ഉണ്ണി മുകുന്ദനെ നായകനാക്കി നവാഗതനായ വിഷ്ണു ശശിശങ്കര്‍ സംവിധാനം ചെയ്ത ‘മാളികപ്പുറം’ 50 കോടി ക്ലബ്ബില്‍. 2022 ഡിസംബര്‍ 30ന് തിയേറ്ററുകളിലെത്തിയ ചിത്രം, മികച്ച പ്രേക്ഷക പ്രതികരണം നേടി മുന്നേറുകയാണ്. ആഗോള തലത്തില്‍ 50 കോടി കടക്കുന്ന ആദ്യ ഉണ്ണി മുകുന്ദന്‍ ചിത്രം കൂടിയാണിത്. കാവ്യ ഫിലിം കമ്പനിയുടെയും ആന്‍ മെഗാ മീഡിയയുടെയും ബാനറില്‍ പ്രിയ വേണുവും നീത പിന്റോയും ചേര്‍ന്നാണ് ‘മാളികപ്പുറം’ നിര്‍മ്മിച്ചിരിക്കുന്നത്. ഫാമിലി ഡ്രാമ വിഭാഗത്തില്‍പ്പെടുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് അഭിലാഷ് പിള്ളയാണ്. ബാലതാരങ്ങളായ ശ്രീപഥ്, ദേവനന്ദ എന്നിവര്‍ ചിത്രത്തിലെ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നു. സന്തോഷ് വര്‍മ, ബി കെ ഹരിനാരായണന്‍ എന്നിവരുടെ വരികള്‍ക്ക് രഞ്ജിന്‍ രാജാണ് സംഗീതം പകര്‍ന്നിരിക്കുന്നത്. ചിത്രത്തിന്റെ തമിഴ്, തെലുങ്ക്, കന്നഡ, ഹിന്ദി പതിപ്പുകള്‍ അടുത്ത വാരം തിയറ്ററുകളില്‍ എത്തുകയാണ്. ഇതരഭാഷാ പതിപ്പുകള്‍ക്കും പ്രേക്ഷകരെ നേടാനായാല്‍ ഇന്ത്യന്‍ സിനിമയിലെ തന്നെ ഈ വര്‍ഷത്തെ വലിയ വിജയങ്ങളില്‍ ഒന്നായി മാറും മാളികപ്പുറം. ജനുവരി 26 ന് ആണ് ഇതര ഭാഷാ പതിപ്പുകളുടെ റിലീസ്.