നിക്ഷേപകരുടെ ഇരുന്നൂറോളം കോടി രൂപ എവിടെപ്പോയെന്ന് അറിയില്ലെന്ന് സേഫ് ആന്‍ഡ് സ്‌ട്രോംഗ് ധനകാര്യ സ്ഥാപനത്തിന്റെ ഉടമ പ്രവീണ്‍ റാണ. വ്യാപാര പങ്കാളിയായ ഷൗക്കത്തിന് നല്‍കിയ 16 കോടി രൂപയും അര ഏക്കര്‍ സ്ഥലവുമാണ് ശേഷിക്കുന്നത്. പണമെല്ലാം ചെലവായിപ്പോയെന്നാണ് പ്രവീണിന്റെ മൊഴി. ഒളിവില്‍ കഴിയാന്‍ വിവാഹമോതിരം കോയമ്പത്തൂരില്‍ 75,000 രൂപയ്ക്കു. പാറമടയില്‍ കാവി വസ്ത്രമണിഞ്ഞാണ് ഇയാള്‍ കഴിഞ്ഞത്. അന്യസംസ്ഥാന തൊഴിലാളിയുടെ ഫോണില്‍നിന്ന് വീട്ടിലേക്കു വിളച്ചതോടെയാണ് പോലീസ് പാറമടയിലെത്തി പിടികൂടിയത്. പ്രവീണിനു ബിനാമി നിക്ഷേപങ്ങള്‍ ഉണ്ടോയെന്നു പരിശോധിക്കുന്നുണ്ട്.
പച്ചമുട്ട ചേര്‍ത്ത മയൊണൈസ് നിരോധിച്ചു. പാസ്റ്റണേസ് മുട്ട ഉപയോഗിക്കാം. വെജിറ്റബിള്‍ മയൊണൈസും ഉപയോഗിക്കാം. ഭക്ഷണം പാകം ചെയ്യുന്നവര്‍ക്കും വിതരണക്കാര്‍ക്കും ഹെല്‍ത്ത് കാര്‍ഡ് വേണം. ഓരോ സ്ഥാപനത്തിലും ഫുഡ് സേഫ്റ്റി സൂപ്പര്‍വൈസര്‍ ഉണ്ടാകണം. പാഴ്‌സലുകളില്‍ സമയം രേഖപ്പെടുത്തുകയും സ്റ്റിക്കര്‍ വേണമെന്നും ആരോഗ്യമന്ത്രി വീണ ജോര്‍ജ് പറഞ്ഞു. പച്ചമുട്ട ചേര്‍ത്ത് മയണൈസ് തയാറാക്കില്ലെന്ന് കഴിഞ്ഞ ദിവസം ബേക്കറി, ഹോട്ടല്‍ ഉടമകളുടെ യോഗം തീരുമാനിച്ചിരുന്നു.
ഫെബ്രുവരിയില്‍ സംസ്ഥാനത്ത് സര്‍വകലാശാലകളില്‍ തൊഴില്‍ മേളകള്‍ സംഘടിപ്പിക്കുമെന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പ് മന്ത്രി ഡോ. ആര്‍. ബിന്ദു. കലാലയങ്ങളിലെ കരിയര്‍ ഗൈഡന്‍സ്, പ്ലേസ്‌മെന്റ് സെല്ലുകളുടെ പ്രവര്‍ത്തനം ശക്തിപ്പെടുത്തുമെന്നും മന്ത്രി പറഞ്ഞു. ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ പ്ലേസ്‌മെന്റ് ഓഫിസര്‍മാര്‍ക്കായി സംഘടിപ്പിച്ച ഏകദിന പരിശീലന പരിപാടി ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി.
ഒരു സമുദായ നേതാവിനെയും അപ്പോയിന്റ്‌മെന്റ് എടുത്ത് കണ്ടതല്ലെന്നു ശശി തരൂര്‍ എംപി. കാണണമെന്ന് ആവശ്യപ്പെട്ടപ്പോള്‍ കണ്ടതാണ്. മുഖ്യമന്ത്രി സ്ഥാനാര്‍ത്ഥി ചര്‍ച്ച ഇപ്പോള്‍ തുടങ്ങുന്നതില്‍ പ്രസക്തിയില്ല. കേരളം കര്‍മഭൂമിയാണെന്നും തരൂര്‍ പറഞ്ഞു.
