തെരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ഭാഗമായി കേരളത്തിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി കുന്നംകുളത്തെ പൊതുപരിപാടിയില്‍ സംസാരിക്കവെ വടക്കുന്നാഥൻ, തൃപ്രയാർ ശ്രീരാമസ്വാമി ക്ഷേത്രം, ഗുരുവായൂർ എന്നീ പുണ്യ ഭൂമികളെ നമിക്കുകയാണെന്ന് പറഞ്ഞാണ് പ്രസംഗം ആരംഭിച്ചത്. പ്രസംഗത്തില്‍ മണപ്പുള്ളി വേല ,വിഷു എന്നിവയേയും മോദി പരാമര്‍ശിച്ചു. പുതുവര്‍ഷം കേരളത്തിന് മാറ്റത്തിന്‍റേതാണെന്നും തൃപ്രയാര്‍ ദക്ഷിണ ഭാരതത്തിലെ അയോധ്യയാണെന്നും മോദി പറഞ്ഞു. കോൺഗ്രസിന്‍റെ വലിയ നേതാവ് യുപിയിലെ സ്വന്തം സീറ്റിൽ മത്സരിക്കാതെ കേരളത്തിലെത്തിയെന്നും, ജയിക്കാൻ നിരോധിത സംഘടനയുമായി കൈകോർക്കും. പക്ഷെ സഹകരണ കൊള്ളയെപ്പറ്റി മിണ്ടാട്ടമില്ല. എല്‍ഡിഎഫിനെയും യുഡിഎഫിനെയും സൂക്ഷിക്കണമെന്നും, കരുവന്നൂര്‍ ബാങ്ക് ക്രമക്കേട് ഇടത് കൊള്ളയുടെ ഉദാഹരണമാണെന്നും പ്രസംഗമദ്ധ്യേ മോദി ആരോപിച്ചു. സുരേഷ് ഗോപി ഉള്‍പ്പെടെ നാല് മണ്ഡലങ്ങളിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥികളും പ്രധാനമന്ത്രിക്കൊപ്പം വേദിയിലുണ്ടായിരുന്നു. പത്മജ വേണുഗോപാല്‍, നടൻ ദേവൻ തുടങ്ങിയവരും സംബന്ധിച്ചു.
യുഡിഎഫ് സ്ഥാനാർത്ഥി രാഹുൽ ഗാന്ധി വയനാട് മണ്ഡലത്തിൽ പ്രചാരണത്തിനായെത്തി. ഇന്നുരാവിലെ പത്തുമണിയോടെയാണ് വയനാടിനോട് ചേർന്നുള്ള തമിഴ്‌നാട്ടിലെ നീലഗിരി സ്‌പോർട്‌സ് ആന്റ് സയൻസ് കോളേജ് ഗ്രൗണ്ടിൽ ഹെലികോപ്‌ടറിൽ രാഹുൽ എത്തിയത്. കേന്ദ്രത്തിലും കേരളത്തിലും കോൺഗ്രസ് അധികാരത്തിൽ ഇല്ലാത്തത് വികസനത്തെ ബാധിച്ചുവെന്നും രണ്ടിടത്തും കോൺഗ്രസ് അധികാരത്തിൽ തിരിച്ചെത്തുമെന്നും എല്ലാ പ്രശ്നങ്ങളും പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു. മലയാളം ഹിന്ദിയേക്കാൻ ചെറുതാണെന്ന് പറഞ്ഞാൽ അത് ഒരു ജനതയെ അവഹേളിക്കുന്നതിനു തുല്യമാണ്. ഓരോ ഭാഷയും അതാത് നാഗാരികതയുമായി ഇഴ ചേര്‍ന്നു നിൽക്കുന്നതാണെന്നും, വയനാട്ടിലേക്ക് വരുമ്പോൾ വീട്ടിലേക്ക് വന്ന പ്രതീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
