ബഹിരാകാശത്തേക്കും സമുദ്രാന്തര്‍ ഭാഗത്തേക്കുമുള്ള സാഹസിക ഉല്ലാസ യാത്രകള്‍ ലോകമെങ്ങും വാര്‍ത്തയാകാറുണ്ട്. ടൈറ്റാനിക് കപ്പല്‍ ഛേദം കാണാന്‍ അറ്റലാന്റിക് സമുദ്രത്തില്‍ ടൈറ്റന് എന്ന ചെറു മുങ്ങിക്കപ്പലില്‍ സാഹസിക വിനോദ യാത്ര വന്‍ ദുരന്തമായിരുന്നു. ഇപ്പോള്‍ ശുക്രനിലേക്ക് മനുഷ്യരെ എത്തിക്കാനുള്ള പദ്ധതിയാണു ലോകമെങ്ങും ചര്‍ച്ചയായിരിക്കുന്നത്. ടൈറ്റാനിക് കാണാന്‍ ടൈറ്റന് യാത്ര ഒരുകകിയ ഓഷ്യന്‍ ഗേറ്റിന്റെ സഹസ്ഥാപകന്‍ ഗില്ലേര്‍മോ സോണ്‍ലൈന്‍ ആണ് ശുക്രന് യാത്രയുടെ സംഘാടകന്‍. ശുക്രനിലേക്കു വിനോദയാത്ര മാത്രമല്ല, അവിടെ സ്ഥിരതാമസമാക്കാമെന്നും വാഗ്ദാനമുണ്ട്. 2050 ആകുമ്പോഴേക്കും ശുക്രനിലേക്കുള്ള യാത്ര സാക്ഷാത്കരിക്കുമെന്നാണ് ഗില്ലേര്‍മോ സോണ്‍ലൈന്‍ പറയുന്നത്. അദ്ദേഹത്തിന്റെ ഉടമസ്ഥതയിലുള്ള ‘ഹ്യൂമന്‍സ് 2 വീനസ്’ എന്ന കമ്പനിയാണ് ഈ യാത്രയ്ക്കുള്ള നീക്കങ്ങള്‍ ആരംഭിച്ചിരിക്കുന്നത്. ശുക്രനില്‍ മനുഷ്യനു സ്ഥിരതാമസം ഒരുക്കാന്‍ ലക്ഷ്യമിട്ട് മൂന്നു വര്‍ഷം മുമ്പ് 2020 ല്‍ സ്ഥാപിച്ചതാണ് ആ കമ്പനി. ഡോ. ഖാലിദ് എം അല്‍ അലിയാണ് ഈ സ്ഥാപനത്തിന്റെ സഹസ്ഥാപകന്‍, രോഹിത് മുഹുന്ദന്‍ എക്സിക്യുട്ടീവ് ഡയറക്ടറാണ്. ശുക്രന്റെ അന്തരീക്ഷത്തിനു 30 മൈല്‍ ഉയരത്തില്‍ മനുഷ്യവാസം സാധ്യമാണെന്ന് കമ്പനി അവകാശപ്പെടുന്നു. ചൂടും മര്‍ദ്ദവും കുറവാണ്. ഗുരുത്വാകര്‍ഷണം ഭൂമിയുടേതിനു സമാനമാണെന്നു യാത്ര പ്രഖ്യാപിച്ച കമ്പനിയുടെ വെബ് സൈറ്റില്‍ പറയുന്നു. ഇനിയും 26 വര്‍ഷം കഴിഞ്ഞുള്ള യാത്രയ്ക്ക് കമ്പനിയുടമ അടക്കം ആരെല്ലാം ബാക്കിയുണ്ടാകുമോയെന്ന് അറിയില്ല. ഇനി യാത്ര നടത്തിയാലോ ടൈറ്റന് എന്ന സമുദ്രപേടകത്തിനു സംഭവിച്ചചതിനു സമാനമായ ദുരന്തമൊന്നും സംഭവിക്കാതിരിക്കട്ടെ.
പോകാം, ശുക്രനിലേക്ക്
