middaynews 1

താഴേത്തട്ടിലുള്ള ജഡ്ജിമാര്‍ ആക്രമിക്കപ്പെടുമെന്ന ഭയം മൂലം പ്രതികള്‍ക്ക്  ജാമ്യം അനുവദിക്കാന്‍ മടിക്കുന്നതായി സുപ്രീംകോടതി ചീഫ് ജസ്റ്റിസ് ഡി.വൈ ചന്ദ്രചൂഡ്. അതുകൊണ്ടാണ് ജാമ്യം തേടി അനേകം പേര്‍ സുപ്രീം കോടതിയെ സമീപിക്കുന്നത്. ജാമ്യം അനുവദിച്ചാല്‍ ടാര്‍ഗെറ്റു ചെയ്യപ്പെടുമെന്ന ഭയം ന്യായാധിപന്മാര്‍ക്കുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ബാര്‍ കൗണ്‍സില്‍ ഓഫ് ഇന്ത്യ സംഘടിപ്പിച്ച അനുമോദന ചടങ്ങില്‍ പ്രസംഗിക്കുകയായിരുന്നു അദ്ദേഹം.

കോണ്‍ഗ്രസ് സംസ്ഥാന നേതൃത്വത്തിന്റെ അപ്രഖ്യാപിത വിലക്കിനിടെ ശശി തരൂര്‍ എംപിയുടെ മലബാര്‍ പര്യടനത്തിന് ഇന്നു തുടക്കം. രാവിലെ എം.ടി വാസുദേവന്‍ നായരെ സന്ദര്‍ശിച്ച അദ്ദേഹം ലോയേഴ്‌സ് കോണ്‍ഗ്രസിന്റെ ‘ഭരണഘടനയിലെ മതേതരത്വം’ സെമിനാറില്‍ പ്രസംഗിക്കും. മുന്‍ കേന്ദ്രമന്ത്രി കെ.പി ഉണ്ണികൃഷ്ണനെയും എം.വി ശ്രേയാംസ് കുമാര്‍ എംപിയെയും സന്ദര്‍ശിക്കും. യൂത്ത് കോണ്‍ഗ്രസ് പിന്മാറിയതുമൂലം നെഹ്‌റു ഫൗണ്ടേഷന്‍ സംഘടിപ്പിക്കുന്ന സെമിനാര്‍ വൈകുന്നേരം നാലിനാണ്. അടുത്ത മൂന്നു ദിവസങ്ങളില്‍ മലപ്പുറം, കണ്ണൂര്‍ ജില്ലകളില്‍ വിവിധ പരിപാടികളില്‍ പങ്കെടുക്കും. മത സാമൂഹ്യ രാഷ്ട്രീയ നേതാക്കളുമായി കൂടിക്കാഴ്ച നടത്തും.

ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു കേരളത്തില്‍ തിരിച്ചെത്തും. ഒരാഴ്ചയിലേറെയായി അദ്ദേഹം ഡല്‍ഹിയിലും യുപിയിലുമായിരുന്നു. എല്‍ഡിഎഫിന്റെ രാജ്ഭവന്‍ മാര്‍ച്ചിനും യൂണിവേഴ്‌സിറ്റി സംഭവവികാസങ്ങള്‍ക്കും ശേഷമാണ് തിരിച്ചുവരവ്.

മലപ്പുറം തിരൂരില്‍ കക്ക വാരാന്‍ പോയ തോണി മറിഞ്ഞു കാണാതായ രണ്ടുപേരുടെ കൂടി മൃതദേഹം കണ്ടെത്തി. ഇട്ടികപ്പറമ്പില്‍ അബ്ദുല്‍ സലാം, കുഴിയിനി പറമ്പില്‍ അബൂബക്കര്‍ എന്നിവരുടെ മൃതദേഹമാണ് കണ്ടെത്തിയത്. ഇന്നലെ രണ്ടു പേര്‍ മരിച്ചിരുന്നു. ഈന്തു കാട്ടില്‍ റുഖിയ, സൈനബ എന്നിവരാണ് ഇന്നലെ മരിച്ചത്.

സമസ്ത കേരള ജംഇയ്യത്തുല്‍ ഉലമ സെക്രട്ടറി എ.പി മുഹമ്മദ് മുസ്‌ലിയാര്‍ കാന്തപുരം അന്തരിച്ചു. 75 വയസായിരുന്നു. ഒരാഴ്ചയായി കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. കാന്തപുരം എപി അബൂബക്കര്‍ മുസ്‌ലിയാരുടെ പ്രഥമ ശിഷ്യനാണ്. ഖബറടക്കം വൈകീട്ട് നാലിന് കൊടുവള്ളിക്കുത്ത കരുവമ്പൊയിലില്‍.

കോവളത്തു കടലിനും തിരമാലകള്‍ക്കും പച്ചനിറം. മല്‍സ്യങ്ങളെ നശിപ്പിക്കുന്ന നോക്ടി ലൂക്കാ ആല്‍ഗകളുടെ സാന്നിധ്യമുണ്ടെന്നാണ് ശാസ്ത്രജ്ഞര്‍ പറയുന്നത്.

ഗുജറാത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്നു ബിജെപി റാലികളില്‍ പങ്കെടുക്കും.  കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ബിജെപിക്കു തിരിച്ചടിയുണ്ടായ മേഖലകളിലാണ് മോദിയുടെ റാലികള്‍. നാളേയും ചൊവ്വാഴ്ചയും ഗുജറാത്തില്‍ തുടരുന്ന മോദി എട്ടിടങ്ങളില്‍ കൂടി റാലിയില്‍ പ്രസംഗിക്കും. കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചൊവ്വാഴ്ച തെരഞ്ഞെടുപ്പ് പ്രചാരണത്തിന് ഗുജറാത്തിലെത്തും. നവസാരിയിലാണ് രാഹുലിന്റെ റാലി.

വിരമിച്ച ഐഎഎസ് ഉദ്യോഗസ്ഥന്‍ അരുണ്‍ ഗോയലിനെ തെരഞ്ഞെടുപ്പു കമ്മീഷണറായി നിയമിച്ചു. 1985 ബാച്ച് ഐഎഎസ് ഓഫീസറാണ് ഇദ്ദേഹം.

ലക്ഷദ്വീപില്‍ പോക്‌സോ കേസ് പ്രതികള്‍ക്ക് ഇരട്ട ജീവപര്യന്തം തടവുശിക്ഷ. മൂസ കുന്നുഗോത്തി, ഭാര്യ നൂര്‍ജഹാന്‍ ബന്ദരഗോതി എന്നിവരെയാണു ശിക്ഷിച്ചത്. 2016 ല്‍ പത്തു വയസുള്ള പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ച് ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ചെന്നാണു കേസ്.

പതിനെട്ടു വയസുള്ള രണ്ടു പെണ്‍കുട്ടികളെ ബലാത്സം?ഗം ചെയ്ത കേസില്‍ രണ്ട് കോണ്‍സ്റ്റബിള്‍മാരെ ഹര്‍ദോയ് പൊലീസ് ശനിയാഴ്ച അറസ്റ്റ് ചെയ്തു. കേസിലെ മൂന്നാം പ്രതിയായ സബ് ഇന്‍സ്‌പെക്ടര്‍ ഇപ്പോഴും ഒളിവിലാണ്. പൊലീസ് നടപടിയെടുത്തില്ലെന്ന് ആരോപിച്ച് അതിജീവിതകളായ പെണ്‍കുട്ടികളുടെ പരാതിയില്‍ അലഹബാദ് ഹൈക്കോടതി രൂക്ഷ വിമര്‍ശനം നടത്തിയതോടെയാണ് പ്രതികളായ പോലീസുകാരെ അറസ്റ്റു ചെയ്തത്.

കാഷ്മീരിലെ അനന്ത്‌നാഗില്‍ സൈന്യം ഏറ്റുമുട്ടലില്‍ ഒരു ഭീകരനെ വകവരുത്തി. ലഷ്‌കര്‍ ഇ തൊയ്ബ ഭീകരനായ സജ്ജാത് താന്ത്രേയാണു കൊല്ലപ്പെട്ടത്.

ഇറാനിലെ ആത്മീയ നേതാവ് അയത്തൊള്ള ഖൊമേനിയുടെ ജന്മവീട് പ്രക്ഷോഭകര്‍ കത്തിച്ചു. ഖൊമെയ്ന്‍ നഗരത്തിലെ വീടിനു തീയിട്ടതിന്റെ ദൃശ്യങ്ങള്‍ സാമൂഹ്യ മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. മുപ്പതു വര്‍ഷമായി ഈ വീട് മ്യൂസിയമാണ്.

ലോക കപ്പ് ഫുട്‌ബോളിനു പന്തുരുളാന്‍ ഇനി മണിക്കൂറുകള്‍ മാത്രം. ചാനലുകളില്‍ സംപ്രേക്ഷണം കാണാന്‍ ലോകം കാത്തിരിക്കുന്നു. രാവിലെ ഒമ്പതരയ്ക്കാണ് ആദ്യ മല്‍സരം. കേരളത്തില്‍ പലയിടത്തും ക്ലബുകളും ജനകീയ കൂട്ടായ്മകളും കളികാണാന്‍ ബിഗ് സ്‌ക്രീനുകള്‍ സജ്ജമാക്കിയിട്ടുണ്ട്.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *