പ്രതിപക്ഷ പാര്‍ട്ടികള്‍ ഭരിക്കുന്ന സംസ്ഥാനങ്ങള്‍ക്കെതിരേ ഗവര്‍ണറെ ബിജെപിയുടെ കേന്ദ്ര സര്‍ക്കാര്‍ രാഷ്ട്രീയ ഉപകരണമാക്കുകയാണെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാനെതിരെ ലക്ഷം പേരെ അണിനിരത്തി രാജ്ഭവനിലേക്ക് എല്‍ഡിഎഫ് നടത്തിയ മാര്‍ച്ച് ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. വിസിമാരെ നിയമിച്ചത് ഗവര്‍ണറാണ്. മൂന്നു പേരുടെ പട്ടിക വേണമെങ്കില്‍ ഗവര്‍ണര്‍ ആവശ്യപ്പെടണമായിരുന്നുവെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ഗവര്‍ണര്‍ കോടതിയും രാജാവും ചമയേണ്ടെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ പറഞ്ഞു.
രാജ്ഭവന്‍ മാര്‍ച്ചില്‍ സര്‍ക്കാര്‍ ജീവനക്കാര്‍ പങ്കെടുക്കാന്‍ അനുവദിക്കരുതെന്ന് ആവശ്യപ്പെട്ടു ബിജെപി സംസ്ഥാന പ്രസിഡന്റ് കെ. സുരേന്ദ്രന്‍ നല്‍കിയ ഹര്‍ജി ഹൈക്കോതി തള്ളി. മാര്‍ച്ചില്‍ പങ്കെടുക്കണമെന്നു സര്‍ക്കാര്‍ ഉദ്യോഗസ്ഥരോടു നിര്‍ദേശിച്ചുള്ള ഉത്തരവ് എവിടെയെന്ന് കോടതി ചോദിച്ചു. മാര്‍ച്ച് തടയാനാകില്ലെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കെ സുരേന്ദ്രന്റെ പരാതി പരിഗണിക്കാന്‍ ചീഫ് സെക്രട്ടറിക്കു നിര്‍ദേശം നല്‍കി.
ഗവര്‍ണറെ ഇനി ചാന്‍സലറായി അംഗീകരിക്കുന്ന പ്രശ്‌നമില്ലെന്നു സിപിഎം സംസ്ഥാന സെക്രട്ടറി എം.വി. ഗോവിന്ദന്‍. നിയമസഭ പാസാക്കിയ ബില്ലുപോലും ഒപ്പിടാതെ വൈകിപ്പിക്കുകയാണ് ഗവര്‍ണര്‍. ജനാധിപത്യ സര്‍ക്കാര്‍ പാസാക്കിയ നിയമം ഒപ്പിടാതിരിക്കാന്‍ ഗവര്‍ണര്‍ക്ക് അധികാരമില്ല. രാജ്ഭവന്‍ മാര്‍ച്ച് ഗവര്‍ണര്‍ക്കെതിരായ ശക്തമായ ജനകീയ മുന്നേറ്റമാണെന്നും ഗോവിന്ദന്‍.
വയനാട്ടില്‍ പോക്‌സോ കേസ് അതിജീവിതയെ പീഡിപ്പിക്കാന്‍ ശ്രമിച്ച പൊലീസ് ഉദ്യോഗസ്ഥന്റെ അറസ്റ്റും വൈകുന്നു. ഒളിവിലുള്ള അമ്പലവയല്‍ എഎസ്‌ഐ ടി.ജി ബാബുവിനെ മൂന്നു ദിവസമായിട്ടും പൊലീസിനു കണ്ടെത്താനായില്ല. കുറ്റക്കാരനായ ഉദ്യോഗസ്ഥനെതിരെ കര്‍ശന നടപടി ആവശ്യപ്പെട്ട് കുട്ടിയുടെ അച്ഛന്‍ ഡിജിപിയ്ക്കു പരാതി നല്കി. മറ്റൊരു പീഡനക്കേസില്‍ കസ്റ്റഡിയിലെടുത്തിരുന്ന സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ സുനുവിനെ തെളിവില്ലെന്ന പേരില്‍ അറസ്റ്റു ചെയ്യാതെ പോലീസ് വിട്ടയച്ചു.
