കശ്മീര്‍ താഴ്വരയിലേക്ക് റെയില്‍ മാര്‍ഗം വാഹനങ്ങള്‍ എത്തിക്കുന്ന ആദ്യത്തെ കാര്‍ നിര്‍മാതാക്കളായി മാരുതി സുസുക്കി ഇന്ത്യ ലിമിറ്റഡ്. ബ്രെസ്സ, ഡിസയര്‍, വാഗണ്‍ആര്‍, എസ്-പ്രസ്സോ തുടങ്ങിയ മോഡലുകള്‍ ഉള്‍പ്പെടെ 100-ല്‍ അധികം കാറുകള്‍ കശ്മീരിലെ അനന്തനാഗ് റെയില്‍വേ ടെര്‍മിനലില്‍ എത്തി. ഹരിയാനയിലെ മനേസറിലുള്ള മാരുതി സുസുക്കിയുടെ ഇന്‍-പ്ലാന്റ് റെയില്‍വേ സൈഡിങ്ങില്‍നിന്ന് 850 കിലോമീറ്ററിലധികം സഞ്ചരിച്ചാണ് വാഹനങ്ങള്‍ അനന്തനാഗില്‍ എത്തിയത്. യാത്രയ്ക്കിടെ, ഉദംപുര്‍-ശ്രീനഗര്‍-ബാരാമുള്ള റെയില്‍ ലിങ്ക് പദ്ധതിയുടെ ഭാഗമായി ഈ വര്‍ഷം ആദ്യം ഉദ്ഘാടനം ചെയ്ത ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയില്‍വേ ആര്‍ച്ച് പാലമായ ചിനാബ് നദിക്ക് മുകളിലൂടെയുള്ള എഞ്ചിനീയറിങ് വിസ്മയത്തിലൂടെയും ട്രെയിന്‍ കടന്നുപോയി.