നടി ആക്രമിക്കപ്പെട്ട കേസിൽ സംഭവിച്ചത് ഗുരുതരവീഴ്ച്ചയെന്ന് റിപ്പോർട്ട്. കേസിൽ സുപ്രീം കോടതി നിർദ്ദേശ പ്രകാരം സെൻട്രൽ ലാബിലേക്ക് പരിശോധനയ്ക്കായി അയക്കാൻ മെമ്മറി കാർഡിന്‍റെ ക്ലോൺഡ് കോപ്പി എടുത്തപ്പോഴാണ് ഹാഷ് വാല്യു മാറിയെന്ന് ആദ്യമായി കണ്ടെത്തിയത്. 2020 ജനുവരിയിൽ സംസ്ഥാന ഫോറൻസിക് വിഭാഗം വിചാരണ കോടതി ജഡ്ജിയെ ഇക്കാര്യം അറിയിച്ചിരുന്നു. ഇത് പൊലീസിന്‍റെ തുടരന്വേഷണത്തിൽ ബോധ്യപ്പെടുകയും ചെയ്തിട്ടുള്ളതാണ്. എന്നാൽ, വിചാരണ നടപടികൾ തുടരുന്നതിനിടെ ഇതൊന്നും ഹൈക്കോടതിയെയോ, സ്പെഷ്യല്‍ പ്രോസിക്യൂട്ടറെയോ ജഡ്ജി അറിയിച്ചിരുന്നില്ല. പലവട്ടം ഹാഷ് വാല്യുമാറിയ മെമ്മറി കാർഡ് തെളിവ് നിയമ പ്രകാരം കോടതിയ്ക്ക് സ്വീകരിക്കാതെ തള്ളിക്കളയാം. കേസിൽ മെമ്മറി കാർഡ് രേഖാമൂലമുള്ള തെളിവാണ്. ഐടി ആക്ടും എവിഡൻസ് ആക്ടും പ്രകാരം രേഖകളിൽ കൃത്രിമം നടന്നെന്ന് കണ്ടെത്തിയാൽ ആ തെളിവിന്‍റെ വിശ്വാസ്യത ഇല്ലാതാകും. പലവട്ടം ഹാഷ് വാല്യു മാറിയ മെമ്മറി കാർഡിന് ആധികാരികതിയില്ലെന്ന് പ്രതിഭാഗം വാദിച്ചാൽ അത് കോടതിയ്ക്ക് പരിഗണിക്കേണ്ടതായി വന്നേക്കും.
വാഗ്ദാനം പാലിക്കാതിരിക്കുകയും പിന്നെ കാണുമ്പോൾ കള്ളം പറയുകയും ചെയ്യുന്നത് കോൺഗ്രസാണെന്ന് രാജീവ് ചന്ദ്രശേഖർ. എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിനെതിരെയുള്ള ആരോപണത്തിൽ ശശിതരൂരിന് തെരഞ്ഞെടുപ്പ് കമ്മീഷൻ താക്കീതു നൽകിയിരുന്നു. ഇതിനോട് പ്രതികരിക്കുകയായിരുന്നു രാജീവ് ചന്ദ്രശേഖർ. പണംവാങ്ങി സമുദായിക നേതാക്കളുടെ വോട്ട് വാങ്ങുന്നുവെന്നായിരുന്നു തരൂരിന്റെ ആരോപണം. ജനങ്ങളുടെ പ്രശ്ന പരിഹാരത്തിനാകണം രാഷ്ട്രീയമെന്നും, അടിസ്ഥാനമില്ലാത്ത ആരോപണം ഉന്നയിച്ചാൽ നിയമപരമായ പോംവഴി ഉണ്ട്. നുണ പറയുന്നത് എന്തിനാണെന്നും അദ്ദേഹം ചോദിച്ചു. തിരുവനന്തപുരം വികസത്തിന് എന്ത് നയമുണ്ട് എന്നത് ഇനിയെങ്കിലും പറയാൻ കോൺഗ്രസും സിപിഎമ്മും തയ്യാറാകണമെന്നും എൻഡിഎ സ്ഥാനാർഥി വ്യക്തമാക്കി.
