◾ഗവര്‍ണറെ സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലേക്ക് എത്തിയില്ല. പല മന്ത്രിമാരുടേയും ഒപ്പു ലഭിക്കാത്തതിനാലാണ് ഓര്‍ഡിനന്‍സ് വൈകുന്നത്. മൂന്നു ദിവസം മുമ്പു ചേര്‍ന്ന മന്ത്രിസഭാ യോഗമാണ് ഓര്‍ഡിന്‍സ് പാസാക്കിയത്. ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഇന്നു രാവിലെ ഉത്തരേന്ത്യയിലേക്കു പോകും.
◾രാജീവ് ഗാന്ധി വധക്കേസിലെ നളിനി അടക്കമുള്ള എല്ലാ പ്രതികളെയും മോചിപ്പിക്കാനുള്ള സുപ്രീംകോടതി ഉത്തരവിനെതിരെ പുന:പരിശോധന ഹര്‍ജി നല്‍കുമെന്ന് കോണ്‍ഗ്രസ്. ഇത്രയും ഗുരുതരമായ കേസിലെ പ്രതികളെ മോചിപ്പിച്ചതിന് ഒരു ന്യായീകരണവുമില്ലെന്ന് കോണ്‍ഗ്രസ് വക്താവ് മനു അഭിഷേക് സിംഗ്വി പറഞ്ഞു. കോടതി പറയുന്ന ‘നല്ല നടപ്പ്’ മറ്റു കേസുകളിലും മാനദണ്ഡമാക്കുമോയെന്നും അദ്ദേഹം ചോദിച്ചു.
◾തൊഴിലുറപ്പു തൊഴിലാളികള്‍ക്കു വേതനം വൈകിയാല്‍ നഷ്ടപരിഹാരത്തിനു ചട്ടമുണ്ടാക്കുമെന്ന് മന്ത്രി എം.ബി രാജേഷ്. ജോലി പൂര്‍ത്തിയായി 15 ദിവസത്തിനകം വേതനം നല്‍കണം. പതിനാറാം ദിവസം മുതല്‍ ലഭിക്കാനുള്ള വേതനത്തിന്റെ 0. 05 ശതമാനം വീതം ദിവസേനെ തൊഴിലാളിക്കു നല്‍കണമെന്ന വ്യവസ്ഥയുണ്ടാക്കുമെന്നു മന്ത്രി പറഞ്ഞു.
*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*
നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.
ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.
*ksfe.com/offers/ksfe-bhadratha-smart-chits-2022*
◾കേരളത്തില്‍ ശക്തമായ മഴ. ഇടുക്കി ജില്ലയില്‍ ഇന്ന് ഓറഞ്ച് അലര്‍ട്ട്. കൊല്ലം, പത്തനംതിട്ട, കോട്ടയം, എറണാകുളം, തൃശൂര്‍, പാലക്കാട്, മലപ്പുറം, കോഴിക്കോട് വയനാട് എന്നീ ഒമ്പതു ജില്ലകളില്‍ യെല്ലോ അലര്‍ട്ടാണ്. മഴ നാളെയും തുടരും.
◾ഹിമാചല്‍ പ്രദേശില്‍ ഇന്ന് വോട്ടെടുപ്പ്. 68 നിയമസഭാ മണ്ഡലങ്ങളിലേക്ക് രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചര വരെയാണ് വോട്ടെടുപ്പ്. 56 ലക്ഷം വോട്ടര്‍മാരാണുള്ളത്. 67 കമ്പനി കേന്ദ്രസേനയെയും, 15 കമ്പനി സിആര്‍പിഎഫിനെയും വിന്യസിച്ച് സുരക്ഷ ശക്തമാക്കിയിട്ടുണ്ട്.
◾നിയമസഭാ തെരഞ്ഞെടുപ്പിനു ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളില്‍ പണവും മദ്യവും ഒഴുകുന്നു. ഗുജറാത്തില്‍നിന്ന് 71.88 കോടി രൂപയും ഹിമാചലില്‍നിന്ന് 50.28 കോടി രൂപയും പിടിച്ചെടുത്തു. വന്‍ മദ്യശേഖരവും പിടിച്ചെടുത്തെന്ന് തെരഞ്ഞെടുപ്പു കമ്മീഷന്‍ വെളിപ്പെടുത്തി.
*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*
ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.
➖➖➖➖
◾തിരുവനന്തപുരത്ത് ട്രാഫിക് സിഗ്നലില്‍ ഹോണ്‍ മുഴക്കിയെന്നാരോപിച്ച് കൃഷിവകുപ്പു ജീവനക്കാരനായ പ്രദീപിനെ മര്‍ദ്ദിച്ച ബൈക്ക് യാത്രക്കാരായ യുവാക്കള്‍ക്കെതിരേ വധശ്രമക്കേസ്. ചൊവ്വാഴ്ച വൈകുന്നേരം മദ്ദനമേറ്റ് വായില്‍നിന്നു ചോരയൊലിപ്പിച്ച നിലയില്‍ പ്രദീപ് കരമന പൊലീസ് സ്റ്റേഷനിലെത്തി പരാതിപ്പെട്ടിരുന്നു. ആശുപത്രിയിലേക്കു പറഞ്ഞയച്ച പൊലീസ് കേസെടുത്തില്ല. മെഡിക്കല്‍ സര്‍ട്ടിഫിക്കറ്റ് സഹിതം അന്നുരാത്രി സ്റ്റേഷനിലെത്തിയിട്ടും കേസെടുത്തില്ല. ബുധനാഴ്ച സിസിടിവി ദൃശ്യങ്ങള്‍ സഹിതം ഹാജരാക്കിയിട്ടും കേസെടുത്തില്ല. മാധ്യമങ്ങളില്‍ വാര്‍ത്തയായതോടെയാണ് പോലീസ് കേസെടുത്തത്.
