ജുഡീഷ്യല്‍ സര്‍വീസിലെ വിവിധ തസ്തികളുടെ പേരുകള്‍ മാറ്റാന്‍ സംസ്ഥാന മന്ത്രിസഭ തീരുമാനിച്ചു. മുന്‍സിഫ് മജിസ്‌ട്രേറ്റ്, സബ് ജഡ്ജ്, ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികകളുടെ പേരാണ് മാറ്റുന്നത്. മുന്‍സിഫ് മജിസ്‌ട്രേറ്റിന്റെ പേര് സിവില്‍ ജഡ്ജ് (ജൂനിയര്‍ ഡിവിഷന്‍) എന്നും സബ് ജഡ്ജ്, ചീഫ് ജുഡിഷ്യല്‍ മജിസ്‌ട്രേറ്റ് എന്നീ തസ്തികളുടെ പേര് സിവില്‍ ജഡ്ജ് (സീനിയര്‍ ഡിവിഷന്‍) എന്നുമാണ് മാറ്റുന്നത്. ജുഡീഷ്യല്‍ തസ്തികകളുടെ പേര് ഏകീകരിക്കണമെന്ന് സുപ്രീം കോടതി നിര്‍ദേശിച്ചിരുന്നു. ഇതിനായി 1991 ലെ കേരള ജുഡീഷ്യല്‍ സര്‍വീസ് ചട്ടങ്ങള്‍ ഭേദഗതി ചെയ്യും.
തിരുവനന്തപുരം മെഡിക്കല്‍ കോളേജിലെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് ഡോ. റുവൈസ് കസ്റ്റഡിയില്‍. ഒളിവിലായിരുന്ന ഡോ. റുവൈസിനെ കൊല്ലം കരുനാഗപ്പള്ളിയിലെ ബന്ധുവീട്ടില്‍നിന്നാണ് തിരുവനന്തപുരം മെഡിക്കല്‍ കോളേജ് പൊലീസ് കസ്റ്റഡിയിലെടുത്തത്. ഇയാളുടെ മൊബൈല്‍ ഫോണ്‍ കസ്റ്റഡിയിലെടുത്തു. ഡിലീറ്റ് ചെയ്ത ചാറ്റുകള്‍ വീണ്ടെടുക്കാന്‍ നടപടി ആരംഭിച്ചു. മുന്‍കൂര്‍ ജാമ്യത്തിനായി ശ്രമിക്കുന്നതിനിടെയാണ് അറസ്റ്റ്.
അക്ഷരം കൂട്ടി വായിക്കാന്‍ അറിയാത്തവര്‍ക്ക് എ പ്ലസ് നല്‍കരുതെന്ന വിമര്‍ശനം വ്യക്തിപരമായ അഭിപ്രായമെന്ന് പൊതു വിദ്യാഭ്യാസ ഡയറക്ടര്‍ എസ് ഷാനവാസ്. സര്‍ക്കാരിന്റെ നയമോ അഭിപ്രായമോ അല്ല. ചോദ്യ പേപ്പര്‍ തയ്യാറാക്കാനുള്ള യോഗത്തില്‍ ചര്‍ച്ചക്കായി പറഞ്ഞ അഭിപ്രായമാണത്. സര്‍ക്കാര്‍ നയത്തെയോ മൂല്യ നിര്‍ണ്ണായ രീതിയേയോ തരം താഴ്ത്താന്‍ ഉദ്ദേശിച്ചിട്ടില്ലെന്നും അദ്ദേഹം മന്ത്രിക്കു നല്‍കിയ വിശദീകരണത്തില്‍ വ്യക്തമാക്കി.
