട് ആറു വരെയാണ് കാസർകോട് നിരോധനാജ്ഞ പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ നിരോധനാജ്ഞ ഇടതുപക്ഷത്തെ സഹായിക്കാനാണെന്ന രാജ്മോഹൻ ഉണ്ണിത്താൻ്റെ ആരോപണം പരാജയ ഭീതി മൂലമാണെന്ന് എംവി ബാലകൃഷ്ണൻ പറഞ്ഞു.
മത സാമുദായിക നേതാക്കളെ സന്ദര്‍ശിച്ച് തൃശൂരിലെ ബിജെപി സ്ഥാനാര്‍ത്ഥി സുരേഷ് ഗോപി. രാവിലെ പാല കുരിശു പള്ളിയില്‍ സന്ദര്‍ശനം നടത്തിയശേഷം സുരേഷ് ഗോപി പാലാ ബിഷപ്പുമായി കൂടിക്കാഴ്ച നടത്തി. അരുവിത്തുറ പള്ളിയില്‍ പോകണമെന്നത് നേര്‍ച്ചയായിരുന്നുവെന്നും സന്ദര്‍ശനം തികച്ചും വ്യക്തിപരമാണെന്നും സുരേഷ് ഗോപി പറഞ്ഞു.
സിപിഎമ്മിനെതിരെ വിമര്‍ശനവുമായി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി. മുസ്ലിം വിരുദ്ധ സമീപനം സ്വീകരിച്ച ആളാണ് എംവി ഗോവിന്ദനെന്നും, തെരഞ്ഞെടുപ്പ് സമയത്ത് മാത്രം മുസ്ലിം സംരക്ഷണം ഏറ്റെടുക്കുന്ന സിപിഎം പാർട്ടി ഗ്രാമങ്ങളിൽ നടത്തുന്നത് മുസ്ലിം വിദ്വേഷ പ്രവർത്തനമാണെന്നും അദ്ദേഹം പറഞ്ഞു. കണ്ണൂരിലെയും കാസർകോട്ടെയും പാർട്ടി ഗ്രാമങ്ങളിൽ മുസ്ലിം വിരുദ്ധ നിലപാടുകൾ സ്വീകരിച്ചവരാണ് സിപിഎം. അധികാരത്തിൽ വന്നാൽ എന്ത് ക്രൂരതയും ചെയ്യാൻ മടിക്കാത്തവരാണ് കമ്മ്യൂണിസ്റ്റുകൾ, ബംഗാളിലും ഇത് കണ്ടതാണ്. ഫാസിസത്തിന്റെയും കമ്മ്യൂണിസത്തിന്റെയും മേൽക്കോയ്മ ഇല്ലാതാവാൻ സമ്മതിദാന അവകാശം ശ്രദ്ധയോടെ വിനിയോഗിക്കണമെന്നും ബഹാഉദ്ദീൻ മുഹമ്മദ് നദ്‌വി ഫേസ് ബുക്ക് പോസ്റ്റിൽ വ്യക്തമാക്കി
മാസപ്പടി കേസില്‍ അടുത്ത മാസം മൂന്നിന് തിരുവനന്തപുരം വിജിലന്‍സ് കോടതി വിധി പറയും. ഇന്ന് കേസ് പരിഗണിച്ചപ്പോള്‍ ഹര്‍ജിക്കാരനായ മാത്യു കുഴല്‍നാടൻ കോടതിയില്‍ മൂന്ന് രേഖകള്‍ ഹാജരാക്കി. സിഎംആര്‍എല്ലിന് ഭൂപരിധി ലംഘിച്ച് ഇളവ് അനുവദിക്കണമെന്ന അപേക്ഷയില്‍ മുഖ്യമന്ത്രി വിളിച്ച യോഗത്തിന്‍റെ മിനിട്സും ആലപ്പുഴയിൽ നടന്ന ഖനനവുമായി ബന്ധപ്പെട്ട ഹൈക്കോടതി ഉത്തരവുകളും മാത്യു കുഴല്‍നാടൻ ഹാജരാക്കി. കൂടാതെ ആലപ്പുഴയിൽ നടന്നത് പ്രളയാന്തരമുള്ള മണ്ണ് മാറ്റമല്ല ഖനനമാണെന്നും കുഴൽ നാടൻ വാദിച്ചു.