കലോത്സവത്തിലെ സ്വാഗത ഗാന വിവാദം തലയില്‍ കെട്ടും തോക്കുമായി അവതരിപ്പിച്ചു എന്നതിന്റെ പേരിലാണെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. താലിബാന്റേയും ഐഎസിന്റെയും ആളുകളാണ് തലയില്‍ കെട്ടുമായി നടക്കുന്നത്. കേരളത്തിലെ മുസ്ലിങ്ങളെയല്ല ഇങ്ങനെ അവതരിപ്പിച്ചത്. താലിബാന്റേയും ഐഎസിന്റേയും വക്താക്കളായിട്ടാണോ മന്ത്രി മുഹമ്മദ് റിയാസും മുസ്ലിം ലീഗും സംസാരിക്കുന്നതെന്നും അദ്ദേഹം ചോദിച്ചു.
കളമശ്ശേരിയില്‍ 500 കിലോ പഴകിയ മാംസം പിടികൂടി. കൈപ്പട മുകളിലെ വീട്ടില്‍ നിന്നാണ് ഹോട്ടലുകളിലേക്കു ഷവര്‍മ തയാറാക്കി വിതരണം ചെയ്യാന്‍ സൂക്ഷിച്ച ഇറച്ചി പിടികൂടിയത്. തമിഴ്‌നാട്ടില്‍നിന്നാണ് അഴുകിയ ഇറച്ചി കൊണ്ടുവന്നതെന്നാണ് പരിശോധന നടത്തിയ കളമശ്ശേരി നഗരസഭ ആരോഗ്യ വിഭാഗം ഉദ്യോഗസ്ഥര്‍ പറയുന്നു.
യുപിഎ സര്‍ക്കാര്‍ കേരളത്തിനു നല്‍കിയതിനേക്കാള്‍ കൂടുതല്‍ പണം മോദി സര്‍ക്കാര്‍ നല്‍കുന്നുണ്ടെന്ന് ബിജെപി നേതാവ് പ്രകാശ് ജാവ്‌ദേക്കര്‍. യുപിഎ 32 ശതമാനമായിരുന്നു സഹായം നല്‍കിയിരുന്നതെങ്കില്‍ ഇപ്പോള്‍ ജിഎസ്ടി ഏര്‍പ്പെടുത്തിയശേഷം 42 ശതമാനം നല്‍കുന്നുണ്ട്. ജാവ്‌ദേക്കര്‍ പറഞ്ഞു.
മൂന്നാറില്‍ താപനില പൂജ്യത്തിനു താഴെ. ഇന്നലെയും പൂജ്യത്തിനു താഴെയായിരുന്നു. സൈലന്റ് വാലി ഗൂഡാര്‍വിള, ചെണ്ടുവര, വട്ടവട തുടങ്ങിയ സ്ഥലങ്ങളിലാണ് അതിശൈത്യമുള്ളത്.
ശബരിമല തീര്‍ഥാടകവുമായി വന്ന ബസ് കോഴിക്കോട് ഫറോക്ക് പഴയ പാലത്തിന്റെ കമാനത്തില്‍ ഇടിച്ചു തകര്‍ന്നു. കര്‍ണാടകയില്‍നിന്നുള്ള തീര്‍ത്ഥാടകരുടെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. ബസിന്റെ മുകള്‍ഭാഗം പൂര്‍ണമായി തകര്‍ന്നു. 30 തീര്‍ത്ഥാടകര്‍ വാഹനത്തിലുണ്ടായിരുന്നു.
കരിപ്പൂര്‍ വിമാനത്താവളത്തിലൂടെ കടത്താന്‍ ശ്രമിച്ച 2.55 കോടി രൂപയുടെ സ്വര്‍ണം കസ്റ്റംസ് പിടികൂടി. 4.65 കിലോ വരുന്ന സ്വര്‍ണ്ണവുമായി കാപ്പാട് സ്വദേശിയായ ഇസ്മയില്‍, അരിമ്പ്ര സ്വദേശിയായ അബ്ദു റൗഫ് എന്നിവരാണ് പിടിയിലായത്. എയര്‍ കാര്‍ഗോ കോംപ്ലക്‌സ് വഴി റൈസ് കുക്കര്‍, എയര്‍ ഫ്രൈയര്‍, ജ്യൂസ് മേക്കര്‍ എന്നിവയിലൂടെയാണു സ്വര്‍ണം കടത്താന്‍ ശ്രമിച്ചത്.
