ഗവര്‍ണര്‍ക്കെതിരെ എല്‍ഡിഎഫ് സമരപരമ്പര. ഈ മാസം 10 വരെ ജില്ലാ തലങ്ങളില്‍ കണ്‍വെന്‍ഷന്‍ നടത്തും. 10 മുതല്‍ പതിനാല് വരെ എല്ലാ വീടുകളിലും ലഘുലേഖ വിതരണം. 10 മുതല്‍ 12 വരെ മുഴുവന്‍ ക്യാമ്പസുകളിലും പ്രതിഷേധ കൂട്ടായ്മ. 15 ന് ഒരുലക്ഷം പേര്‍ പങ്കെടുക്കുന്ന രാജ്ഭവന്‍ ഉപരോധവും നടക്കും. (കൂട്ടക്കുരുതി കുട്ടികളോടോ? ഫ്രാങ്ക്ലി സ്പീക്കിംഗ്: https://youtu.be/ZeTAGEN5kkg )

മുഖ്യമന്ത്രിയുടെ ഓഫീസിലുള്ളവര്‍ കള്ളക്കടത്തില്‍ ഉള്‍പ്പെട്ടാല്‍ ഇടപെടുമെന്ന് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍. യോഗ്യതയില്ലാത്തവരെ നിയമിക്കാന്‍ നിര്‍ദേശിച്ചിട്ടുണ്ടെങ്കിലും ഇടപെടും. സമാന്തരഭരണമെന്ന മുഖ്യമന്ത്രിയുടെ വിമര്‍ശനത്തോടു പ്രതികരിക്കുകയായിരുന്നു ഗവര്‍ണര്‍. മാധ്യമപ്രവര്‍ത്തകരില്‍ കേഡര്‍മാര്‍ ഉണ്ടെന്നും ഗവര്‍ണര്‍ ആവര്‍ത്തിച്ചു.

ഗുജറാത്ത് നിയമസഭാ തെരഞ്ഞെടുപ്പ് രണ്ടു ഘട്ടമായി നടക്കും. ആദ്യഘട്ടം ഡിസംബര്‍ ഒന്നിനും രണ്ടാംഘട്ടം അഞ്ചിനുമാണ്. വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. ഹിമാചലിലും വോട്ടെണ്ണല്‍ ഡിസംബര്‍ എട്ടിനാണ്. ഗുജറാത്തില്‍ 182 സീറ്റുകളിലേക്കാണ് തെരഞ്ഞെടുപ്പ്. 4.9 കോടി വോട്ടര്‍മാരാണ് ഗുജറാത്തിലുള്ളത്. ബിജെപി ഏഴാം തവണയും ഭരണം നിലനിര്‍ത്തുമെന്നാണ് സര്‍വേ റിപ്പോര്‍ട്ടുകള്‍.

പൊതുമേഖലാ സ്ഥാപനങ്ങളിലെ പെന്‍ഷന്‍ പ്രായം ഉയര്‍ത്തി ഉത്തരവിറക്കിയത് പാര്‍ട്ടി വേദിയില്‍ ചര്‍ച്ച ചെയ്യാതെയാണെന്ന് സിപിഎം സംസഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. എന്തുകൊണ്ടാണ് അങ്ങനെ സംഭവിച്ചതെന്ന് നാളെ തുടങ്ങുന്ന പാര്‍ട്ടി നേതൃയോഗങ്ങളില്‍ ചര്‍ച്ചയാകും. ആലോചനയില്ലാതെ തീരുമാനമെടുത്തതുകൊണ്ടാണ് പിന്‍വലിച്ചതെന്നും ഗോവിന്ദന്‍ പറഞ്ഞു.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനു ചെയ്യാന്‍ കഴിയുന്നതെല്ലാം ചെയ്യട്ടെയെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ഭീഷണി വേണ്ട. ഇല്ലാത്ത അധികാരം ഉപയോഗിക്കാമെന്ന് ആരും കരുതേണ്ടെന്ന് കാനം പറഞ്ഞു.

ഗവര്‍ണര്‍ക്കെതിരായ സമരപ്രഖ്യാപനം ഭരണഘടനയോടുള്ള യുദ്ധ പ്രഖ്യാപനമാണെന്ന് ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍. ഗവര്‍ണര്‍ക്കനുകൂലമായി ബിജെപി പ്രചരണം നടത്തും. പ്രക്ഷോഭ രംഗത്തും ഇറങ്ങും. മുഖ്യമന്ത്രി അടുക്കള ഭാഷയാണ് ഉപയോഗിക്കുന്നത്. സുരേന്ദ്രന്‍ പറഞ്ഞു.

മധു കൊലക്കേസില്‍ മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ട് വിളിച്ചു വരുത്താന്‍ ഉത്തരവ്. രണ്ടു മജിസ്റ്റീരിയല്‍ അന്വേഷണ റിപ്പോര്‍ട്ടും ഏഴാം തീയതിക്കു മുമ്പു ഹാജരാക്കണമെന്നാണ് ഉത്തരവ്. റിപ്പോര്‍ട്ട് തയ്യാറാക്കിയ തിരുവനന്തപുരം ജില്ലാ കളക്ടര്‍ അടക്കമുള്ളവരെ വിസ്തരിക്കും.

അരിവില കുത്തനെ വര്‍ധിച്ചിട്ടും സര്‍ക്കാര്‍ അറിഞ്ഞ മട്ടുണ്ടായില്ലെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. സര്‍ക്കാര്‍ ഉറങ്ങുകയാണോ ഉറക്കം നടിക്കുകയാണോ? വില ഇരട്ടിയോളം കൂടിയിട്ടും സര്‍ക്കാര്‍ വിപണിയില്‍ ഇടപെട്ടില്ലെന്നും സതീശന്‍.

ഷാരോണ്‍ കൊലക്കേസില്‍ തുടരന്വേഷണം തമിഴ്നാട് പൊലിസിനു കൈമാറിയേക്കും. കൊലപാതകത്തിന്റെ ആസൂത്രണവും നടപ്പിലാക്കിയതും തൊണ്ടിമുതലുകള്‍ കണ്ടെത്തിയതമെല്ലാം തമിഴ്നാട് അതിര്‍ത്തിയിലായതിനാല്‍ കേസ് തമിഴ്നാടിന് കൈമാറുകയാണ് അഭികാമ്യമെന്നാണ് റൂറല്‍ എസ്പിക്കു ലഭിച്ച നിയമോപദേശം.

ബലാത്സംഗക്കേസിലെ പരാതികാരിയെ മര്‍ദിച്ചെന്ന കേസിലും എല്‍ദോസ് കുന്നപ്പിള്ളി എംഎല്‍എക്ക് മുന്‍കൂര്‍ ജാമ്യം. തിരുവനന്തപുരം അഡീഷനല്‍ സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. ഒരു ലക്ഷം രൂപയുടെ ജാമ്യത്തുക കെട്ടിവക്കണം,

മ്യൂസിയത്തിലെ ലൈംഗികാതിക്രമ കേസിലും കുറവന്‍കോണത്ത് വീട്ടില്‍ അതിക്രമിച്ച് കടന്ന സംഭവത്തിലും പിടിയിലായ സന്തോഷ് കുമാറിനെ വാട്ടര്‍ അതോറിറ്റിയിലെ ഡ്രൈവറായി നിയമിച്ചത് യൂണിയന്‍കാര്‍ ആവശ്യപ്പെട്ടതനുസരിച്ചാണെന്ന് കരാറുകാരന്‍. താന്‍ കരാര്‍ എടുക്കും മുമ്പേ ഇയാള്‍ വാട്ടര്‍ അതോറിറ്റിയില്‍ താല്‍ക്കാലിക അടിസ്ഥാനത്തില്‍ ജോലി ചെയ്തു വരുന്നുണ്ടെന്നും കരാറുകാരന്‍ ഷിജില്‍ ആന്റണി പറഞ്ഞു.

പന്തീരാങ്കാവ് യുഎപിഎ കേസില്‍ ജാമ്യത്തിലുള്ള അലന്‍ ഷുഹൈബിനെ കണ്ണൂര്‍ സര്‍വ്വകലാശാല പാലയാട് കാമ്പസിലെ റാഗിംഗ് ആരോപണത്തില്‍ ഇന്നു വീണ്ടും ചോദ്യം ചെയ്തേക്കും. റാഗിംഗ് നടന്നതായി കോളേജ് പ്രിന്‍സിപ്പല്‍ ഷീന ഷുക്കൂര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്. റാഗിംഗ് പരാതി കെട്ടിച്ചമച്ചതാണെന്നാണ് അലന്റെ ആരോപണം. മര്‍ദ്ദിച്ചെന്ന പരാതിയില്‍ അലനെ ഇന്നലെ അറസ്റ്റുചെയ്ത് ജാമ്യത്തില്‍ വിട്ടിരുന്നു. അലന്‍ തീവ്രവാദ സംഘടനയുണ്ടാക്കാന്‍ ശ്രമിച്ചെന്നാണ് എസ്എഫ്ഐയുടെ ആരോപണം.

കോട്ടയ്ക്കലില്‍ രണ്ടു പെണ്‍മക്കളെ കൊന്ന് അമ്മയായ യുവതി തൂങ്ങിമരിച്ച നിലയില്‍. ചെട്ടിയാന്‍ കിണര്‍ റഷീദ് അലിയുടെ ഭാര്യ സഫ്വ (26), മക്കളായ ഫാത്തിമ മര്‍സീഹ (4), മറിയം (1) എന്നിവരാണ് മരിച്ചത്. ഭര്‍തൃവീട്ടിലെ പീഡനംമൂലമാണെന്നും തെളിവായി യുവതിയുടെ സന്ദേശം ഉണ്ടെന്ന് സഹോദരന്‍.

മറയൂര്‍ – ചിന്നാര്‍ റോഡില്‍ ആനയുടെ അക്രമണത്തില്‍ വിനോദ സഞ്ചാരി കൊല്ലപ്പെട്ടത് വനം വകുപ്പിന്റെ മുന്നറിയിപ്പുകള്‍ അവഗണിച്ച് കാട്ടാനയുടെ ഫോട്ടോയെടുക്കാന്‍ ശ്രമിച്ചതുകൊണ്ടാണെന്ന് പോലീസും വനംവകുപ്പും. തമിഴ്നാട് പുതുക്കോട്ട സ്വദേശിയായ അക്ബര്‍ അലിയാണ് കാട്ടാനയുടെ ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. കലിതുള്ളി നിന്ന ആനയുടെ ഫോട്ടോയെടുക്കാന്‍ വാഹനത്തില്‍നിന്ന് അക്ബര്‍ അലി പുറത്തിറങ്ങിയതോടെ ആന ആക്രമിക്കുകയായിരുന്നു.

ചലച്ചിത്ര നിര്‍മ്മാതാവ് വിശാഖ് സുബ്രഹ്‌മണ്യം വിവാഹിതനായി. സംരംഭകയായ അദ്വിത ശ്രീകാന്ത് ആണ് വധു. സിനിമാ താരങ്ങളായ. മോഹന്‍ലാല്‍, ശ്രീനിവാസന്‍, ധ്യാന്‍ ശ്രീനിവാസന്‍, അജു വര്‍ഗീസ്, വിനീത് ശ്രീനിവാസന്‍, എംജി ശ്രീകുമാര്‍, വിധു പ്രതാപ് തുടങ്ങിയര്‍ പങ്കെടുത്തു. മകന്‍ വിനീതിന്റെ കൈപിടിച്ച് ശ്രീനിവാസന്‍ വിവാഹ വേദിയില്‍ എത്തിയ ദൃശ്യങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധനേടി.

എറണാകുളം എളംകുളത്ത് വീടിനകത്ത് നേപ്പാള്‍ സ്വദേശിനി ഭഗീരഥി ദാമി കൊല്ലപ്പെട്ട കേസില്‍ പ്രതിയെന്നു സംശയിക്കുന്നയാള്‍ നേപ്പാളില്‍ പിടിയിലായി. ഇവര്‍ക്കൊപ്പം താമസിച്ചിരുന്ന പങ്കാളി റാം ബഹദൂര്‍ ആണു പിടിയിലായത്.

ടൗണില്‍ പോയി വരാമെന്നു പറഞ്ഞു പുറത്തിറങ്ങിയ ആളുടെ ജഡം മൂന്നാനാള്‍ തോട്ടില്‍ കണ്ടെത്തി. സമീപം കാട്ടുപ്പന്നിയുടെ ജഡവുമുണ്ട്. എടക്കര ചുങ്കത്തറ കുന്നത്ത് സ്വദേശി പുളിമൂട്ടില്‍ ജോര്‍ജ് കുട്ടി (48)യാണ് ദുരൂഹ സാഹചര്യത്തില്‍ മരിച്ചത്. താമസസ്ഥലത്തുനിന്ന് അഞ്ചു കിലോമീറ്റര്‍ അകലെ എടക്കര മുപ്പിനിപ്പാലത്തിനും പേട്ടക്കുന്ന് വനത്തിനും സമീപം തോട്ടിലായിരുന്നു മൃതദേഹം. സമീപത്തെ വൈദ്യുതിലൈനില്‍നിന്ന് കാട്ടുപ്പന്നിയെ വൈദ്യുതാഘാതമേല്‍പ്പിച്ചു കൊന്നതായും കണ്ടെത്തി

മഹാരാജാസ് കോളേജിലെ കെഎസ്യു, എസ്എഫ്ഐ കൂട്ടത്തല്ലില്‍ നാലുപേര്‍ അറസ്റ്റില്‍. കെഎസ്യു യൂണിറ്റ് പ്രസിഡന്റ് അതുല്‍, എസ്എഫ്ഐ പ്രവര്‍ത്തകന്‍ അനന്ദു, വിദ്യാര്‍ത്ഥി മാലിക്ക്, പുറത്ത് നിന്നെത്തിയ ഹഫീസ് എന്നിവരെയാണ് അറസ്റ്റു ചെയ്തത്.