നവകേരള സദസിലൂടെ മൂന്നു ലക്ഷത്തിലേറെ പരാതികള്‍ ലഭിച്ചെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. 3,00 ,571 പേരാണ് നിവേദനങ്ങളുമായെത്തിയത്. ഇത്രയധികം നിവേദനങ്ങള്‍ അതിവേഗം പരിശോധിച്ച് നടപടിയെടുക്കുന്നത് വലിയ വെല്ലുവിളിയാണ്. എന്നാല്‍ വാഗ്ദാനം ചെയ്ത സമയത്തിനുള്ളില്‍ പരിഹാരമാക്കാന്‍ സര്‍ക്കാര്‍ സംവിധാനങ്ങള്‍ എണ്ണയിട്ട യന്ത്രം പോലെ പ്രവര്‍ത്തിച്ചു വരികയാണെന്നും അദ്ദേഹം പറഞ്ഞു.
സ്ത്രീധനം തന്നാലേ വിവാഹം കഴിക്കൂവെന്നു പറയുന്നവരോട് ‘താന്‍ പോടോ’ എന്നു പറയാന്‍ പെണ്‍കുട്ടികള്‍ക്കു കഴിയണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. തിരുവനന്തപുരത്തെ യുവ ഡോക്ടര്‍ ഷഹന ആത്മഹത്യ ചെയ്ത സംഭവത്തോടു പ്രതികരിക്കുകയായിരുന്നു അദ്ദേഹം.
കൊച്ചി മെട്രോയുടെ എസ്എന്‍ ജംഗ്ഷന്‍ മുതല്‍ തൃപ്പൂണിത്തുറ വരെയുള്ള പരീക്ഷണ ഓട്ടം ഇന്നു മുതല്‍. കൊച്ചി മെട്രോയുടെ ഒന്നാം ഘട്ടത്തിലെ അവസാന സ്റ്റേഷനാണ് തൃപ്പൂണിത്തുറ.
നവകേരള സദസിനായി പണം അനുവദിക്കാന്‍ പഞ്ചായത്ത് സെക്രട്ടറിമാരോട് അഭ്യര്‍ത്ഥിച്ചുള്ള സര്‍ക്കാരിന്റെ ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ടുള്ള ഹര്‍ജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും.
താമരശേരി ചുരത്തില്‍ കടുവ. ഒന്‍പതാം വളവിനു താഴെ പുലര്‍ച്ചെ രണ്ടു മണിയോടെയാണ് കടുവയെ കണ്ടത്. കടുവയെ കണ്ട ലോറി ഡ്രൈവര്‍ വിവരം പോലീസില്‍ അറിയിച്ചു.
വിവാഹസദ്യയില്‍നിന്നു ഭക്ഷ്യവിഷബാധയേറ്റ അതിഥിക്ക് കാറ്ററിംഗ് സ്ഥാപനം 40,000 രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് വിധിച്ച് എറണാകുളം ജില്ലാ ഉപഭോക്തൃ തര്‍ക്ക പരിഹാര കോടതി. ഭക്ഷ്യ വിഷബാധയേറ്റ എക്‌സൈസ് ഉദ്യോഗസ്ഥനായ കൂത്താട്ടുകുളം സ്വദേശി വി. ഉന്‍മേഷിനാണ് നഷ്ടപരിഹാരം നല്‍കണമെന്ന് കോടതി വിധിച്ചത്.
കോഴിക്കോട് ലോ കോളജിലെ സംഘര്‍ഷത്തില്‍ ആറ് എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ക്കെതിരേ പോലീസ് കേസെടുത്തു. കെഎസ്‌യു പ്രവര്‍ത്തകനെ മര്‍ദിച്ചതിനാണ് ചേവായൂര്‍ പൊലീസ് കേസെടുത്തത്.
ശബരിമല കീഴ്ശാന്തിയുടെ സഹായി കുഴഞ്ഞുവീണു മരിച്ചു. തമിഴ്‌നാട് കുംഭകോണം സ്വദേശി രാംകുമാര്‍ (43) ആണ് മരിച്ചത്. രാവിലെ മുറിയില്‍ കുഴഞ്ഞു വീണ നിലയില്‍ കണ്ടെത്തുകയായിരുന്നു. ഇതേത്തുടര്‍ന്ന് നട തുറക്കാന്‍ 20 മിനിറ്റു വൈകി.
