പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന ഓര്‍മപ്പിശകിനെ ഭക്ഷണക്രമത്തിലൂടെ ഒഴിവാക്കാന്‍ സാധിക്കുമെന്ന് പഠനം. വാര്‍ദ്ധക്യത്തിലെ ഈ വൈജ്ഞാനിക തകര്‍ച്ച കാലക്രമേണയായി തലച്ചോറില്‍ ഇരുമ്പിന്റെ ശേഖരണം അടിഞ്ഞു കൂടുന്നതുകൊണ്ട് സംഭവിക്കുന്നതാണെന്നാണ് ഒരു വിഭാഗം ഗവേഷകര്‍ പറയുന്നത്. തലച്ചോറിലെ അടിഞ്ഞുകൂടുന്ന ഇരുമ്പ് കോശങ്ങളില്‍ സമ്മര്‍ദം ഉണ്ടാക്കുകയും അവയുടെ ഊര്‍ജ്ജ ഉല്‍പാദനത്തെ തകരാറിലാക്കുകയും ചെയ്യുന്നു. തലച്ചോറില്‍ ഇരുമ്പ് അടഞ്ഞുകൂടുന്നത് വൈജ്ഞാനിക തകര്‍ച്ച, അല്‍ഷിമേഴ്‌സ്, ഡിമെന്‍ഷ്യ തുടങ്ങിയ ന്യൂറോഡീജനറേറ്റീവ് രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നുവെന്ന് മുന്‍ പഠനങ്ങള്‍ ചൂണ്ടിക്കാണിക്കുന്നു. തലച്ചോറില്‍ ഇരുമ്പിന്റെ അംശം അടിഞ്ഞു കൂടുന്നത് ഒഴിവാക്കാന്‍ ആന്റിഓക്സിഡന്റുകളും പോളിഅണ്‍സാച്ചുറേറ്റഡ് ഫാറ്റി ആസിഡുകളും അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുന്നത് സഹായിക്കുമെന്ന് ന്യൂറോബയോളജി ഓഫ് ഏജിങ് എന്ന ജേണലില്‍ പ്രസിദ്ധീകരിച്ച പഠനത്തില്‍ വ്യക്തമാക്കുന്നു. ഇതിലൂടെ പ്രായമാകുമ്പോള്‍ ഉണ്ടാകുന്ന വൈജ്ഞാനിക തകര്‍ച്ചയുടെ സാധ്യത കുറയ്ക്കാനും ഓര്‍മശക്തിയെ സംരക്ഷിക്കാനും സഹായിക്കുമെന്ന് ഗവേഷകര്‍ പറയുന്നു. ആന്റി-ഓക്‌സിന്റുകള്‍ ധാരാളം അടങ്ങിയ ബെറിപ്പഴങ്ങളും ഇലക്കറികളും ഒമേഗ-3 ഫാറ്റി ആസിഡുകള്‍ അടങ്ങിയ മീന്‍, നട്‌സ് തുടങ്ങിയ ഭക്ഷണങ്ങളും ഇരുമ്പിന്റെ അളവു കുറയ്ക്കാന്‍ സഹായിക്കും. ഈ പോഷകങ്ങള്‍ മെമ്മറി, ചിന്ത എന്നിവയുമായി ബന്ധപ്പെട്ട തലച്ചോറിന്റെ മേഖലകളെ സംരക്ഷിക്കുകയും വൈജ്ഞാനിക തകര്‍ച്ചയുടെ തീവ്രത കുറയ്ക്കുകയും ചെയ്യുന്നു.