കരുവന്നൂർ കേസിൽ പ്രതികളിൽ നിന്ന് കണ്ടുകെട്ടിയ തുക നിക്ഷേപകർക്ക് നൽകാമെന്നും കരുവന്നൂർ ബാങ്കിന് ഇതിനുള്ള നടപടി സ്വീകരിക്കാമെന്നും ഇഡി അറിയിച്ചു. പിഎംഎൽഎ നിയമത്തിലെ പുതിയ ഭേദഗതിയിൽ ഇക്കാര്യം അനുവദിക്കുന്നുണ്ടെന്ന് കൊച്ചിയിലെ പിഎംഎൽഎ കോടതിയെയാണ് ഇഡി അറിയിച്ചത്. ബാങ്കിൽ നിക്ഷേപിച്ച 33 ലക്ഷം രൂപ തിരികെ കിട്ടാൻ നടപടി ആവശ്യപ്പെട്ട് നിക്ഷേപകൻ സമർപ്പിച്ച ഹർജിയിലാണ് ഇഡി സത്യവാങ്മൂലം നൽകിയത്.
റോഡിന് കുറുകെ കെട്ടിയ കയര്‍ കഴുത്തിൽ കുരുങ്ങി കൊച്ചിയിൽ സ്കൂട്ടര്‍ യാത്രികൻ മരിച്ച സംഭവത്തില്‍ പൊലീസിനെതിരെ ആരോപണം. പൊലീസ് റോഡിന് കുറുകെ കയര്‍ കെട്ടിയത് കാണുന്ന രീതിയില്‍ ആയിരുന്നില്ലെന്നും കയര്‍ കെട്ടിയത് കാണുന്നതിനായി അതിന് മുകളില്‍ മുന്നറിയിപ്പായി ഒരു റിബണ്‍ എങ്കിലും കെട്ടിവെക്കാമായിരുന്നുവെന്നും മനോജ് ഉണ്ണിയുടെ സഹോദരി ചിപ്പി ആരോപിച്ചു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ സുരക്ഷയ്ക്കായി റോഡിൽ കെട്ടിയ വലിയ കയര്‍ കഴുത്തിൽ കുരുങ്ങി സ്കൂട്ടർ യാത്രികനായ കൊച്ചി വടുതല സ്വദേശി മനോജ് ഉണ്ണിയാണ് മരിച്ചത്.
ബൈക്ക് യാത്രികൻ റോഡിന് കുറുകെ കെട്ടിയ വടത്തിൽ കുരുങ്ങി മരിച്ച സംഭവം പൊലീസ് നടത്തിയ കൊലപാതകമെന്ന് ടി ജെ വിനോദ് എംഎൽഎ. ഒരു മുൻകരുതലും പാലിക്കാതെയാണ് പ്രധാനപ്പെട്ടൊരു റോഡിനു കുറുകെ കയർ കെട്ടിയത്. കുറ്റക്കാരായ ഉദ്യോഗസ്ഥർക്കെതിരെ നടപടി വേണമെന്നും എംഎൽഎ ആവശ്യപ്പെട്ടു. എന്നാൽ പൊലീസിന്റെ ഭാഗത്തു വീഴ്ച ഉണ്ടായിട്ടില്ലെന്ന് കൊച്ചി കമ്മിഷണർ പ്രതികരിച്ചു. പ്രധാനമന്ത്രിക്കുള്ള സുരക്ഷാ ഭീഷണി കണക്കിലെടുത്തു പ്രോട്ടോകോൾ പ്രകാരമുള്ള സുരക്ഷയാണ് ഏർപ്പെടുത്തിയിരുന്നതെന്നും അദ്ദേഹം പറഞ്ഞു. മരിച്ച മനോജ് ഉണ്ണിക്ക് ലൈസൻസ് ഇല്ലെന്നും, യുവാവ് മദ്യപിച്ചാണ് വണ്ടിയോടിച്ചതെന്നും നേരത്തെ പൊലീസ് പറഞ്ഞിരുന്നു.