◾ബലാത്സംഗ കേസില്‍ പൊലീസുകാരനെ അറസ്റ്റു ചെയ്തു. തിരുവനന്തപുരം വിജിലന്‍സ് സ്പെഷ്യല്‍ ഇന്‍വെസ്റ്റിഗേഷന്‍ യൂണിറ്റിലെ സാബു പണിക്കരെയാണ് അരുവിക്കര പൊലീസ് അറസ്റ്റു ചെയ്തത്. ഫേസ്ബുക്ക് വഴി പരിചയപ്പെട്ട സ്ത്രീയെ വിവാഹം വാഗ്ദാനം നല്‍കി പല സ്ഥലങ്ങളില്‍ കൊണ്ടുപോയി പീഡിപ്പിച്ചെന്നാണ് കേസ്. നഗ്ന വീഡിയോ പുറത്തുവിടുമെന്നു ഭീഷണിപ്പെടുത്തി പീഡിപ്പിച്ചെന്നാണു പരാതി.
◾എല്‍ദോസ് കുന്നപ്പിള്ളിക്കെതിരേ പീഡന പരാതി നല്‍കിയ യുവതിയെ മര്‍ദ്ദിച്ചെന്ന കേസിലെ പ്രതികളായ അഭിഭാഷകര്‍ കേസ് റദ്ദാക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍. എല്‍ദോസ് കുന്നപ്പിള്ളിയ്ക്ക് നിയമസഹായം നല്‍കുന്നതു തടയാനുള്ള കള്ളക്കേസാണെന്നാണ് വാദം. സംഭവസ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിക്കണമെന്നും ഹര്‍ജിയില്‍ അഭിഭാഷകര്‍ ആവശ്യപ്പെട്ടു.
◾രണ്ടാം പിണറായി സര്‍ക്കാരിന്റെ ധനനയത്തെ വിമര്‍ശിച്ച് മുന്‍ ധനമന്ത്രി തോമസ് ഐസക്കിന്റെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ഗോപകുമാര്‍ മുകുന്ദന്‍. തദ്ദേശ തെരഞ്ഞെടുപ്പിലെ തിരിച്ചടി പാഠമാക്കി യാഥാസ്ഥിതിക ധനനയം മാറ്റണമെന്ന ഫേസ് ബുക്ക് പോസ്റ്റാണ് വിവാദമായത്. കേന്ദ്രനയമാണ് സാമ്പത്തിക പ്രതിസന്ധിക്കു കാരണമെന്നു ധനമന്ത്രി കെ.എന്‍. ബാലഗോപാല്‍ പ്രതികരിച്ചു.
◾
◾കാത്തലിക് ബിഷപ്സ് കോണ്‍ഫറന്‍സ് ഓഫ് ഇന്ത്യ അധ്യക്ഷനായി തൃശൂര്‍ ആര്‍ച്ച്ബിഷപ് മാര്‍ ആന്‍ഡ്രൂസ് താഴത്തിനെ തെരഞ്ഞെടുത്തു.
◾പാലക്കാട് ആര്‍എസ്എസ് നേതാവ് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പോപ്പുലര്‍ ഫ്രണ്ട് നേതാക്കളായ രണ്ടു പേര്‍ കൂടി അറസ്റ്റില്‍. കുലുക്കല്ലൂര്‍ ഏരിയ സെക്രട്ടറി സെയ്താലി, റഷീദ് എന്നിവരാണ് അറസ്റ്റിലായത്. പ്രതികളെ ഒളിക്കാന്‍ സഹായിച്ചതിനാണ് അറസ്റ്റ്. ഇതോടെ കേസില്‍ 37 പേര്‍ അറസ്റ്റിലായി.
◾പാറശാല ഷാരോണ്‍ കൊലക്കേസില്‍ മുഖ്യപ്രതി ഗ്രീഷ്മയും ഷാരോണും തമ്മില്‍ പ്രണയത്തിലായിരുന്നെന്ന് അറിയില്ലായിരുന്നെന്ന് ഗ്രീഷ്മയുടെ അമ്മയും അമ്മാവനും. ഇരുവരും ഹൈക്കോടതിയില്‍ നല്‍കിയ ജാമ്യഹര്‍ജിയിലാണ് ഈ വിവരം. തങ്ങളെ അറസ്റ്റു ചെയ്തത് ഗ്രീഷ്മയെ സമ്മര്‍ദത്തിലാക്കി കുറ്റം സമ്മതിപ്പിക്കാനാണെന്നും ഹര്‍ജിയില്‍ പറയുന്നു.
◾വ്യാജ മെയില്‍ ഐഡി ഉപയോഗിച്ച് പാലക്കാട് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യയില്‍നിന്ന് 25 ലക്ഷം രൂപ തട്ടിയെടുത്ത സംഘത്തെ ഉത്തര്‍പ്രദേശില്‍നിന്ന് അറസ്റ്റു ചെയ്തു. ഉത്തര്‍പ്രദേശ് സ്വദേശികളായ വിനോദ് കുമാര്‍,അനൂജ് ശര്‍മ്മ എന്നിവരെയാണ് പിടികൂടിയത്. പാലക്കാട്ടെ കാര്‍ ഡീലര്‍ ഷോറൂം ജീവനക്കാര്‍ എന്നു പരിചയപ്പെടുത്തിയാണ് പ്രതികളായ വിനോദ് കുമാറും അനൂജ് ശര്‍മ്മയും എസ്.ബി.ഐയില്‍ എത്തി തട്ടിപ്പു നടത്തിയത്.
◾മദ്യപിക്കാന്‍ പണം തരാത്തതിനു വെട്ടിവീഴ്ത്തിയ വയോധികന്‍ മരിച്ചു. വെഞ്ഞാറമൂട്ടില്‍ പുല്ലംകോണം കൃഷ്ണന്‍കുട്ടി നായരാണ് (75) മരിച്ചത്. വെട്ടിയതിനു പോലീസ് അറസ്റ്റു ചെയ്ത അയല്‍വാസികളായ പാച്ചന്‍ ഷിബു, കറുമ്പന്‍ മനു എന്നിവര്‍ റിമാന്‍ഡിലാണ്.
