mid day.psd
ബഫർസോൺ ഭൂപടത്തിനെതിരെ എരുമേലി പഞ്ചായത്തിലെ എയ്ഞ്ചൽവാലി, പമ്പാവാലി മേഖലകളിൽ പ്രതിഷേധ സമരം നടത്തിയ 100 പേർക്കെതിരെ പൊലീസ് കേസ് എടുത്തു. വനംവകുപ്പിന്റെ പരാതിയിൽ രണ്ടു പഞ്ചായത്ത് അംഗങ്ങൾ ഉൾപ്പെടെയുള്ളവർക്കെതിരെയാണ് കേസ്.
എസ്എഫ്ഐ നേതാവാകാൻ പ്രായം കുറച്ച് പറയണമെന്ന് ഉപദേശിച്ചത്  സിപിഎം തിരുവനന്തപുരം ജില്ലാ സെക്രട്ടറി  ആനാവൂര്‍ നാഗപ്പനാണെന്ന്
അച്ചടക്ക നടപടിക്ക് വിധേയനായ  എസ്എഫ്ഐ മുൻ ജില്ലാ സെക്രട്ടറി  ജെ.ജെ അഭിജിത്ത്. ശബദരേഖ പ്രചരിക്കുന്നു.  സഹപ്രവർത്തകയോട് മോശമായി ഫോണിൽ സംസാരിച്ചതിന്‍റെ പേരിൽ സിപിഎം നടപടി എടുത്ത നേതാവാണ്  അഭിജിത്ത്. എന്നാൽ പ്രായം കുറച്ചു കാണിക്കാൻ ആരെയും ഉപദേശിച്ചിട്ടില്ലെന്നു ആനാവൂർ നാഗപ്പൻ പ്രതികരിച്ചു.
കേരളത്തില്‍ ഫുട്‌ബോള്‍ പരിശീലനം നല്‍കുമെന്ന് അര്‍ജന്റീന. ഡല്‍ഹിയിലെ അര്‍ജന്ററീന എംബസി കൊമേഴ്‌സ്യല്‍ ഹെഡ് ഫ്രാങ്കോ അഗസ്റ്റിന്‍ വ്യക്തമാക്കി. ലോകകപ്പില്‍ അര്‍ജന്റീനയെ പിന്തുണച്ച മലയാളികള്‍ക്കു നന്ദി പറയാന്‍ ഡല്‍ഹിയിലെ കേരള ഹൗസില്‍ എത്തിയതായിരുന്നു അദ്ദേഹം. ഇന്ത്യയിലെ അര്‍ജന്റീനയുടെ സ്ഥാനപതി കേരളം സന്ദര്‍ശിച്ച് ഫുട്‌ബോള്‍ പരിശീലനം അടക്കം വിവിധ മേഖലകളില്‍ സഹകരിക്കാനുള്ള സാധ്യതകള്‍ പരിശോധിക്കുമെന്നും അദ്ദേഹം പറഞ്ഞു.
ടൈറ്റാനിയം ജോലി തട്ടിപ്പിലെ പ്രതി ദിവ്യ നായര്‍ ബിവറേജസ് കോര്‍പറേഷനിലും ജോലി വാഗ്ദാനം ചെയ്ത് പണം തട്ടി. പത്തനംതിട്ട കുന്നന്താനം സ്വദേശിയായ യുവതിയില്‍നിന്ന് മൂന്നു ലക്ഷം രൂപയാണ് വാങ്ങിയത്. യുവതിയുടെ പരാതിയില്‍ കീഴ്‌വായ്പൂര്‍ പൊലീസ് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തു. തട്ടിപ്പ സംഘത്തിലെ ടൈറ്റാനിയം ഡിജിഎമ്മായിരുന്ന ശശിധരന്‍ തമ്പിയടക്കമുള്ള ആറു പ്രതികളില്‍ ഒരാളെ പോലും പിടികൂടിയില്ല.
സിപിഎം നെയ്യാര്‍ഡാം ലോക്കല്‍ സെക്രട്ടറി സുനിലിനെ ആക്രമിച്ച സംഭവത്തില്‍ ആര്‍എസ്എസ് പ്രവര്‍ത്തകനായ പൂവച്ചല്‍ പുന്നാ കരിക്കകം തിരുവാതിരയില്‍ അരവിന്ദ് (23) വിളപ്പില്‍ശാല പൊലീസിന്റെ പിടിയിലായി. ഊ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം നാലായി.
