web cover 58

പട്ടയ ഭൂമി മറ്റാവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ അനുവദിച്ചുകൊണ്ട് 1964 ലെ ഭൂപതിവു ചട്ടങ്ങളില്‍ ഭേദഗതി കൊണ്ടുവരുമെന്ന് സംസ്ഥാന സര്‍ക്കാര്‍ സുപ്രീം കോടതിയില്‍. നിലവിലെ ചട്ടമനുസരിച്ച് പട്ടയ ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കാന്‍ കഴിയില്ല. കാര്‍ഷിക, ഗാര്‍ഹിക ആവശ്യങ്ങള്‍ക്കു മാത്രമേ സര്‍ക്കാര്‍ ഭൂമിയുടെ പട്ടയം നല്‍കാന്‍ കഴിയൂ. ഖനനം ഉള്‍പ്പടെയുള്ള പ്രവര്‍ത്തനങ്ങള്‍ക്ക് അനുമതി നല്‍കാനാണ് നിയേഭേദഗതി വരുത്തുന്നത്. നിലവിലുള്ള വ്യവസ്ഥകള്‍ ലംഘിച്ചാല്‍ പട്ടയം റദ്ദാക്കാന്‍ ചട്ടത്തില്‍ വ്യവസ്ഥ ഉണ്ടെന്നും സത്യവാങ്മൂലത്തില്‍ പറഞ്ഞു.

സാങ്കേതിക സര്‍വകലാശാല താല്‍ക്കാലിക വൈസ് ചാന്‍സലറായി ഡോ. സിസി തോമസിനെ നിയമിച്ച ഗവര്‍ണറുടെ നടപടി ചോദ്യം ചെയ്ത് സംസ്ഥാന സര്‍ക്കാര്‍ സമര്‍പ്പിച്ച ഹര്‍ജി തുടര്‍ വാദത്തിനായി ഹൈക്കോടതി നാളത്തേക്കു മാറ്റി. ഹര്‍ജി നിലനില്‍ക്കുമോ എന്നാണ് ആദ്യം പരിശോധിക്കുന്നത്. ഹര്‍ജി നിലനില്‍ക്കില്ലെന്ന് ഗവര്‍ണര്‍ നിലപാടെടുത്തിരുന്നു. മറ്റെതങ്കിലും സര്‍വകലാശാല വൈസ് ചാന്‍സലര്‍ക്ക് അധിക ചുമതല നല്‍കുകയോ പ്രോ വൈസ് ചാന്‍സലര്‍ക്ക് താല്‍ക്കാലിക ചുമതല നല്‍കുകയോയാണു വേണ്ടതെന്നാണു സര്‍ക്കാര്‍ വാദം.

ഫിഷറീസ് സര്‍വകലാശാല (കുഫോസ്) ആക്ടിംഗ് വൈസ് ചാന്‍സലറായി ഡോ. എം റോസലിന്‍ഡ് ജോര്‍ജിനെ ഗവര്‍ണര്‍ നിയമിച്ചു. കോടതി നിയമനം റദ്ദാക്കിയ വിസി ഡോ. റിജി ജോണിന്റെ ഭാര്യയാണ് റോസിലിന്‍ഡ് ജോര്‍ജ്. ഫിഷറീസ് സര്‍വകലാശാലയിലെ ഫിഷറീസ് ഫാക്കല്‍റ്റി ഡീനും ഏറ്റവും മുതിര്‍ന്ന പ്രൊഫസറുമാണ്.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

പൊലീസിനും എക്സൈസിനും വിരലടയാള ബ്യൂറോയ്ക്കുമായി 130 വാഹനങ്ങള്‍ വാങ്ങാന്‍ മന്ത്രിസഭ തീരുമാനിച്ചു. പൊലിസ് സ്റ്റേഷനുകള്‍ക്കായി എട്ടു കോടി 26 ലക്ഷം രൂപയ്ക്ക് 98 മഹീന്ദ്ര ബൊലേറോ വാഹനങ്ങളാണ് വാങ്ങുക. ഫിംഗര്‍പ്രിന്റ് ബ്യൂറോക്ക് മഹീന്ദ്ര ബൊലേറോ വാഹനങ്ങള്‍ വാങ്ങാന്‍ ഒരു കോടി 87 ലക്ഷം രൂപ അനുവദിച്ചു. എക്സൈസിന് 23 മഹീന്ദ്ര നിയോ വാഹനങ്ങള്‍ വാങ്ങാന്‍ രണ്ടു കോടി 13 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്.

ശശി തരൂര്‍ പാര്‍ട്ടി വിരുദ്ധ പ്രവര്‍ത്തനം നടത്തിയിട്ടില്ലെന്ന് കേരളത്തിന്റെ ചുമതലയുള്ള എഐസിസി ജനറല്‍ സെക്രട്ടറി താരിഖ് അന്‍വര്‍. വെള്ളിയാഴ്ച താരിഖ് അന്‍വര്‍ കേരളത്തിലേക്കെത്തി നേതാക്കളുമായി കൂടിക്കാഴ്ച നടത്തും. തരൂരിനെതിരെ പരാതിയൊന്നും കിട്ടിയിട്ടില്ല. കെപിസിസി തന്നെ പ്രശ്നം പരിഹരിക്കുമെന്നും അദ്ദേഹം പറഞ്ഞു.

പത്തനംതിട്ടയില്‍ ശശി തരൂരിനു സെമിനാര്‍ ഒരുക്കി കോണ്‍ഗ്രസ് നയരൂപീകരണ സമിതി. ഡിസംബര്‍ നാലിന് അടൂരില്‍ ‘ യങ് ഇന്ത്യ എംപവര്‍മെന്റ്’ എന്ന വിഷയത്തിലാണു സെമിനാറെന്ന് കോണ്‍ഗ്രസ് നയരൂപീകരണ സമിതി സംസ്ഥാന അധ്യക്ഷന്‍ ജെ എസ് അടൂര്‍ പറഞ്ഞു. കോണ്‍ഗ്രസ് നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

കോട്ടയത്ത് യൂത്ത് കോണ്‍ഗ്രസ് ശശി തരൂരിനെ പങ്കെടുപ്പിച്ചു സെമിനാര്‍ നടത്തുന്നതിനെതിരേ കോട്ടയം ഡിസിസി പ്രസിഡന്റ് നാട്ടകം സുരേഷ്. യൂത്ത് കോണ്‍ഗ്രസ് ജില്ലാ കമ്മറ്റിയുടെ തീരുമാനം തങ്ങളെ അറിയിച്ചിട്ടില്ലെന്നാണു നാട്ടകം സുരേഷിന്റെ പരാതി. യൂത്ത് കോണ്‍ഗ്രസിന്റെ നടപടിക്കെതിരേ ചിലര്‍ പരാതി തന്നിട്ടുണ്ട്. ഇതു മേല്‍ഘടകത്തെ അറിയിക്കുമെന്നും അദ്ദേഹം പറഞ്ഞു.