കാസര്‍കോട്ടെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവായ സികെ ശ്രീധരന്‍ പാര്‍ട്ടി വിടുന്നു. സിപിഎമ്മില്‍ ചേര്‍ന്നു പ്രവര്‍ത്തിക്കും. കോണ്‍ഗ്രസിന് അപചയം സംഭവിച്ചെന്നും കെപിസിസി പ്രസിഡന്റ് കെ സുധാകരന്റെ ആര്‍എസ്എസ് അനുകൂല നിലപാട് പ്രതിഷേധാര്‍ഹമാണെന്നും സികെ ശ്രീധരന്‍ പറഞ്ഞു.
ശബരിമല തീര്‍ത്ഥാടകര്‍ക്കായി നീലിമല പാത കല്ലുകള്‍ പാകി നവീകരിച്ചു. പമ്പ മുതല്‍ ശരംകുത്തി വരെയാണ് നവീകരിച്ചത്. 12 കോടി രൂപ ചെലവിട്ട് കേന്ദ്ര സര്‍ക്കാരിന്റെ തീര്‍ത്ഥാടക വിനോദ സഞ്ചാര പദ്ധതിയില്‍ ഉള്‍പ്പെടുത്തിയാണ് പാത നവീകരിച്ചത്. ഏഴ് മീറ്റര്‍ വീതിയില്‍ 2750 മീറ്റര്‍ ദൂരത്തിലാണ് കല്ലു പാകിയത്. ഈ പാത ദേവസ്വം മന്ത്രി കെ രാധാകൃഷ്ണന്‍ വ്യാഴാഴ്ച തുറന്നു കൊടുക്കും.
തിരുവനന്തപുരം കോര്‍പറേഷന്‍ മേയറുടെ പേരിലിറങ്ങിയ നിയമനത്തട്ടിപ്പു കത്തു വിവാദം ചര്‍ച്ചചെയ്യാന്‍ 19 ന് പ്രത്യേക കൗണ്‍സില്‍ യോഗം ചേരും. നഗരസഭാ കൗണ്‍സില്‍ വിളിക്കണമെന്ന് ആവശ്യപ്പെട്ട് ബിജെപി കത്തു നല്‍കിയിരുന്നു.
കെപിസിസി അധ്യക്ഷന്‍ കെ സുധാകരന്റെ മനസ് ആര്‍എസ്എസിനൊപ്പമാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍. സമാന ചിന്താഗതിക്കാര്‍ കോണ്‍ഗ്രസില്‍ ധാരാളമുണ്ട്. കോണ്‍ഗ്രസിന് വേറെ മാര്‍ഗമില്ലെന്നും ജനങ്ങള്‍ കോണ്‍ഗ്രസിനെ കൈയോഴിഞ്ഞെന്നും സുരേന്ദ്രന്‍ പറഞ്ഞു.
ഇടുക്കി മറയൂര്‍ സിപിഎം ഏരിയ കമ്മറ്റി ഓഫീസിന് സമീപം യുവാവ് മരിച്ച നിലയില്‍. കര്‍ണാടക മൈസൂര്‍ സ്വദേശി രാജേഷ് ഗൗഡയാണ് മരിച്ചത്. കര്‍ണാടക സോപ്‌സിനുവേണ്ടി ചന്ദനം കൊണ്ടുപോകാന്‍ വന്ന വാഹനത്തിന്റെ ഡ്രൈവറാണിയാള്‍. തൊട്ടടുത്ത കെട്ടിടത്തിനു മുകളില്‍നിന്നും തെന്നി വീണു മരിച്ചതാകാമെന്നാണു സംശയം.
കൊച്ചി ചേലക്കുളത്തെ ടൈല്‍സ് കമ്പനിയുടെ ഓഫീസ് കുത്തിത്തുറന്ന് ലാപ്പ്‌ടോപ്പ് മോഷ്ടിച്ച കേസില്‍ മയക്കുമരുന്ന കേസിലെ പ്രതി ഉള്‍പ്പടെ മൂന്ന് അതിഥി തൊഴിലാളികള്‍ പിടിയില്‍. ആസാം സ്വദേശികളായ ആഷിക്കുള്‍ ഇസ്ലാം (23), നജ്മുല്‍ ഹക്ക് (25), ഇക്രാമുല്‍ ഹക്ക് (21) എന്നിവരെയാണ് കുന്നത്തുനാട് പൊലീസ് പിടികൂടിയത്.
