മുന്നറിയിപ്പുകള്‍ക്ക് പിന്നാലെ ഉപഭോക്താക്കള്‍ക്ക് വന്‍ തിരിച്ചടിയുമായി മൈക്രോസോഫ്റ്റ്. ഫ്രീയായി അപ്ഡേറ്റ് നല്കുന്ന സംവിധാനത്തിനാണ് ഇത്തവണ മൈക്രോസോഫ്റ്റ് പൂട്ടിട്ടിരിക്കുന്നത്. ഇതോടെ, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവ ഉപയോഗിക്കുന്ന ഉപഭോക്താക്കള്‍ക്ക് വിന്‍ഡോസ് 11-ലേക്ക് ഇനി മുതല്‍ ഫ്രീയായി അപ്ഗ്രേഡ് ചെയ്യാന്‍ കഴിയുകയില്ല. വിന്‍ഡോസ് 11 ആക്റ്റീവ് ചെയ്യുന്നതില്‍ നിന്ന് വിന്‍ഡോസ് 7, വിന്‍ഡോസ് 8 കീകള്‍ ബ്ലോക്ക് ചെയ്യാനുള്ള തീരുമാനം കഴിഞ്ഞ മാസമാണ് മൈക്രോസോഫ്റ്റ് പ്രഖ്യാപിച്ചത്. ഇതിന് പിന്നാലെയാണ് പുതിയ നീക്കം. കഴിഞ്ഞയാഴ്ച വരെ കീകള്‍ ഉപയോഗിച്ച് വിന്‍ഡോസ് 11 ആക്റ്റീവ് ചെയ്യാനുള്ള അവസരം ഉപഭോക്താക്കള്‍ക്ക് നല്‍കിയിരുന്നു. എന്നാല്‍, ഈ ആഴ്ച മുതല്‍ കീകള്‍ ഉപയോഗിക്കുന്നതിന് പൂര്‍ണ്ണമായും വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതേസമയം, വിന്‍ഡോസ് 7, വിന്‍ഡോസ് 8 എന്നിവയില്‍ നിന്ന് വിന്‍ഡോസ് 11-ലേക്ക് ഇതിനകം തന്നെ അപ്ഗ്രേഡ് ചെയ്തിട്ടുള്ളവരെയോ, ആക്ടിവേഷനായി പഴയ കീകള്‍ ഉപയോഗിച്ചവരെയോ പുതിയ തീരുമാനം ബാധിക്കുകയില്ലെന്ന് മൈക്രോസോഫ്റ്റ് വ്യക്തമാക്കിയിട്ടുണ്ട്. വിന്‍ഡോസ് 10-ല്‍ നിന്ന് 11 ലേക്ക് അപ്ഗ്രേഡ് ചെയ്യാന്‍ ശ്രമിക്കുന്നവര്‍ സിസ്റ്റത്തിലെ വിന്‍ഡോസ് അപ്ഡേറ്റിന്റെ നോട്ടിഫിക്കേഷനായി കാത്തിരിക്കേണ്ടതാണെന്ന് മൈക്രോസോഫ്റ്റ് അറിയിച്ചു.