കേരളത്തിൽ എല്ലായിടത്തും എൻ ഡി എ മുന്നിലാണെന്നും അതിനാല്‍ തന്നെ യുഡിഎഫും എല്‍ഡിഎഫും വെപ്രാളത്തിലാണെന്നും ബിജെപി സംസ്ഥാന അധ്യക്ഷനും വയനാട്ടിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥിയുമായ കെ സുരേന്ദ്രൻ. രാഹുല്‍ ഗാന്ധിക്ക് പിഎഫ്ഐയും പിണറായി വിജയന് പിഡിപിയുമായാണ് കൂട്ടെന്നും തെരഞ്ഞെടുപ്പിനായി വര്‍ഗീയ കക്ഷികളെ ഇരുവരും കൂട്ടുപിടിക്കുകയാണ്. വര്‍ഗീയ ശക്തികളുടെ പിന്‍ബലത്തിലാണ് ഇവരുടെ മത്സരമെന്നും കെ സുരേന്ദ്രൻ ആരോപിച്ചു.
തൃശൂർ പൂരത്തിന്റെ ആഘോഷ ചടങ്ങുകളില്‍ ഏര്‍പ്പെടുത്തിയ നിയന്ത്രണത്തിൽ ഇളവ്. ആനയ്ക്ക് 50 മീറ്റർ ചുറ്റളവിൽ ആരും പാടില്ലെന്ന നിയന്ത്രണം മാറ്റി. ചീഫ് വൈൽഡ് ലൈഫ് വാർഡന്‍റെ ഉത്തരവാണ് മാറ്റിയത്. ആനയ്ക്ക് അസ്വസ്ഥതയുണ്ടാകുന്ന തരത്തിൽ ആരും ചുറ്റും പാടില്ലെന്ന തരത്തിലാണ് പുതിയ മാറ്റം. മാറ്റം വരുത്തിയ കാര്യം ഇന്ന് ഹൈക്കോടതിയെ വനം വകുപ്പ് അറിയിക്കും. ആനകൾ തമ്മിലുള്ള അകലത്തിലും കാഴ്ചക്കാരുമായുള്ള അകലത്തിലുള്ള നിയന്ത്രണത്തിലും ഇളവ് നല്‍കിയിട്ടുണ്ട്.
ഗുരുവായൂർ-മധുര എക്സ്പ്രസിലെ യാത്രക്കാരന് പാമ്പ് കടിയേറ്റതായി സംശയം. ഏറ്റുമാനൂരിൽ വച്ചാണ് ഗുരുവായൂർ-മധുര എക്സ്പ്രസിലെ ഏഴാം നമ്പർ ബോഗിയിലെ തെങ്കാശി സ്വദേശി കാർത്തി എന്ന യുവാവിനാണ് കടിയേറ്റത്. ഇയാളെ കോട്ടയം മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചു. പിന്നാലെ ഏഴാം നമ്പർ ബോഗിയിലെ യാത്രക്കാരെ ഒഴിപ്പിച്ച് ട്രയിൻ യാത്ര തുടർന്നു. ബോഗിയിൽ പരിശോധന നടത്തിയെങ്കിലും പാമ്പിനെ കണ്ടെത്താനായില്ല. എന്നാൽ തങ്ങൾ പാമ്പിനെ കണ്ടുവെന്നാണ് യാത്രക്കാരുടെ മൊഴി.
പത്തനംതിട്ടയിൽ കെ എസ് ഇ ബി ഓവർസീയറെ ഓഫീസിൽ കയറി മർദിച്ചതിനു പൊലീസ് കേസെടുത്തു. കാറ്റും മഴയും മൂലം തടസപ്പെട്ട വൈദ്യുതി ബന്ധം രണ്ട് ദിവസം ആയിട്ടും പുന:സ്ഥാപിക്കാത്തതിന്‍റെ പേരിലായിരുന്നു മർദ്ദനം. പത്തനംതിട്ട വായ്പൂർ സെക്ഷൻ ഓഫീസിലെ ഓവർസീയർ വിൻസന്‍റ് രാജിനെയാണ് മർദിച്ചത്. ഫോൺ വിളിച്ചിട്ട് എടുക്കാത്തതുമാണ് പ്രകോപനത്തിനു കാരണമായത്. എഴുമറ്റൂർ സ്വദേശികളായ നാല് പേർക്ക് എതിരെ പെരുമ്പട്ടി പൊലീസാണ് കേസെടുത്തു.
