കോവിഡ് രോഗമുക്തരായി രണ്ട് വര്‍ഷത്തിനു ശേഷവും പല രോഗികളുടെയും ശ്വാസകോശത്തിന് സാരമായ കേടുപാടുകള്‍ തുടരുന്നതായി നെഞ്ചിന്റെ സിടി സ്‌കാന്‍ റിപ്പോര്‍ട്ടുകള്‍ വെളിപ്പെടുത്തുന്നു. പല അവയവങ്ങള്‍ക്കും കോവിഡ് ദീര്‍ഘകാല നാശമുണ്ടാക്കാമെന്ന സംശയങ്ങളെ ശരി വയ്ക്കുന്നതാണ് പുതിയ പഠനങ്ങള്‍. വുഹാനിലെ ഹുവാസ് ഹോങ് യൂണിവേഴ്‌സിറ്റി ഓഫ് സയന്‍സ് ആന്‍ഡ് ടെക്‌നോളജിയിലെ ഗവേഷകര്‍ നടത്തിയ രണ്ട് വര്‍ഷം നീണ്ട പഠനം വ്യക്തമായ സൂചനകള്‍ ഇതിനെക്കുറിച്ച് നല്‍കുന്നു. 79 പുരുഷന്മാരും 65 സ്ത്രീകളും അടക്കം 144 പേരിലാണ് പഠനം നടത്തിയത്. 2020 ജനുവരി 15 നും മാര്‍ച്ച് 10 നും ഇടയില്‍ കോവിഡ് രോഗമുക്തി നേടിയവരാണ് ഇവര്‍. ഇവരില്‍ ആറ് മാസത്തിനും ഒരു വര്‍ഷത്തിനും രണ്ട് വര്‍ഷത്തിനും ശേഷം നെഞ്ചിന്റെ സിടി സ്‌കാന്‍ നടത്തി. ആറ് മാസത്തിനു ശേഷം നടത്തിയ പരിശോധനയില്‍ 54 % രോഗികള്‍ക്കും ഏതെങ്കിലും തരത്തിലുള്ള ശ്വാസകോശ പ്രശ്‌നങ്ങള്‍ കണ്ടെത്തി. രണ്ട് വര്‍ഷത്തിനു ശേഷം ഇത് 39 ശതമാനമായി കുറഞ്ഞു. ശ്വാസകോശത്തിലെ കോശങ്ങള്‍ക്ക് നാശം സംഭവിക്കുന്ന ഫൈബ്രോട്ടിക് ലങ് അസാധാരണത്വം 23 ശതമാനം പേരില്‍ കണ്ടപ്പോള്‍ നോണ്‍ ഫൈബ്രോട്ടിക് ലങ് പ്രശ്‌നങ്ങള്‍ 16 ശതമാനം പേരില്‍ കണ്ടെത്തി. രണ്ട് വര്‍ഷങ്ങള്‍ക്കു ശേഷം ഭൂരിഭാഗം പേരിലും കാണപ്പെട്ട ഒരു ലക്ഷണം ശ്വാസം മുട്ടലായിരുന്നതായും ഗവേഷകര്‍ പറയുന്നു. പഠന ഗ്രൂപ്പിലെ 14 ശതമാനം പേരിലും ഈ ലക്ഷണം കണ്ടെത്തി. വായു അറകളില്‍ വച്ച് ഓക്‌സിജന്‍ രക്തത്തിലേക്ക് നല്‍കുകയും തിരികെ കാര്‍ബണ്‍ഡയോക്‌സൈഡ് രക്തത്തില്‍ നിന്ന് എടുക്കുകയും ചെയ്യുന്ന പള്‍മനറി ഡിഫ്യൂഷന്‍ പ്രക്രിയയില്‍ 29 ശതമാനം പേരില്‍ കണ്ടെത്തി. കോവിഡ് രോഗമുക്തര്‍ ശ്വാസംമുട്ടല്‍ പോലുള്ള ലക്ഷണങ്ങള്‍ ശ്രദ്ധയില്‍പ്പെടുന്ന പക്ഷം തുടര്‍ചികിത്സകള്‍ക്ക് വിധേയരാകണമെന്ന് റേഡിയോളജി ജേണലില്‍ പ്രസിദ്ധീകരിച്ച ഗവേഷണ റിപ്പോര്‍ട്ട് ശുപാര്‍ശ ചെയ്യുന്നു.