കളമശ്ശേരി മെഡിക്കല്‍ കോളജ് കെട്ടിടത്തിന് അഗ്‌നിശമന സേനയുടെ എന്‍ഒസി ഇല്ലെന്നു റിപ്പോര്‍ട്ട്. കഴിഞ്ഞ വര്‍ഷം അഗ്നിശമന സേന ആശുപത്രിക്കു നോട്ടീസ് നല്‍കിയിരുന്നു. ലിഫ്റ്റ് പ്രവര്‍ത്തിക്കാതെ മൃതദേഹം ചുമന്നുകൊണ്ട് താഴേക്ക് ഇറക്കേണ്ടിവന്ന സംഭവം നടന്ന കെട്ടിടത്തിനും അഗ്നിശമന സേനയുടെ എന്‍ ഒ സി ഇല്ല.  അനുമതിയില്ലാത്ത കെട്ടിടങ്ങള്‍ തുറന്നു പ്രവര്‍ത്തിക്കുന്നതു തടയേണ്ടത് നഗരസഭയാണ്.
നാഗ്പൂരില്‍ ദേശീയ സൈക്കിള്‍ പോളോ മല്‍സരത്തില്‍ പങ്കെടുക്കാന്‍ പോയി മരിച്ച നിദ ഫാത്തിമയ്ക്കു നാടിന്റേയും സ്‌കൂളിന്റേയും കണ്ണീര്‍ പ്രണാമം. നടുമ്പാശേരി വിമാനത്താവളത്തില്‍ സ്‌പോര്‍ട്‌സ് കൗണ്‍സില്‍ പ്രസിഡന്റ് മേഴ്‌സി കുട്ടനും അമ്പലപ്പുഴ എംഎല്‍എ എച്ച് സലാമുംചേര്‍ന്ന് മൃതദേഹം ഏറ്റുവാങ്ങി. നിദയുടെ പിതാവ് ഷിഹാബുദിനും വിമാനത്തില്‍ ഉണ്ടായിരുന്നു. അമ്പലപ്പുഴ കക്കാഴം ജുമമാസ്ജിദ് കബര്‍സ്ഥാനിലാണ് കബറടക്കം.
മാണി സി. കാപ്പന്‍ എം.എല്‍.എയുടെ ഡ്രൈവര്‍ കോട്ടയം ഏറ്റുമാനൂര്‍ പട്ടിത്താനം ബൈപ്പാസില്‍ കാറുകള്‍ കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ മരിച്ചു.  പാലാ വള്ളിച്ചിറ സ്വദേശി രാഹുല്‍ ജോബി (23) ആണ് മരിച്ചത്. മൂന്നു പേര്‍ക്ക് പരിക്കേറ്റു.
ബക്കറ്റിലെ വെള്ളത്തിൽ വീണ് 11 മാസം പ്രായമായ പിഞ്ചുകുഞ്ഞ് മരിച്ചു. കാസർകോഡ് അമ്പലത്തറ ഇരിയ അബ്ദുൾ ജബ്ബാറിന്റെ മകൻ മുഹമ്മദ് റിസയാണ് മരിച്ചത്. ഇന്നലെ കുഞ്ഞിന്റെ മുത്തശ്ശി മരിച്ചിരുന്നു.
ഡയറക്ടറുടെ ജാതി വിവേചനത്തിനെതിരെ വിദ്യാർഥി സമരം നടക്കുന്ന കോട്ടയത്തെ കെ  ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട്  ജനുവരി എട്ടു വരെ അടച്ചിടും. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ഹോസ്റ്റലിൽ നിന്ന് വിദ്യാര്‍ത്ഥികൾ ഒഴിയണമെന്നും നിര്‍ദ്ദേശം നൽകി.
കുർബാനത്തർക്കം മൂലം എറണാകുളം സെന്‍റ് മേരീസ് ബസലിക്കയിൽ വീണ്ടും സംഘർഷം. ഇരുപക്ഷവും തമ്മില്‍ ഏറ്റുമുട്ടി.  അൾത്താരയിലെ ബലിപീഠം തള്ളിമാറ്റി. വിളക്കുകൾ പൊട്ടിവീണു.  ഇരുവിഭാഗവും പരസ്പരം ഏറ്റുമുട്ടിയതോടെ വിശ്വാസികളെയും വൈദികരെയും പൊലീസ് പള്ളിക്കുള്ളിൽ നിന്നു പുറത്താക്കി.
ഗർഭസ്ഥ ശിശു മരിച്ചതിനെച്ചൊല്ലി  മൂവാറ്റുപുഴയിലെ സബൈൻ സ്വകാര്യ ആശുപത്രിയിൽ സംഘർഷം. ബന്ധുക്കള്‍ ആശുപത്രി ഉപകരണങ്ങൾ അടിച്ചു തകര്‍ത്തു. ഡോക്ടര്‍ അടക്കം മൂന്നു പേർക്ക് പരിക്കേറ്റു.
മത്സ്യബന്ധനത്തിനിടെ ആറ്റുകാല്‍ പാടശേരി സ്വദേശി കണ്ണന്‍ വൈദ്യുതാഘാതമേറ്റു മരിച്ച സംഭവത്തില്‍ അഞ്ചംഗ സംഘത്തെ ഫോര്‍ട്ട് പൊലീസ് പിടികൂടി. ആറ്റുകാല്‍ പാടശേരി സ്വദേശികളായ സുരേഷ് (52), മധുസൂദനന്‍ (48), മക്കു എന്ന് വിളിക്കുന്ന ശ്രീജിത്ത് (28), ഉണ്ണി എന്ന് വിളിക്കുന്ന അഖില്‍ ജയന്‍ (28), ചിനു എന്ന് വിളിക്കുന്ന കിരണ്‍ (26) എന്നിവരാണ് പിടിയിലായത്.
കോട്ടയം ജില്ലയിലെ ആര്‍പ്പൂക്കര, വെച്ചൂര്‍, നീണ്ടൂര്‍ എന്നിവിടങ്ങളില്‍ പക്ഷിപ്പനി.പാടശേഖരങ്ങളിലെ താറാവുകളും വീടുകളിലേയും ഫാമുകളിലേയും കോഴികളും കൂട്ടത്തോടെ ചത്തിരുന്നു. പ്രദേശത്തെ കോഴികളേയും താറാവുകളേയും കൊല്ലാന്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം പൂവാര്‍ ബസ് സ്റ്റാന്‍ഡില്‍ വിദ്യാര്‍ത്ഥിയെ മര്‍ദ്ദിച്ച കെഎസ്ആര്‍ടിസി കണ്‍ട്രോളിംഗ് ഇന്‍സ്‌പെക്ടറെ സസ്‌പെന്‍ഡ് ചെയ്തു. നെടുമങ്ങാട് കൊപ്പം വീട്ടില്‍ എം സുനില്‍ കുമാറി (46) നെയാണ് സസ്പെന്‍ഡ് ചെയ്തത്.
മുംബൈയില്‍ ഹോട്ടല്‍ നടത്തിയിരുന്ന കാസര്‍കോട് സ്വദേശി ഹനീഫ ഗൂണ്ടാ ആക്രമണത്തില്‍ കൊല്ലപ്പെട്ടു. മാര്‍ഗ് മേഖലയില്‍ 13 വര്‍ഷമായി ഹോട്ടല്‍ നടത്തിയിരുന്ന ഇദ്ദേഹത്തിന് ഹോട്ടല്‍ അടച്ചടുകയും വാടക മുടങ്ങുകയും ചെയ്തതോടെ സ്ഥലം ഒഴിഞ്ഞുതരണമെന്ന് സ്ഥലമുടമ നൂറുല്‍ ഇസ്ലാം ഷെയ്ക് ആവശ്യപ്പെട്ടിരുന്നു. ഇതിനിടയ്ക്കാണ് ഈ മാസം ആറിന് ഗുണ്ടാസംഘം ആക്രമിച്ചത്. ആശുപത്രിയില്‍ ചികില്‍സയിലായിരുന്ന ഹനീഫ ഇന്നു രാവിലെ മരിച്ചു.
സെന്‍ട്രല്‍ പാരീസിലുണ്ടായ വെടിവയ്പില്‍ മൂന്നു പേര്‍ കൊല്ലപ്പെട്ടു. കുര്‍ദിഷ് സാംസ്‌കാരിക കേന്ദ്രത്തിലാണു  വെടിവയ്പുണ്ടായത്. വംശീയ ആക്രമണമാണു നടന്നതെന്നാണ് റിപ്പോര്‍ട്ട്. വെടിവയ്പ് നടത്തിയ 69 കാരനെ പൊലീസ് അറസ്റ്റു ചെയ്തു.
യുഎഇയിലെ ഒരു സ്വകാര്യ കമ്പനിയില്‍ 40 സ്വദേശികളെ നിയമിച്ചതായി വ്യാജ രേഖയുണ്ടാക്കിയതിന് കമ്പനി ഡയറക്ടര്‍ അറസ്റ്റ്‌ലായി. നിയമനത്തിനു സര്‍ക്കാരില്‍നിന്നുള്ള സാമ്പത്തിക സഹായം തട്ടിയെടുക്കാന്‍ ശ്രമിച്ചെന്നും കണ്ടെത്തി. പിടിയിലായ കമ്പനി ഡയറക്ടറെ ജയിലിലടച്ചു.
പെണ്‍കുട്ടികള്‍ക്കു സ്‌കൂള്‍, കോളജ് വിദ്യാഭ്യാസം നിരോധിച്ച അഫ്ഗാനിസ്ഥാനിലെ താലിബാന്‍ നേതാക്കളുടേയും മന്ത്രിമാരുടേയും പെണ്‍മക്കള്‍ വിദേശരാജ്യങ്ങളില്‍ പഠിക്കുന്നു. ആരോഗ്യമന്ത്രി, വിദേശകാര്യസഹമന്ത്രി എന്നിവടക്കം രണ്ടു ഡസനിലേറെ നേതാക്കളുടേയും മന്ത്രിമാരുടേയും പെണ്‍മക്കള്‍ വിദേശത്തു പഠിക്കുന്നുണ്ടെന്നാണു റിപ്പോര്‍ട്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *