2021 ല് ആഗോള ജനസംഖ്യയുടെ മരണകാരണങ്ങളില് കോവിഡ് രണ്ടാമത്തെ ഘടകമായി മാറിയതായി ദി ലാന്സെറ്റ് ജേണലില് പ്രസിദ്ധീകരിച്ച പഠനം. ലോകത്ത് ഒരു ലക്ഷം ജനസംഖ്യയില് 94 മരണങ്ങള് കോവിഡ് കാരണമാണെന്നാണ് ഗവേഷണത്തിലെ കണ്ടെത്തല്. കോവിഡ് ആയുര്ദൈര്ഘ്യം 1.6 വര്ഷം കുറച്ചതായും ഗവേഷണം കണ്ടെത്തി. 2019നെ അപേക്ഷിച്ച് 2020ല് ലോകമെമ്പാടുമുള്ള മരണങ്ങള് 10.8 ശതമാനം വര്ദ്ധിച്ചു, 2020നെ അപേക്ഷിച്ച് 2021ല് 7.5 ശതമാനം വര്ദ്ധിച്ചു. മരണനിരക്കിന്റെ കാര്യത്തില് 2020 ല് 8.1 ശതമാനവും 2021 ല് 5.2 ശതമാനവും കൂടി, പഠനം കണക്കാക്കുന്നു. ആഗോളതലത്തില് കോവിഡും അനുബന്ധ മരണങ്ങളും 2019 നും 2021 നും ഇടയില് ആയുര്ദൈര്ഘ്യം 1.6 വര്ഷം കുറയ്ക്കുന്നതിന് കാരണമായി, അണുബാധകള്, പക്ഷാഘാതം, നവജാതശിശുക്കള് എന്നി വിഭാഗങ്ങളില് നിന്നുള്ള മരണങ്ങള് കുറയുന്നത് 1990 നും 2019 നും ഇടയില് ആയുര്ദൈര്ഘ്യം ക്രമാനുഗതമായി വര്ദ്ധിപ്പിക്കാന് സഹായിച്ചിരുന്നു. ഇന്ത്യയില് 1990 നും 2021 നും ഇടയില് 7.9 വര്ഷത്തെ ആയുര്ദൈര്ഘ്യം വര്ധിച്ചപ്പോള് കോവിഡ് കാരണം ഇന്ത്യയില് 1.9 വര്ഷത്തെ ആയുര്ദൈര്ഘ്യം കുറഞ്ഞതായി പഠനം പറയുന്നു. ആഫ്രിക്കയിലാണ് കോവിഡില് നിന്നുള്ള മരണനിരക്ക് ഏറ്റവും ഉയര്ന്നത്. ലാറ്റിനമേരിക്കയിലും കരീബിയന് രാജ്യങ്ങളിലും ഇത് യഥാക്രമം ഒരു ലക്ഷം ജനസംഖ്യയില് 271 ഉം ഒരു ലക്ഷം ജനസംഖ്യയില് 200 മരണങ്ങളും ആണ്. തെക്കുകിഴക്കന് ഏഷ്യ, കിഴക്കന് ഏഷ്യ, ഓഷ്യാനിയ എന്നിവിടങ്ങളില് ഒരു ലക്ഷം ജനസംഖ്യയില് 23 പേര് മരിക്കുന്നു, ഗവേഷകര് കണക്കാക്കുന്നു. ആന്ഡിയന് ലാറ്റിന് അമേരിക്കയില് 4.9 വര്ഷവും തെക്കന് സബ്സഹാറന് ആഫ്രിക്കയിലും കിഴക്കന് ഏഷ്യയിലും 3.4 വര്ഷവും കുറഞ്ഞു, പഠനത്തില് പറഞ്ഞു.
ആയുര്ദൈര്ഘ്യം 1.6 വര്ഷം കുറച്ച് കോവിഡ്