താന്‍ പൊതുപരിപാടികളില്‍ പങ്കെടുക്കുന്നതു വിവാദമാക്കുന്നത് എന്തിനാണെന്ന് മനസിലാവുന്നില്ലെന്ന് ശശി തരൂര്‍. ക്ഷണിക്കുന്ന പരിപാടികളില്‍ ഇനിയും പങ്കെടുക്കും. താന്‍ ഒരു ഗ്രൂപ്പിലും ഇല്ല. മന്നം ജയന്തിക്കു ക്ഷണിച്ചത് അംഗീകാരമാണെന്നും ആ പരിപാടിക്കു പോയാല്‍ ആര്‍ക്കാണ് ദോഷമെന്നും അദ്ദേഹം ചോദിച്ചു. 2024 ല്‍ മല്‍സരിക്കുമോയെന്ന ചോദ്യത്തിനു പാര്‍ട്ടി തീരുമാനിക്കുമെന്നു മറുപടി. ബലൂണ്‍ പൊട്ടിക്കാന്‍ പ്രതിപക്ഷ നേതാവിന്റെ കയ്യില്‍ സൂചിയുണ്ടോയെന്ന് ശശി തരൂര്‍ ചോദിച്ചു. കണ്ണൂര്‍ ജില്ലയിലെ രണ്ടു പരിപാടികളില്‍ ശശി തരൂരിന് ആവേശകരമായ സ്വീകരണമാണു ലഭിച്ചത്.

കോണ്‍ഗ്രസിന്റെ ഈ പോക്ക് അപകടകരമെന്ന് മുന്‍ കെപിസിസി അധ്യക്ഷനും മുതിര്‍ന്ന നേതാവുമായ മുല്ലപ്പള്ളി രാമചന്ദ്രന്‍. വ്യക്തി അധിഷ്ഠിതമായ രാഷ്ട്രീയമല്ല വേണ്ടത്. മോദിക്കെതിരെയാണ് പോരാട്ടം നടത്തേണ്ടതെന്നും മുല്ലപ്പള്ളി രാമചന്ദ്രന്‍ പറഞ്ഞു.

ഐഎഎസ് തലപ്പത്ത് അഴിച്ചുപണി. ആഭ്യന്തര വകുപ്പ് സെക്രട്ടറി വി വേണുവിന് ജലവിഭവ വകുപ്പിന്റെ അധിക ചുമതല. ലേബര്‍ കമ്മീഷണറായ കെ. വാസുകിക്ക് ലോക കേരള സഭയുടെ ചുമതല കൂടി നല്‍കി. ടി.വി അനുപമയെ ലാന്റ് റവന്യൂ കമ്മീഷണറാക്കി. ആസൂത്രണ സാമ്പത്തിക കാര്യ വകുപ്പ് സെക്രട്ടറി പുനീത് കുമാറിന് ഇന്‍ഫര്‍മേഷന്‍ ആന്റ് പബ്ലിക് റിലേഷന്‍സ് വകുപ്പിന്റെ മുഴുവന്‍ ചുമതലയും അധികമായി നല്‍കി. വീണ മാധവനെ എംപ്ലോയ്മെന്റ് എക്സ്ചേഞ്ച് ഡയറക്ടറായും ഡോ എസ് കാര്‍ത്തികേയനെ സംസ്ഥാന ജിഎസ്ടി കമ്മീഷണറായും നിയമിച്ചു. ജലവിഭവ വകുപ്പ് സെക്രട്ടറി പ്രണബ്ജ്യോതി നാഥിന് കോസ്റ്റല്‍ ഷിപ്പിംഗ് ആന്റ് ഇന്‍ലാന്റ് നാവിഗേഷന്‍ വകുപ്പിന്റെ ചുമതലയും കേരള ഇറിഗേഷന്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ ഡവലപ്മെന്റ് കോര്‍പറേഷന്‍ മാനേജിങ് ഡയറക്ടര്‍ സ്ഥാനവും നല്‍കി.

സുപ്രിം കോടതിയില്‍ സംസ്ഥാനത്തിന്റെ സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാര്‍ക്ക് സംസ്ഥാന സര്‍ക്കാര്‍ പുനര്‍നിയമനം നല്‍കി. സ്റ്റാന്‍ഡിംഗ് കൗണ്‍സല്‍മാരായ സി.കെ. ശശി, നിഷെ രാജന്‍ ഷോങ്കര്‍ എന്നിവര്‍ക്കാണ് മൂന്നു വര്‍ഷത്തേക്ക് പുനര്‍നിയമനം നല്‍കിയത്.

കേരള സ്റ്റേറ്റ് ഇലക്ട്രിസിറ്റി റെഗുലേറ്ററി കമ്മിഷന്‍ ചെയര്‍പേഴ്സണായി മുന്‍ ചീഫ് സെക്രട്ടറി ടി.കെ ജോസിനെയും അംഗമായി ബി പ്രദീപിനെയും നിയമിക്കും. വി തുളസീദാസിന് ശബരിമല വിമാനത്താവളം സ്പെഷ്യല്‍ ഓഫീസറായി പുനര്‍ നിയമനം നല്‍കും.

മാധ്യമ പ്രവര്‍ത്തകന്‍ കെ.എം ബഷീറിനെ വാഹനമിടിച്ചുകൊന്ന കേസില്‍ ശ്രീറാം വെങ്കിട്ടരാമനെതിരെ നരഹത്യക്കുറ്റം ചുമത്തണമെന്ന് സര്‍ക്കാര്‍ ഹൈക്കോടതിയില്‍. ശ്രീറാം വെങ്കിട്ടരാമനെതിരായ കൊലക്കുറ്റം ഒഴിവാക്കിയ കീഴ്ക്കോടതി ഉത്തരവിനെതിരെയാണ് സര്‍ക്കാര്‍ ഹൈക്കോടതിയെ സമീപിച്ചത്. ശ്രീറാം മദ്യപിച്ചു വാഹനമോടിച്ചെന്നു തെളിയിക്കാന്‍ കഴിഞ്ഞില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് കീഴ്ക്കോടതി കൊലക്കുറ്റം ഒഴിവാക്കിയത്.

കേരളത്തില്‍ അഞ്ചാംപനി പടരുന്നു. കേരളം ഉള്‍പ്പെടെ മൂന്നു സംസ്ഥാനങ്ങളില്‍ രോഗവ്യാപനം പഠിക്കാന്‍ കേന്ദ്ര സംഘത്തെ നിയോഗിച്ചു. കേരളത്തില്‍ മലപ്പുറത്താണ് സംഘം സന്ദര്‍ശനം നടത്തുക.

ഭൂപതിവ് ചട്ടം ഭേദഗതി ചെയ്യണമെന്ന് ആവശ്യപ്പെട്ട് ഇടുക്കി ജില്ലയില്‍ 28 നു യുഡിഎഫ് ഹര്‍ത്താല്‍. നെടുങ്കണ്ടത്ത് യുഡിഎഫ് ജനപ്രതിനിധികളും നേതാക്കളും ഇന്നലെ സത്യഗ്രഹം നടത്തി.

ശശി തരൂര്‍ ഇന്ന് തിരുവനന്തപുരത്ത് വിവിധ പരിപാടികളില്‍ പങ്കെടുക്കും. കത്ത് വിവാദത്തില്‍ കോര്‍പറേഷനു മുന്നില്‍ നടക്കുന്ന യുഡിഎഫ് സമരവേദിയിലും തരൂര്‍ എത്തും. ഇത്രവലിയ സമരപരിപാടികള്‍ നടന്നിട്ടും തിരിഞ്ഞുനോക്കിയില്ലെന്ന് പ്രതിപക്ഷ നേതാവ് വിമര്‍ശനമുന്നയിച്ചിരുന്നു.

തലശേരിയില്‍ ലഹരി വില്‍പന ചോദ്യം ചെയ്തതിനെത്തുടര്‍ന്നുണ്ടായ സംഘര്‍ഷത്തിനിടെ സിപിഎം അംഗവും ബന്ധുവും കുത്തേറ്റു മരിച്ചു. തലശേരി നിട്ടൂര്‍ സ്വദേശികളായ ഇല്ലിക്കുന്ന് ത്രിവര്‍ണഹൗസില്‍ ഖാലിദ് (52), ഖാലിദിന്റെ സഹോദരി ഭര്‍ത്താവും സിപിഎം നെട്ടൂര്‍ ബ്രാഞ്ചംഗവുമായ പൂവനാഴി ഷമീര്‍ എന്നിവരാണ് കൊല്ലപ്പെട്ടത്. ഷമീറിന്റെ സുഹൃത്ത് ഷാനിബിനു കുത്തേറ്റു. ലഹരി വില്‍പ്പന സംഘത്തിലെ ജാക്സണും പാറായി ബാബുവും അടങ്ങുന്ന സംഘമാണ് കുത്തിയതെന്ന് ഷമീര്‍ പറഞ്ഞിരുന്നു.

കര്‍ഷകരെ പട്ടിണിയിലേക്കും ആത്മഹത്യയിലേക്കും തള്ളിവിടുന്ന നയം സംസ്ഥാന സര്‍ക്കാര്‍ തിരുത്തണമെന്ന് കെപിസിസി പ്രസിഡന്റ് കെ സുധാകരന്‍ എംപി. കര്‍ഷക കോണ്‍ഗ്രസ് സംസ്ഥാന പ്രസിഡന്റ് കെ സി വിജയന്റെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റിനു മുന്നില്‍ നടത്തിയ ഉപവാസ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

ഷവര്‍മ വില്‍പന നടത്തുന്ന സ്ഥാപനങ്ങളില്‍ ഭക്ഷ്യസുരക്ഷാ വകുപ്പിന്റെ പരിശോധനകള്‍ തുടരുമെന്ന് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. ഒക്ടോബര്‍, നവംബര്‍ മാസങ്ങളിലായി 942 കടകളില്‍ പരിശോധനകള്‍ നടത്തി. നിലവാരം ഉയര്‍ത്താന്‍ 284 സ്ഥാപനങ്ങള്‍ക്ക് നോട്ടീസ് നല്‍കി. 168 സ്ഥാപനങ്ങള്‍ക്ക് പിഴ നോട്ടീസ് നല്‍കി. 3.43 ലക്ഷം രൂപ പിഴ ഈടാക്കി.

ശബരിമല സ്പെഷല്‍ ട്രെയിനുകളില്‍ അമിത യാത്രാനിരക്ക് ഈടാക്കുന്നതിനെതിരേ ഹൈക്കോടതി കേന്ദ്ര റെയില്‍വേ മന്ത്രാലയത്തിന് നോട്ടീസ് അയച്ചു. കേസ് ഹൈക്കോടതി ഇന്നു പരിഗണിക്കും.

ചലച്ചിത്ര നടനും വോളിബോള്‍ ദേശീയ താരവുമായിരുന്ന മിഗ്ദാദ് (മണി 76) അന്തരിച്ചു. പക്ഷാഘാതത്തെ തുടര്‍ന്ന് തിരുവനന്തപുരത്തു ചികിത്സയിലായിരുന്നു. മുത്താരംകുന്ന് പി ഒ എന്ന സിബി മലയില്‍ ചിത്രത്തിലെ ഫയല്‍വാന്റെ വേഷത്തിലൂടെയാണ് മിഗ്ദാദ് കൂടുതല്‍ പ്രശസ്തനായത്.

സെക്രട്ടറിയേറ്റില്‍ ജോലി വാഗ്ദാനം ചെയ്ത് പണം തട്ടിയ കേസില്‍ മുന്‍ സെക്രട്ടറിയേറ്റ് ജീവനക്കാരന്‍ അറസ്റ്റില്‍. മലയന്‍കീഴ് സ്വദേശി ഷൈജിന്‍ ബ്രിട്ടോയാണ് ബാലരാമപുരം പൊലീസിന്റെ പിടിയിലായത്. രാമപുരം സ്വദേശിയുടെ പക്കല്‍ നിന്ന് 81 ലക്ഷം രൂപയാണ് ഇയാള്‍ തട്ടിയെടുത്തത്.

നിയമന ശുപാര്‍ശ കത്ത് കേസില്‍ ഓംബുഡ്സ്മാന്റെ അന്വേഷണം വേണ്ടെന്ന് തിരുവനന്തപുരം നഗരസഭ. ഹൈക്കോടതിയുടെ പരിഗണനയിലുള്ളതിനാലും പോലീസിലെ ക്രൈംബ്രാഞ്ചും വിജിലന്‍സും അന്വേഷണം നടത്തുന്നതിനാലും ഓംബുഡ്സ്മാന്റെ അന്വേഷണം വേണ്ടെന്നാണ് ഓംബുഡ്സ്മാന്‍ അയച്ച നോട്ടീസിന് തിരുവനന്തപുരം നഗരസഭാ സെക്രട്ടറി മറുപടി നല്‍കിയത്.

