കേരളത്തില്‍ മൂന്നു ലക്ഷത്തോളം പിന്‍വാതില്‍ നിയമനങ്ങള്‍ നടത്തിയെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍ നിയമസഭയില്‍. തദ്ദേശ സ്ഥാപനങ്ങളിലും യൂണിവേഴ്‌സിറ്റികളിലും അടക്കം നിയമനങ്ങള്‍ക്കായി ഒരു സമാന്തര റിക്രൂട്ട്‌മെന്റ് സംഘം പ്രവര്‍ത്തിക്കുന്നുണ്ട്. ഒഴിവുകള്‍ റിപ്പോര്‍ട്ടു ചെയ്യുന്നില്ല. പിഎസ് സി നിയമനങ്ങള്‍ നടത്തുന്നുമില്ല. മന്ത്രി എം.ബി. രാജേഷ് സഭയില്‍ ഉന്നയിച്ച അവകാശവാദങ്ങള്‍ തെറ്റാണെന്നും സതീശന്‍. പിന്‍വാതില്‍ നിയമനം നിയമസഭയില്‍ ചര്‍ച്ച ചെയ്യണമെന്നു പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയ നോട്ടീസില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
നിയമങ്ങളെക്കുറിച്ചു വ്യാജ പ്രചാരണമാണെന്ന വാദവുമായി മന്ത്രി എം.ബി രാജേഷ്. ഒന്നാം പിണറായി സര്‍ക്കാരിന്റെ കാലത്ത് 1.61 ലക്ഷം നിയമനങ്ങള്‍ നടത്തി. ഇതുവരെ ഇടതു സര്‍ക്കാര്‍ ആറര വര്‍ഷം കൊണ്ട് 1.99 ലക്ഷം നിയമനങ്ങള്‍ നടത്തി. യുഡിഎഫ് സര്‍ക്കാരിന്റെ കാലത്തേക്കാള്‍ 18,000 പേരെ കൂടുതല്‍ നിയമിച്ചെന്നും മന്ത്രി അവകാശപ്പെട്ടു.
സംസ്ഥാനത്തു മാലിന്യ പ്ലാന്റുകള്‍ വേണ്ടെന്നു ഓരോ പ്രദേശത്തേയും നാട്ടുകാര്‍ തീരുമാനിച്ചാല്‍ അംഗീകരിക്കാനാവില്ലെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. ജനപ്രതിനിധികള്‍ ഇടപെടണം. സംസ്ഥാനത്തു മിക്കയിടത്തും വിസര്‍ജ്യം കലര്‍ന്ന കിണര്‍ വെള്ളമാണ്. പ്രതിഷേധത്തെ തുടര്‍ന്ന് പെരിങ്ങമലയില്‍ മാലിന്യ പ്ലാന്റ് ഉപേക്ഷിക്കേണ്ടി വന്നു. ജനങ്ങള്‍ സഹകരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
റേഷന്‍ കടകളെ കെ-സ്റ്റോറുകളാക്കി മാറ്റുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ നിയമസഭയില്‍. റേഷന്‍ വിതരണത്തിനു പുറമേ, നിത്യോപയോഗ സാധനങ്ങളും വില്‍ക്കും. കെ ഫോണ്‍ ഗുണഭോക്തൃ പട്ടിക തയ്യാറാക്കാന്‍ തദ്ദേശ വകുപ്പിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. ബിപിഎല്‍ വിഭാഗത്തിന് ആദ്യം നല്‍കും. ലൈഫ് മിഷന്‍ വഴി 3.18 ലക്ഷം വീടുകള്‍ പൂര്‍ത്തിയാക്കി. ബാക്കി നിര്‍മ്മാണം പുരോഗമിക്കുന്നുണ്ട്.