റഷ്യ- യുക്രൈന്‍ യുദ്ധം അവസാനിപ്പിക്കണമെന്ന് പ്രധാനമന്ത്രി നരേന്ദ്രമോദി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് മോദി ഈ ആവശ്യം ഉന്നയിച്ചത്. കൊവിഡാനന്തര ലോകം പടുത്തുയര്‍ത്താന്‍ സമാധാനവും സാഹോദര്യവും സുരക്ഷയും ഉറപ്പുവരുത്തണമെന്ന് ആദ്ദേഹം ആവശ്യപ്പെട്ടു. ജി 20 ഉച്ചകോടിയോടെ ഇന്ത്യ ഗ്രൂപ്പിന്റെ നേതൃസ്ഥാനം ഏറ്റെടുക്കും.
രാഷ്ട്രപതി ദ്രൗപദി മുര്‍മുവിനെതിരേ പശ്ചിമ ബംഗാളിലെ മന്ത്രി നടത്തിയ അധിക്ഷേപവാക്കുകള്‍ക്കു മാപ്പു പറഞ്ഞ് മുഖ്യമന്ത്രി മമത ബാനര്‍ജി. മന്ത്രി അഖില്‍ ഗിരിയുടെ പരാമര്‍ശങ്ങളെ അപലപിക്കുന്നു. പാര്‍ട്ടിക്കുവേണ്ടി ക്ഷമചോദിക്കുന്നതായും മമത ബാനര്‍ജി പറഞ്ഞു. രാഷട്രപതിയോട് ആദരവ് മാത്രമേയുള്ളുവെന്നു പറഞ്ഞ മമത മന്ത്രിക്കു താക്കീതു നല്‍കുകയും ചെയ്തു.
ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക്കുമായി പ്രധാനമന്ത്രി നരേന്ദ്രമോദി ചര്‍ച്ച നടത്തി. ഇന്തോനേഷ്യയിലെ ബാലിയില്‍ നടക്കുന്ന ജി 20 ഉച്ചകോടിക്കിടെയാണ് ഇരുവരുടെയും കൂടിക്കാഴ്ച. ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം ഇതാദ്യമായാണ് ഋഷി സുനക്കിനെ മോദി കാണുന്നത്.
ഇന്ത്യക്കെതിരെ ടി 20 ഏകദിന പരമ്പരയ്ക്കുള്ള ന്യൂസിലന്‍ഡ് ടീമിനെ കെയ്ന്‍ വില്യംസണ്‍ നയിക്കും. ഈ മാസം 18 ന് ടി 20 മത്സരത്തോടെയാണ് പരമ്പര ആരംഭിക്കുന്നത്. ടി 20 ലോകകപ്പിലെ താരങ്ങളെല്ലാം ടീമിലുണ്ട്. സ്പിന്നര്‍ ഇഷ് സോധി, ബ്ലെയര്‍ ടിക്നെര്‍ എന്നിവര്‍ ടി 20 മാത്രമാണ് കളിക്കുന്നത്. ഓപ്പണര്‍ മാര്‍ട്ടിന്‍ ഗപ്റ്റലിനെ ടീമിലേക്ക് പരിഗണിച്ചില്ല.
ഓസ്‌ട്രേലിയന്‍ ഏകദിന, ടെസ്റ്റ് ടീമുകളുടെ നായകനായ പേസര്‍ പാറ്റ് കമിന്‍സ് ഐപിഎല്ലിന്റെ അടുത്ത സീസണില്‍ നിന്ന് പിന്‍മാറി. തിരക്കേറിയ രാജ്യാന്തര മത്സര ഷെഡ്യൂള്‍ ചൂണ്ടിക്കാട്ടിയാണ് കമിന്‍സിന്റെ പിന്‍മാറ്റം. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിന് വലിയ തിരിച്ചടിയാണു പിന്മാറ്റം.