ചിറ്റൂര്‍ ഗവ കോളജില്‍ നാലു വിദ്യാര്‍ത്ഥിനികള്‍ നിരാഹാര സമരത്തില്‍. കെഎസ് യു പ്രവര്‍ത്തകരാണ് നിരാഹാരം നടത്തുന്നത്. ഹാജര്‍ കുറവുള്ള എസ്എഫ്ഐ പ്രവര്‍ത്തകന് കോളേജ് തെരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ അവസരം നല്‍കിയെന്ന് ആരോപിച്ച് ഇന്നലെ വൈകിട്ടാണ് നിരാഹാരം തുടങ്ങിയത്.

കോളജുകളില്‍ അച്ചടക്കമില്ലാത്ത വിദ്യാത്ഥി സംഘടനാ പ്രവര്‍ത്തനമാണ് എസ്എഫ്ഐ നടത്തുന്നതെന്ന് വെള്ളാപ്പള്ളി നടേശന്‍. കേരളാ നവോത്ഥാന സമിതി യോഗത്തില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. എന്തും ആവാമെന്ന അവസ്ഥയാണ്. ന്യൂനപക്ഷങ്ങളുടെ കോളജുകളില്‍ അച്ചടക്കം പാലിക്കുന്നവരാണ് എസ്എന്‍ഡിപി, എന്‍എസ്എസ് കോളജുകളില്‍ അച്ചടക്കലംഘനം നടത്തുന്നത്. വെള്ളാപ്പള്ളി പറഞ്ഞു.

ഇന്റര്‍ മെഡിക്കല്‍ കോളജ് ഫുട്ബോള്‍ ടൂര്‍ണമെന്റിനു ശേഷം വിദ്യാര്‍ത്ഥികള്‍ തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ തിരുവനന്തപുരം ഗവ. ആയൂര്‍വേദ കോളജിലെ 17 വിദ്യാര്‍ത്ഥികള്‍ക്കു പരിക്ക്. ആലപ്പുഴ മെഡിക്കല്‍ കോളജ് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പെടെ 60 പേര്‍ക്കെതിരെ പുന്നപ്ര പൊലീസ് കേസെടുത്തു.

മൂന്നാര്‍ നഗരത്തില്‍ അടിപിടി നടത്തിയ കേസില്‍ മൂന്നാര്‍ മുന്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് അടക്കം അഞ്ചു പേര്‍ മൂന്നാര്‍ പൊലീസ് സ്റ്റേഷനില്‍ കീഴടങ്ങി. കോണ്‍ഗ്രസ് മുന്‍ പഞ്ചായത്ത് അംഗം മാര്‍ഷ് പീറ്റര്‍, ബ്ലോക്ക് കോണ്‍ഗ്രസ് സെക്രട്ടറി സി നെല്‍സന്‍, യൂത്ത് കോണ്‍ഗ്രസ് മണ്ഡലം പ്രസിഡന്റ് മുകേഷ്, എ ഐ വൈ എഫ് കമ്മറ്റിയംഗം കന്നിമല എസ്റ്റേറ്റില്‍ എം ഗണേഷന്‍, ദേവികുളം പഞ്ചായത്ത് അംഗവും സിപിഐ പ്രവര്‍ത്തകനുമായ പി. കാര്‍ത്തിക്ക് എന്നിവരാണ് കീഴടങ്ങിയത്.

കാഞ്ഞങ്ങാട് കോളജ് വിദ്യാര്‍ത്ഥിനി നന്ദ ആത്മഹത്യ ചെയ്ത സംഭവത്തില്‍ ആണ്‍സുഹൃത്ത് അറസ്റ്റില്‍. കല്ലൂരാവി സ്വദേശി അബ്ദുള്‍ ഷുഹൈബിനെയാണു ഹോസ്ദുര്‍ഗ് പൊലീസ് അറസ്റ്റ് ചെയ്തത്. സ്വകാര്യ ചിത്രങ്ങള്‍ ഉപയോഗിച്ച് ഭീഷണിപ്പെടുത്തിയതില്‍ മനംനൊന്താണ് പെണ്‍കുട്ടി ജീവനൊടുക്കിയതെന്ന് പൊലീസ്.

ഇടുക്കി അറക്കുളം ഗ്രാമപഞ്ചായത്ത് അസിസ്റ്റന്റ് എന്‍ജിനീയര്‍ ബാബുരാജിന്റെ ആത്മഹത്യ തൊഴില്‍പീഡനം മൂലമെന്ന പരാതിയുമായി ബന്ധുക്കള്‍. സിപിഎം ജില്ലാ കമ്മിറ്റി അംഗവും പഞ്ചായത്ത് മെമ്പറുമായ കെ.എല്‍ ജോസഫ് ദ്രോഹിച്ചെന്നു പഞ്ചായത്ത് അംഗം പി എ വേലു കുട്ടന്‍ ആരോപിച്ചു.

മദ്യപാനത്തെ തുടര്‍ന്നുള്ള തര്‍ക്കത്തെത്തുടര്‍ന്ന് പയ്യോളിയിലെ സഹദിനെ കൊലപ്പെടുത്തിയ സംഭവത്തില്‍ നാട്ടുകാരായ മൂന്ന് പേര്‍ കസ്റ്റഡിയില്‍. അലി, ഇസ്മായില്‍, ഷൈജല്‍ എന്നിവരാണ് പിടിയിലായത്.

തൃശൂര്‍ വിമല കോളജിലെ പൂര്‍വവിദ്യാര്‍ത്ഥികളുടെ ഓര്‍മ്മക്കുറിപ്പുകള്‍ പുസ്തകരൂപത്തില്‍ പുറത്തിറങ്ങുന്നു. ‘വിമലമീയോര്‍മ്മകള്‍’ എന്ന പുസ്തകം വിമെക്സ് യുഎഇ ഹരിതം ബുക്സുമായി ചേര്‍ന്നാണു പുറത്തിറക്കുന്നത്. എണ്‍പതിലേറെ പൂര്‍വവിദ്യാര്‍ത്ഥികളുണ്ട്. ഈ മാസം ഏഴിന് രാവിലെ ഒമ്പതിനു ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ പ്രകാശനം ചെയ്യും.

റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യയുടെ പണനയ കമ്മിറ്റി ഇന്ന്. പണപ്പെരുപ്പം കുതിച്ചുയരുന്നതിന്റെ കാരണം യോഗം ചര്‍ച്ച ചെയ്യും. കേന്ദ്ര ധനകാര്യ വകുപ്പിനു വിശദീകരണം നല്‍കുകയും ചെയ്യും. ആദ്യമായാണ് ആര്‍ബിഐയുടെ എംപിസി കമ്മിറ്റി സര്‍ക്കാരിന് വിശദീകരണം നല്‍കുന്നത്.

തമിഴ്നാട്ടില്‍ ഗവര്‍ണര്‍ ആര്‍.എന്‍ രവിക്കെതിരെ ബിജെപി ഇതര പാര്‍ട്ടികള്‍ സംയുക്തമായി രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനു നിവേദനം നല്‍കും. സംസ്ഥാനത്തെ ഭരണകക്ഷിയായ ഡിഎംകെയുടെ നീക്കത്തെ കോണ്‍ഗ്രസും സിപിഎമ്മും പിന്തുണയ്ക്കും.

രാജസ്ഥാന്‍ കോണ്‍ഗ്രസില്‍ നേതൃമാറ്റം വേണമെന്ന് സച്ചിന്‍ പൈലറ്റ്. ഹിമാചല്‍ പ്രദേശില്‍ കോണ്‍ഗ്രസിനുവേണ്ടി പ്രചാരണം നടത്താനെത്തിയ സച്ചിന്‍ മാധ്യമപ്രവര്‍ത്തകരുമായി സംസാരിക്കവേയാണ് ആവശ്യം ഉന്നയിച്ചത്. ഒരു വര്‍ഷം കഴിഞ്ഞ് രാജസ്ഥാനില്‍ നിയമസഭാ തെരഞ്ഞെടുപ്പു വരും. അതിനു മുമ്പേ, പാര്‍ട്ടിയെ ശക്തമാക്കണമെന്നും സച്ചിന്‍ ആവശ്യപ്പെട്ടു.

ചെങ്കോട്ട ആക്രമണക്കേസിലെ ലഷ്‌കര്‍ ത്വയ്ബ ഭീകരന്‍ മുഹമ്മദ് ആരിഫ് എന്ന അഷ്ഫാഖ് വിചാരണ കോടതി നല്‍കിയ വധശിക്ഷ പുനഃപരിശോധിക്കണമെന്ന് ആവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി സുപ്രീം കോടതി തള്ളി. രണ്ടായിരാമാണ്ടില്‍ രണ്ട് സൈനികര്‍ ഉള്‍പ്പെടെ മൂന്നുപേര്‍ മരിച്ച ആക്രമണമായിരുന്നു ചെങ്കോട്ട ആക്രമണക്കേസ്.

വൈക്കോല്‍ കത്തിച്ചതിന് പഞ്ചാബില്‍ ഇന്നലെ രജിസറ്റര്‍ ചെയ്തത് 3,634 കേസുകള്‍. സെപ്റ്റംബര്‍ 15 മുതല്‍ നവംബര്‍ രണ്ടു വരെ വൈക്കോലുകള്‍ക്കു തീവച്ചതിന് രജിസ്റ്റര്‍ ചെയ്ത കേസുകളുടെ എണ്ണം 21,480 ആയി.

കര്‍ണാടകത്തിലെ കരിമ്പിന്‍ തോട്ടത്തില്‍ പതിനാലുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ പതിനാറുകാരന്‍ അറസ്റ്റില്‍. പ്രതി സെക്സ് വീഡിയോക്ക് അടിമയാണെന്ന് പൊലീസ്. കലബുറഗി ജില്ലയിലെ അലന്ദ താലൂക്കിലെ സര്‍ക്കാര്‍ ഹൈസ്‌കൂളില്‍ ഒമ്പതാം ക്ലാസില്‍ പഠിക്കുന്ന 14 വയസുകാരിയെയാണു കൊലപ്പെടുത്തിയത്.

കര്‍ണാടകത്തില്‍ രണ്ടു സഹോദരങ്ങള്‍ ഉള്‍പ്പെടെ നാലു പേര്‍ മുങ്ങി മരിച്ചു. മൂന്നു പേര്‍ പെണ്‍കുട്ടികളാണ്. തടാകത്തില്‍ മുങ്ങിത്താണ ആണ്‍കുട്ടിയെ രക്ഷിക്കുന്നതിനെടെയാണ് മൂന്നു പെണ്‍കുട്ടികളും മുങ്ങി താണത്. അശ്വിനി (17), സഹോദരന്‍ അഭിഷേക് (14), സുഹൃത്തുക്കളായ കാവ്യ (19), അപൂര്‍വ (14) എന്നിവരാണ് മരിച്ചത്.

ഉത്തരകൊറിയ ബാലിസ്റ്റിക് മിസൈലുകള്‍ വിക്ഷേപിച്ചു. മധ്യ, വടക്കന്‍ ജപ്പാനിലെ ചില ഭാഗങ്ങളില്‍ താമസിക്കുന്നവര്‍ക്ക് ജപ്പാന്‍ സര്‍ക്കാര്‍ അടിയന്തര മുന്നറിയിപ്പു നല്‍കി.

ടി 20 ലോകകപ്പില്‍ ദക്ഷിണാഫ്രിക്കക്കെതിരായ മത്സരത്തില്‍ തുടക്കത്തിലേ ബാറ്റിംഗ് തകര്‍ച്ചയില്‍ നിന്നും കരകയറി പാക്കിസ്ഥാന്‍. ടോസ് നേടിയ പാകിസ്ഥാന്‍ ബാറ്റ് ചെയ്യാന്‍ തീരുമാനിക്കുകയായിരുന്നു. 43 റണ്‍സെടുക്കുന്നതിനിടെ നാല് വിക്കറ്റ് വീണ പാകിസ്ഥാന്‍ കരകയറിയത് ഇഫ്തിക്കാര്‍ അഹമ്മദിന്റേയും ഷബാദ് ഖാന്റേയും കൂട്ടുകെട്ടിലൂടെയാണ്.

സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 120 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 37,360 രൂപയായി. ഗ്രാമിന് 15 രൂപയാണ് കുറഞ്ഞത്. 4670 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. നവംബര്‍ ഒന്നിന് 37,280 രൂപയായിരുന്നു സ്വര്‍ണവില. ബുധനാഴ്ച 200 രൂപ വര്‍ധിച്ച് 37,480 രൂപയായി. ഉത്സവസീസണ്‍ ആരംഭിച്ചതോടെ സ്വര്‍ണം വാങ്ങുന്നവരുടെ എണ്ണം ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം 22 കാരറ്റ് സ്വര്‍ണത്തിന് ഇന്ന് 15 രൂപ കുറഞ്ഞു. ഇന്നലെ 25 രൂപ കൂടിയിരുന്നു.. ഇന്നത്തെ വിപണി വില 4670 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിലയും ഇടിഞ്ഞു. 10 രൂപയാണ് കുറഞ്ഞത്. ഇന്നലെ 20 രൂപ വര്‍ദ്ധിച്ചിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 3860 രൂപയാണ്.

മുതിര്‍ന്ന പൗരന്മാര്‍ക്കുള്ള സ്ഥിര നിക്ഷേപ പലിശ നിരക്ക് 8.50 ശതമാനമായി ഉയര്‍ത്തി ഇസാഫ് സ്‌മോള്‍ ഫിനാന്‍സ് ബാങ്ക്. വിവിധ കാലയളവിലുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ അക്കൗണ്ടുകളുടെ ടേം ഡെപ്പോസിറ്റുകളുടെ പലിശ നിരക്കും ബാങ്ക് വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. 999 ദിവസത്തെ കാലാവധിയുള്ള റസിഡന്റ്, എന്‍.ആര്‍.ഒ, എന്‍.ആര്‍.ഇ നിക്ഷേപങ്ങള്‍ക്ക് 8 ശതമാനം വരെയും പലിശ ലഭിക്കും. നവംബര്‍ ഒന്നിന് പ്രാബല്യത്തില്‍ വന്ന പുതിയ നിരക്കുകള്‍ നവംബര്‍ 30 വരെ കാലാവധിയുള്ളവയാണ്.

ഇനി, ഒരു അത്ഭുതം തുടങ്ങുന്നു എന്ന പ്രൊമോഷന്‍ ക്യാപ്ഷനോടെ നാല് വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം അഞ്ജലി മേനോന്‍ സംവിധാനം ചെയ്യുന്ന ‘വണ്ടര്‍ വുമണ്‍’ ട്രെയിലര്‍ എത്തി. ഗര്‍ഭിണികളുടെ സന്തോഷവും വിഷമങ്ങളും ഗര്‍ഭകാലഘട്ടങ്ങളും എങ്ങനെയായിരിക്കും എന്ന് പ്രേക്ഷകര്‍ക്ക് കാണിച്ചു തരുന്ന മികച്ചൊരു ചിത്രമാകും വണ്ടര്‍ വുമണ്‍ എന്നാണ് ട്രെയിലര്‍ നല്‍കുന്ന സൂചന. ചിത്രം നവംബര്‍ 18ന് സോണി ലിവിലൂടെ പ്രേക്ഷകര്‍ക്ക് മുന്നിലെത്തും. നദിയ മൊയ്തു, നിത്യ മേനന്‍(നോറ), പാര്‍വ്വതി തിരുവോത്ത്(മിനി), പത്മപ്രിയ(വേണി), സയനോര ഫിലിപ്പ്(സയ), അര്‍ച്ചന പത്മിനി(ഗ്രേസി), അമൃത സുഭാഷ്(ജയ) എന്നിവരാണ് ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തുന്നത്. ഇംഗ്ലീഷിലാണ് ചിത്രം എത്തുന്നത്.

ബോളിവുഡില്‍ അരങ്ങേറ്റത്തിനൊരുങ്ങി തെന്നിന്ത്യന്‍ താരം അമല പോള്‍. തമിഴ് സൂപ്പര്‍ ഹിറ്റ് ചിത്രം കൈതിയുടെ ഹിന്ദി റീമേക്കിലാണ് അമല അഭിനയിക്കുന്നത്. ഭോല എന്നാണ് ചിത്രത്തിന്റെ പേര്. അജയ് ദേവഗണിന്റെ നാലാമത്തെ സംവിധാന ചിത്രം കൂടിയാണിത്. ദില്ലിയുടെ വേഷത്തില്‍ എത്തുന്നതും അജയ് ദേവ്ഗണ്‍ തന്നെയാണ്. നടി തബുവും ചിത്രത്തില്‍ പ്രധാന വേഷത്തില്‍ എത്തും. 2023 ഓഗസ്റ്റ് 30ന് ചിത്രം റിലീസ് ചെയ്യും. 2019ല്‍ റിലീസ് ചെയ്ത കൈതി സംവിധാനം ചെയ്തത് ലോകേഷ് കനകരാജ് ആണ്. മികച്ച പ്രേക്ഷക- നിരൂപക പ്രശംസ നേടിയ ചിത്രം, ബോക്‌സ് ഓഫീസില്‍ വെന്നിക്കൊടി പാറിച്ചിരുന്നു. കാര്‍ത്തിയുടെ കരിയറിലെ തന്നെ ഏറ്റവും വലിയ വിജയ ചിത്രങ്ങളില്‍ ഒന്നുകൂടിയായിരുന്നു ‘കൈതി’. ചിത്രത്തിന്റെ രണ്ടാം ഭാഗവും അണിയറയില്‍ ഒരുങ്ങുകയാണ്

രണ്ടര കോടി വാഹനം ഇന്ത്യയില്‍ നിര്‍മിച്ച് മാരുതി. ഇന്ത്യയില്‍ യാത്രാ വാഹനങ്ങളുടെ സെഗ്മെന്റില്‍ ഈ നാഴികക്കല്ല് പിന്നിടുന്ന ആദ്യ കമ്പനിയാണ് മാരുതി സുസുക്കി. 1983ല്‍ ഗുഡ്ഗാവിലാണ് ആദ്യ ഫാക്ടറിയുമായി മാരുതി സുസുക്കി ഇന്ത്യയില്‍ പ്രവര്‍ത്തനം ആരംഭിച്ചത്. ഇപ്പോള്‍ ഹരിയാനയിലെ തന്നെ മനേസറിലും കമ്പനിക്ക് ഉല്‍പ്പാദന യൂണിറ്റ് ഉണ്ട്. 15ലക്ഷമാണ് കമ്പനിയുടെ വാര്‍ഷിക ശേഷി. മാരുതി 800 മോഡല്‍ അവതരിപ്പിച്ചാണ് മാരുതി സുസുക്കി ഇന്ത്യയില്‍ കാലുറപ്പിച്ചത്. നിലവില്‍ 16 മോഡലുകളാണ് കമ്പനി വില്‍ക്കുന്നത്. ഏകദേശം നൂറ് രാജ്യങ്ങളിലേക്ക് വാഹനങ്ങള്‍ കയറ്റുമതി ചെയ്യുന്നുണ്ട്. ഇന്ത്യന്‍ വിപണിയില്‍ കൂടുതല്‍ കരുത്താര്‍ജ്ജിക്കുക എന്ന ലക്ഷ്യംവെച്ച് ഹരിയാനയില്‍ തന്നെ മറ്റൊരു ഫാക്ടറി കമ്പനി നിര്‍മ്മിച്ചുവരികയാണ്.

ചില മനുഷ്യരില്‍ കോവിഡ് തീവ്രമാകാനുള്ള യഥാര്‍ഥ കാരണം കണ്ടെത്തി ന്യൂയോര്‍ക്കിലെ മൗണ്ട് സിനായ് ആശുപത്രിയിലെ ശാസ്ത്രജ്ഞര്‍. ന്യൂയോര്‍ക്ക് നഗരത്തില്‍ കോവിഡ് മഹാമാരി മൂര്‍ധന്യാവസ്ഥയില്‍ എത്തിയ സമയത്ത് കോവിഡ് രോഗികളില്‍ നിന്ന് ശേഖരിച്ച രക്തത്തിന്റെയും ശ്വാസകോശത്തിലെ ഫ്‌ലൂയിഡുകളുടെയും സാംപിളുകളാണ് ഗവേഷണത്തിനായി ഉപയോഗിച്ചത്. ചില പ്രതിരോധ കോശങ്ങളുടെ ക്രമക്കേടാണ് ശ്വാസകോശത്തിലെ അണുബാധയ്ക്ക് കാരണമാകുന്നതെന്ന് മൗണ്ട് സിനായിയിലെ ഇകാന്‍ സ്‌കൂള്‍ ഓഫ് മെഡിസിനിലെ ഗവേഷകര്‍ പറയുന്നു. കോശസംയുക്തങ്ങളെ അഴിച്ചു പണിയുന്ന മാക്രോഫേജുകളെന്ന പ്രതിരോധ കോശങ്ങള്‍ ശ്വാസകോശത്തില്‍ കുറയുന്നതാണ് രോഗതീവ്രതയുടെ കാരണം. ഈ സ്ഥാനത്തേക്ക് പുതിയ ചില കോശങ്ങള്‍ രക്തത്തില്‍ നിന്ന് ശ്വാസകോശത്തിലെത്തി നീര്‍ക്കെട്ട് ഉണ്ടാക്കുന്നതായി ഗവേഷകര്‍ കണ്ടെത്തി. മാക്രോഫേജുകളുടെ ശോഷണം നിയന്ത്രിച്ചും നീര്‍ക്കെട്ടുണ്ടാക്കുന്ന കോശങ്ങളുടെ ശ്വാസകോശത്തിലേക്കുള്ള പ്രവേശനം തടഞ്ഞും കോവിഡിനെയും മറ്റ് വൈറല്‍ ശ്വാസകോശ രോഗങ്ങളെയും ചികിത്സിക്കാമെന്നും ഗവേഷണ റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. പ്രായമായവരില്‍ മാക്രോഫേജുകളുടെ എണ്ണം കുറവായതാണ് ഇവരില്‍ കോവിഡ് രോഗതീവ്രതയേറുന്നതിന്റെ കാരണമെന്നും ഗവേഷകര്‍ പറയുന്നു. നീര്‍ക്കെട്ടുണ്ടാക്കുന്ന കോശങ്ങള്‍ ഇവരില്‍ അധികവും ആയിരിക്കും. രോഗികളുടെ പ്രതിരോധ സംവിധാനത്തിന്റെ അളവുകോലുകള്‍ മെച്ചപ്പെടുത്തേണ്ടതിന്റെ പ്രാധാന്യവും പഠനവും അടിവരയിരുന്നു. ശ്വാസകോശത്തിലെ മാക്രോഫേജുകള്‍ പുനഃസ്ഥാപിക്കുന്നതും ചില കോവിഡ് രോഗികളെ സഹായിക്കുമെന്നും ഗവേഷണ റിപ്പോര്‍ട്ട് കൂട്ടിച്ചേര്‍ക്കുന്നു. ഗവേഷണ റിപ്പോര്‍ട്ട് സയന്‍സ് ട്രാന്‍സ്ലേഷണല്‍ മെഡിസിന്‍ ജേണലില്‍ പ്രസിദ്ധീകരിച്ചു.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 82.87, പൗണ്ട് – 94.24, യൂറോ – 81.26, സ്വിസ് ഫ്രാങ്ക് – 82.43, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 52.51, ബഹറിന്‍ ദിനാര്‍ – 219.86, കുവൈത്ത് ദിനാര്‍ -267.07, ഒമാനി റിയാല്‍ – 215.22, സൗദി റിയാല്‍ – 22.05, യു.എ.ഇ ദിര്‍ഹം – 22.56, ഖത്തര്‍ റിയാല്‍ – 22.76, കനേഡിയന്‍ ഡോളര്‍ – 60.40.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *