ഇന്ത്യ – പാകിസ്ഥാൻ വെടിനിർത്തല്‍ ധാരണയ്ക്ക് പിന്നാലെ ഇന്ത്യൻ വിദേശകാര്യ സെക്രട്ടറി വിക്രം മിസ്രിക്ക് നേരെ സൈബര്‍ ആക്രമണം. ചില സോഷ്യൽ മീഡിയ ഉപയോക്താക്കൾ അദ്ദേഹത്തെയും കുടുംബത്തെയും അധിക്ഷേപിക്കുന്ന തരത്തില്‍ പോസ്റ്റുകൾ ഇടുന്നുണ്ട്. വിക്രം മിസ്രിയെയും അദ്ദേഹത്തിന്‍റെ കുടുംബത്തെയും ലക്ഷ്യമിട്ടുള്ള സൈബര്‍ ആക്രമണങ്ങൾക്കെതിരെ കടുത്ത വിമര്‍ശനങ്ങളാണ് ഉയരുന്നത്. സൈബര്‍ ആക്രമണം കടുത്തതോടെ വിക്രം മിസ്രി എക്സ് അക്കൗണ്ട് ലോക്ക് ചെയ്തിട്ടുണ്ട്.
ഓപ്പറേഷന്‍ ഡി- ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2018 പേരെ പരിശോധനയ്ക്ക് വിധേയമാക്കി
ഓപ്പറേഷന്‍ ഡി- ഹണ്ടിന്‍റെ ഭാഗമായി ഇന്നലെ സംസ്ഥാനവ്യാപകമായി നടത്തിയ സ്പെഷ്യല്‍ ഡ്രൈവില്‍ മയക്കുമരുന്ന് വില്‍പ്പനയില്‍ ഏര്‍പ്പെടുന്നതായി സംശയിക്കുന്ന 2018 പേരെ പരിശോധനയ്ക്ക് വിധേയമാക്കി. വിവിധതരത്തിലുള്ള നിരോധിത മയക്കുമരുന്ന് കൈവശം വച്ചതിന് 110 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. 109 പേരാണ് അറസ്റ്റിലായത്.
പാർലമെന്റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്
അതിർത്തിയിൽ ഉണ്ടായ സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ പാർലമെന്റിന്‍റെ പ്രത്യേക സമ്മേളനം വിളിക്കണമെന്ന ആവശ്യവുമായി കോൺഗ്രസ്. ഇക്കാര്യം ആവശ്യപ്പെട്ട് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെയും പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയും പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്ത് നൽകി. അടിയന്തരമായി പാർലമെന്റ് യോഗം വിളിച്ചുചേർക്കണമെന്ന് കത്തിൽ ആവശ്യപ്പെട്ടിട്ടുണ്ട്.
ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി
ആക്രമണം നടത്തിയ ശേഷം ഭീകരര്‍ എവിടെ വരെ ഓടിയാലും ഇന്ത്യ പിന്തുടര്‍ന്ന് വേട്ടയാടുമെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. ഭീകരര്‍ക്ക് ശക്തമായ മറുപടി സൈന്യം നല്‍കിയെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇന്ത്യ ഒരിക്കലും പാകിസ്ഥാനിലെ ഒരു ജനവാസമേഖലകളെയും ഉന്നമിട്ട് ആക്രമണം നടത്തിയില്ലെന്നും അദ്ദേഹം വെളിപ്പെടുത്തി. പാക് സൈന്യത്തിന്‍റെ കമാൻഡ് സെന്‍ററുകളിൽ ഒന്നായ റാവൽപിണ്ടിയിലടക്കം ആക്രമണം നടത്തി. പാകിസ്ഥാനിൽ പ്രവേശിച്ച് പല തവണ ആക്രമണം നടത്തി തിരിച്ചെത്തിയ സൈന്യത്തിന് രാജ്നാഥ് സിംഗ് അഭിനന്ദനമറിയിച്ചു.
അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി
അൺ എയ്ഡഡ് സ്കൂളുകളിലെ അനധികൃത പ്ലസ് വൺ പ്രവേശനത്തിൽ കർശന നടപടി എടുക്കുമെന്ന് വിദ്യാഭ്യാസ മന്ത്രി വി ശിവൻ കുട്ടി. എയ്ഡഡ് സ്കൂൾ, പ്ലസ് വൺ പ്രവേശനവുമായി ബന്ധപ്പെട്ട് സംസ്ഥാന സർക്കാർ തന്നെ സർക്കുലർ ഇറക്കിയിട്ടുണ്ട്. എയ്ഡഡ് സ്കൂളുകളിലെ മാനേജ്മെന്‍റ് കോട്ട എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നും റിസർവേഷൻ കോട്ടകൾ എങ്ങനെയാണ് കൈകാര്യം ചെയ്യേണ്ടതെന്നുമായി ബന്ധപ്പെട്ട് ലിസ്റ്റ് തയ്യാറാക്കുന്നതുമായ സംബന്ധിച്ച് വ്യക്തമാക്കിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന
ഓപ്പറേഷൻ സിന്ദൂർ അവസാനിപ്പിച്ചിട്ടില്ലെന്ന് വ്യോമസേന. ഓപ്പറേഷൻ കരുതലോടെ തുടരുന്നുവെന്നും വാർത്താസമ്മേളനം നടത്തി വിവരങ്ങൾ അറിയിക്കുമെന്നും ഇന്ത്യൻ വ്യോമസേന അറിയിച്ചു.ഓപ്പറേഷൻ സിന്ദൂരിൽ ഇന്ത്യൻ വ്യോമസേന കൃത്യതയോടെയും പ്രൊഫഷണലിസത്തോടെയും വിജയകരമായി നിർവഹിച്ചു. ഓപ്പറേഷനുകൾ ഇപ്പോഴും തുടരുന്നതിനാൽ, വിശദമായ ഒരു വിശദീകരണം യഥാസമയം നടത്തും. സ്ഥിരീകരിക്കാത്ത വിവരങ്ങളുടെ ഊഹാപോഹങ്ങളിൽ നിന്നും പ്രചാരണങ്ങളിൽ നിന്നും വിട്ടുനിൽക്കണമെന്നും വ്യോമസേന അഭ്യർത്ഥിച്ചു.
പാക് ഷെല്ലാക്രമണത്തിൽ പരിക്കേറ്റ സൈനികന് വീരമൃത്യു
പാകിസ്ഥാന്‍റെ ഷെല്ലാക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന റൈഫിള്‍മാന്‍ സുനില്‍ കുമാർ വീരമൃത്യു വരിച്ചു. ആര്‍എസ് പുരയില്‍ നടന്ന ആക്രമണത്തിലാണ് സുനില്‍കുമാറിന് പരിക്കേറ്റത്. 25 വയസായിരുന്നു പ്രായം. ജമ്മുകശ്മീര്‍ സ്വദേശിയാണ്. ഉധംപൂരിൽ പാക് ഡ്രോൺ ആക്രമണത്തിൽ പരിക്കേറ്റ ജവാനും ഇന്ന് രാവിലെ വീരമൃത്യു വരിച്ചു. രാജസ്ഥാനിലെ ജുൻജുനു സ്വദേശി സുരേന്ദ്ര കുമാറാണ് മരിച്ചത്. ഇന്ത്യൻ വ്യോമസേനയുടെ മെഡിക്കൽ വിഭാഗത്തിൽ സേവനമനുഷ്ഠിച്ച് വരികയായിരുന്നു.
ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി
ഇന്ത്യയുമായുള്ള വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കുമെന്ന് പാകിസ്ഥാൻ പ്രധാനമന്ത്രി ഷഹബാസ് ഷെരീഫ്. സൈനികർ സംയമനം പാലിക്കണമെന്നും, വെടിനിർത്തൽ ധാരണ വിശ്വസ്തതയോടെ നടപ്പിലാക്കാൻ പാക്കിസ്ഥാൻ പ്രതിജ്ഞാബദ്ധമാണെന്നും ഷഹബാസ് ഷെരീഫ് വാർത്താ സമ്മേളനത്തിൽ വ്യക്തമാക്കി. വെടിനിർത്തൽ ധാരണ പ്രഖ്യാപിച്ചതിന് ശേഷവും ജമ്മുകശ്മീരിലും പഞ്ചാബിലും ഗുജറാത്തിലും രാജസ്ഥാനിലും പാകിസ്ഥാൻ ഇന്നലെ ഡ്രോൺ ആക്രമണവും ഷെല്ലാക്രമണവും നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഷഹബാസ് ഷെരീഫ് പാക് സൈനികരോട് സംയമനം പാലിക്കണമെന്ന് നിർദ്ദേശം നൽകിയത്.
പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന്
ലിയോ പതിനാലാമൻ പാപ്പായുടെ ഔദ്യോഗിക സ്ഥാനാരോഹണം മെയ് 18 ന് വത്തിക്കാനിൽ വിശുദ്ധ പത്രോസിൻറെ ബസിലിക്കയിൽ നടക്കും. ലിയോ പതിനാലാമൻ പാപ്പയുടെ കാർമ്മികത്വത്തിൽ ഇന്ന് സെന്‍റ് പീറ്റേഴ്സ് ചത്വരത്തിൽ കുർബാന നടക്കും. ഫ്രാൻസിസ് മാർപാപ്പയുടെ കല്ലറയിലെത്തി ലിയോ പതിനാലാമൻ പ്രാർത്ഥിച്ചു. മുൻഗാമിയുടെ പാതയിൽ പ്രവർത്തിക്കുമെന്നും പുതിയ പോപ്പ് വ്യക്തമാക്കി.
ബഗ്ലിഹാര്‍ ജലവൈദ്യുതി ഡാമിന്‍റെ ഒരു ഷട്ടറും കൂടി തുറന്ന് ഇന്ത്യ
പാകിസ്ഥാനിലേക്ക് ജലമൊഴുകുന്ന ചെനാബ് നദിയിലെ ബഗ്ലിഹാര്‍ ജലവൈദ്യുതി ഡാമിന്‍റെ ഒരു ഷട്ടറും കൂടി തുറന്ന് ഇന്ത്യ. ചെനാബ് നദിയിലെ മറ്റൊരു അണക്കെട്ടായ സലാൽ അണക്കെട്ടിന്റെയും കൂടുതൽ ഷട്ടറുകൾ തുറന്നിട്ടുണ്ട്. ചെനാബ് നദിക്ക് കുറുകെ രിയാസിയിൽ സ്ഥിതി ചെയ്യുന്ന സലാർ അണക്കെട്ടിന്റെ 12 ഷട്ടറുകളാണ് തുറന്നത്. മഴ ശക്തമായതോടെയാണ് ഷട്ടറുകൾ തുറക്കേണ്ടിവന്നതെന്നാണ് വിശദീകരണം. വെള്ളം കുത്തിയൊഴുകിത്തുടങ്ങിയതോടെ പാകിസ്ഥാന്‍റെ താഴ്ന്ന പ്രദേശങ്ങളിൽ പ്രളയ സാധ്യത നിലനിൽക്കുകയാണ്.
