മൂന്നാം പാദഫലങ്ങള് പുറത്തുവന്നതോടെ മിന്നും പ്രകടനം കാഴ്ചവച്ച് കേന്ദ്ര പൊതുമേഖല ഇന്ഷുറന്സ് കമ്പനിയായ എല്ഐസി. ഡിസംബറില് അവസാനിച്ച മൂന്നാം പാദത്തില് 94 ശതമാനം വളര്ച്ചയാണ് എല്ഐസി നേടിയിരിക്കുന്നത്. ഗ്രൂപ്പ് സിംഗിള് പ്രീമിയം ബിസിനസില് ഉണ്ടായ കുതിച്ചുചാട്ടമാണ് ഈ നേട്ടത്തിന് പിന്നില്. ഏറ്റവും പുതിയ കണക്കുകള് പ്രകാരം, എല്ഐസിയുടെ മൊത്തം പ്രീമിയം മുന് വര്ഷം ഡിസംബറിലെ 11,859 കോടി രൂപയില് നിന്നും, 22,981 കോടി രൂപയായി ഉയര്ന്നിട്ടുണ്ട്. ഇതേ കാലയളവിലെ ഗ്രൂപ്പ് സിംഗിള് പ്രീമിയം മുന് വര്ഷം ഡിസംബറിലെ 5,966 കോടി രൂപയില് നിന്ന് 17,601 കോടി രൂപയായാണ് വര്ദ്ധിച്ചത്. ഡിസംബറിലെ പ്രീമിയത്തില് എല്ഐസിയുടെ ഗ്രൂപ്പ് ബിസിനസ് വളര്ച്ച 43 ശതമാനമായി ഉയര്ന്നിട്ടുണ്ട്. 2022 ഡിസംബറില് ഇത് 26,838 കോടി രൂപയായിരുന്നു. എന്നാല്, 2023 ഡിസംബറില് 38,583 കോടി രൂപയായാണ് ഉയര്ന്നത്. എല്ഐസിയുടെ ഉയര്ന്ന പ്രീമിയം വരുമാനം ഡിസംബറിലെ വ്യവസായത്തിന്റെ വളര്ച്ചയ്ക്ക് കൂടുതല് കരുത്ത് പകര്ന്നിട്ടുണ്ട്. 2023 ഏപ്രില് മുതല് ഡിസംബര് വരെയുള്ള കാലയളവില് രാജ്യത്തെ ഇന്ഷുറന്സ് കമ്പനികളെല്ലാം ചേര്ന്ന് മൊത്തം 2.50 ലക്ഷം കോടി രൂപയുടെ പ്രീമിയം രേഖപ്പെടുത്തിയിട്ടുണ്ട്.
മൂന്നാം പാദത്തില് മിന്നും പ്രകടനവുമായി എല്ഐസി