ബിജെപി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ സെക്രട്ടേറിയറ്റിലെ ധന വകുപ്പ് സെക്ഷൻ ഓഫീസറായ കെഎൻ അശോക് കുമാറിനെ പ്രിസൈഡിംഗ് ഓഫീസറുടെ ചുമതലയിൽ നിന്ന് തെരഞ്ഞെടുപ്പ് കമ്മീഷൻ ഒഴിവാക്കി. തെരഞ്ഞെടുപ്പ് മാതൃകാ പെരുമാറ്റ ചട്ടം ചുമതലയുള്ള സബ് കളക്ടര്‍ ഡോ. അശ്വനി ശ്രീനിവാസാണ് നടപടി എടുത്തത്. കേരള സെക്രട്ടേറിയറ്റ് എംപ്ലോയീസ് അസോസിയേഷൻ സെക്രട്ടറി എന്ന നിലയിൽ കണ്ണാടി എന്ന പേരിലിറക്കിയ ലഘുലേഖയിൽ രാഷ്ട്രീയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് ബിജെപി പരാതി നൽകിയത്. എന്നാൽ തെരഞ്ഞെടുപ്പ് പെരുമാറ്റ ചട്ടം നിലവിൽ വരുന്നതിന് മുൻപുള്ള ലേഖനമെന്ന് വാദിച്ചെങ്കിലും തെരഞ്ഞെടുപ്പ് കമ്മീഷൻ ഇത് അംഗീകരിക്കാതെ നടപടിയെടുക്കുകയായിരുന്നു.
ഉയര്‍ന്ന താപനില മുന്നറിയിപ്പ് നൽകി കാലാവസ്ഥ വിഭാഗം. ഈ മാസം 17 വരെ തൃശൂർ, പാലക്കാട് ജില്ലകളിൽ ഉയർന്ന താപനില 39 ഡിഗ്രി സെൽഷ്യസ് വരെയും കൊല്ലം, കോഴിക്കോട്, കണ്ണൂർ ജില്ലകളിൽ 38 ഡിഗ്രി സെൽഷ്യസ് വരെയും പത്തനംതിട്ട, കാസർകോഡ് ജില്ലകളിൽ 37 ഡിഗ്രി സെൽഷ്യസ് വരെയും ആലപ്പുഴ, കോട്ടയം, എറണാകുളം, മലപ്പുറം ജില്ലകളിൽ 36 ഡിഗ്രി സെൽഷ്യസ് വരെയും ഉയരാൻ സാധ്യതയുണ്ടെന്നു കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
കൊയ്ത് കഴിഞ്ഞ് പാടത്ത് കൂട്ടിയിട്ട നെല്ല് സാമൂഹ്യവിരുദ്ധർ വെള്ളം കയറ്റി മുക്കി. എടത്വ കൃഷിഭവൻ പരിധിയിൽ വരുന്ന എടത്വ നെടുമ്മാലി പാടത്ത് കൊയ്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട നെല്ലാണ് തൂമ്പ് തുറന്നുവിട്ട് വെള്ളം കയറ്റി മുക്കിയത്. കർഷകരായ പഴമാലി ബിന്നി, പറത്തറ ജോസി എന്നിവരുടെ നെല്ലാണ് വെള്ളത്തിലായത്. വെള്ളിയാഴ്ച കൊയ്ത്ത് കഴിഞ്ഞ് വയലിൽ കൂട്ടിയിട്ട് മടങ്ങിയ കർഷകർ ഇന്നലെ രാവിലെ പാടത്ത് എത്തിയപ്പോഴാണ് നെല്ല് വെള്ളത്തിൽ മുങ്ങിയതായി ശ്രദ്ധയിൽ പെട്ടത്. കർഷകർ കൃഷി ഓഫീസറെ അറിയിച്ചു തുടർന്ന് പൊലീസിൽ പരാതി നൽകാൻ ഒരുങ്ങുകയാണ് കർഷകർ.