◾കൊല്ലം കിളികൊല്ലൂരില്‍ സൈനികനെയും സഹോദരനെയും പൊലീസ് മര്‍ദിച്ച സംഭവത്തില്‍ ഹൈക്കോടതിയുടെ മേല്‍നോട്ടത്തില്‍ അന്വേഷണം ആവശ്യപ്പെട്ട് ഹൈക്കോടതിയില്‍ ഹര്‍ജി. തങ്ങള്‍ക്കെതിരെ ചുമത്തിയ എഫ്ഐആര്‍ റദ്ദാക്കണമെന്നും യുവാക്കള്‍ ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്.
◾വാക്ക്തര്‍ക്കത്തെത്തുടര്‍ന്ന് ഇതരസംസ്ഥാന തൊഴിലാളിയെ സുഹൃത്ത് കല്ലു കൊണ്ട് തലയ്ക്കടിച്ചു കൊന്നു. കരിപ്പൂരിലാണു സംഭവം. ബംഗാള്‍ സ്വദേശിയായ കാദറലി ഷെയ്ക്കാണ് മരിച്ചത്. ഇയാളുടെ കൂടെ ജോലി ചെയ്യുന്ന ബംഗാള്‍ സ്വദേശി മൊഹിദുള്‍ ഷെയ്ക്കിനെ അറസ്റ്റു ചെയ്തു.
◾യുവതി ഭര്‍തൃഗ്രഹത്തില്‍ തൂങ്ങിമരിച്ച സംഭവത്തില്‍ ഭര്‍ത്താവിന്റെ സുഹൃത്ത് അറസ്റ്റിലായി. പന്തളം പൂഴിക്കാട് സ്വദേശി ബിനുകുമാറിന്റെ ഭാര്യ തൃഷ്ണ (27) ജീവനൊടുക്കിയ കേസില്‍ മുളമ്പുഴ സ്വദേശി ശ്രീകാന്താണ് അറസ്റ്റിലായത്. മരിക്കുന്നതിനു മുമ്പ് ഇരുവരും ഫോണില്‍ സംസാരിച്ച് പിണങ്ങിയിരുന്നു. ഇരുവരും തമ്മില്‍ സാമ്പത്തിക ഇടപാടുകളുണ്ടായിരുന്നെന്നു പോലീസ്.
◾പ്രണയത്തിനെതിരെ ക്ലാസെടുത്ത മദ്രസാ അധ്യാപകനെ മര്‍ദ്ദിക്കുകയും തട്ടിക്കൊണ്ടു പോകാന്‍ ശ്രമിക്കുകയും ചെയ്ത മൂന്നുപേര്‍ അറസ്റ്റിലായി. മംഗലം മുട്ടനൂര്‍ കുന്നത്ത് മുഹമ്മദ് ഷാമില്‍, മംഗലം കാവഞ്ചേരി മാത്തൂര്‍ വീട്ടില്‍ മുഹമ്മദ് ഷാമില്‍, കാവഞ്ചേരി പട്ടേങ്ങര ഖമറുദ്ധീന്‍ എന്നിവരെയാണ് അറസ്റ്റു ചെയ്തത്. മലപ്പുറം തൃപ്രങ്ങോട് പാലോത്ത്പറമ്പ് ജുമാ മസ്ജിദിലെ മുക്രിയും മദ്‌റസ അധ്യാപകനുമായ ഫൈസല്‍ റഹ്‌മാനാണ് മര്‍ദനമേറ്റത്.
◾ബുദ്ധിപരമായ വെല്ലുവിളികള്‍ നേരിടുന്ന കുട്ടികളുടെ രക്ഷിതാക്കളുടെ ദേശീയ സമ്മേളനം ശനിയാഴ്ചയും ഞായറാഴ്ചയും തൃശൂരില്‍. കിലയില്‍ രാവിലെ 9.30 ന് മന്ത്രി എം.ബി. രാജേഷ് ഉദ്ഘാടനം ചെയ്യും. ഞായറാഴ്ച മൂന്നിന് തൃശൂര്‍ സെന്റ് തോമസ് കോളജില്‍ നടക്കുന്ന സമാപന സമ്മേളനത്തില്‍ മന്ത്രി ആര്‍. ബിന്ദു, കെ. രാജന്‍ തുടങ്ങിയവര്‍ പങ്കെടുക്കും.
◾ഇക്വിറ്റോറിയല്‍ ഗിനിയയില്‍ തടവിലാക്കിയ ഇന്ത്യക്കാരടക്കമുള്ള ചരക്കു കപ്പല്‍ നൈജീരിയന്‍ സൈന്യം നൈജീരിയയിലേക്കു കൊണ്ടുപോയി. ഇക്വറ്റോറിയല്‍ ഗിനിയില്‍ കുടുങ്ങിയ ഇന്ത്യന്‍ നാവികരെ നൈജീരിയന്‍ യുദ്ധകപ്പലില്‍നിന്ന് തിരിച്ച് ചരക്കു കപ്പലിലേക്ക് തന്നെ മാറ്റിയിരുന്നു.
◾രാജീവ് വധക്കേസിലെ എല്ലാ പ്രതികളേയും മോചിപ്പിച്ച സുപ്രീം കോടതി വിധി ജനാധിപത്യത്തിന്റെ ശബ്ദമാണെന്ന് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിന്‍. വിധി ജനാധിപത്യത്തിനു വില നല്‍കാത്തവര്‍ക്കുള്ള പ്രഹരമാണ്. തെരഞ്ഞെടുക്കപ്പെട്ട സര്‍ക്കാരിന്റെ ശുപാര്‍ശ ഒപ്പിടാതിരുന്ന ഗവര്‍ണര്‍ക്കുള്ള സന്ദേശംകൂടിയാണു സുപ്രീംകോടതി വിധിയെന്നും സ്റ്റാലിന്‍ പറഞ്ഞു.
◾ബെംഗളൂരു കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍-2 പ്രധാനമന്ത്രി നരേന്ദ്രമോദി ഉദ്ഘാടനം ചെയ്തു. അയ്യായിരം കോടി രൂപ ചെലവിട്ടാണ് പരിസ്ഥിതി സൗഹൃദ ടെര്‍മിനല്‍ നിര്‍മ്മിച്ചത്. കെംപഗൗഡയുടെ 108 അടി ഉയരമുള്ള പ്രതിമയും പ്രധാനമന്ത്രി അനാച്ഛാദനം ചെയ്തു. വിജയനഗര സാമ്രാജ്യാധിപനായിരുന്ന കെംപഗൗഡ 600 വര്‍ഷം മുമ്പാണ് ബെംഗളൂരു നഗരം സ്ഥാപിച്ചത്.
◾ഡിജിറ്റല്‍ പേയ്‌മെന്റില്‍ ഇന്ത്യക്കു മുന്നേറ്റമൊരുക്കിയത് ബെംഗളൂരുവിലെ പ്രഫഷണലുകളാണെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇന്ത്യയുടെ ഡിജിറ്റല്‍ മുന്നേറ്റത്തെ ലോകം അഭിനന്ദിക്കുകയാണ്. രാജ്യത്തിന്റെ വിദൂരസ്വപ്നം യാഥാര്‍ഥ്യമാക്കിയത് ബെംഗളൂരുവിലെ പ്രൊഫഷണലുകളാണെന്ന് മോദി പറഞ്ഞു. കെമ്പഗൗഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പുതിയ ടെര്‍മിനല്‍-2 ഉദഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
◾റോഡരികില്‍ തടിച്ചുകൂടി കാത്തുനിന്ന ജനത്തെ കാറില്‍നിന്ന് ഇറങ്ങി അഭിവാദ്യം ചെയ്ത് പ്രധാനമന്ത്രി നരേന്ദ്ര മോദി. ബംഗളൂരുവില്‍ നിയമസഭാ മന്ദിരമായ വിധാന്‍ സൗധയ്ക്കു സമീപമുള്ള ജംഗ്ഷനിലാണ് പ്രോട്ടോക്കോള്‍ ലംഘിച്ച് പ്രധാനമന്ത്രി കാര്‍ നിര്‍ത്തി ഇറങ്ങിയത്. മോദി, മോദി എന്ന് ആര്‍പ്പുവിളിച്ച ജനക്കൂട്ടത്തിനുനേരെ ഇരുകൈകളും ഉയര്‍ത്തി വീശി അഭിവാദ്യം ചെയ്തു.
◾വാരാണസിയിലെ ജ്ഞാന്‍വാപി മസ്ജിദില്‍ ശിവലിംഗം കണ്ടെത്തിയെന്നു പറയുന്ന സ്ഥലം മുദ്ര ചെയ്ത ഉത്തരവിന്റെ കാലാവധി സുപ്രീം കോടതി നീട്ടി. സുരക്ഷ തുടരണം. കുളത്തില്‍ ശിവലിംഗത്തിനു സമാനമായ വസ്തു കണ്ടെത്തിയെന്ന റിപ്പോര്‍ട്ടാണ് അഡ്വക്കേറ്റ് കമ്മീഷണര്‍മാര്‍ കോടതിയില്‍ നല്‍കിയത്. ചീഫ് ജസ്റ്റിസ് ഡി വൈ ചന്ദ്രചൂഡ് അദ്ധ്യക്ഷനായ ബഞ്ചാണു വിഷയം പരിഗണിച്ചത്. വാരാണസി സിവില്‍ കോടതിയിലുള്ള അനുബന്ധ കേസുകള്‍ ഒന്നിച്ചാക്കുന്ന കാര്യം ജില്ലാ കോടതിക്കു തീരുമാനിക്കാമെന്നും സുപ്രീംകോടതി.
◾തെറ്റിദ്ധരിപ്പിക്കുന്ന പരസ്യം നല്‍കിയതിന് പതഞ്ജലിയുടെ അഞ്ചു മരുന്നുകളുടെ ഉത്പാദനം ഉത്തരാഖണ്ഡ് നിരോധിച്ചു. ഉത്തരാഖണ്ഡിലെ ആയുര്‍വേദ യുനാനി ലൈസന്‍സിംഗ് അതോറിറ്റിയുടേതാണ് നടപടി. പതഞ്ജലിയുടെ പരസ്യങ്ങള്‍ നിയമ വിരുദ്ധമെന്ന് ആരോപിച്ച് മലയാളിയായ ഡോ. കെ.വി ബാബു നല്‍കിയ പരാതിയിലാണു നടപടി. രക്തസമ്മര്‍ദ്ദം, പ്രമേഹം, ഗ്ലൂക്കോമ, ഗോയ്റ്റര്‍, കൊളസ്ട്രോള്‍ എന്നീ രോഗങ്ങള്‍ക്കുള്ള മധുഗ്രിറ്റ്, ഐഗ്രിറ്റ്, തൈറോഗ്രിറ്റ്, ബിപിഗ്രിറ്റ്, ലിപിഡോം എന്നിവയ്ക്കാണു വിലക്ക്.
◾ജിമ്മില്‍ വ്യായാമം ചെയ്യുന്നതിനിടെ നടന്‍ സിദ്ധാന്ത് വീര്‍ സൂര്യവംശി കുഴഞ്ഞുവീണു മരിച്ചു. 46 വയായിരുന്നു. കുഴഞ്ഞു വീണ ഉടന്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.
◾ആമസോണിലും പിരിച്ചുവിടല്‍ ഭീഷണി. ചെലവു ചുരുക്കാന്‍ ലാഭകരമല്ലാത്ത ബിസിനസ് യൂണിറ്റുകള്‍ അടച്ചുപൂട്ടും. ആമസോണ്‍ ഇങ്കിന്റെ ചീഫ് എക്‌സിക്യൂട്ടീവ് ഓഫീസര്‍ ആന്‍ഡി ജാസി ഇതുസംബന്ധിച്ച നടപടികള്‍ ആരംഭിച്ചെന്നാണു റിപ്പോര്‍ട്ട്.
