നവാഗതനായ ഡീനോ ഡെന്നിസ് തിരക്കഥ രചിച്ച് സംവിധാനം ചെയ്ത മമ്മൂട്ടി നായകനാകുന്ന ‘ബസൂക്ക’യുടെ റിലീസ് നീട്ടി വച്ചതായി നേരത്തെ റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. ഇപ്പോഴിതാ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിരിക്കുകയാണ് അണിയറപ്രവര്‍ത്തകര്‍. ഏപ്രില്‍ 10 ന് വേള്‍ഡ് വൈല്‍ഡ് ആയി ചിത്രം തിയറ്ററുകളിലെത്തും. പുതിയ റിലീസ് പോസ്റ്ററും അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിട്ടുണ്ട്. സ്‌റ്റൈലിഷ് ലുക്കില്‍ കാറിനടുത്ത് നില്‍ക്കുന്ന മമ്മൂട്ടിയെ ആണ് പോസ്റ്ററില്‍ കാണാനാവുക. മുന്‍പ് ഫെബ്രുവരി 14 ന് ചിത്രം റിലീസ് ചെയ്യുമെന്നായിരുന്നു വിവരം. ബസൂക്കയുടെ സിജിഐ വര്‍ക്കുകള്‍ പൂര്‍ത്തിയാകാത്തത് കാരണമാണ് സിനിമയുടെ റിലീസ് മാറ്റിയതെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് ഒരു മമ്മൂട്ടി ചിത്രം വിഷുക്കാലത്ത് റിലീസിനെത്തുന്നത്. മമ്മൂട്ടിക്കൊപ്പം പ്രശസ്ത തമിഴ് സംവിധായകനും നടനുമായ ഗൗതം വാസുദേവ് മേനോനും നിര്‍ണ്ണായക കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സിദ്ധാര്‍ത്ഥ് ഭരതന്‍, ബാബു ആന്റണി, ഹക്കീം ഷാജഹാന്‍, ഭാമ അരുണ്‍, ഡീന്‍ ഡെന്നിസ്, സുമിത് നേവല്‍, ദിവ്യ പിള്ള, സ്ഫടികം ജോര്‍ജ് എന്നിവരാണ് മറ്റ് പ്രധാന താരങ്ങള്‍.