മലയാളം കണ്ട ഏറ്റവും വലിയ വയലന്‍സ് ചിത്രമാണ് ‘മാര്‍ക്കോ’. ടൈറ്റില്‍ കഥാപാത്രമായി ഉണ്ണി മുകുന്ദന്‍ നിറഞ്ഞാടിയ ചിത്രം സംവിധാനം ചെയ്തത് ഹനീഫ് അദേനിയാണ്. റിലീസ് ചെയ്ത് പതിനഞ്ച് ദിവസം പിന്നിടുമ്പോഴും മലയാളം ഉള്‍പ്പടെയുള്ള ഇന്റസ്ട്രികളെ ഞെട്ടിച്ച് കൊണ്ടിരിക്കുകയാണ് മാര്‍ക്കോ. മലയാളം, ഹിന്ദി, തെലുങ്ക്, തമിഴ് ഭാഷകളില്‍ പ്രദര്‍ശനം തുടരുന്ന മാര്‍ക്കോ ഇപ്പോഴിതാ പുത്തന്‍ റെക്കോര്‍ഡും സ്വന്തമാക്കിയിരിക്കുകയാണ്. പ്രമുഖ ടിക്കറ്റ് ബുക്കിംഗ് സൈറ്റായ ബുക്ക് മൈ ഷോയിലാണ് മാര്‍ക്കോ പുത്തന്‍ ചരിത്രം കുറിച്ചിരിക്കുന്നത്. പതിനഞ്ച് ദിവസത്തില്‍ 1.53 മില്യണ്‍ ടിക്കറ്റുകളാണ് മാര്‍ക്കോയുടേതായി വിറ്റഴിഞ്ഞിരിക്കുന്നത്. 2024ല്‍ റിലീസ് ചെയ്ത മലയാളം സിനിമകളില്‍ ഏറ്റവും കൂടുതല്‍ ടിക്കറ്റ് വിറ്റ ചിത്രങ്ങളില്‍ ഏഴാം സ്ഥാനത്താണ് മാര്‍ക്കോ ഉള്ളത്. ഇനിയും ഇത് ഉയരും. മഞ്ഞുമ്മല്‍ ബോയ്‌സ്(4.32 മില്യണ്‍), ആവേശം(3.02 മില്യണ്‍), ആടുജീവിതം(2.92 മില്യണ്‍), പ്രേമലു(2.44 മില്യണ്‍), എആര്‍എം(1.86 മില്യണ്‍), ഗുരുവായൂരമ്പര നടയില്‍(1.7 മില്യണ്‍) എന്നീ സിനിമകളാണ് ബുക്ക് മൈ ഷോയില്‍ മാര്‍ക്കോയ്ക്ക് മുന്നിലുള്ളത്. കിഷ്‌കിന്ധാ കാണ്ഡം (1.44 മില്യണ്‍), വര്‍ഷങ്ങള്‍ക്കു ശേഷം(1.43 മില്യണ്‍), ടര്‍ബോ(1 മില്യണ്‍) എന്നിവയാണ് ഏഴാം സ്ഥാനത്തിന് താഴെയുള്ള മറ്റ് മലയാള സിനിമകള്‍. ക്രിസ്മസ് റിലീസായി ഡിസംബര്‍ 20നാണ് മാര്‍ക്കോ റിലീസ് ചെയ്തത്. ആഗോള തലത്തില്‍ 80 കോടിയിലധികം രൂപ മാര്‍ക്കോ കളക്ട് ചെയ്തിട്ടുണ്ട്. വൈകാതെ സിനിമ 100 കോടി തൊടുമെന്നാണ് വിലയിരുത്തലുകള്‍.