മിണ്ടാതിരിക്കാന്‍ തങ്ങള്‍ കിന്റര്‍ഗാര്‍ഡനിലെ കുട്ടികളല്ലെന്ന് ശശി തരൂര്‍ എംപി. പൊതുപരിപാടികളും പാര്‍ട്ടി പരിപാടികളും അതതു ഘടകങ്ങളെ 16 വര്‍ഷമായി അറിയിക്കാറുണ്ടന്നും സമാന്തര പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. സ്വകാര്യ പരിപാടികള്‍ അറിയിക്കാറില്ല. താന്‍ വിവാദമുണ്ടാക്കിയിട്ടില്ല. ആരോടും അമര്‍ഷമില്ല. ആര്‍ക്കെതിരേയും സംസാരിച്ചിട്ടുമില്ല. നേതാക്കളില്‍ ഒരാളുമായും അകല്‍ച്ചയുമില്ല. സംസാരിക്കാന്‍ തയാറുമാണ്. ശശി തരൂര്‍ കൊച്ചിയില്‍ മാധ്യമപ്രവര്‍ത്തകരോടു പറഞ്ഞു.
വിഴിഞ്ഞം സമരംമൂലം ഉണ്ടായ നഷ്ടം ലത്തീന്‍ അതിരൂപതയില്‍നിന്ന് ഈടാക്കാന്‍ നീക്കം. സര്‍ക്കാരിന്റെ നിലപാട് ഹൈക്കോടതിയെ അറിയിക്കും. 200 കോടിയിലേറെ രൂപയുടെ നഷ്ടമുണ്ടായെന്നാണ് അദാനി റിപ്പോര്‍ട്ടു ചെയ്തിട്ടുള്ളത്. ഇതേസമയം, വിഴിഞ്ഞത്ത് ഇന്നലെയുണ്ടായ സംഘര്‍ഷത്തിന് അതിരൂപതാ വികാരി ജനറല്‍ ഉള്‍പെടെയുള്ള സമരസമിതി ഭാരവാഹികള്‍ക്കെതിരേ വധശ്രമത്തിന് അടക്കം 10 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. വികാരി ജനറല്‍ ഫാ. യൂജിന്‍ പെരേര യും വൈദികരും പ്രതികളാണ്. തുറമുഖ അനുകൂല സമര സമിതി പ്രവര്‍ത്തകന്‍ വിനുവിന്റെ തല അടിച്ചു പൊട്ടിച്ചെന്ന് ആരോപിച്ചാണു വധശ്രമക്കേസ്.
വിഴിഞ്ഞത്ത് തുറമുഖ നിര്‍മ്മാണം തുടരാമെന്ന ഹൈക്കോടതി വിധിക്കെതിരെ നാളെ അപ്പീല്‍ നല്‍കുമെന്ന് മത്സ്യത്തൊഴിലാളി സമരസമിതി ജനറല്‍ കണ്‍വീനറും ലത്തീന്‍ അതിരൂപതാ വികാരി ജനറലുമായ ഫാ. യൂജിന്‍ പെരേര. തുറമുഖ നിര്‍മ്മാണത്തിനെതിരെ സമരം ചെയ്യുന്നവരെ അടിച്ചൊതുക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം ആരോപിച്ചു.
കിളികൊല്ലൂരിലെ പോലീസ് സ്‌റ്റേഷനില്‍ സൈനികനെയും സഹോദരനേയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ പൊലീസുകാരെ സംരക്ഷിച്ച് കമ്മീഷണറുടെ റിപ്പോര്‍ട്ട്. മര്‍ദ്ദിച്ചതാരാണെന്നു വ്യക്തയില്ലെന്നാണ് മനുഷ്യാവകാശ കമ്മീഷനു സമര്‍പ്പിച്ച റിപ്പോര്‍ട്ടില്‍ പറയുന്നത്.
പ്രൊഫഷണലുകളുടെ കൂട്ടായ്മ പ്രതീക്ഷ നല്‍കുന്നതാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്‍. കൊച്ചിയില്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസ് കോണ്‍ക്ലേവ് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. പ്രൊഫഷണലുകള്‍ രാഷ്ട്രീയത്തില്‍ ഇടപെടുന്നത് നല്ലതാണ്. വിവിധ വിഷയങ്ങളില്‍ ജനത്തെ ബോധവല്‍കരിക്കാന്‍ പ്രൊഫഷണല്‍ കോണ്‍ഗ്രസിനു കഴിയുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. ഓണ്‍ലൈനായിട്ടാണ് ഉദ്ഘാടനം നിര്‍വഹിച്ചത്. ശശി തരൂര്‍ എംപിയാണ് ഈ സംഘടനയുടെ അധ്യക്ഷന്‍.
മുന്‍ എംഎല്‍എ എസ്. രാജേന്ദ്രന്‍ താമസിക്കുന്ന വീടല്ല, വാടകയ്ക്കു നല്‍കിയ വീട് ഒഴിയണമെന്നാണ് റവന്യൂ വകുപ്പ് നോട്ടീസ് നല്‍കിയെന്നു റിപ്പോര്‍ട്ട്. താമസിക്കുന്ന വീടിനാണ് ഒഴിഞ്ഞു പോകാനുള്ള നോട്ടീസ് ലഭിച്ചതെന്നായിരുന്നു രാജേന്ദ്രന്‍ നേരത്തെ പ്രചരിപ്പിച്ചിരുന്നത്. രണ്ടു വീടുകളും കയ്യേറ്റ ഭൂമിയിലാണെന്നാണ് ഔദ്യോഗിക റിപ്പോര്‍ട്ട്. എന്നാല്‍ തനിക്കു വേറെ വീടില്ലെന്നു രാജേന്ദ്രന്‍ പറഞ്ഞു.