എറണാകുളം സബ് കോടതിയില്‍ കവര്‍ച്ചാകേസ് പ്രതി ആത്മഹത്യക്കു ശ്രമിച്ചു. എണാകുളം സ്വദേശി തന്‍സീറാണ് കൈ ഞരമ്പ് മുറിച്ച് ആത്മഹത്യക്ക് ശ്രമിച്ചത്. ഇയാളെ എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

വേങ്ങരയില്‍ അധ്യാപിക ആത്മഹത്യ ചെയ്ത സംഭവത്തില്‍ സഹപ്രവര്‍ത്തകനായ അധ്യാപകനെ അറസ്റ്റു ചെയ്തു. കോഴിക്കോട് പയ്യോളി സ്വദേശി രാംദാസിനെ (44) ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തിയാണ് അറസ്റ്റ് ചെയ്തത്. വേങ്ങര ഗേള്‍സ് സ്‌കൂള്‍ സ്റ്റുഡന്റ് പൊലീസ് കേഡറ്റിന്റെ ചുമതലയുള്ള അധ്യാപകനാണ്. മരിച്ച അധ്യാപികയുമായി അടുത്ത ബന്ധമുണ്ടായിരുന്നു.

ഭാര്യ ആത്മഹത്യചെയ്തതിന് എക്‌സൈസ് ഉദ്യോഗസ്ഥന്‍ അറസ്റ്റില്‍. കഴിഞ്ഞ മാസം 15 നാണ് മലപ്പുറം ചെമ്മങ്കടവിലെ വാടക ക്വാര്‍ട്ടേഴ്സില്‍ കൊല്ലം ചാവറ സ്വദേശി ജിന്‍സി തൂങ്ങി മരിച്ച സംഭവത്തില്‍ പ്രേരണ കുറ്റം ചുമത്തി ഭര്‍ത്താവ് അലക്സ് അലോഷ്യസിനെയാണ് അറസ്റ്റു ചെയ്തു.

പട്ടാപ്പകല്‍ വീട് കുത്തിത്തുറന്ന് മോഷണം. കൊല്ലം ചാത്തന്നൂരില്‍ കനകമന്ദിരത്തില്‍ ശ്യാം രാജിന്റെ വീട്ടില്‍നിന്ന് മൂന്നര ലക്ഷം രൂപയും മൂന്നര പവന്‍ സ്വര്‍ണവുമാണ് മോഷ്ടാക്കള്‍ കവര്‍ന്നത്. സംഭവത്തില്‍ രണ്ട് തമിഴ്നാട് സ്വദേശികളെ അറസ്റ്റ് ചെയ്തു.

മോഷ്ടിച്ച വാഹനവുമായി പതിനെട്ടുകാരന്‍ പിടിയിലായി. കരുവിശ്ശേരി കരൂല്‍ത്താഴം സ്വദേശി സാജല്‍ എന്ന കണ്ണനെ (18) ആണ് പൊലീസ് പിടികൂടിയത്.

പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥിയെ പീഡിപ്പിച്ച കേസില്‍ മദ്രസ അധ്യാപകന്‍ അറസ്റ്റില്‍. ആറളം സ്വദേശി ഷംസീര്‍ എന്നയാളെയാണ് എടക്കാട് പൊലീസ് അറസ്റ്റ് ചെയ്തത്.

അടുത്ത ലോക്സഭാ തെരഞ്ഞെടുപ്പിനുമുമ്പ് ഫെബ്രുവരിയില്‍ അവതരിപ്പിക്കുന്ന നരേന്ദ്രമോദി സര്‍ക്കാരിന്റെ അവസാന ബജറ്റ് ജനപ്രിയമാകാന്‍ സാധ്യത. ഗ്രാമീണ വികസനവും തൊഴിലവസരങ്ങളും ഭവന നിര്‍മ്മാണങ്ങളും മെച്ചപ്പെടുത്തുന്ന നിര്‍ദേശങ്ങള്‍ ബജറ്റില്‍ ഉണ്ടാകുമെന്നാണു സൂചനകള്‍. ബജറ്റ് തയാറാക്കുന്നതിനു മുന്നോടിയായി ധനമന്ത്രി നിര്‍മല സീതാരാമന്‍ വിവിധ മേഖലകളിലുള്ള വിദഗ്ധരുമായി കൂടിയാലോചനകള്‍ ആരംഭിച്ചിട്ടുണ്ട്.

മംഗളുരു സ്ഫോടന കേസ് പ്രതികള്‍ക്കു കേരള ബന്ധമെന്ന് കര്‍ണാടക ആഭ്യന്തര മന്ത്രി അരഗ ജ്ഞാനേന്ദ്ര. ഗൂഢാലോചന നടത്തിയത് കേരളത്തിലെ കൊച്ചിയിലും തമിഴ്നാട്ടിലെ മധുരയിലുമാണെന്ന് കര്‍ണാടക ഡിജിപി പ്രവീണ്‍ സൂദ് വ്യക്തമാക്കി. പ്രതികളുടെ തീവ്രവാദ ബന്ധം സംബന്ധിച്ച് കേരളത്തിലേക്കും എസ്ഐടി അന്വേഷണം വ്യാപിപ്പിച്ചിട്ടുണ്ട്. എന്‍ഐഎയും വിശദമായ അന്വേഷണം നടത്തുന്നുണ്ട്.

തെരഞ്ഞെടുപ്പ് കമ്മീഷണറായി അരുണ്‍ ഗോയലിനെ നിയമിച്ചതിന്റെ ഫയലുകള്‍ ഹാജരാക്കണമെന്നു സുപ്രീം കോടതി. നിയമന പ്രക്രിയ എങ്ങനെയെന്ന് മനസിലാക്കാനാണ് ഇതെന്ന് കോടതി അറിയിച്ചു. തെരഞ്ഞെടുപ്പ് കമ്മീഷനുമായി ബന്ധപ്പെട്ട ഹര്‍ജികള്‍ സുപ്രിം കോടതിയുടെ പരിഗണനയിലുള്ളപ്പോഴാണ് നിയമനം.

പാര്‍ട്ടിവിരുദ്ധ പ്രവര്‍ത്തനം നടത്തിയതിന് തമിഴ്നാട് ബിജെപി ഭാരവാഹിയും നടിയുമായ ഗായത്രി രഘുറാമിനെ ആറുമാസത്തേക്കു സസ്പെന്‍ഡ് ചെയ്തു. ഒബിസി വിഭാഗം നേതാവ് സൂര്യ ശിവക്കെതിരെ അന്വേഷണവും പ്രഖ്യാപിച്ചു.

മധ്യപ്രദേശിലെ സര്‍ക്കാര്‍ കോണ്‍ഗ്രസിന്റേതായിരുന്നെന്നും അഴിമതിക്കാരായ 25 എംഎല്‍എമാരെ കോടികള്‍ നല്‍കി ബിജെപി വിലയ്ക്കെടുത്ത സര്‍ക്കാരാണ് ഇപ്പോള്‍ ഭരിക്കുന്നതെന്നും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. മധ്യപ്രദേശിലെ ബുര്‍ഹാന്‍പൂരില്‍ ഭാരത് ജോഡോയാത്ര റാലിയില്‍ പ്രസംഗിക്കുകയായിരുന്നു രാഹുല്‍.

ആസാം – മേഘാലയ അതിര്‍ത്തിയിലെ വെടിവയ്പ് കേന്ദ്ര ഏജന്‍സി അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് മേഘാലയ മുഖ്യമന്ത്രി കൊര്‍ണാട് സാഗ്മ ആഭ്യന്തര മന്ത്രി അമിത് ഷായുമായി ഇന്ന് കൂടിക്കാഴ്ച നടത്തും. സിബിഐയോ എന്‍ഐഎയോ അന്വേഷണം നടത്തണമെന്നാണ് ആവശ്യം. വെടിവയ്പില്‍ ആസാം വനം വകുപ്പ് ഉദ്യോഗസ്ഥനും മേഘാലയക്കാരായ അഞ്ചു പേരുമാണ് കൊല്ലപ്പെട്ടത്.

തുമ്പയിലെ വിക്ഷേപണ കേന്ദ്രത്തില്‍ രോഹിണി 200 സൗണ്ടിംഗ് റോക്കറ്റിന്റെ തുടര്‍ച്ചയായ ഇരുന്നൂറാം വിക്ഷേപണം വിജയം. മുന്‍ രാഷ്ട്രപതി രാം നാഥ് കോവിന്ദ് വിക്ഷേപണം കാണാനായി വിഎസ്എസ്സിയില്‍ എത്തിയിരുന്നു.

ഗുജറാത്തില്‍ നിയമസഭാ തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് കിക്കറ്റ് താരം രവീന്ദ്ര ജഡേജയുടെ വീട്ടില്‍ നാത്തൂന്‍പോര്. ജഡേജയുടെ ഭാര്യ റിവാബ ജഡേജ, ജാംനഗര്‍ നോര്‍ത്തില്‍ ബിജെപി സ്ഥാനാര്‍ഥിയാണ്. സഹോദരി നയ്നാബ കോണ്‍ഗ്രസിന്റെ പ്രചാരണ ചുമതലക്കാരിയാണ്. കോണ്‍ഗ്രസിനെ ജയിപ്പിക്കാന്‍ അരയും തലയും മുറുക്കിയാണ് നയ്നാബ രംഗത്തുള്ളത്.

വനമേഖലയില്‍ യുവാവിനേയും യുവതിയേയും ഭീഷണിപ്പെടുത്തി ലൈംഗികബന്ധത്തില്‍ ഏര്‍പ്പെടുത്തി ഇരുവരുടേയും ശരീരത്തില്‍ സൂപ്പര്‍ ഗ്ളൂ ഒഴിച്ച് ഒട്ടിച്ച് തലയറുത്തും കുത്തിയും കൊലപ്പെടുത്തി. സംഭവത്തില്‍ 55 കാരനായ വ്യാജസിദ്ധന്‍ അറസ്റ്റില്‍. രാജസ്ഥാനിലെ ഉദയ്പൂരിലെ കേലബവാടി വനപ്രദേശത്താണ് സംഭവമുണ്ടായത്. അധ്യാപകനും വിവാഹിതനുമായ രാഹുല്‍ മീണ (30), സോനു കന്‍വര്‍ (28) എന്നിവരാണ് മരിച്ചത്. സിദ്ധനായ ഭലേഷ് കുമാറാണ് അറസ്റ്റിലായത്. രാഹുല്‍ വീട്ടില്‍ വഴക്കുപതിവാക്കിയതോടെ ഭാര്യ സിദ്ധനെ സമീപിക്കുകയായിരുന്നു. സിദ്ധന്‍ രാഹുലിന്റേയും സോനുവിന്റേയും വിശ്വാസം നേടിയെടുത്ത് കൊലപാതകം നടത്തുകയായിരുന്നു.

ഭാര്യയെ കൊന്ന് ശരീരം കഷണങ്ങളാക്കി പലഭാഗങ്ങളില്‍ ഉപേക്ഷിച്ച സംഭവത്തില്‍ ഭര്‍ത്താവ് അടക്കം രണ്ടു പേര്‍ പിടിയില്‍. ഉത്തര്‍പ്രദേശിലെ സീതാപൂരില്‍ ജ്യോതി (സ്നേഹ) യാണു കൊല്ലപ്പെട്ടത്. ഭര്‍ത്താവ് പങ്കജ് മൗര്യ, ദുര്‍ജന്‍ പാസി എന്നിവരാണ് അറസ്റ്റിലായത്. ജ്യോതി സ്ഥിരമായി ലഹരിമരുന്ന് ഉപയോഗിച്ചിരുന്നെന്നും മറ്റൊരാളുടെ വീട്ടില്‍ താമസിച്ചെന്നുമാണ് പങ്കജ് മൗര്യ പൊലീസിനോട് പറഞ്ഞത്.

ഡല്‍ഹിയിലെ നരേലയിലെ ഒയോ ഹോട്ടലില്‍ മുറിയെടുത്ത കമിതാക്കളില്‍ കാമുകന്‍ കാമുകിയെ വെടിവച്ചു കൊന്നു. ഇയാളും സ്വയം വെടിവച്ചു. മുപ്പത്തെട്ടുകാരനും വിവാഹിതനുമായ സിതു എന്ന പ്രവീണ്‍ ആണ് കാമുകിയെ കൊലപ്പെടുത്തി ആത്മഹത്യക്കു ശ്രമിച്ചത്. ഇയാളെ സഞ്ജയ് ഗാന്ധി ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. 39 കാരിയായ ഗീതയാണ് കൊല്ലപ്പെട്ടത്.

ഫേസ്ബുക്ക് തലവന്‍ മാര്‍ക്ക് സക്കര്‍ബര്‍ഗ് സ്ഥാനമൊഴിയുമെന്ന പ്രചാരണം സത്യമല്ലെന്ന് മെറ്റാ വക്താവ് ആന്‍ഡി സ്റ്റോണ്‍ ട്വീറ്റ് ചെയ്തു. കമ്പനി 11,000 ജീവനക്കാരെ പിരിച്ചുവിടുമെന്ന് പ്രഖ്യാപിച്ചതിനു പിറകേയാണ് സക്കര്‍ബര്‍ഗ് രാജിവയ്ക്കുമെന്നു പ്രചരിച്ചത്.

ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന ആദ്യ മത്സരത്തില്‍ നിലവിലെ റണ്ണറപ്പായ ക്രൊയേഷ്യയെ സമനിലപ്പൂട്ടിട്ട് പൂട്ടി മൊറോക്കോ. അവസരങ്ങള്‍ ഒട്ടേറെ ലഭിച്ചെങ്കിലും അതൊന്നും ഗോളാക്കി മാറ്റാന്‍ ക്രോയേഷ്യക്കോ മൊറോക്കോക്കോ കഴിഞ്ഞില്ല.

അര്‍ജന്റീനക്ക് പിന്നാലെ ജര്‍മനിക്കും ഞെട്ടിക്കുന്ന തോല്‍വി. ഖത്തര്‍ ലോകകപ്പില്‍ ഇന്നലെ നടന്ന രണ്ടാമത്തെ മത്സരത്തില്‍ ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ് ജര്‍മനി ജപ്പാനോട് തോറ്റത്. ആദ്യ പകുതിയില്‍ ലഭിച്ച പെനാല്‍റ്റിയിലൂടെ ജര്‍മനി ഒരു ഗോളിന് മുന്നിലെത്തിയെങ്കിലും രണ്ടാം പകുതിയില്‍ ജപ്പാന്‍ നടത്തിയ അവിശ്വസനീയ പോരാട്ടം ജര്‍മനിയെ തകര്‍ത്തു കളഞ്ഞു. 75 മിനുറ്റുകള്‍ വരെ ഒറ്റ ഗോളിന്റെ ലീഡില്‍ തൂങ്ങിയ ജര്‍മനിക്കെതിരെ എട്ട് മിനുറ്റിനിടെ രണ്ട് ഗോളടിച്ച് അട്ടിമറി ജയം സ്വന്തമാക്കുകയായിരുന്നു ജപ്പാന്‍.

അര്‍ജന്റീനയുടേയും ജര്‍മനിയുടേയും തോല്‍വികള്‍ക്ക് സമാനതകളേറെ. രണ്ടുപേരും 2-1 എന്ന മാര്‍ജിനാണ് തോറ്റത്. രണ്ടു പേരും ആദ്യ പകുതിയില്‍ തന്നെ ഒരു ഗോളിന്റെ ലീഡെടുത്തിരുന്നു, അതും പെനാല്‍റ്റി ഗോളിലൂടെ. രണ്ടാം പകുതിയിലാണ് രണ്ടു പേരും രണ്ട് ഗോളുകള്‍ വഴങ്ങിയത്. രണ്ടു പേരുടേയും എതിരാളികള്‍ ആദ്യ പകുതിയില്‍ നിഷ്പ്രഭരായതിനു ശേഷമാണ് രണ്ടാം പകുതിയില്‍ അവിശ്വസനീയ കളി കാഴ്ചവെച്ചത്. ഇതിനെല്ലാം പുറമെ രണ്ടു പേരുടേയും ഏതിരാളികള്‍ ഏഷ്യന്‍ ടീമുകളായിരുന്നു എന്നതും മറ്റൊരു സമാനത.

ഖത്തര്‍ ലോകകപ്പില്‍ സ്പെയിന് റെക്കോര്‍ഡ് വിജയം. ഇന്നലെ നടന്ന മൂന്നാമത്തെ മത്സരത്തില്‍ കോസ്റ്റാറിക്കയെ എതിരില്ലാത്ത ഏഴ് ഗോളുകള്‍ക്ക് തോല്‍പിച്ചാണ് സ്പെയിന്‍ അവരുടെ ചരിത്രത്തിലെ ഏറ്റവും വലിയ ലോകകപ്പ് ജയം സ്വന്തമാക്കിയത്. ഫെറാന്‍ ടോറസ് ഇരട്ട ഗോളുകള്‍ നേടിയ മത്സരത്തിന്റെ ആദ്യ പകുതിയില്‍ തന്നെ സ്പെയിന്‍ മൂന്ന് ഗോളുകള്‍ക്ക് മുന്നിലായിരിന്നു.

ലോക റാങ്കിങ്ങില്‍ രണ്ടാമനായ ബെല്‍ജിയത്തെ വിറപ്പിച്ച് കീഴടങ്ങി കാനഡ. ഇന്ന് വെളുപ്പിനെ നടന്ന നാലാമത്തെ മത്സരത്തില്‍ കാനഡയോട് ബെല്‍ജിയത്തിന് ജയിക്കാനായത് ഒരു ഗോളിനാണ്. അതിവേഗ അറ്റാക്കുകളുമായി ബെല്‍ജിയത്തെ വിസ്മയിപ്പിച്ച കാനഡ എട്ടാം മിനുറ്റില്‍ പെനാല്‍റ്റിയിലൂടെ മുന്നിലെത്താനുള്ള സുവര്‍ണാവസരം നശിപ്പിച്ചു. അതേസമയം നാല്‍പത്തി നാലാമത്തെ മിനുട്ടില്‍ ഒരു ഗോള്‍ നേടിയ ബെല്‍ജിയത്തിന്റെ പിന്നീടുള്ള നീക്കങ്ങളെല്ലാം കനേഡിയന്‍ മതിലില്‍ തട്ടി നിഷ്പ്രഭമായി.

ലോക സാമ്പത്തിക വളര്‍ച്ച ഇക്കൊല്ലം വളരെ താഴ്ന്ന നിരക്കിലായിരിക്കുമെന്ന് രാജ്യാന്തര കൂട്ടായ്മയായ ഓര്‍ഗനൈസേഷന്‍ ഫോര്‍ ഇക്കണോമിക് കോഓപ്പറേഷന്‍ ആന്‍ഡ് ഡവലപ്മെന്റ്. ഉയര്‍ന്ന പലിശ നിരക്ക്, വിലക്കയറ്റം, റഷ്യയുക്രെയ്ന്‍ യുദ്ധം എന്നിവയാണ് ഇതിന് കാരണമായി പറയുന്നത്. മുന്‍കൊല്ലത്തെക്കാള്‍ 3.1% മാത്രമായിരിക്കും ഇക്കുറി വളര്‍ച്ച. അടുത്ത വര്‍ഷം 2.2% ആയിരിക്കും. യുദ്ധം കാരണമുള്ള ഇന്ധനവൈദ്യുതി വിലക്കയറ്റത്തില്‍ വലയുന്ന യൂറോപ്പും യുഎസും ഇഴയുമ്പോള്‍ ആഗോള വളര്‍ച്ചയ്ക്ക് മുഖ്യ കാരണമാകുക ഇന്ത്യയടക്കമുള്ള ഏഷ്യന്‍ രാജ്യങ്ങളുടെ വളര്‍ച്ചയാണ്. ഇന്ത്യ ഇക്കൊല്ലം 6.6%, അടുത്ത വര്‍ഷം 5.7% എന്നിങ്ങനെ വളരും. ചൈന 3.3%, 4.6% എന്നിങ്ങനെ വളരുമെന്നാണു പ്രവചനം.

ഗൂഗിള്‍ പേ, ഫോണ്‍പേ, പേടിഎം തുടങ്ങിയ യു.പി.ഐ പേയ്‌മെന്റ് ആപ്പുകള്‍ വഴിയുള്ള ഇടപാടുകള്‍ക്ക് പരിധി ഏര്‍പ്പെടുത്തുമെന്നു സൂചന. നിലവില്‍ യു.പി.ഐ. പേയ്‌മെന്റ് ആപ്പുകള്‍ വഴി ഉപയോക്താക്കള്‍ക്ക് പരിധിയില്ലാത്ത പേയ്‌മെന്റുകള്‍ നടത്താന്‍ കഴിയും. എന്നാല്‍, ഈ സൗകര്യം ഉടന്‍ അവസാനിക്കുമെന്നാണ് റിപ്പോര്‍ട്ട്. ഇടപാട് പരിധി 30 ശതമാനമായി പരിമിതപ്പെടുത്തുന്നതു സംബന്ധിച്ച് നാഷണല്‍ പേയ്‌മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (എന്‍.പി.സി.ഐ), റിസര്‍വ് ബാങ്കുമായി ചര്‍ച്ച നടത്തിവരികയാണ്. ഈ മാസം അവസാനത്തോടെ പരിധി ഏര്‍പ്പെടുത്തല്‍ സംബന്ധിച്ച് അന്തിമ തീരുമാനമുണ്ടാകുമെന്നാണ് കരുതുന്നത്. അങ്ങനെയെങ്കില്‍ ഡിസംബര്‍ 31 മുതല്‍ നിയന്ത്രണം നിലവില്‍ വരുമെന്നാണ് വിവരം.

‘പ്രേമ’ത്തിന് ശേഷം അല്‍ഫോണ്‍സ് പുത്രന്റെ സംവിധാനത്തിലൊരുങ്ങുന്ന ‘ഗോള്‍ഡി’ന്റെ റിലീസ് പ്രഖ്യാപിച്ചു. ഓണത്തിന് റിലീസ് ചെയ്യുമെന്ന് പ്രഖ്യാപിച്ചെങ്കിലും അവസാനനിമിഷം മാറ്റിവയ്ക്കുകയായിരുന്നു. എന്തായാലും കാത്തിരിപ്പിന് ഒടുവില്‍ ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ ലിസ്റ്റിന്‍ സ്റ്റീഫനാണ് റിലീസ് പ്രഖ്യാപിച്ചിരിക്കുന്നത്. ഡിസംബര്‍ ഒന്നിന് ചിത്രം തിയറ്ററുകളില്‍ എത്തും. പൃഥ്വിരാജ് ആണ് ‘ഗോള്‍ഡി’ലെ നായകന്‍. ചിത്രത്തില്‍ നായികയായി നയന്‍താരയും എത്തുന്നു. അജ്മല്‍ അമീര്‍, കൃഷ്ണ ശങ്കര്‍, ശബരീഷ് വര്‍മ, വിനയ് ഫോര്‍ട്ട്, റോഷന്‍ മാത്യു, മല്ലിക സുകുമാരന്‍, ലാലു അലക്സ്, ജഗദീഷ്, സൈജു കുറുപ്പ്, സുരേഷ് കൃഷ്ണ, ശാന്തി കൃഷ്ണ, പ്രേം കുമാര്‍ തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നു. ലിസ്റ്റിന്‍ സ്റ്റീഫനുമൊപ്പം പൃഥ്വിരാജും ചേര്‍ന്നാണ് നിര്‍മ്മാണം. പൃഥ്വിരാജ് പ്രൊഡക്ഷന്‍സ്, മാജിക് ഫ്രെയിംസ് എന്നീ ബാനറുകളിലാണ് നിര്‍മാണം. മാജിക് ഫ്രെയിംസ് ആണ് വിതരണം.

റോഷന്‍ മാത്യു, സ്വാസിക വിജയ് എന്നിവര്‍ കേന്ദ്ര കഥാപാത്രങ്ങളായി എത്തിയ ‘ചതുര’ത്തിലെ ഗാനം റിലീസ് ചെയ്തു. പ്രശാന്ത് പിള്ള സംഗീതം നല്‍കിയ ഗാനം ആലപിച്ചിരിക്കുന്നത് സിത്താര കൃഷ്ണകുമാറും ശ്രീരാഗ് സജിയും ചേര്‍ന്നാണ്. വിനായക് ശശികുമാറിന്റേതാണ് വരികള്‍. ചിത്രത്തിന്റെ റിലീസിന് മുന്‍പ് തന്നെ ഈ ഗാനം പ്രേക്ഷക ശ്രദ്ധനേടിയിരുന്നു. ചതുരം സംവിധാനം ചെയ്തത് സിദ്ധാര്‍ഥ് ഭരതന്‍ ആണ്. ശാന്തി ബാലചന്ദ്രന്‍, അലന്‍സിയര്‍ ലേ ലോപ്പസ്, നിഷാന്ത് സാഗര്‍, ലിയോണ ലിഷോയ്, ജാഫര്‍ ഇടുക്കി, ജിലു ജോസഫ് തുടങ്ങിയവരാണ് മറ്റു കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. സിദ്ധാര്‍ഥ് ഭരതനൊപ്പം വിനോയ് തോമസും ചേര്‍ന്നാണ് ചിത്രത്തിന്റെ രചന നിര്‍വ്വഹിച്ചിരിക്കുന്നത്.