പാലക്കാട് സുഹൃത്തിന്റെ മ്യതദേഹം കാണാൻ യുവാക്കൾ മോർച്ചറിയിൽ അതിക്രമിച്ചു കയറി. കൽമണ്ഡപം സ്വദേശി അജിത്, കരിങ്കരപ്പുള്ളി സ്വദേശി ശ്രീജിത് എന്നിവരാണ് ജില്ലാ ആശുപത്രിയുടെ മോർച്ചറിയിൽ അതിക്രമിച്ചു കയറിയത്. ആശുപത്രി അധികൃതരുടെ പരാതിയിൽ പോലീസ് കേസെടുത്തു. ഇവരുടെ സുഹൃത്ത് വലിയപാടം സ്വദേശി രാജേന്ദ്, ബൈക്ക് ഉന്തികൊണ്ടു പോകുന്നതിനിടെ ബസിടിച്ചു മരിച്ചിരുന്നു. രാത്രിയിൽ മോർച്ചറിയിൽ മൃതദേഹം കാണിച്ചു നൽകാറില്ല. മൃതദേഹം കാണണമെന്ന് തർക്കിച്ചാണ് യുവാക്കൾ മോർച്ചറിയുടെ ചില്ലു വാതിൽ തകർത്ത് അകത്ത് കയറിയത്.
വണ്ടൂരിൽ ബസിന്റെ പിൻചക്രം കയറി ഇറങ്ങി സ്കൂട്ടർ യാത്രക്കാരിയായ യുവതിക്ക് ദാരുണാന്ത്യം. മലപ്പുറം നടുവത്തു സ്വദേശി ഹുദയാണ് മരിച്ചത്. ഓട്ടോറിക്ഷയെ മറികടക്കാൻ ശ്രമിച്ച കാര്‍ സ്കൂട്ടറിൽ ഇടിച്ചതിനെ തുടര്‍ന്നാണ് അപകടം ഉണ്ടായത്. സ്കൂട്ടര്‍ നിയന്ത്രണം വിട്ട് മറിഞ്ഞ് വാഹനം ഓടിച്ചിരുന്ന സ്ത്രീക്കും ഒപ്പമുണ്ടായിരുന്ന കുട്ടിക്കുമൊപ്പം യുവതിയും റോഡിൽ വീഴുകയായിരുന്നു.
പാലക്കാട് നെല്ലിയാമ്പതി കൂനം പാലത്തിന് സമീപം പുലിയെ ചത്ത നിലയിൽ കണ്ടെത്തി. നെല്ലിയാമ്പതി മണലാരു എസ്റ്റേറ്റ് റോഡിലാണ് പുലിയുടെ ജഢം കണ്ടെത്തിയത്. തേയില തോട്ടത്തിലെ തൊഴിലാളികളുടെ പാടിക്ക് സമീപമുള്ള പാതയാണിത്. പുലർച്ചെ 5.30ന് പാൽ വിൽപ്പനക്കാരനാണ് പുലി പാതയിൽ കിടക്കുന്നതായി കണ്ടത്.
പട്ടാമ്പിയിൽ സ്ത്രീയെ തീ കൊളുത്തി കൊന്ന സംഭവത്തിൽ കൊല്ലപ്പെട്ട പ്രിവിയയെ നേരത്തെ കൊലയാളി സന്തോഷ് മാസങ്ങൾക്കു മുൻപേ ഭീഷണിപ്പെടുത്തിയിരുന്നതായി മാതാപിതാക്കൾ പോലീസിന് മൊഴി നൽകി. വിവാഹത്തിൽ നിന്ന് പിന്തിരിയണം എന്ന് സന്തോഷ് പ്രിവിയയോട് ആവശ്യപ്പെട്ടിരുന്നുവെന്നും അവർ പറഞ്ഞു. പ്രതിശ്രുത വരനെ വിഷു ദിനത്തിൽ കാണാൻ പോകുന്നതിനിടെയായിരുന്നു ആക്രമണം.
രാജസ്ഥാനിലെ ബിക്കാനീറിൽ നടന്ന ഒരു പരിപാടിയിൽ സംസാരിക്കവെ ഡിജിറ്റൽ ഇടപാടുകളിൽ ഇന്ത്യയുടെ മുന്നേറ്റം എടുത്തുപറഞ്ഞ് വിദേശകാര്യമന്ത്രി എസ് ജയശങ്കർ. ഇന്ത്യ പ്രതിമാസം 120 കോടി രൂപയുടെ ഇടപാടുകൾ നടത്തുമ്പോൾ യുണൈറ്റഡ് സ്റ്റേറ്റ്സ് ഒരു വർഷത്തിൽ 40 കോടി രൂപയുടെ ഇടപാടുകൾ മാത്രമാണ് നടത്തുന്നുവെന്ന് മന്ത്രി പറഞ്ഞു. പണരഹിത പേയ്‌മെൻ്റുകൾക്കായി യുപിഐയുടെ വരവോടെ ഇന്ത്യയുടെ പ്രതിമാസ ഇടപാട് 120 കോടി രൂപയിലെത്തിയെന്നും അദ്ദേഹം പറഞ്ഞു.
തെരഞ്ഞെടുപ്പ് കമ്മീഷൻ നിശ്ചയിച്ച സമയപരിധിക്ക് ശേഷം പ്രചാരണം അനുവദിക്കില്ലെന്ന് പൊലീസ് കടുത്ത നിലപാടെടുത്തതോടെ കെ അണ്ണമലയും കോയമ്പത്തൂർ പൊലീസും തമ്മിൽ തർക്കം. രാത്രി പത്ത് മണിക്ക് ശേഷമുള്ള പ്രചാരണം മാനദണ്ഡങ്ങൾക്ക് എതിരാണെന്ന് വ്യക്തമാക്കി പുതൂർ നിന്നും ഒണ്ടിപുതൂരിലേക്ക് തെരഞ്ഞെടുപ്പ് പ്രചാരണത്തിനെത്തിയ അണ്ണാമലൈയെയും സംഘത്തേയും പൊലീസ് സംഘം തടയുകയായിരുന്നു. ഇതോടെ ബിജെപി പ്രവർത്തകർ പ്രതിഷേധിക്കുകയും പൊലീസുമായി വാക്കേറ്റത്തിൽ ഏർപ്പെടുകയുമായിരുന്നു. ഇതിന് ശേഷവും അനുമതി ലഭിക്കാതെ വന്നതോടെ അണ്ണാമലെ പ്രചാരണ വാഹനത്തിൽ നിന്ന് ഇറങ്ങുകയും പൊലീസ് ഉദ്യോഗസ്ഥരോടെ തർക്കിക്കുകയും ചെയ്തു. തുടന്ന് തെരഞ്ഞെടുപ്പ് ഫ്ലെയിംഗ് സ്ക്വാഡിന് ലഭിച്ച പരാതി അനുസരിച്ച് സുളൂർ പൊലീസ് അണ്ണാമലൈയ്ക്കും മറ്റ് 300 പേർക്കുമെതിരെ കേസ് എടുത്തു.
2014 ലെയും 2019 ലെയും സാഹചര്യം ഇത്തവണ ഇല്ലെന്നും, എത്ര സീറ്റ് കിട്ടും എന്ന് പറയുന്നില്ല ഫലം വിസ്മയിപ്പിക്കുന്നതായിരിക്കുമെന്നും അശോക് ഗെലോട്ട്. കോൺഗ്രസ് പ്രകടനപത്രികയിൽ മുസ്ലിം ലീഗ് സ്വാധീനം എന്ന ആരോപണം തന്നെ മോദിയുടെ പരാജയ ഭീതിയുടെ തെളിവാണെന്നും, ബിജെപി മുന്‍പ് നൽകിയ വാഗ്‍ദാനങ്ങളെല്ലാം വാഗ്‍ദാനങ്ങളായി തന്നെ അവശേഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
കർണാടകയിലെ വനിതാ ശിശുക്ഷേമ മന്ത്രി ലക്ഷ്മി ഹെബ്ബാൾക്കറിനെതിരെ വിവാദ പരാമർശവുമായി കർണാടകയിലെ മുൻ ബിജെപി എംഎൽഎ സഞ്ജയ് പാട്ടീൽ. ലക്ഷ്മി ഹെബ്ബാൾക്കറുടെ മകൻ മൃണാൾ ബെലഗാവി മണ്ഡലത്തിൽ നിന്നാണ് ലോക്‌സഭാ തെരഞ്ഞെടുപ്പിൽ മത്സരിക്കുന്നത്. ബെലഗാവിയിൽ ബിജെപിക്ക് സ്ത്രീകളുടെ പിന്തുണ വർദ്ധിക്കുന്നത് കണ്ട് ഹെബ്ബാൾക്കറിന് ഉറക്കം വരില്ലെന്നും. രമേഷ് ജാർക്കിഹോളി അവിടെ പ്രചാരണം നടത്തുന്നത് കാണാനും അവർക്ക് ബുദ്ധിമുട്ടായിരിക്കും. അവർക്ക് രാത്രി ഉറക്കം ലഭിക്കാൻ ഉറക്ക ഗുളികയോ മറ്റും വേണമെന്നും പാട്ടീൽ യോഗത്തിൽ പറഞ്ഞിരുന്നു.
ഇറാൻ പിടിച്ചെടുത്ത എം.എസ്.സി. ഏരീസ് കപ്പലിലുള്ള ഇന്ത്യൻ ജീവനക്കാരെ കാണാൻ ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് വൈകാതെ അനുമതി നൽകും. വിദേശകാര്യമന്ത്രി എസ്. ജയ്ശങ്കർ ഇറാൻ അധികൃതരുമായി ഫോണിൽ സംസാരിച്ചതിന് പിന്നാലെയാണ് ഇന്ത്യൻ ഉദ്യോഗസ്ഥർക്ക് ജീവനക്കാരെ കാണാൻ അവസരമൊരുക്കുമെന്ന് ഇറാൻ അറിയിച്ചത്.
ഇറാന്‍ സൈന്യം പിടിച്ചെടുത്ത എംഎസ്‌സി ഏരീസ് കപ്പലില്‍ മലയാളി യുവതിയും. തൃശൂര്‍ വെളുത്തൂര്‍ സ്വദേശി ആന്‍റസ ജോസഫാണ് കപ്പലിലുള്ള നാലാമത്തെ മലയാളി. ട്രൈനിങ്ങിന്‍റെ ഭാഗമായി ഒമ്പതുമാസമായി ജോലി ചെയ്തുവരികയായിരുന്നു ആന്‍റസ.
ഇറാന്‍റെ മിസൈൽ ആക്രമണത്തിന് സമയമാകുമ്പോൾ പകരം ചോദിക്കുമെന്ന് ഇസ്രായേൽ മന്ത്രി ബെന്നി ഗാന്‍റ്സ്. ഇസ്രയേൽ ഒറ്റയ്ക്കല്ലെന്ന് അമേരിക്കയും വ്യക്തമാക്കി. ഇറാനുമേൽ സാധ്യമായ എല്ലാ ഉപരോധങ്ങളും ഏർപ്പെടുത്തണമെന്ന് രക്ഷാസമിതിയിൽ ഇസ്രായേൽ പ്രതിനിധി ഗിലാദ് എർദാൻ ആവശ്യപ്പെട്ടു. എന്നാൽ സ്വയം പ്രതിരോധത്തിന്‍റെ ഭാഗമായിരുന്നു ആക്രമണമെന്ന് ഇറാന്‍റെ പ്രതിനിധി ഐക്യരാഷ്ട്രസഭയിൽ പറഞ്ഞു. അതോടൊപ്പം ഇറാൻ ഇസ്രയേൽ സംഘർഷ സാഹചര്യം ചർച്ച ചെയ്യാൻ അമേരിക്കൻ പ്രസിഡന്‍റ് ജോ ബൈഡൻ ജി 7 രാജ്യ തലവൻന്മാരുടെ യോഗം വിളിച്ചു ചേർത്തു. മേഖലയിലെ സ്ഥിതി ശാന്തമാക്കുന്നതിനും സംഘർഷം രൂക്ഷമാകാതിരിക്കാനുമുള്ള കൂട്ടായ നടപടികൾ തുടരുമെന്ന് ജോ ബൈഡൻ പ്രതികരിച്ചു.