ആഴ്ചകള്‍ നീണ്ട അഭ്യൂഹങ്ങള്‍ക്ക് വിരാമമിട്ട് സംവിധായകന് മഹേഷ് നാരായണന് സംവിധാനം ചെയ്യുന്ന തന്റെ പുതിയ ചിത്രത്തിന്റെ പേര് വെളിപ്പെടുത്തി മോഹന്‍ലാല്‍. ‘എംഎംഎംഎന്‍’ എന്ന പേരില്‍ അറിയപ്പെടുന്ന ചിത്രത്തിന്റെ ഔദ്യോഗിക നാമം ‘പാട്രിയറ്റ്’ എന്നാണ്. സിനിമയുടെ ഷൂട്ടിംഗിനായി ലൊക്കേഷനില്‍ എത്തിയപ്പോള്‍ ഒരു ശ്രീലങ്കന്‍ മാധ്യമത്തിന് നല്കിയ അഭിമുഖത്തിനിടെയാണ് താരം ഇക്കാര്യം അറിയിച്ചത്. മമ്മൂട്ടിയും പ്രധാന വേഷത്തില്‍ എത്തുന്ന ‘പാട്രിയറ്റ്’ ഒരു പതിറ്റാണ്ട് നീണ്ട ഇടവേളയ്ക്ക് ശേഷം ഇരുവരും വീണ്ടും ഒന്നിക്കുന്ന ചിത്രം കൂടിയാണ്. 2013ല്‍ പുറത്തിറങ്ങിയ ‘കടല്‍ കടന്ന് ഒരു മാത്തുക്കുട്ടി’ എന്ന ചിത്രത്തിലാണ് ഇരുവരും അവസാനമായി സ്ക്രീനില്‍ ഒന്നിച്ചത്. അതിഥി വേഷത്തിലാണ് മോഹന്‍ലാല്‍ എത്തിയത്. ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്, നയന്‍താര, രേവതി, ദര്‍ശന രാജേന്ദ്രന്, സറിന് ഷിഹാബ്, ഗ്രേസ് ആന്റണി എന്നിവരടങ്ങുന്ന ഒരു കൂട്ടം അഭിനേതാക്കളും ചിത്രത്തിലുണ്ട്.