എം.എൽ.എ. ഹോസ്റ്റലിൽവെച്ച് സോളാർ കേസിലെ പ്രതിയെ പീഡിപ്പിച്ചു എന്നായിരുന്നു ഹൈബി ഈഡനെതിരായ ആരോപണം. ഇത് സംബന്ധിച്ച് സി.ബി.ഐ. അന്വേഷണം നടത്തി കേസിൽ തെളിവില്ലെന്ന് കോടതിയിൽ റിപ്പോർട്ട് നൽകിയിരുന്നു. ഇതേ തുടർന്ന് സോളാർ പീഡന പരാതിയിൽ ഹൈബി ഈഡനെ കോടതി കുറ്റവിമുക്തനാക്കി. കേസിൽ തെളിവില്ലെന്ന സി.ബി.ഐ. റിപ്പോർട്ട് തിരുവനന്തപുരം സി.ജി.എം. കോടതി അംഗീകരിച്ചു.
ഗണേഷ് കുമാർ എം.എൽ.എ. നേരിട്ട് ഹാജരാകണമെന്ന് കോടതി
മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിക്കെതിരായ സോളാർ ഗൂഢാലോചനക്കേസിൽ അടുത്ത മാസം പതിനെട്ടിന് കൊട്ടാരക്കര കോടതിയിൽ കെ.ബി. ഗണേഷ് കുമാർ എം.എൽ.എ നേരിട്ട് ഹാജരാകണമെന്ന് കോടതി.സോളാർ പീഡനക്കേസിലെ പരാതിക്കാരിക്ക് വീണ്ടും സമൻസ് അയക്കും. പരാതിക്കാരിയായ സ്ത്രീ 21 പേജുള്ള കത്ത് എഴുതുകയുണ്ടായി. അതിൽ നാല് പേജ് കൂടി പുതുതായി എഴുതിച്ചേർത്തു എന്നതായിരുന്നു സിബഐയുടെ കണ്ടെത്തൽ.
സിപിഎം നേതാവ് എം.കെ. കണ്ണനെ ഇ.ഡി. ചോദ്യംചെയ്യുന്നു
കരുവന്നൂർ ബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ട് സിപിഎം നേതാവ് എം.കെ.കണ്ണന്‍ പ്രസിഡന്റായ തൃശൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ ഒരാഴ്ച മുമ്പ് ഇ.ഡി.റെയ്ഡ് നടത്തിയിരുന്നു. ഇതേ തുടർന്ന് എം.കെ. കണ്ണനെ കൊച്ചിയിലെ ഓഫീസിലേക്ക് വിളിപ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് ചോദ്യം ചെയ്യുന്നത് തുടരുന്നു.
ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി എന്ന് കെ മുരളീധരൻ
രണ്ടാം വന്ദേഭാരതിന്റെ ഉദ്ഘാടന യാത്രയിൽ മുഴുനീളെ ബിജെപിയുടെ ജാഥയും ബഹളവുമാണുണ്ടായതെന്ന് ഉദ്ഘാടന യാത്രയിൽ പങ്കാളിയായ വടകര എംപി കെ മുരളീധരൻ. ബിജെപി ഓഫിസിൽ ഇരുന്ന പോലെ അകപ്പെട്ടുപോയി എന്നും രണ്ടാം വന്ദേഭാരത് ആരുടെയെങ്കിലും സമ്മർദംകൊണ്ട് മാത്രമല്ല, ആദ്യത്തെ വന്ദേഭാരത് മികച്ച വരുമാനം നൽകിയത് കൊണ്ട് കൂടിയാണ് അനുവദിച്ചതെന്നും അദ്ദേഹം പറഞ്ഞു.
11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ്
മലപ്പുറം, എറണാകുളം, തൃശ്ശൂർ, വയനാട് ജില്ലകളിലായി 11 പോപ്പുലർ ഫ്രണ്ട് കേന്ദ്രങ്ങളിൽ ഇഡി റെയ്‌ഡ് പുരോഗമിക്കുന്നു. 250 സിആർപിഎഫ് ജീവനക്കാരുടെയും പൊലീസിന്റെയും സുരക്ഷയിലാണ് പരിശോധന പുരോഗമിക്കുന്നത്. കൊച്ചി ഇഡി ഓഫീസിൽ നിന്നുള്ള ഉദ്യോഗസ്ഥരുടെ നേതൃത്വത്തിൽ ഇന്ന് രാവിലെയാണ് പരിശോധന തുടങ്ങിയത്. കേരളത്തിൽ പിഎഫ്ഐ സ്ലീപ്പർ സെല്ലുകൾ സജീവമായി പ്രവർത്തിക്കുന്നുണ്ടെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് പരിശോധന.
