മൈക്രോസോഫ്റ്റ് വീണ്ടും വലിയ കൂട്ടപിരിച്ചുവിടലിനൊരുങ്ങുന്നതായി റിപ്പോര്‍ട്ട്. 18 മാസത്തിനുള്ളില്‍ നാലാമത്തെ വലിയ കൂട്ടപിരിച്ചുവിടലാണ് ഇനി വരാനിരിക്കുന്നത്. മൈക്രോസോഫ്റ്റിന്റെ എക്സ്ബോക്സ് ഡിവിഷനെയാണ് ബാധിക്കുക എന്നാണ് പുറത്തു വരുന്ന റിപ്പോര്‍ട്ട്. വിഷയത്തില്‍ കമ്പനി ഇതുവരെ ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ലെങ്കിലും പിരിച്ചുവിടലിനെക്കുറിച്ചുള്ള ഔദ്യോഗിക പ്രഖ്യാപനം ജൂണ്‍ 30നകം പ്രതീക്ഷിക്കാമെന്നാണ് ബ്ലൂംബര്‍ഗ് റിപ്പോര്‍ട്ട് ചെയ്യുന്നത്. മൈക്രോസോഫ്റ്റിന്റെ ഗെയിമിങ് കണ്‍സോളുകള്‍, ഗെയിം ഡെവലപ്മെന്റ് സ്റ്റുഡിയോകള്‍, ഗെയിം പാസ് പോലുള്ള ഡിജിറ്റല്‍ സേവനങ്ങള്‍ കൈകാര്യം ചെയ്യുന്ന എക്സ്ബോക്സ് വിഭാഗത്തില്‍ കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ നിരവധി പിരിച്ചുവിടലുകള്‍ നടന്നിട്ടുണ്ട്. മേയ് പകുതിയോടെ കമ്പനി ആഗോളതലത്തില്‍ 6,000ത്തിലധികം തസ്തികകള്‍ വെട്ടിക്കുറച്ചിരുന്നു. എ.ഐ (നിര്‍മിത ബുദ്ധി) സാങ്കേതികവിദ്യയുടെ വര്‍ധിച്ച ഉപയോഗമാണ് ഈ തീരുമാനത്തിന്റെ പ്രധാന കാരണം. 2024 ജൂണില്‍ കമ്പനിക്ക് ഏകദേശം 228,000 ജോലിക്കാര്‍ ഉണ്ടായിരുന്നു. ഇതില്‍ 45,000 പേര് വില്‍പ്പന, മാര്‍ക്കറ്റിങ് വിഭാഗങ്ങളിലാണ് ജോലി ചെയ്യുന്നത്. എ.ഐയുടെ വ്യാപകമായ ഉപയോഗം ഈ ജോലികളെ വലിയ തോതില്‍ ബാധിക്കും. ഇതിന്റെ ഫലമായി ജോലിക്കാരുടെ എണ്ണത്തിലും കാര്യമായ കുറവുണ്ടാകും.
വീണ്ടും കൂട്ടപിരിച്ചുവിടലിന് മൈക്രോസോഫ്റ്റ്
