സ്വകാര്യ സർവ്വകലാശാലകൾക്കും വിദേശനിക്ഷേപത്തിനും അനുമതി നൽകി ഉന്നതവിദ്യാഭ്യാസരംഗത്ത് നിർണ്ണായക ചുവട് മാറ്റത്തിന് എൽഡിഎഫ് തീരുമാനം. സ്വാശ്രയകോളേജുകളെ എതിർത്ത് വിദ്യാഭ്യാസം പൊതുമേഖലയിൽ മാത്രം മതിയെന്ന പഴയനിലപാട് തിരുത്തിയാണ് സ്വകാര്യ-വിദേശ നിക്ഷേപങ്ങൾക്കുള്ള പച്ചക്കൊടി.സിപിഎം എറണാകുളം സംസ്ഥാന സമ്മേളനത്തിൽ മുഖ്യമന്ത്രി അവതരിപ്പിച്ച നയരേഖയുടെ അടിസ്ഥാനത്തിലാണ് മാറ്റത്തിനുള്ള മുന്നണി തീരുമാനം.
സംസ്ഥാനത്തെ മികച്ച നിലവാരത്തിലുള്ള നിരവധി സ്വകാര്യ സർവ്വകലാശാലകൾ രാജ്യത്തുണ്ട്. അവക്കെല്ലാം കേരളത്തിലേക്കെത്താനാണ് അനുമതി കിട്ടുന്നത്. ഫീസും പ്രവേശനവുമെല്ലാം തീരുമാനിക്കാനുള്ള പൂർണ്ണ അധികാരം സ്വകാര്യ സർ്വ്വകലാശാലകൾക്കായിരിക്കും. ദേശീയതലത്തിൽ വിദേശ സർവ്വകലാശാലകൾക്ക് അനുമതി നൽകാൻ യുജിസി അടുത്തിടെ കരട് മാർഗ്ഗരേഖ ഇറക്കിയിരുന്നു. അതിന് പിന്നാലെയാണ് കേരളവും മാറ്റത്തിന് തയ്യാറെടുക്കുന്നത്. ഇടത് മുന്നണി അനുമതി അനുസരിച്ച് മന്ത്രിസഭായോഗം പുതിയ നിയമം കൊണ്ടുവരാനുള്ള തീരുമാനമെടുക്കും.