അമേരിക്കൻ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി
ഹർദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തിലെ അമേരിക്കൻ നിലപാടിൽ ഇന്ത്യയ്ക്ക് അതൃപ്തി. പരസ്പര വിരുദ്ധമായ പ്രസ്താവനകൾ അമേരിക്ക നടത്തുന്നുവെന്നും, അമേരിക്ക ഇത് തുടർന്നാൽ ഇന്ത്യ പരസ്യമായി തന്നെ അതൃപ്തി അറിയിക്കുമെന്നും കേന്ദ്ര സർക്കാർ വൃത്തങ്ങൾ പറയുന്നു. പ്രശ്ന പരിഹാരത്തിന് അമേരിക്ക കൂടി ഉൾപ്പെട്ട ചർച്ച നടന്നേക്കുമെന്നാണ് സൂചന. എന്തെങ്കിലും നടപടി ആർക്കെങ്കിലും എതിരെ എടുക്കാവുന്ന ഒരു തെളിവും കാനഡ നൽകിയിട്ടില്ലെന്നും ഇന്ത്യ ആവർത്തിക്കുന്നു.
ലഹരി വസ്തുക്കൾ ഉപയോഗിച്ച് ജോലിക്കെത്തുന്ന പൊലിസുകാർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് ഉത്തരവ്
മദ്യപിച്ചെത്തുന്ന ഉദ്യോഗസ്ഥർക്കെതിരെ കർശന നടപടിയെടുക്കണമെന്ന് എഡിജിപി ഇറക്കിയ സർക്കുലറിൽ പറയുന്നു. പല സ്ഥങ്ങളിലും മദ്യപിച്ച് ഉദ്യോഗസ്ഥർ ജോലിക്കെത്തുന്നത് ശ്രദ്ധയിൽപ്പെട്ടിട്ടുണ്ട്. എസ്എച്ചഒമാർക്ക് ഇത്തരം വ്യക്തികളെ നിയന്ത്രിക്കുന്നതിൽ പൂർണ ഉത്തരവാദിത്വമുണ്ടെന്നും എഡിജിപി എംആർ അജിത് കുമാർ ഇറക്കിയ സർക്കുലറിൽ പറയുന്നു.
രാഹുലിനെ വെല്ലുവിളിച്ച് ഒവൈസി
തനിക്കെതിരെ ഹൈദരാബാദിൽ മത്സരിക്കാൻ ധൈര്യമുണ്ടോയെന്ന് കോൺഗ്രസ് നേതാവ് രാഹുൽ ഗാന്ധിയെ വെല്ലുവിളിച്ച് ഒവൈസി ഓൾ ഇന്ത്യ മജ്‌ലിസ്-ഇ-ഇത്തേഹാദുൽ മുസ്ലിം നേതാവ് അസദുദ്ദീൻ ഒവൈസി. കോൺഗ്രസിൻ്റെ ഭരണകാലത്താണ് ബാബറി മസ്ജിദ് തകർത്തതെന്ന കാര്യം ആരും മറക്കരുതെന്നും, വയനാട്ടിൽ അല്ല ഇക്കുറി മത്സരിക്കേണ്ടതെന്നും അസദുദ്ദീൻ ഒവൈസി പറഞ്ഞു.
പോപ്പുലർ ഫ്രണ്ട് നേതാവിന്റെ വീട്ടിൽ ഇഡി റെയ്‌ഡ്
ചാവക്കാട് മുനയ്ക്കകടവിൽ പോപ്പുലർ ഫ്രണ്ട് നേതാവ് ലത്തീഫ് പോക്കാക്കില്ലത്തിന്റെ വീട്ടിലാണ് പരിശോധന നടക്കുന്നത്. കള്ളപ്പണം വെളുപ്പിച്ചെന്ന സംശയത്തിന്റെ അടിസ്ഥാനത്തിൽ ഇഡി കൊച്ചി ഓഫീസിൽ നിന്നുള്ള സംഘമാണ് പരിശോധനക്കെത്തിയത്. പൊലീസ് സംഘവും ഇവർക്കൊപ്പമുണ്ട്. കേരളത്തിലേക്ക് തീവ്രവാദ പ്രവർത്തനങ്ങൾക്ക് ഹവാല പണം വന്നുവെന്ന വിവരത്തിലാണ് പരിശോധന.
ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ
ആദ്യ സ്വര്‍ണം കരസ്ഥമാക്കി ഇന്ത്യ. പത്തൊന്‍പതാം ഏഷ്യന്‍ ഗെയിംസില്‍ ഷൂട്ടിങ്ങിലാണ് ഇന്ത്യയുടെ സ്വര്‍ണനേട്ടം. പുരുഷ വിഭാഗത്തില്‍ 10മീറ്റര്‍ എയര്‍ റൈഫിള്‍ ടീമിനത്തിൽ ദിവ്യാന്‍ഷ് സിങ് പന്‍വര്‍, ഐശ്വര്യ പ്രതാപ് സിങ് തോമര്‍, രുദ്രാങ്കാഷ് പാട്ടീല്‍ എന്നിവരടങ്ങുന്ന ടീമാണ് സ്വര്‍ണം നേടിയത്. ലോകറെക്കോഡോടെയാണ് ടീമിന്റെ പ്രകടനം. 1893.7 പോയന്റാണ് ഇന്ത്യന്‍ ടീം നേടിയത്.