◾ട്വിറ്ററില്‍ ശേഷിക്കുന്ന ജീവനക്കാര്‍ ആഴ്ചയില്‍ 80 മണിക്കൂര്‍ ജോലി ചെയ്യണമെന്നു ട്വിറ്റര്‍ മേധാവി ഇലോണ്‍ മസ്‌ക്. സൗജന്യ ഭക്ഷണം നിര്‍ത്തും. വര്‍ക്ക് ഫ്രം ഹോമും അവസാനിപ്പിക്കുകയാണ്. ജീവനക്കാരെ ഓണ്‍ലൈനിലൂടെ അഭിസംബോധന ചെയ്യവേയാണ് മസ്‌ക് ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ട്വിറ്ററിനു വരുമാനം വര്‍ധിപ്പിക്കണം. ട്വിറ്റര്‍ പാപ്പരാകുന്ന അവസ്ഥയിലാണ്. താല്‍പര്യമില്ലാത്തവര്‍ ഉടനേ പിരിഞ്ഞുപോകണമെന്നും മസ്‌ക് പറഞ്ഞു.
◾ഐ എസ് എല്ലില്‍ ബെംഗളൂരു എഫ്.സിയെ എതിരില്ലാത്ത ഒരു ഗോളിന് തോല്‍പിച്ച് ഈസ്റ്റ് ബംഗാള്‍. നായകന്‍ ക്ലെയിറ്റണ്‍ സില്‍വ വിജയഗോള്‍ നേടി. ടൂര്‍ണമെന്റിലെ ടീമിന്റെ രണ്ടാം വിജയത്തോടെ ഈസ്റ്റ് ബംഗാള്‍ പോയന്റ് പട്ടികയില്‍ എട്ടാം സ്ഥാനത്തേക്കുയര്‍ന്നു.
◾ആരാധകര്‍ക്കാവേശം പകര്‍ന്ന് ഫുട്ബോള്‍ ലോകകപ്പിനുള്ള 26 അംഗ ടീമിനെ അര്‍ജന്റീന പ്രഖ്യാപിച്ചു. ലിയോണല്‍ മെസി നായകനാകുന്ന ടീമില്‍ എയ്ഞ്ചല്‍ ഡി മരിയ, മാര്‍ക്കോസ് അക്യുന, എമിലിയാനോ മാര്‍ട്ടിനെസ്, റോഡ്രിഗോ ഡി പോള്‍ തുടങ്ങിയ പ്രമുഖ താരങ്ങളെല്ലാം ഇടം നേടിയപ്പോള്‍ പരിക്കേറ്റ മധ്യനിരതാരം ജിയോവാനി ലോസെല്‍സോ ടീമിലില്ല.
◾ഗൗതം അദാനിയും മുകേഷ് അംബാനിയും വീണ്ടും നേര്‍ക്കുനേര്‍. ഫ്യൂച്ചര്‍ റീടെയിലിനായാണ് റിലയന്‍സ് ഇന്‍ഡസ്ട്രീസും അദാനി ഗ്രൂപ്പും രംഗത്തെത്തുന്നത്. അദാനി എയര്‍പോര്‍ട്ട് ഹോള്‍ഡിങ്ങും ഫ്ലെമിങ്ഗോ ഗ്രൂപ്പും തമ്മിലുള്ള സംയുക്ത സംരംഭമായ ഏപ്രില്‍ മൂണ്‍ റീടെയ്ല്‍ പ്രൈവറ്റ് ലിമിറ്റഡും റിലയന്‍സ് റീടെയിലും ഫ്യൂച്ചര്‍ റീടെയിലിനായി രംഗത്തുണ്ട്. മറ്റ് 13 കമ്പനികളും ഇടപാടിനായി താല്‍പര്യപത്രം സമര്‍പ്പിച്ചിട്ടുണ്ട്. റോയിട്ടേഴ്സാണ് ഇതുസംബന്ധിച്ച വാര്‍ത്ത പുറത്ത് വിട്ടത്. അതേസമയം, വാര്‍ത്ത സംബന്ധിച്ച് പ്രതികരിക്കാന്‍ റിലയന്‍സും അദാനി ഗ്രൂപ്പും തയാറായിട്ടില്ല. ഫ്യൂച്ചര്‍ ഗ്രൂപ്പിനെ ഏറ്റെടുക്കുന്നതിന് താല്‍പര്യപത്രം നല്‍കാനുള്ള അവസാന തീയതി നേരത്തെ അവസാനിച്ചിരുന്നു. ബാങ്കുകള്‍ക്ക് നല്‍കാനുള്ള 3.4 ബില്യണ്‍ ഡോളര്‍ തിരിച്ചടക്കാതിരുന്നതോടെയാണ് ഫ്യൂച്ചര്‍ ഗ്രൂപ്പിനെതിരെ പാപ്പര്‍ നടപടി ആരംഭിച്ചത്.
◾രണ്ടാംപാദത്തില്‍ കനത്ത നഷ്ടം നേരിട്ടതിന് പിന്നാലെ ടാറ്റ മോട്ടോഴ്സിന്റെ ഓഹരി വില ഇടിഞ്ഞു. ഓഹരി വിപണിയിലെ പ്രമുഖ അനലിസ്റ്റുകള്‍ ടാറ്റമോട്ടോഴ്സിന്റെ വില കുറച്ചു. എച്ച്.എസ്.ബി.സി, കൊട്ടക് ഇന്‍സ്റ്റിറ്റിയൂഷണല്‍ എന്നിവയെല്ലാം അടുത്ത ഒരു വര്‍ഷത്തേക്കുള്ള കമ്പനിയുടെ ടാര്‍ഗറ്റ് വില 10 മുതല്‍ 11 ശതമാനം വരെ കുറച്ചു. ജെ.പി മോര്‍ഗന്‍ ടാറ്റയുടെ ടാര്‍ഗറ്റ് വില 10 ശതമാനം കുറച്ച് 410 രൂപയാക്കി. രണ്ടാംപാദ ലാഭഫലം പുറത്ത് വന്നതിന് പിന്നാലെയാണ് ഏജന്‍സികള്‍ റേറ്റിങ് കുറച്ചത്. സാമ്പത്തിക വര്‍ഷത്തിന്റെ രണ്ടാംപാദത്തില്‍ 944.61 കോടിയുടെ നഷ്ടമാണ് ടാറ്റ മോട്ടോഴ്സിനുണ്ടായത്. 4,441 കോടിയുടെ നഷ്ടമാണ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തിലെ രണ്ടാംപാദത്തില്‍ ടാറ്റക്കുണ്ടായത്.