നിയമസഭയുടെ സ്പീക്കര്‍ പാനലില്‍ മൂന്നു വനിതകള്‍ മാത്രം. ഭരണപക്ഷത്തു നിന്നും യു പ്രതിഭ, സി.കെ ആശ എന്നിവരും പ്രതിപക്ഷത്തുനിന്നും കെ.കെ രമയുമാണ് പാനലിലുള്ളത്. ഇതാദ്യമായാണ് സ്പീക്കര്‍ പാനലില്‍ എല്ലാവരും വനിതകളാകുന്നത്. സ്പീക്കര്‍ എ.എന്‍ ഷംസീറാണ് പാനലില്‍ വനിതകള്‍ വേണമെന്നു നിര്‍ദേശിച്ചത്. സ്പീക്കര്‍ സഭയില്‍ ഇല്ലാത്തപ്പോള്‍ സഭ നിയന്ത്രിക്കുന്നതിനാണ് ഈ പാനല്‍.
കോഴിക്കോട് കോര്‍പറേഷന്റെ പഞ്ചാബ് നാഷണല്‍ ബാങ്ക് അക്കൗണ്ടില്‍നിന്നും കോടികള്‍ തട്ടിയെടുത്തതിനു പിറകില്‍ കോര്‍പറേഷനിലെ ഉന്നതരുണ്ടെന്ന് പ്രതി. താന്‍ സ്ഥലംമാറിപ്പോയതിനു ശേഷമാണ് പണം തിരിമറി നടന്നതെന്നാണു കേസിലെ പ്രതിയായ ബാങ്ക് മാനേജര്‍ എം.പി റിജില്‍ മുന്‍കൂര്‍ ജാമ്യാപേക്ഷയില്‍ പറയുന്നത്. വ്യാഴാഴ്ച വിധി പറയും. ബാങ്കിലെയും കോര്‍പ്പറേഷനിലേയും ഉന്നതര്‍ ഗൂഡാലോചന നടത്തിയാലേ പണം പിന്‍വലിക്കാനാവൂവെന്ന് റിജില്‍ ചൂണ്ടിക്കാട്ടി. ഒരാള്‍ മാത്രം വിചാരിച്ചാല്‍ നടത്താവുന്ന തട്ടിപ്പല്ലെന്നും വിശദീകരണം.
കോവളത്ത് വിദേശ വനിത ലിഗയ്ക്കു മയക്കുമരുന്നു നല്‍കിയ ശേഷം ബലാത്സംഗം ചെയ്തു കൊലപ്പെടുത്തിയ കേസിലെ പ്രതികള്‍ക്കുള്ള ശിക്ഷ നാളെ വിധിക്കുമെന്ന് തിരുവനന്തപുരം സെഷന്‍സ് കോടതി. പ്രതികളായ ഉമേഷ്, ഉദയകുമാര്‍ എന്നിവര്‍ കുറ്റക്കാരാണെന്ന് കണ്ടെത്തിയിരുന്നു. കുറ്റത്തിന് പരമാവധി ശിക്ഷ തൂക്കുകയറാണെന്ന് അറിയാമോയെന്നും കുറ്റബോധമുണ്ടോയെന്നും കോടതി പ്രതികളോടു ചോദിച്ചു. തങ്ങള്‍ക്കു ജീവിക്കണമെന്നായിരുന്നു പ്രതികളുടെ മറുപടി.
വിഴിഞ്ഞം സമരം അപമാനകരമായ സാഹചര്യത്തിലേക്കു കടന്നെന്ന് നിയമസഭയില്‍ ഉന്നയിച്ച് സിപിഎം നേതാവ് കടകംപള്ളി സുരേന്ദ്രന്‍. തുറമുഖ പദ്ധതിക്കെതിരെ മത്സ്യത്തൊഴിലാളികള്‍ നടത്തുന്ന സമരത്തെ കടകംപള്ളി നിശിതമായി വിമര്‍ശിച്ചു.