പഠിപ്പുമുടക്കിനിടെ എസ്എഫ്‌ഐ പ്രവര്‍ത്തകര്‍ അധ്യാപകനെ മര്‍ദിച്ചെന്ന പരാതിയില്‍ 11 പേര്‍ക്കെതിരേ കേസ്. എടവണ്ണ ഇസ്ലാഹിയ ഓറിയന്റല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലെ അധ്യാപകന്‍ എ പി ജൗഹറിനാണ് മര്‍ദനമേറ്റത്.
സ്‌കൂളിലെ മൂന്നു പേര്‍ക്കെതിരെയും കണ്ടാലറിയാവുന്ന എട്ട് പേര്‍ക്കെതിരെയുമാണു കേസെടുത്തത്.
തിരുവല്ലയില്‍ ശുചിമുറിയില്‍ പ്രസവിച്ച കുഞ്ഞിനെ കൊലപ്പെടുത്തിയ അമ്മയെ പൊലീസ് അറസ്റ്റു ചെയ്തു. പത്തനംതിട്ട വെട്ടിപ്പുറം സ്വദേശി നീതു എന്ന ഇരുപതുകാരിയാണ് അറസ്റ്റിലായത്.
വയനാട്ടില്‍ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ച് വീട് തകര്‍ന്നു. കല്‍പ്പറ്റ വെണ്ണിയോട് കല്ലട്ടിയില്‍ ഇന്ന് രാവിലെയാണ് സംഭവം. കല്ലട്ടിയിലെ കേളുക്കുട്ടിയുടെ വീട്ടിലാണ് ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചത്.
തെലങ്കാന മുഖ്യമന്ത്രിയായി എ. രേവന്ത് റെഡ്ഡി ഇന്നു സത്യപ്രതിജ്ഞ ചെയ്തു. ഹൈദരാബാദിലെ എല്‍.ബി. സ്റ്റേഡിയത്തിലെ സത്യപ്രതിജ്ഞാ ചടങ്ങില്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ എന്നിവര്‍ അടക്കമുള്ള നേതാക്കള്‍ പങ്കെടുത്തു.
ദളിത് നേതാവ് മല്ലു ഭട്ടി വിക്രമാര്‍ക്ക ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു.
അമേരിക്കയിലെ യൂണിവേഴ്‌സിറ്റ് കാമ്പസില്‍ 67 കാരനായ പ്രഫസര്‍ നടത്തിയ വെടിവയ്പ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. യൂണിവേഴ്‌സിറ്റി ഓഫ് നെവാഡ ലാസ് വേഗസ് ക്യാംപസിലാണ് വെടിവയ്പ്പുണ്ടായത്. വെടിവച്ച പ്രഫസറും കൊല്ലപ്പെട്ടു.
ഒഡീഷയില്‍ ആദായനികുതി വകുപ്പ് ഡിസ്റ്റിലറി ഉടമകളുടെ ഓഫീസുകളിലും വീടുകളിലും നടത്തിയ റെയ്ഡില്‍ 200 കോടി രൂപയുടെ കള്ളപ്പണം പിടിച്ചെടുത്തു. ആറു കേന്ദ്രങ്ങളില്‍ ഇന്നലെ തുടങ്ങിയ പരിശോധന ഇപ്പോഴും തുടരുകയാണ്. പ്രമുഖ മദ്യ നിര്‍മാണ സ്ഥാപനങ്ങളായ ശിവ് ഗംഗ ആന്റ് കമ്പനി, ബൗധ് ഡിസ്റ്റിലറി തുടങ്ങിയ സ്ഥലങ്ങളിലാണ് പരിശോധന.