◾ജോജു ജോര്‍ജ്, നരേയ്ന്‍, ഷറഫുദ്ദീന്‍ എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായെത്തുന്ന എത്തുന്ന ‘അദൃശ്യം’ സിനിമയിലെ ആദ്യ വീഡിയോ ഗാനം എത്തി. ‘ഇമൈകള്‍ ചിമ്മാതിരവും പകലും’ രഞ്ജിന്‍ രാജിന്റെ സംഗീതത്തില്‍ ബി കെ ഹരിനാരായണന്‍ എഴുതിയ വരികള്‍ ആലപിച്ചിരിക്കുന്നത് കെ എസ് ഹരിശങ്കറും നിത്യ മാമ്മനുമാണ്. നവാഗതനായ സാക് ഹാരിസ് തിരക്കഥയും സംഭാഷണവും എഴുതി സംവിധാനം ചെയ്യുന്ന ചിത്രം നവംബര്‍ 18ന് പുറത്തിറങ്ങും. എസ് ഐ രാജ്കുമാര്‍ എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീന്‍ അവതരിപ്പിക്കുന്നത്. നന്ദ എന്ന കഥാപാത്രമായി നരെയ്നും കാര്‍ത്തികയായി കയല്‍ ആനന്ദിയും ചിത്രത്തിലെത്തുന്നു. പവിത്ര ലക്ഷ്മി, ആത്മീയ രാജന്‍, പ്രതാപ് പോത്തന്‍, ജോണ്‍ വിജയ്, മുനിഷ്‌കാന്ത്, സിനില്‍ സൈന്‍യുദീന്‍, വിനോദിനി, അഞ്ജലി റാവു, ബിന്ദു സഞ്ജീവ്, എന്നിവര്‍ ചിത്രത്തില്‍ മറ്റ് പ്രധാനകഥാപാത്രങ്ങളായി എത്തുന്നു. മലയാളം, തമിഴ് ഭാഷകളില്‍ ഒരേസമയം ചിത്രീകരണം നടത്തിയ അദൃശ്യത്തിന്റെ തമിഴ് പതിപ്പിന് യുക്കി എന്നാണ് പേരിട്ടിരിക്കുന്നത്.
◾‘ദ കശ്മിര്‍ ഫയല്‍സ്’ എന്ന ചിത്രത്തിലൂടെ രാജ്യമൊട്ടാകെ ശ്രദ്ധ നേടിയ സംവിധായകനാണ് വിവേക് അഗ്നിഹോത്രി. ‘ദ കശ്മിര്‍ ഫയല്‍സി’ന്റെ പ്രവര്‍ത്തകര്‍ മറ്റൊരു സിനിമയ്ക്ക് വേണ്ടി വീണ്ടും ഒന്നിക്കുന്നുവെന്നതാണ് പുതിയ വാര്‍ത്ത. വിവേക് അഗ്നിഹോത്രി സംവിധാനം ചെയ്യുന്ന പുതിയ ചിത്രം പ്രഖ്യാപിച്ചിരിക്കുകയാണ്. ‘ദ വാക്സിന്‍ വാര്‍’ എന്നാണ് ചിത്രത്തിന് പേരിട്ടിരിക്കുന്നത്. അവിശ്വസനീയമായ യഥാര്‍ഥ കഥയാണ് ചിത്രം പറയുകയെന്ന് വിവേക് അഗ്നിഹോത്രി വ്യക്തമാക്കുന്നു. 2023 സ്വാതന്ത്ര്യദിനത്തില്‍ റിലീസ് ചെയ്യുന്ന ചിത്രം 11 ഭാഷകളിലാണ് എത്തുക. കൊവിഡ് 19നെ കുറിച്ചും രാജ്യത്തെ വാക്സിനേഷന്‍ പ്രക്രിയയെ കുറിച്ചുമായിരിക്കും ചിത്രമെന്നാണ് റിപ്പോര്‍ട്ട്. അഭിനേതാക്കള്‍ ആരൊക്കെ ആയിരിക്കും എന്ന് വെളിപ്പെടുത്തിയിട്ടില്ല.
◾ഒടുവില്‍ ഗ്ലാന്‍സ ഹാച്ച്ബാക്കിന്റെ സിഎന്‍ജി പതിപ്പ് ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. ടൊയോട്ട ഗ്ലാന്‍സ സിഎന്‍ജി എസ്, ജി എന്നിങ്ങനെ രണ്ട് വേരിയന്റുകളില്‍ ലഭ്യമാണ്. യഥാക്രമം 8.43 ലക്ഷം രൂപ, 9.46 ലക്ഷം രൂപ എന്നിങ്ങനെയാണ് ഇവയുടെ ദില്ലി എക്സ്-ഷോറൂം വില. താല്‍പ്പര്യമുള്ള ഉപഭോക്താക്കള്‍ക്ക് പുതിയ ഗ്ലാന്‍സ സിഎന്‍ജി ഓണ്‍ലൈന്‍ വഴിയോ അംഗീകൃത ടൊയോട്ട ഡീലര്‍ഷിപ്പിലോ 11,000 രൂപ ടോക്കണ്‍ തുക നല്‍കി ബുക്ക് ചെയ്യാം. ടൊയോട്ടയില്‍ നിന്ന് ഫാക്ടറിയില്‍ ഘടിപ്പിച്ച സിഎന്‍ജി കിറ്റുമായി വരുന്ന ആദ്യ മോഡലാണ് ഗ്ലാന്‍സ.
