മലയാളഭാഷയിലെ പ്രമുഖകവിയും പണ്ഡിതനുമായിരുന്നു മഹാകവി ഉള്ളൂർ എസ്. പരമേശ്വരയ്യർ. അദ്ദേഹത്തെക്കുറിച്ച് കൂടുതൽ അറിയാം അറിയാക്കഥകളിലൂടെ…!!
ചങ്ങനാശ്ശേരിയിൽ പെരുന്നയിൽ പാലൂർ നമ്പൂതിരിമാരുടെ പരമ്പരയിൽപ്പെട്ട താമരശേരി ഇല്ലത്താണ് പരമേശ്വരയ്യർ ജനിച്ചത്. തിരുവനന്തപുരം ഉള്ളൂർ സ്വദേശിയായ പിതാവ് സുബ്രഹ്മണ്യ അയ്യർ, ചങ്ങനാശ്ശേരിയിൽ സ്കൂൾ അദ്ധ്യാപകനായിരുന്നു. അമ്മ ഭഗവതിയമ്മയുടെ നാടായ പെരുന്നയിലാണ് പരമേശ്വരൈയ്യർ തൻ്റെ ബാല്യകാലം ചെലവഴിച്ചത്. അച്ഛന്റെ അകാലമരണത്തെത്തുടർന്ന്, അമ്മയോടൊപ്പം അച്ഛന്റെ നാടായ ഉള്ളൂരിലേക്കു താമസം മാറി.
പിതാവിന്റെ മരണം പരമേശ്വരന്റെ വിദ്യാഭ്യാസമോഹങ്ങളിൽ കരിനിഴൽ വീഴ്ത്തി. എങ്കിലും അമ്മയുടെ പ്രോത്സാഹനവും സമർപ്പണവും അദ്ദേഹത്തെ ഉന്നതവിദ്യാഭ്യാസത്തിന്റെ പാതയിലെത്തിച്ചു. തിരുവനന്തപുരത്തെ മഹാരാജാസ് കോളജിൽച്ചേർന്ന അദ്ദേഹം, 1897ൽ തത്ത്വശാസ്ത്രത്തിൽ ഓണേഴ്സ് ബിരുദം നേടി. ബിരുദം നേടിയശേഷം തിരുവിതാംകൂർ സർക്കാർ ഉദ്യോഗസ്ഥനായി.
ജോലിയിലിരിക്കേ നിയമത്തിൽ ബിരുദവും, മലയാളത്തിലും തമിഴിലും ബിരുദാനന്തരബിരുദവും നേടി. തിരുവനന്തപുരം ടൗൺ സ്കൂൾ അദ്ധ്യാപകൻ, ജനസംഖ്യാവകുപ്പിൽ ഗുമസ്തൻ, തഹസീൽദാർ, മുൻസിഫ്, അസിസ്റ്റന്റ് സെക്രട്ടറി എന്നീ ഔദ്യോഗികസ്ഥാനങ്ങൾവഹിച്ച അദ്ദേഹം, തിരുവതാംകൂറിലെ ഇൻകം ടാക്സ് കമ്മീഷണറായി ഉയർന്നു. ചീഫ് സെക്രട്ടറി പദവിയുടെ താൽക്കാലിക ചുമതലയും വഹിച്ചിട്ടുണ്ട്.
കുട്ടിക്കാലംമുതൽ സാഹിത്യവാസന പ്രകടിപ്പിച്ചിരുന്ന ഉള്ളൂർ, ആധുനിക മലയാളസാഹിത്യത്തിലെ പ്രാതഃസ്മരണീയരായ ആധുനികകവിത്രയത്തിലൊരാളായി വിശേഷിപ്പിക്കപ്പെടുന്നു. കഠിനസംസ്കൃതപദങ്ങൾ ബഹുലമായി ഉപയോഗിക്കുന്ന അദ്ദേഹത്തിന്റെ രചനാശൈലി, അക്കാലത്തെ അനുവാചകർക്കു പഥ്യമായിരുന്നു.
അതുകൊണ്ടുതന്നെ അദ്ദേഹം “ഉജ്ജ്വല ശബ്ദാഢ്യൻ” എന്നപേരിലുമറിയപ്പെടുന്നു. കേരളസാഹിത്യചരിത്രത്തിന്റെ കർത്താവെന്നനിലയിലും അദ്ദേഹം പരിഗണിക്കപ്പെടുന്നു. 1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവിപ്പട്ടം നല്കി. കൊച്ചി മഹാരാജാവ് ‘കവിതിലകൻ’ പട്ടവും കാശിവിദ്യാപീഠം ‘സാഹിത്യഭൂഷൺ’ ബിരുദവും സമ്മാനിച്ചു. പൗരാണികമുഹൂർത്തങ്ങൾ കാല്പനികഭംഗിയോടെ അവതരിപ്പിക്കുമ്പോൾ ഭാരതീയധർമ്മനീതികൾ കവിതയിൽ വ്യവഹരിക്കപ്പെടുന്ന ചരിത്രമുഹൂർത്തങ്ങൾ അദ്ദേഹത്തിൻ്റെ കാവ്യഭാവനയ്ക്ക് ഉത്തേജനംനൽകി.
പിന്നീട്ഉള്ളൂർ, കുമാരനാശാൻ, വള്ളത്തോൾ എന്നീ കവികൾ ഇരുപതാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ മലയാളകവിതയിൽ കാല്പനികപ്രസ്ഥാനത്തിനു തുടക്കംകുറിച്ചു ശ്രദ്ധേയരായി. സാഹിത്യചരിത്രത്തിൽ ഇവർ ആധുനിക കവിത്രയം എന്നറിയപ്പെടുന്നു. കവിയെന്നതിനുപുറമേ സാഹിത്യചരിത്രകാരൻ, ഭാഷാഗവേഷകൻ, ഉദ്യോഗസ്ഥൻ എന്നീനിലകളിൽ ഉള്ളൂർ പേരെടുത്തിരുന്നു. തിരുവിതാംകൂർ സർക്കാരിന്റെ ചീഫ് സെക്രട്ടറിയായും അദ്ദേഹം സേവനമനുഷ്ഠിച്ചിട്ടുണ്ട്.
1937ൽ തിരുവിതാംകൂർ രാജഭരണകൂടം ഉള്ളൂരിന് മഹാകവി ബിരുദം സമ്മാനിച്ചു. കൊച്ചി മഹാരാജാവ് കവിതിലകൻ പട്ടം സമ്മാനിച്ചു.കാശിവിദ്യാപീഠം സാഹിത്യഭൂഷൺ ബഹുമതി നൽകി അദ്ദേഹത്തെ ആദരിച്ചു. മഹാകവി ഉളൂരിനെ കുറിച്ച് അറിയാക്കഥകളിലൂടെ മനസ്സിലാക്കി കാണുമല്ലോ. ഇനി പുതിയ ഭാഗത്തിൽ പുതിയൊരു കഥയുമായി എത്താം….!!!