നാലാം തലമുറ സ്വിഫ്റ്റിന് സിഎന്‍ജി മോഡലുമായി മാരുതി സുസുക്കി ഉടന്‍ എത്തും. ഒരു കിലോ സിഎന്‍ജിക്ക് 32 കിലോമീറ്റര്‍ വരെ ഇന്ധനക്ഷമത ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. പുതിയ സി സീരിസ് എന്‍ജിനില്‍ സിഎന്‍ജി കിറ്റുമായി എത്തുന്ന വാഹനത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ മാരുതി പുറത്തുവിട്ടിട്ടില്ല. കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ പുതിയ സ്വിഫ്റ്റിന്റെ 1.2 ലീറ്റര്‍ മൂന്നു സിലിണ്ടര്‍ പെട്രോള്‍ എന്‍ജിന് 82 ബിഎച്ച്പി കരുത്തും 112 എന്‍എം ടോര്‍ക്കുമുണ്ട്. ഇതേ എന്‍ജിന്‍ തന്നെയാണ് സിഎന്‍ജി മോഡലിലുമെങ്കിലും കരുത്ത് കുറവായിരിക്കും. മാനുവല്‍ ഗിയര്‍ബോക്‌സില്‍ മാത്രമായിരിക്കും സിഎന്‍ജി. നിലവില്‍ മാനുവല്‍, ഓട്ടമാറ്റിക് മോഡലുകളിലായി ഇറങ്ങിയ സ്വിഫ്റ്റിന് 6.49 ലക്ഷം രൂപ മുതല്‍ 9.64 ലക്ഷം രൂപ വരെയാണ് വില. പെട്രോള്‍ മോഡലിനെക്കാള്‍ 90000 മുതല്‍ 95000 രൂപ വരെ വിലക്കൂടുതലും സിഎന്‍ജി എന്‍ജിന് പ്രതീക്ഷിക്കാം. ഏതൊക്കെ മോഡലിലാണ് സിഎന്‍ജി പുറത്തിറക്കുക എന്ന വിവരം മാരുതി ഇതുവരെ പുറത്തുവിട്ടിട്ടില്ല.