പാലക്കാട്ടെ ആര്‍എസ്എസ് നേതാവായിരുന്ന രഞ്ജിത്ത് ശ്രീനിവാസന്‍ വധക്കേസില്‍ ഗൂഢാലോചന മൂന്നു ഘട്ടങ്ങളിലായി നടത്തിയിരുന്നെന്ന് പ്രോസിക്യൂഷന്‍ കോടതിയില്‍. വയലാര്‍ സ്വദേശിയായ നന്ദു കൃഷ്ണയെ കൊലപ്പെടുത്തിയപ്പോള്‍ തന്നെ പ്രതികാരക്കൊല നടക്കുമെന്ന് എസ്ഡിപിഐക്കാരായ പ്രതികള്‍ മുന്‍കൂട്ടി കണ്ടിരുന്നു. അങ്ങിനെ സംഭവിച്ചാല്‍ പകരം ഒരാളെ കൊലപ്പെടുത്താന്‍ നേരത്തെ തന്നെ തീരുമാനിച്ചിരുന്നെന്നും പ്രോസിക്യൂഷന്‍ കോടതിയില്‍ പറഞ്ഞു.
സ്പീക്കര്‍ പദവി രാഷ്ട്രീയ ജീവിതത്തിലെ ഭാഗ്യമാണെന്നു എ.എന്‍ ഷംസീര്‍. സഭ നല്ല രീതിയില്‍ നടത്തിക്കൊണ്ടു പോകാന്‍ കഴിയുമെന്നു പ്രതീക്ഷിക്കുന്നു. രാഷ്ട്രീയ ഗുരുനാഥനായ കോടിയേരി ബാലകൃഷ്ണന്റെ ചരമോപചാരം വായിക്കേണ്ടി വരുന്നത് ദുഖമുണ്ടാക്കുന്നുവെന്നും ഷംസീര്‍.
പ്രളയത്തില്‍ രക്ഷക്കെത്തിയ മല്‍സ്യത്തൊഴിലാളികള്‍ക്കായി നമ്മള്‍ തിരിച്ച് എന്തു ചെയ്‌തെന്നു ശശി തരൂര്‍ എംപി. വിഴിഞ്ഞത്ത് സമവായം വേണം. സര്‍ക്കാരിന്റെ ഭാഗത്തുനിന്നും സമരസമിതിയുടെ ഭാഗത്തുനിന്നും വിട്ടുവീഴ്ചകളും നടപടികളും ഉണ്ടാകണം. മത്സ്യത്തൊഴിലാളികള്‍ വികസന വിരുദ്ധരല്ല. അദ്ദേഹം കൊച്ചിയില്‍ പറഞ്ഞു. കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരിയുമായും തരൂര്‍ കൂടിക്കാഴ്ച നടത്തി.
ശശി തരൂര്‍ ഇപ്പോള്‍ നടത്തുന്ന പ്രവര്‍ത്തനങ്ങള്‍ പാര്‍ട്ടിക്കു മുതല്‍ കൂട്ടാണെന്ന് കെ. മുരളീധരന്‍ എംപി. കോട്ടയം ഡിസിസി അധ്യക്ഷന്‍ നാട്ടകം സുരേഷിന്റെ പരാമര്‍ശങ്ങള്‍ക്കു മറുപടിയില്ല. തരൂരിന്റെ യോഗത്തിനു വിലക്കില്ലെന്ന പത്തനംതിട്ട ഡിസിസി പ്രസിഡണ്ടിന്റെ നിലപാട് സ്വാഗതാര്‍ഹമാണ്. പരസ്യ പ്രസ്താവനകള്‍ വിലക്കുന്ന കാര്യം 11 ന് ചേരുന്ന രാഷ്ട്രീയ കാര്യസമിതിയില്‍ ചര്‍ച്ചയാകുമെന്നും മുരളീധരന്‍ പറഞ്ഞു.