ബജാജ് ഓട്ടോ പുതിയ പള്‍സര്‍ പി150 പുറത്തിറക്കി. 1,16,755 രൂപ പ്രാരംഭ വിലയിലാണ് വാഹനം എത്തുന്നത്. 250സിസി, 160സിസി പതിപ്പുകള്‍ക്ക് ശേഷം 2021 ഒക്ടോബറില്‍ അവതരിപ്പിച്ച പള്‍സര്‍ പ്ലാറ്റ്‌ഫോമിലെ മൂന്നാമത്തെ വകഭേദമാണ് പുതിയ പള്‍സര്‍ പി150. അഞ്ച് കളര്‍ ഓപ്ഷനുകളാണ് ഈ മോഡലിന് ലഭ്യമാവുക. റേസിംഗ് റെഡ്, കരീബിയന്‍ ബ്ലൂ, എബോണി ബ്ലാക്ക് റെഡ്, എബോണി ബ്ലാക്ക് ബ്ലൂ, എബോണി ബ്ലാക്ക് വൈറ്റ് എന്നിവയാണത്. ബജാജ് പള്‍സര്‍ പി150 രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. സിംഗിള്‍-ഡിസ്‌ക് വേരിയന്റിന് 1,16,755 രൂപയാണ് വില, ട്വിന്‍ ഡിസ്‌ക് വേരിയന്റിന് 1,19,757 രൂപയാണ് വില. (എല്ലാം എക്സ് ഷോറൂം വില). 14.5ബിഎച്ച്പി പവറും 13.5എന്‍എം പീക്ക് ടോര്‍ക്കും നല്‍കുന്ന 149.68 സിസി എഞ്ചിനാണ് പുതിയ പള്‍സര്‍ പി150 ന് കരുത്ത് പകരുന്നത്.

ഉമ്മറത്ത് തെക്കുവടക്ക് നീണ്ടുകിടക്കുന്ന കോലായയുടെ വെണ്‍ചുമരില്‍ ഒട്ടേറെ ദൈവങ്ങളും മനുഷ്യരും… കുട്ടിക്കാലത്തിന്റെ ചുമരിലെ ചില്ലുപടങ്ങള്‍: പുഞ്ചിരിക്കുന്ന മഹാത്മാഗാന്ധി, ഉദ്ധതനായ ജോസഫ് സ്റ്റാലിന്‍, യോഗിവര്യനെപ്പോലെ രവീന്ദ്രനാഥ ടാഗോര്‍, കാവിയണിഞ്ഞ വിവേകാനന്ദന്‍…അക്കൂട്ടത്തില്‍ ഞങ്ങളുടെ കുടുംബത്തിലെ ആരുമുണ്ടായിരുന്നില്ല; ഫോട്ടോ ആയോ ഛായാചിത്രമായോ ഒന്നും! കുട്ടികളുടെ പടങ്ങളും തീരേയില്ല. അക്കാലം മുതിര്‍ന്നവരുടെ മാത്രം കാലമായിരുന്നിരിക്കണം. ഞങ്ങള്‍ കുഞ്ഞുങ്ങള്‍ കാക്കകളെപ്പോലെ, ചവലക്കിളിക്കൂട്ടം പോലെ, ആകാശമുടിയില്‍ പറക്കും പരുന്തുകളെപ്പോലെ ഒരു വര്‍ഗമായിരുന്നു. കിളികുലം! മലയാളിയുടെ പ്രിയപ്പെട്ട എഴുത്തുകാരി പി. വല്‍സലയുടെയുടെ ആത്മകഥയിലെ ഗൃഹാതുരമായ ഒരേട്. ‘കിളിക്കാലം’. മാതൃഭൂമി ബുക്സ്. വില 170 രൂപ.

മൈഗ്രെയ്ന്‍ വരാതെ നോക്കുക എന്നതാണ് അത് തടയുന്നതിന് ഏറ്റവും നല്ല ചികിത്സ. തലയുടെ ഒരു വശത്തെ ബാധിക്കുന്ന തലവേദനയാണ് മൈഗ്രെയിന്‍. ഉയര്‍ന്ന സംവേദനക്ഷമത, ഓക്കാനം, ഛര്‍ദ്ദി എന്നിവ ഇതിന്റെ ഭാഗമായി ഉണ്ടാകാം. ഈ നാഡീസംബന്ധമായ രോഗം നിങ്ങളെ ദിവസങ്ങളോളം കിടപ്പിലാക്കുന്ന വേദനയ്ക്ക് കാരണമാകും. കൃത്യമായ പ്രതിരോധ നടപടികള്‍, മരുന്നുകള്‍, ജീവിതശൈലി മാറ്റങ്ങള്‍ എന്നിവയിലൂടെ നിങ്ങള്‍ക്ക് മൈഗ്രെയ്ന്‍ വരാനുള്ള സാധ്യത കുറയ്ക്കാന്‍ സാധിക്കും. അതിനായി മൈഗ്രെയിനുകള്‍ക്ക് കാരണമാകുന്ന പ്രവര്‍ത്തനങ്ങള്‍ നിങ്ങള്‍ കണ്ടെത്തി തടയുക. കഠിനമായ വ്യായാമം തലവേദനയ്ക്ക് കാരണമാകും. പേശികളിലുണ്ടാകുന്ന പിരിമുറുക്കം ടെന്‍ഷന്‍ തലവേദനയുടെ പ്രധാന കാരണങ്ങളിലൊന്നാണ്. മരുന്നുകളുടെ അമിത ഉപയോഗം കാരണം നിങ്ങള്‍ക്ക് മൈഗ്രേന്‍ വരാം. മൈഗ്രേന്‍ വരാന്‍ ഏറ്റവും വലിയ കാരണങ്ങളിലൊന്നാണ് മദ്യം. പ്രത്യേകിച്ച് സ്ത്രീകള്‍ക്കിടയില്‍, റെഡ് വൈന്‍ മൈഗ്രേന്‍ ഉണ്ടാക്കാനുള്ള സാധ്യത ഉയര്‍ത്തുന്നു. ഒരു പഠനത്തില്‍ കണ്ടെത്തിയത്, റെഡ് വൈന്‍ ഉപയോഗിക്കുന്ന സ്ത്രീകളിലും പുരുഷന്മാരിലും 19.5 ശതമാനം പേര്‍ക്ക് മൈഗ്രെയ്ന്‍ അനുഭവപ്പെട്ടു എന്നാണ്. അനുയോജ്യമല്ലാത്ത യോഗ മൈഗ്രേന്‍ കൂട്ടാന്‍ കാരണമാകും. നിങ്ങളുടെ കഴുത്തില്‍ വളരെയധികം സമ്മര്‍ദ്ദമോ പിരിമുറുക്കമോ ഉണ്ടാക്കുന്ന യോഗകളില്‍ നിന്ന് വിട്ടുനില്‍ക്കുക. അമിതമായി കാപ്പി കുടിക്കുന്നത് മൈഗ്രെയിനിന് കാരണമാകും. ചോക്കലേറ്റ്, ചീസ്, മറ്റ് പാലുല്‍പ്പന്നങ്ങള്‍, മധുരപലഹാരങ്ങള്‍, കഫീന്‍ എന്നിങ്ങനെ എന്തും മൈഗ്രേനിന് കാരണമാകുന്ന ഭക്ഷണങ്ങളാണ്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *