ഇന്ത്യന്‍ വാഹന വിപണിയില്‍ കാണുന്ന പൊതുവായ മാന്ദ്യത്തിനിടയില്‍, വില കൂടിയ കാറുകളുടെ വില്‍പനയില്‍ ഗണ്യമായ വര്‍ധന. ജനുവരി മുതല്‍ സെപ്തംബര്‍ വരെയുള്ള കാലയളവില്‍ കാര്‍ വില്‍പന 13 ശതമാനം വര്‍ധിച്ചുവെന്ന് ജര്‍മന്‍ ആഡംബര കാര്‍ നിര്‍മാതാക്കളായ മെഴ്‌സിഡസ്-ബെന്‍സ് വെളിപ്പെടുത്തി. ഇതേ കാലയളവില്‍ ബി.എം.ഡബ്ല്യു കാറുകളുടെ വില്‍പനയില്‍ 10 ശതമാനം വര്‍ധനവ് രേഖപ്പെടുത്തി. ഈ വര്‍ഷത്തെ ഒന്‍പതു മാസം പിന്നിട്ടതിനിടയില്‍ 14,379 മെഴ്‌സിഡസ് ബെന്‍സ് കാറുകളാണ് വിറ്റത്. മുന്‍കാലങ്ങളില്‍ ഇത്തരമൊരു ഉണര്‍വ് ഉണ്ടായിട്ടില്ലെന്ന് കാര്‍ നിര്‍മാതാക്കള്‍ പറയുന്നു. കഴിഞ്ഞ വര്‍ഷം ഇതേ കാലയളവില്‍ വിറ്റതിനേക്കാള്‍ 21 ശതമാനം കാറുകള്‍ കൂടുതലായി വില്‍ക്കാന്‍ സാധിച്ചു. ബാറ്ററി ഇലക്ട്രിക് വെഹിക്കിള്‍ വില്‍പനയില്‍ വളര്‍ച്ച 84 ശതമാനമാണ്. ബി.എം.ഡബ്ല്യു ജനുവരി മുതല്‍ സെപ്തംബര്‍ വരെ ഇന്ത്യയില്‍ വിറ്റത് 10,556 കാറുകളാണ്. ആഡംബര കാറുകളുടെ വില്‍പന വര്‍ധിച്ചതിനിടയില്‍ ഇന്ത്യയില്‍ വാഹന വില്‍പന കഴിഞ്ഞ മാസം ഒന്‍പതു ശതമാനമാണ് ഇടിഞ്ഞത്.