തനിച്ചു താമസിക്കുന്ന വയോധികയുടെ പന്ത്രണ്ടര സെന്റ് ഭൂമിയും 17 പവന്‍ സ്വര്‍ണവും രണ്ടുലക്ഷം രൂപയും തട്ടിയെടുത്തതിന് നെയ്യാറ്റിന്‍കര നഗരസഭയിലെ സിപിഎം കൗണ്‍സിലര്‍ക്കും ഭാര്യയ്ക്കുമെതിരെ കേസ്. തവരവിള വാര്‍ഡ് കൗണ്‍സിലര്‍ സുജിനും ഭാര്യ ഗീതുവിനും എതിരെയാണ് പരാതി. മാരായമുട്ടം പോലീസ് ഇരുവര്‍ക്കുമെതിരെ കേസെടുത്തു.
കരുനാഗപ്പള്ളിയിലെ ലഹരി കടത്ത് കേസില്‍ പ്രതികള്‍ക്കു ജാമ്യം. ആലപ്പുഴ സ്വദേശികളായ ഇജാസ്, സജാദ് കരുനാഗപ്പള്ളി സ്വദേശികളായ ഷമീര്‍, തൗസീം എന്നിവരെയാണ് കരുനാഗപ്പള്ളി ഒന്നാം ക്ലാസ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് കോടതി ജാമ്യത്തില്‍ വിട്ടത്.
കൊച്ചിയില്‍ കൊടി തോരണം കഴുത്തില്‍ കുടുങ്ങി ബൈക്ക് യാത്രക്കാരന് പരിക്ക്. കൊച്ചി താലൂക്ക് ഓഫിസിലെ ജീവനക്കാരന്‍ സിബുവിനാണ് പരിക്കേറ്റത്. കൊച്ചിന്‍ കാര്‍ണിവലിന്റെ തോരണം കഴുത്തില്‍ കുടുങ്ങുകയായിരുന്നു.
ഇരുചക്ര വാഹനങ്ങള്‍ മോഷ്ടിച്ച കേസില്‍ തണ്ടേക്കാട് കിഴക്കന്‍ വീട്ടില്‍ മുഹമ്മദ് റിസ്വാന്‍ (33) പെരുമ്പാവൂര്‍ പൊലീസിന്റെ പിടിയിലായി.
സര്‍ക്കാര്‍ ചെലവില്‍ പത്രങ്ങളില്‍ പാര്‍ട്ടി പരസ്യം നല്‍കിയതിന് ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാള്‍ 164 കോടി രൂപ തിരിച്ചടയ്ക്കണമെന്നു നോട്ടീസ്. ഗവര്‍ണറുടെ നിര്‍ദേശം അനുസരിച്ച് ഡയറക്ടറേറ്റ് ഓഫ് ഇന്‍ഫര്‍മേഷന്‍ ആന്‍ഡ് പബ്ലിസിറ്റി ആണ് നോട്ടീസ് നല്‍കിയത്. 10 ദിവസത്തിനകം തുക അടയ്ക്കണം.
സ്വാമി വിവേകാനന്ദന്റെ 160 ാം ജന്മവാര്‍ഷികത്തില്‍ യുവജനദിനാശംസകളുമായി പ്രധാനമന്ത്രി നരേന്ദ്ര മോദിയും രാഷ്ട്രപതി ദ്രൗപതി മുര്‍മുവും. സ്വാമി വിവേകാനന്ദന്റെ ഉപദേശങ്ങള്‍ വലിയ നേട്ടങ്ങള്‍ കൈവരിക്കുന്നതില്‍ യുവജനങ്ങളെ പ്രചോദിപ്പിക്കുമെന്ന് പ്രസിഡന്റ് ദ്രൗപതി മുര്‍മു പറഞ്ഞു.