ആരാധകര്‍ ആകാംഷയോടെ കാത്തിരിക്കുന്ന ചിത്രമാണ് ‘മലൈക്കോട്ടൈ വാലിബന്‍’. മോഹന്‍ലാല്‍- ലിജോ ജോസ് പെല്ലിശ്ശേരി കൂട്ടുകെട്ടില്‍ പുറത്തിറങ്ങുന്ന ചിത്രം ജനുവരി 25നാണ് തിയേറ്ററില്‍ പ്രദര്‍ശനത്തിന് എത്തുന്നത്. ഇപ്പോഴിതാ പ്രേക്ഷകര്‍ക്ക് പുതുവര്‍ഷ സമ്മാനമായി ചിത്രത്തിന്റെ ഗംഭീര ടീസര്‍ റിലീസ് ചെയ്തിരിക്കുകയാണ്. 30 സെക്കന്‍ഡുള്ള ടീസറാണ് പുറത്തുവിട്ടിരിക്കുന്നത്. മാസ് ഗെറ്റപ്പിലുള്ള മോഹന്‍ലാലിന്റെ ലുക്കും ‘ഞാന്‍ മലൈക്കോട്ടൈ വാലിബന്‍’ എന്ന ഡയലോഗുമാണ് ടീസറിനെ വേറിട്ടതാക്കുന്നത്. ഒരു അഭ്യാസിയുടെ ജീവിതം ബുദ്ധ സന്യാസികള്‍ക്കു സമാനമായ ജീവിതസാഹചര്യത്തില്‍ പറയുന്ന ഫാന്റസി ത്രില്ലര്‍ ആണ് മലൈക്കോട്ട വാലിബന്‍. റഫീഖ് ആണ് മലൈക്കോട്ടൈ വാലിബന്റെ കഥ ഒരുക്കിയിരിക്കുന്നത്. സൊണാലി കുല്‍ക്കര്‍ണി, ഹരീഷ് പേരടി, ഡാനിഷ് സെയ്ത്, മനോജ് മോസസ്, കഥ നന്ദി, മണികണ്ഠന്‍ ആചാരി തുടങ്ങി നിരവധി താരങ്ങളാണ് ചിത്രത്തില്‍ പ്രധാന വേഷങ്ങളിലെത്തുന്നത്. നൂറ്റി മുപ്പതു ദിവസങ്ങളില്‍ രാജസ്ഥാന്‍, ചെന്നൈ, പോണ്ടിച്ചേരി എന്നീ സ്ഥലങ്ങളിലാണ് മലൈക്കോട്ടൈ വാലിബന്റെ ചിത്രീകരണം നടന്നത്.