മലപ്പുറത്ത് ഹലാല്‍ ആട് കച്ചവട സംരംഭത്തിനെന്ന പേരില്‍ വന്‍തോതില്‍ നിക്ഷേപം സമാഹരിച്ച് തട്ടിപ്പ്. അരീക്കോട് ഒതായില്‍, ഹലാല്‍ ഗോട്ട് ഫാം എന്ന പേരില്‍ സ്ഥാപനത്തിന്റെ നടത്തിപ്പുകാരായ കെവി സലീഖ്, അബ്ദുല്‍ ലത്തീഫ് റിയാസ് ബാബു എന്നിവര്‍ക്കെതിരേയാണു പരാതി.
ഏകീകൃത കുര്‍ബാന തര്‍ക്കത്തിനിടെ എറണാകുളം ബസിലിക്കയില്‍ കുര്‍ബാന അര്‍പ്പിക്കാന്‍ എത്തിയ അപ്പസ്‌തോലിക് അഡ്മിനിസ്‌ട്രേറ്റര്‍ ബിഷപ്പ് ആന്‍ഡ്രൂസ് താഴത്തിനെ ഇന്നലെ വൈകുന്നേരം വിമത വിഭാഗം തടഞ്ഞു. ബസിലിക്കയില്‍ കയറി അക്രമം നടത്തുകയും ചെയ്തു. ശക്തമായ പോലീസ് സംരക്ഷണം ഉണ്ടായിരുന്നെങ്കിലും ആര്‍ച്ചബിഷപ്പിന് അകത്തേക്കു പ്രവേശിക്കനാകാതെ തിരിച്ചുപോകേണ്ടിവന്നു.
ഓണ്‍ലൈന്‍ മാധ്യമപ്രവര്‍ത്തകയെ അപമാനിച്ച സംഭവത്തില്‍ പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ നടന്‍ ശ്രീനാഥ് ഭാസിക്കെതിരേ ഏര്‍പ്പെടുത്തിയ വിലക്ക് പിന്‍വലിച്ചു. കഴിഞ്ഞ മാസം കേസ് ഒത്തുതീര്‍പ്പായിരുന്നെങ്കിലും വിലക്ക് പിന്‍വലിച്ചിരുന്നില്ല.
രാഹുല്‍ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്രയില്‍ പാകിസ്ഥാന്‍ അനുകൂല മുദ്രാവാക്യം മുഴക്കിയെന്നു വ്യാജ വീഡിയോ പ്രാരണം നടത്തിയതിന് ബിജെപി നേതാവിനെതിരെ കേസ്. മധ്യപ്രദേശ് ബിജെപി മീഡിയ സെല്‍ മേധാവി ലോകേന്ദ്ര പരാശറിനെതിരെയാണ് ഛത്തീസ്ഗഡ് പോലീസ് കേസെടുത്തത്.
കര്‍ണാടകയിലെ ബെലഗാവിക്കു സമീപമുള്ള കിത്വാഡ് വെള്ളച്ചാട്ടത്തില്‍വീണ് നാലു പെണ്‍കുട്ടികള്‍ മരിച്ചു. നാല്‍പതംഗ സംഘത്തിലെ വിദ്യാര്‍ത്ഥിനികള്‍ സെല്‍ഫിയെടുക്കാന്‍ ശ്രമിക്കുന്നതിനിടെയാണ് വെള്ളച്ചാട്ടത്തിലേക്കു വീണത്. ബെലഗാവിയിലെ കാമത്ത് ഗല്ലിയിലെ ഒരു മദ്രസയിലെ വിദ്യാര്‍ത്ഥികളാണ് അപകടത്തില്‍ അകപ്പെട്ടത്.
കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെ ചൈനയിലെ ഷാങ്ഹായില്‍ തെരുവുകളില്‍ പ്രക്ഷോഭം. പ്രക്ഷോഭത്തിന്റെ നിരവധി വീഡിയോകളാണ് പ്രചരിക്കുന്നത്. ചൈനീസ് സര്‍ക്കാറിന്റെ കൊവിഡ് നിയന്ത്രണങ്ങള്‍ക്കെതിരെയും ചൈനീസ് സര്‍ക്കാറിനെതിരെയും പ്രക്ഷോഭകര്‍ മുദ്രവാക്യം വിളിച്ചു.
ലോകത്തിലെ ഏറ്റവും ശക്തമായ ആണവശക്തി സ്വന്തമാക്കുമെന്ന് ഉത്തരകൊറിയന്‍ നേതാവ് കിം ജോങ് ഉന്‍. പുതിയ ഹ്വാസോങ്-17 ഭൂഖണ്ഡാന്തര ബാലിസ്റ്റിക് മിസൈല്‍ പരീക്ഷണം പരിശോധിച്ചു സംസാരിക്കുകയായിരുന്നു അദ്ദേഹം. അമേരിക്കയുടെ ആണവ ഭീഷണികളെ നേരിടുമെന്ന് പ്രതിജ്ഞയെടുക്കുകയും ചെയ്തു.