പാലക്കാട് ജില്ലയിൽ ഉഷ്ണതരംഗ മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. ചൂട് ലളിതമായി കാണാനാവില്ലെന്നും മനുഷ്യ ശരീരത്തിന് താങ്ങാനാവുന്നതിലും അപ്പുറമുള്ള ചൂടാണ് ജില്ലയിൽ അനുഭവപ്പെടുന്നതെന്നും ജില്ലാ കളക്ടർ ഡോ ചിത്ര ഐഎഎസ് പറഞ്ഞു. ഈ സാഹചര്യചത്തിൽ പ്രത്യേക മുൻകരുതൽ എടുത്ത് കൊണ്ട് മാത്രമേ ജനങ്ങൾ പുറത്തിറങ്ങാൻ പാടുള്ളൂവെന്നും ജില്ലാ കളക്ടർ മുന്നറിയിപ്പ് നൽകി.
മഞ്ഞുമ്മൽ ബോയ്സ് എന്ന ചിത്രത്തിന്റെ നിർമ്മാതാക്കൾക്കെതിരായ കേസില്‍ മരട് പോലീസ് അന്വേഷണം തുടങ്ങി. പരാതിക്കാരനായ സിറാജ് വലിയത്തറയും നിർമ്മാതാക്കളും തമ്മിൽ നടത്തിയ സാമ്പത്തിക ഇടപാടിന്‍റെ രേഖകൾ ആവശ്യപ്പെട്ട് ബാങ്കുകൾക്ക് നോട്ടീസ് അയച്ചു. ഏഴ് കോടി രൂപയാണ് സിറാജ് സിനിമ നിർമ്മാണത്തിന് നൽകിയതെന്നും ഇതിൽ അഞ്ച് കോടി തൊണ്ണൂറ്റി അഞ്ച് ലക്ഷം രൂപ ബാങ്ക് വഴിയാണ് നൽകിയതെന്നുമാണ് മൊഴി. ഈ ഏഴു കോടി സംബന്ധിച്ചുള്ള അന്വേഷണമാണിപ്പോള്‍ ആരംഭിച്ചത്. ഇക്കാര്യം പരിശോധിച്ച ശേഷം സിനിമ നിർമ്മാതാക്കൾക്ക് പൊലീസ് നോട്ടീസ് നൽകിയേക്കും.
തൃശൂർ പൂരത്തിനിടെ വിദേശ വനിതയോട് അപമര്യാദയായി പെരുമാറിയെന്ന് ആരോപണം. ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് വിദേശ വനിത ഇക്കാര്യം വെളിപ്പെടുത്തിയത്. ശ്രീമൂലസ്ഥാനത്ത് പ്രതികരണം തേടുന്നതിനിടെ ഒരാള്‍ കടന്നു പിടിച്ചു എന്നാണ് വിദേശ വനിതയുടെ ആരോപണം. സംഭവത്തില്‍ പരാതി ലഭിച്ചിട്ടില്ലെങ്കിലും വീഡിയോയുടെ അടിസ്ഥാനത്തില്‍ അന്വേഷണം തുടങ്ങിയതായി തൃശൂർ ഈസ്റ്റ് പൊലീസ് അറിയിച്ചു.
ലോക്സഭാ തെരഞ്ഞെടുപ്പ് വോട്ടിംഗ് നടക്കുന്നതിനാൽ സംസ്ഥാനത്തെ സര്‍ക്കാര്‍ ഓഫീസുകള്‍, വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവയ്ക്ക് ഉള്‍പ്പെടെ എല്ലാ സ്ഥാപനങ്ങള്‍ക്കും നാളെ പൊതു അവധി. വാണിജ്യ സ്ഥാപനങ്ങള്‍ക്ക് ശമ്പളത്തോടെയുള്ള അവധിയാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അവധി ദിനത്തില്‍ വേതനം നിഷേധിക്കുകയോ കുറവു വരുത്തുകയോ ചെയ്യുവാന്‍ പാടില്ലെന്ന കർശന നിർദേശം നൽകിയിട്ടുണ്ട്.
ആലപ്പുഴ വെണ്മണി പുന്തലയിൽ ഭാര്യയെ വെട്ടിക്കൊലപ്പെടുത്തിയ ശേഷം ഭർത്താവ് ആത്മഹത്യ ചെയ്തു. വെൺമണി പുന്തലയിൽ സുധിനിലയത്തിൽ ദീപ്തിയാണ് കൊല്ലപ്പെട്ടത്. ഭര്‍ത്താവ് ഷാജി വീട്ടിലെ മുറിയിൽ ഫാനിൽ തൂങ്ങിമരിച്ചു. കുടുംബ വഴക്കിനെ തുടര്‍ന്നാണ് സംഭവമെന്നാണ് പ്രാഥമിക വിവരം.
വധശിക്ഷക്ക് വിധിക്കപ്പെട്ട് യെമനിൽ തടവില്‍ കഴിയുന്ന നിമിഷപ്രിയയുമായി അമ്മ പ്രേമകുമാരി കൂടിക്കാഴ്ച നടത്തി. ഇന്ത്യന്‍സമയം ഉച്ചകഴിഞ്ഞ് മൂന്നുമണിയോടെയാണ് സനയിലെ ജയിലിലെത്തി പ്രേമകുമാരി മകളെ കണ്ടത്. ഇരുവര്‍ക്കും മൂന്നുമണിക്കൂര്‍ ഒന്നിച്ചു ചെലവിടാന്‍ ജയില്‍ അധികൃതര്‍ അനുമതി നല്‍കി. യെമനിലെ ഗോത്രവർഗ തലവന്മാരുമായും തുടർന്ന് കൊല്ലപ്പെട്ട യെമനി ഇവർ കൂടിക്കാഴ്ച നടത്തും.
ദില്ലി സർവകലാശാലയിലെ നിയമ വിദ്യാർത്ഥികൾ തെരഞ്ഞെടുപ്പ് കമ്മീഷന് ആദരാഞ്ജലികൾ അർപ്പിച്ച് പ്രതിഷേധം നടത്തി. പത്ത് വർഷമായി അനാരോഗ്യത്തെ തുടർന്ന് ഐസിയുവിൽ പ്രവേശിപ്പിച്ച കമ്മീഷന്റെ വേർപാട് ദു:ഖത്തോടെ അറിയിക്കുന്നുവെന്നാണ് പോസ്റ്ററിൽ എഴുതിയിരിക്കുന്നത്. ഇന്ത്യയുടെ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ രാജീവ് കുമാറിനൊപ്പം പുതുതായി നിയമിതരായ തെരഞ്ഞെടുപ്പ് കമ്മീഷണർമാരായ ഗ്യാനേഷ് കുമാർ, ഡോ. സുഖ്ബീർ സിംഗ് സന്ധു എന്നിവരുടെ ചിത്രങ്ങളും ഒരു പോസ്റ്ററിൽ ഉണ്ട് .
നിയമവിരുദ്ധമായി ഐപിഎൽ മത്സരങ്ങൾ സംപ്രേഷണം ചെയ്ത കേസിൽ ചോദ്യം ചെയ്യലിന് ഹാജരാകാൻ ബോളിവുഡ് താരം തമന്ന ഭാട്ടിയയ്ക്ക് നോട്ടീസ്. താരം ഫെയർ പ്ലേ ആപ്പിന്‍റെ ഭാഗമായി പ്രചാരണം നടത്തിയെന്ന കണ്ടെത്തലിന്‍റെ അടിസ്ഥാനത്തിലാണ് നടപടി. ഈ മാസം 29 നകം ഹാജരാകാനാണ് മഹാരാഷ്ട്ര സൈബർ സെല്ലിന്‍റെ നിർദേശം.
കൈസര്‍ഗഞ്ജില്‍ ഇത്തവണയും താന്‍ തന്നെ സ്ഥാനാര്‍ഥിയാകുമെന്ന സൂചന നല്‍കി ബി.ജെ.പി നേതാവും മുന്‍ ഗുസ്തി ഫെഡറേഷന്‍ പ്രസിഡന്റുമായ ബ്രിജ് ഭൂഷണ്‍. മണ്ഡലത്തില്‍ ഏറ്റവും യോഗ്യനായ സ്ഥാനാര്‍ഥി താന്‍ തന്നെയാണെന്നും, പാര്‍ട്ടി ഇവിടെ സ്ഥാനാര്‍ഥിയെ പ്രഖ്യാപിച്ചിട്ടില്ലെങ്കിലും 99.9 ശതമാനവും താന്‍ തന്നെയായിരിക്കും ഇവിടെ മൽസരിക്കുന്നതെന്നും ബ്രിജ് ഭൂഷണ്‍ പറഞ്ഞു.
ഗാസയിൽ കൂട്ടശവക്കുഴികൾ കണ്ടെത്തിയതിൽ അന്വേഷണം ആവശ്യപ്പെട്ട് ഐക്യരാഷ്ട്രസംഘടന. ഗാസ ആശുപത്രികളിൽ ശവക്കുഴികൾ കണ്ടെത്തിയത് ഞെട്ടിക്കുന്നതെന്ന് യുഎൻ മനുഷ്യാവകാശ വിഭാഗം മേധാവി പ്രതികരിച്ചിരുന്നു.വ്യക്തവും സുതാര്യവുമായ അന്വേഷണം വിഷയത്തിൽ വേണമെന്നാണ് യുഎൻ ആവശ്യപ്പെട്ടു.