കോട്ടയം ഡിസിസിയുടെ ഫേസ്ബുക്ക് പോസ്റ്റ് വിവാദമായതോടെ പിന്‍വലിച്ചു. ശശി തരൂരിനെ അപഹസിച്ചുള്ള പോസ്റ്റാണ് വിവാദമായത്. സോണിയ ഗാന്ധിയുടെ അടുക്കളയിലെ പാത്രം കഴുകി കോണ്‍ഗ്രസായശേഷം പാര്‍ലമെന്റ് സീറ്റ് മേടിച്ച് വിമാനത്തില്‍ ഇറങ്ങിയ ആളല്ല നാട്ടകം സുരേഷ് എന്ന പോസ്റ്റാണ് വിവാദമായത്. ഡിസിസിക്ക് ഔദ്യോഗിക പേജില്ലെന്നും ഈ പേജിനെതിരേ പോലീസില്‍ പരാതി നല്‍കുമെന്നും ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്.
നിയമസഭയുടെ സ്പീക്കര്‍ പാനലിലേക്കു കെ.കെ. രമയെ തെരഞ്ഞെടുത്തതിനു സാമൂഹ്യ മാധ്യമങ്ങളില്‍ ട്രോളുകള്‍. സിപിഎം കൊലപ്പെടുത്തിയ ടി.പി. ചന്ദ്രശേഖരന്റെ പത്‌നി രമ ചെയറില്‍ ഇരിക്കുമ്പോള്‍ മുഖ്യമന്ത്രി പിണറായി വിജയന്‍ ‘സര്‍’ എന്നു വിളിക്കേണ്ടിവരുമെന്നാണു ട്രോള്‍.
വിഴിഞ്ഞം പ്രശ്‌ന പരിഹാരത്തിനുള്ള സമയം അതിക്രമിച്ചെന്ന് സിറോ മലബാര്‍ സഭ മേജര്‍ ആര്‍ച്ച് ബിഷപ്പും കെസിബിസി പ്രസിഡന്റുമായ കര്‍ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി. തുറമുഖത്തിന് അനുകൂലമായ നിലപാടിലേക്കു മത്സ്യത്തൊഴിലാളികള്‍ മാറും. മത്സ്യത്തൊഴിലാളികളുടെ അവസ്ഥ പരിതാപകരമാണ്. പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ സര്‍ക്കാര്‍ കാര്യക്ഷമമായി ഇടപെടണം. വിഴിഞ്ഞം വിഷയം സഭാ വിശ്വാസികളുടെ മാത്രം പ്രശ്‌നമല്ല. കേരള മെത്രാന്‍ സമിതിയുടെ പൊതുയോഗത്തില്‍ വിഴിഞ്ഞം ചര്‍ച്ചയാകുമെന്നും അദ്ദേഹം പറഞ്ഞു.
കരിപ്പൂരില്‍ നിന്നും ഷാര്‍ജയിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം മണിക്കൂറുകളോളം വൈകി. രാവിലെ ആറു മണിക്കു പുറപ്പെടേണ്ട വിമാനം ഉച്ചയോടെയാണു പുറപ്പെട്ടത്.
ഗുജറാത്ത് നിയമസഭ തെരഞ്ഞെടുപ്പിന്റെ രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പ്രധാനമന്ത്രി മോദി വോട്ട് രേഖപ്പെടുത്തി. അഹമ്മദാബാദിലെ റാണിപ് ഹൈസ്‌കൂളിലുള്ള പോളിംഗ് സ്റ്റേഷനിലാണ് പ്രധാനമന്ത്രി വോട്ടു ചെയ്തത്. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ നാരന്‍പുര മുനിസിപ്പല്‍ സബ് സോണല്‍ ഓഫീസിലാണു വോട്ടു ചെയ്തത്. ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേലും അഹമ്മദാബാദില്‍ വോട്ട് ചെയ്തു. 93 മണ്ഡലങ്ങളിലാണ് ഇന്നു വോട്ടെടുപ്പ്.