◾നിങ്ങള്‍ വിചാരിക്കുന്നതുപോലെയല്ല കാര്യങ്ങള്‍. പലതും എനിക്കും മനസ്സിലായി വരുന്നതേയുള്ളൂ. ചില ഊഹങ്ങള്‍ സത്യമായി വരുന്നു. അത്രയേയുള്ളൂ. തികച്ചും അവിശ്വസനീയമായ സത്യങ്ങള്‍ നമ്മെക്കാത്തിരിക്കുന്നുണ്ട്; മിഥ്യകളുടെ ഒരുപാട് അടരുകള്‍ക്കുള്ളില്‍. സത്യമെന്നു തോന്നിപ്പിക്കുന്ന മിഥ്യകളുണ്ടാക്കിയാണ് ലോകത്തെ അവര്‍ കബളിപ്പിക്കുന്നത്. മിഥ്യകളുടെ പുറകില്‍ പോകുന്ന ഓരോരുത്തര്‍ക്കും ഒരു മിഥ്യ തെളിയിക്കപ്പെടുമ്പോള്‍ പുതിയ മിഥ്യ മുന്നിലേക്കിട്ടുകൊടുക്കുന്നു. പിന്നെയതിന്റെ പുറകിലാവും അവര്‍. ആലോചിച്ചു നോക്കൂ, നമ്മളും അതുതന്നെയല്ലേ ചെയ്തുകൊണ്ടിരുന്നത്! ഒന്നിനു പുറകേ ഒന്നായി ഒരുപാട് ചോദ്യങ്ങള്‍, സംശയങ്ങള്‍. ഇപ്പോഴും കുറെ ചോദ്യങ്ങള്‍ മാത്രമേ ഉത്തരങ്ങളായി നമ്മുടെ മുന്‍പിലുള്ളൂ എന്നതാണ് സത്യം. ‘ഒണ്‍ലി ജസ്റ്റിസ്’. അജിത് ഗംഗാധരന്‍. മനോരമ ബുക്സ്. വില 390 രൂപ.
◾സ്ഥിരമായി തല കുളിക്കുന്നത് മൈഗ്രേന്‍ വേദനയ്ക്ക് കാരണമാകുമെന്ന് പഠനം. സ്ത്രീകളിലാണ് കൂടുതലായും ഈ പ്രശ്നം കണ്ടുവരുന്നത്. നീളമുള്ള തലമുടി ആഴ്ചയില്‍ മൂന്നു തവണ കഴുകിയാല്‍ പോലും ‘ഹെയര്‍ വാഷ് മൈഗ്രേന്‍’ എന്നറിയപ്പെടുന്ന ഈ അവസ്ഥ വരാമെനന്നാണ് വിദഗ്ധര്‍ പറയുന്നത്. ചിലര്‍ക്ക് കുളി കഴിഞ്ഞിറങ്ങിയ ഉടനെ തലവേദന തോന്നാം. പലപ്പോഴും ചെവിക്ക് പിന്നിലായി അനുഭവപ്പെടുന്ന ഈ വേദനയുടെ ഒരു കാരണം അടിക്കടി മുടി കഴുകുന്നതാകാം. തലമുടി ദീര്‍ഘനേരം നനച്ച് ഇടുന്നതും തലവേദന ഉണ്ടാകാന്‍ കാരണമാകും. നന്നായി വെള്ളം കുടിക്കുക, കഫീന്‍ ഒഴിവാക്കുക, ദിവസവും മുടി കഴുകാതിരിക്കുക തുടങ്ങിയ കാര്യങ്ങള്‍ തലവേദനവയെ അകറ്റിനിര്‍ത്താന്‍ സഹായിക്കും. മുടി കഴുകുമ്പോള്‍ തലയില്‍ ശക്തിയായി അമര്‍ത്താതിരിക്കാനും ശ്രദ്ധിക്കണം. തലയോട്ടിയിലൂടെ പോകുന്ന ആക്സിപിറ്റല്‍ നാഡികള്‍ക്ക് പരുക്കോ നീര്‍ക്കെട്ടോ ഉണ്ടാകുന്നതിനെ തുടര്‍ന്നുണ്ടാകുന്ന ആക്സിപിറ്റല്‍ ന്യൂറാല്‍ജിയ എന്ന അവസ്ഥ മൂലം തുളഞ്ഞ് കയറുന്ന പോലുള്ള തലവേദന ഉണ്ടാകാം. അതുപോലെ ചെവിക്ക് പിന്നിലുള്ള മസ്റ്റോയ്ഡ് എല്ലിന് ഉണ്ടാകുന്ന മസ്റ്റോയിഡിറ്റിസ് എന്ന അണുബാധയും തലവേദനയ്ക്ക് കാരണമാകാം. തലയോടിനെ താടിയെല്ലുമായി ബന്ധിപ്പിക്കുന്ന ടെംപറോമാന്‍ഡിബുലര്‍ ജോയിന്റിനുണ്ടാകുന്ന ടെംപറോമാന്‍ഡിബുലര്‍ ജോയിന്റ് ഡിസോഡര്‍ എന്ന അവസ്ഥയും തലവേദനയിലേക്ക് നയിക്കും. ഇതിനെല്ലാം പുറമേ പല്ലുകളെ ബാധിക്കുന്ന പല പ്രശ്നങ്ങളും തലവേദനയിലേക്ക് എത്തും.
*ശുഭദിനം*
*കവിത കണ്ണന്‍*
1976ല്‍ തമിഴകത്ത് രാജപാളയത്ത് ആളിമുത്തുവിന്റെയും സരസ്വതിയുടേയും നാലുമക്കളില്‍ രണ്ടാമനായായിരുന്നു വിജയ് ഗുരുനാഥന്‍ ജനിച്ചത്. അച്ഛന്റെ ജോലിയുടെ ഭാഗമായി ജീവിതം ചെന്നൈയിലെ കോടമ്പാക്കത്തേക്ക് പറിച്ചുനട്ടു. അവിടെയാണ് പഠനകാലമെല്ലാം. സ്‌കൂളിലെ ഒരു ആവേറേജ് കുട്ടിയായിരുന്നു അവന്‍. പതിനാറാം വയസ്സില്‍ സിനിമ ഒരു ആഗ്രഹം ആയി മനസ്സില്‍ ചേക്കേറിയപ്പോള്‍ ഓഡീഷന് കിട്ടുന്ന അവസരങ്ങളെല്ലാം വിനിയോഗിച്ചു. പക്ഷേ, പൊക്കക്കുറവിന്റെ പേരില്‍ അവിടെനിന്നെല്ലാം ഒഴിവാക്കപ്പെട്ടു. പഠിക്കാനും കഴിവില്ല, കലാപരമായ വിഷയങ്ങളിലും കഴിവില്ല. സൗന്ദര്യമില്ല, നിറമില്ല, പൊക്കക്കുറവ് ഇതെല്ലാം അവന്റെ സ്വപ്നങ്ങള്‍ക്ക് ഒരു തടസ്സമായി നിന്നു. കോളേജ് പഠനകാലത്ത് സാമ്പത്തികമായി നല്ല ബുദ്ധിമുട്ടിലായിരുന്നു. അതുകൊണ്ട് തന്നെ കിട്ടുന്ന സമയമെല്ലാം സൂപ്പര്‍മാര്‍ക്കറ്റില്‍ സെയില്‍സ്മാനായും, ഫോണ്‍ബൂത്തില്‍ ഫോണ്‍ ഓപ്പറേറ്ററായും ജോലി ചെയ്തു. കോളേജ് കാലഘട്ടം കഴിഞ്ഞപ്പോള്‍ ഒരു സിമന്റ് കമ്പിനിയില്‍ അസി.അക്കൗണ്ടന്റായി ജോലി നേടി. വീട്ടിലെ പ്രാരാബ്ദങ്ങള്‍ക്കുമുന്നില്‍ തന്റെ ഈ ചെറിയ വരുമാനം ഒന്നുമാകില്ലെന്ന് കണ്ടപ്പോള്‍ കൂട്ടുകാരുടെയും വീട്ടുകാരുടേയും സഹായത്തോടെ ഗള്‍ഫില്‍ ജോലി തേടി. ഗള്‍ഫിലെ ജോലി തനിക്ക് ഒരു സന്തോഷവും തരുന്നില്ലെന്ന് തിരിച്ചറിഞ്ഞപ്പോള്‍ നാട്ടില്‍ തിരിച്ചെത്തി ഒരു ഇന്റീരിയര്‍ ഡിസൈന്‍ സ്ഥാപനം ആരംഭിച്ചു. അത് വിജയിക്കാതെ വന്നപ്പോള്‍ ഒരു സിനിമാ കമ്പിനിയില്‍ അക്കൗണ്ടന്റായി ജോലിക്ക് കയറി. അവിടെനിന്ന് ധാരാളം സിനിമകള്‍ കാണാനുള്ള അവസരം അയാള്‍ക്ക് വന്ന് ചേര്‍ന്നു. പണ്ട് മനസ്സില്‍ കൊണ്ടുനടന്ന മോഹം വീണ്ടും പൊടിതട്ടിയെടുത്തു. പല വാതിലുകളും മുട്ടിയെങ്കിലും നിന്റെ മുഖം സിനിമയ്ക്ക്പറ്റിയതല്ലെന്നും ഒരു സപ്പോര്‍ട്ടിങ്ങ് ക്യാരക്ടര്‍കൂടി ചെയ്യാന്‍ പറ്റുന്നതല്ലെന്നും പറഞ്ഞ് പലരും മടക്കി. പിന്നീട് തീരെ ചെറിയ റോളുകള്‍ കിട്ടിതുടങ്ങി. ആദ്യത്തെ 5 സിനിമകളില്‍ കഥാപാത്രത്തിന് പേരുപോലും ഉണ്ടായിരുന്നില്ല. 2006 ല്‍ തിമിഴ് സീരിയലുകളില്‍ വേഷമിട്ടു. ഷോട്ഫിലിമുകള്‍ ചെയ്തു. ചെറു വേഷങ്ങളില്‍ അഭിനയിച്ച പരിചയം വെച്ച് പുതുപേട്ടൈ എന്ന ചിത്രത്തിന്റെ ഓഡിഷന് പങ്കെടുത്തു. അതില്‍ ധനുഷിന്റെ കൂട്ടുകാരന്റെ വേഷം. അവിടെ നിന്ന് പേട്ടൈ എന്ന ചിത്രത്തില്‍ രജനീകാന്തിന്റെ വില്ലനായുള്ള വേഷം. വിജയ് ഗുരുനാഥന്‍ എന്ന വിജയ് സേതുപതിയുടെ ഗ്രാഫിന്റെ ഉയര്‍ച്ച നമുക്ക് അവിടെ നിന്നുതന്നെ വായിച്ചെടുക്കാം. അദ്ദേഹം ഒരിക്കലും വിജയിച്ചവന്റെയോ മുകളിലെത്തിയവന്റെയോ വഴിയല്ല പിന്തുടര്‍ന്നത്. സ്വന്തം വഴി സ്വയം വെട്ടിയൊരുക്കി നടക്കുകയാണ് ചെയ്തത്. ഈ ധൈര്യമാണ്, ഈ വിശ്വാസമാണ്, ഈ പൊസററീവ് ചിന്താഗതിയാണ് മക്കള്‍സെല്‍വം വിജയ് സേതുപതി.. ഇടയ്ക്കിടെയുള്ള ഇടര്‍ച്ചകളില്‍ പതറാതെ ഒരേ മനസ്സോടെ ലക്ഷ്യത്തിനായി കഠിനാധ്വാനം ചെയ്യുക. കഠിനാധ്വാനത്തിന് മുന്നില്‍ തെളിയാത്ത വഴികളില്ല. – ശുഭദിനം.