വിജയ് സേതുപതിയുടെ ബോക്‌സ് ഓഫീസിലേക്കുള്ള തിരിച്ചുവരവായിരുന്നു ‘മഹാരാജ’. 100 കോടിയിലേറെ ചിത്രം സ്വന്തമാക്കിയിരുന്നു. ഇപ്പോഴിതാ ചിത്രത്തിനായി വിജയ് സേതുപതി ഉണ്ടാക്കിയ പ്രതിഫല കരാര്‍ ചര്‍ച്ചയാവുകയാണ്. 20 കോടി ബജറ്റില്‍ ഒരുങ്ങിയ ചിത്രമാണിത്. ദി റൂട്ട്, തിങ്ക് സ്റ്റുഡിയോസ്, പാഷന്‍ സ്റ്റുഡിയോസ് എന്നീ ബാനറുകളില്‍ സുധന്‍ സുന്ദരം, ജഗദീഷ് പളനിസാമി എന്നിവരാണ് ചിത്രം നിര്‍മ്മിച്ചത്. വിജയ് സേതുപതിയുടെ കരിയറിലെ 50-ാമത്തെ ചിത്രം എന്ന പ്രത്യേകതയുമായാണ് ചിത്രം തിയറ്ററുകളില്‍ എത്തിയത്. ഇക്കാരണത്താല്‍ത്തന്നെ വിജയ് സേതുപതിക്ക് അത്രയേറെ വിശ്വാസമുണ്ടായിരുന്ന പ്രോജക്റ്റുമാണ് ഇത്. തന്റെ പ്രതിഫലത്തിലും അദ്ദേഹം വിട്ടുവീഴ്ച ചെയ്തു. റിലീസിന് മുന്‍പ് ഒരു രൂപ പോലും വിജയ് സേതുപതി പ്രതിഫല ഇനത്തില്‍ വാങ്ങിയില്ല. 20 കോടി എന്ന ബജറ്റ് പിന്നെയും വര്‍ധിപ്പിക്കേണ്ട എന്ന് കരുതിയായിരുന്നു ഇത്. മറിച്ച് ചിത്രത്തിന്റെ ലാഭത്തില്‍ ഒരു വിഹിതം നല്‍കണമെന്നാണ് വിജയ് സേതുപതി കരാര്‍ ഉണ്ടാക്കിയത്. ചിത്രം 100 കോടിയില്‍ അധികം കളക്റ്റ് ചെയ്തതിനാല്‍ നല്ലൊരു തുക അദ്ദേഹത്തിന് നിര്‍മ്മാതാവില്‍ നിന്ന് ലഭിക്കും. ആക്ഷന്‍ ത്രില്ലര്‍ വിഭാഗത്തില്‍ പെടുന്ന ചിത്രത്തിന്റെ രചനയും സംവിധാനവും നിതിലന്‍ സ്വാമിനാഥനാണ് നിര്‍വ്വഹിച്ചിരിക്കുന്നത്. ഒടിടിയില്‍ എത്തിയപ്പോള്‍ ഉത്തരേന്ത്യന്‍ പ്രേക്ഷകരില്‍ നിന്നും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചത്.