web cover 31

സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനിലെത്തി. ഓര്‍ഡിനന്‍സില്‍ എല്ലാ മന്ത്രിമാരുടേയും ഒപ്പുവയ്ക്കാന്‍ വൈകിയതിനാല്‍ ഇന്നലെ രാജ്ഭവനില്‍ എത്തിക്കാനിരുന്ന ഓര്‍ഡിനന്‍സ് ഇന്നു രാവിലെയാണ് എത്തിച്ചത്. ഓര്‍ഡിനന്‍സ് രാഷ്ട്രപതിക്ക് അയക്കുമെന്നാണ് ഗവര്‍ണറുടെ നിലപാട്. രാഷ്ട്രപതിക്ക് അയച്ചാല്‍ തീര്‍പ്പാകുന്നതുവരെ നിയമസഭയില്‍ ബില്‍ അവതരിപ്പിക്കാനാവില്ല.

ഓര്‍ഡന്‍സില്‍ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ ഒപ്പിടുന്നതാണു മര്യാദയെന്ന് സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രി ആര്‍ ബിന്ദു. ജനാധിപത്യ സര്‍ക്കാരിന്റെ ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പിടണം. ഓര്‍ഡിനന്‍സിന്റെ കാര്യത്തില്‍ മാധ്യമങ്ങള്‍ തിടുക്കം കൂട്ടേണ്ടെന്നും മന്ത്രി ബിന്ദു പറഞ്ഞു. ചാന്‍സലറെ മാറ്റുന്നതിനു ഭരണഘടനാപരമായ നടപടികള്‍ തുടരുമെന്ന് സംസ്ഥാന വിദ്യാഭ്യാസ മന്ത്രി വി ശിവന്‍കുട്ടി പറഞ്ഞു. നിയമസഭാ സമ്മേളനത്തില്‍ ബില്‍ അവതരിപ്പിക്കുമെന്നും ശിവന്‍കുട്ടി.

നിയമസഭാ സമ്മേളനത്തില്‍ ഗവര്‍ണറുടെ നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാന്‍ പഴുതുകള്‍ തേടി സര്‍ക്കാര്‍. ഡിസംബറില്‍ ചേരുന്ന സഭാ സമ്മേളനം ജനുവരിയില്‍ തുടരുന്ന വിധത്തില്‍ നീട്ടാനാണ് ആലോചന. ഹൃസ്വകാലത്തേക്കു സഭ പിരിയുകയാണെങ്കില്‍ സമ്മേളനത്തിന്റെ തുടര്‍ച്ചയായി പരിഗണിച്ച് നയപ്രഖ്യാപന പ്രസംഗം ഒഴിവാക്കാമെന്നാണ് കണക്കുകൂട്ടല്‍. ഡിസംബര്‍ 15 ന് സഭ താല്‍ക്കാലികമായി പിരിഞ്ഞ് ക്രിസ്മസിനു ശേഷം പുനരാരംഭിച്ച് ജനുവരിയിലേക്ക് നീട്ടിക്കൊണ്ടുപോകാനാണ് നീക്കം.

*നാടിനും നഗരത്തിനും കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍*

നിരവധി സമ്മാനപദ്ധതികള്‍ കോര്‍ത്തിണക്കി കൊണ്ട് ആവിഷ്‌ക്കരിച്ച ചിട്ടി പദ്ധതിയാണ് കെ.എസ്.എഫ്.ഇ. ഭദ്രത സ്മാര്‍ട്ട് ചിട്ടികള്‍ 2022. ബംബര്‍ സമ്മാനമായി 1 കോടി വിലയുള്ള ഫ്‌ലാറ്റ്/ വില്ല അല്ലെങ്കില്‍ 1കോടി രൂപ ഒരാള്‍ക്ക് സമ്മാനമായി നല്‍കുന്നു. മേഖലാ തല സമ്മാനങ്ങളായി 70ഇലക്ട്രിക് കാറുകള്‍ (Tata Tigor EV XE)അല്ലെങ്കില്‍ പരമാവധി 12.50ലക്ഷം രൂപ വീതം 70പേര്‍ക്കും കൂടാതെ 100ഹോണ്ട ഇലക്ട്രിക് സ്‌ക്കൂട്ടറുകള്‍ അല്ലെങ്കില്‍ പരമാവധി 75000/-രൂപ വീതം 100 പേര്‍ക്കും ലഭിക്കുന്നതാണ്.

ഉടന്‍ തന്നെ അടുത്തുള്ള കെ.എസ്.എഫ്.ഇ. ശാഖ സന്ദര്‍ശിക്കൂ. ചിട്ടിയില്‍ അംഗമാകൂ.

*ksfe.com/offers/ksfe-bhadratha-smart-chits-2022*

തിരുവനന്തപുരം നഗരസഭയിലെ നിയമനക്കത്ത് വിവാദത്തില്‍ ക്രൈംബ്രാഞ്ചിനു നേരിട്ട് മൊഴി നല്‍കിയെന്ന് സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍. എന്നാല്‍ മൊഴി തന്നിട്ടില്ലെന്ന് ക്രൈംബ്രാഞ്ച്. മൊഴി നല്‍കാനുള്ള സമയം തരാമെന്നു നാഗപ്പന്‍ പറഞ്ഞെങ്കിലും സമയം അനുവദിച്ചിട്ടില്ലെന്നാണ് ക്രൈംബ്രാഞ്ച് പറയുന്നത്.

തെളിവെടുപ്പിനു കൊണ്ടുപോകവേ, പോക്സോ കേസ് ഇരയോട് മോശമായി പെരുമാറിയ അമ്പലവയല്‍ എഎസ്ഐ ടി ജി ബാബുവിനെതിരെ പോക്സോ നിയമപ്രകാരം കേസ്. എഎസ്ഐയെ നേരത്തെ സസ്പെന്റ് ചെയ്തിരുന്നു. കഴിഞ്ഞ ജൂലൈ മാസത്തില്‍ ഊട്ടിയിലേക്കു പെണ്‍കുട്ടിയെ തെളിവെടുപ്പിനു കൊണ്ടുപോയപ്പോഴണ് മോശമായി പെരുമാറിയത്.

നൈജീരിയ പിടിച്ചെടുത്ത ഹിറോയിക് ഇഡുന്‍ കപ്പലിലെ മലയാളികള്‍ ഉള്‍പ്പെടെയുള്ള കപ്പല്‍ ജീവനക്കാരെ മോചിപ്പിക്കാന്‍ ഇന്ത്യ നടത്തിയ നയതന്ത്ര നീക്കങ്ങള്‍ ഫലിച്ചില്ല. മലയാളികള്‍ അടക്കമുള്ള കപ്പല്‍ ജീവനക്കാരുടെ മോചനം വൈകും. പ്രശ്നപരിഹാരം തേടി കപ്പലുടമകള്‍ അന്താരാഷ്ട്ര ട്രിബ്യൂണലിനെ സമീപിച്ചതിനാല്‍ നിയമപരമായ തീര്‍പ്പുണ്ടാകട്ടെ എന്ന നിലപാടിലാണു നൈജീരിയ.

*ജോയ്ആലുക്കാസ് വിശേഷങ്ങള്‍*

ജോയ്ആലുക്കാസിലെ എല്ലാ സ്വര്‍ണാഭരണങ്ങള്‍ക്കും ഇപ്പോള്‍ പണിക്കൂലിയില്‍ വന്‍ ഇളവ്. സ്വര്‍ണം, ഡയമണ്ട്, മറ്റു ജ്വല്ലറി കളക്ഷനുകളെല്ലാം സ്വര്‍ണ വിപണിയിലെ തന്നെ ഏറ്റവും കുറഞ്ഞ പണിക്കൂലിയിലാണ് ലഭ്യമാക്കുന്നത്. ജോയ്ആലുക്കാസില്‍ നിന്ന് പര്‍ച്ചേയ്സ് ചെയ്യുന്ന ആഭരണങ്ങള്‍ക്ക് ഒരു വര്‍ഷത്തേക്ക് സൗജന്യ ഇന്‍ഷുഷറന്‍സും ലൈഫ്ടൈം ഫ്രീ മെയിന്റനന്‍സും ലഭിക്കുന്നതാണ്. ഒപ്പം എക്സ്ചേഞ്ച് ഓഫറും പ്രയോജനപ്പെടുത്താവുന്നതാണ്.

സ്വകാര്യവത്കരണത്തെ അനുകൂലിച്ചു പ്രസംഗിച്ച കെഎസ്ആര്‍ടിസി ചെയര്‍മാനും മാനേജിംഗ് ഡയറക്ടറുമായ ബിജു പ്രഭാകറിനെതിരെ സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍. ബിജു പ്രഭാകറിനെ ചുമതലകളില്‍നിന്നു മാറ്റണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. കെഎസ്ടിഎ സംഘ് സംസ്ഥാന സമ്മേളനത്തിലാണ് ബിജു പ്രഭാകര്‍ സ്വകാര്യവത്കരണത്തെ പിന്തുണച്ചു പ്രസംഗിച്ചത്.

കായംകുളി കൊച്ചുണ്ണിയും ഇത്തിക്കര പക്കിയും ജീവിച്ചിരുന്നെങ്കില്‍ അവരെയും മുഖ്യമന്ത്രി പിണറായി വിജയന്‍ വൈസ് ചാന്‍സലറാക്കുമെന്ന് പി.സി ജോര്‍ജ്. കലാമണ്ഡലത്തിന്റെ പുതിയ ചാന്‍സലര്‍ വി.എന്‍ വാസവന്‍ കഥകളി പഠിപ്പിക്കുമോ. പള്ളിക്കൂടത്തില്‍ പോകാത്തവരെ വൈസ് ചാന്‍സലറാക്കുന്ന നാറിയ പണിയാണ് നടക്കുന്നതെന്നും ജോര്‍ജ് ആരോപിച്ചു.

പൊലീസിനേയും ഡോക്ടറേയും ആശുപത്രിയിലെ വനിതാ ജീവനക്കാരേയും കയ്യേറ്റത്തിനു ശ്രമിച്ച സൈനികനെ അറസ്റ്റു ചെയ്തു. കല്ലറ പാങ്ങോട് സ്വദേശി വിമലിനെയാണ് അറസ്റ്റു ചെയ്തത്. ഇന്നലെ രാത്രി പത്തിന് കല്ലറയിലെ സ്വകാര്യ ആശുപത്രിയില്‍ കാലിലെ മുറിവിനു ചികിത്സയ്ക്കെത്തിയതായിരുന്നു വിമല്‍ വേണു. മുറിവ് അപകടത്തിലുണ്ടായതാണോ അടിപിടിയിലുണ്ടായതാണോയെന്ന് ഡോക്ടര്‍ ചോദിച്ചതാണു പ്രകോപനത്തിനു കാരണം.

മലയാളം അറിയാത്തവര്‍ക്ക് ലേണേഴ്സ് ലൈന്‍സ് ലഭിച്ചതിനെക്കുറിച്ച് ട്രാന്‍സ്പോര്‍ട്ട് കമ്മീഷണര്‍ അന്വേഷണത്തിന് ഉത്തരവിട്ടു. ഇതര സംസ്ഥാനക്കാര്‍ വ്യാപകമായി പരീക്ഷ പാസായതോടെയാണ് അന്വേഷണത്തിന് ഉത്തരവിട്ടത്.

കുമളിയില്‍ പണം വച്ചു ചീട്ടുകളിച്ച റിട്ടയേഡ് പൊലീസ് ഉദ്യോഗസ്ഥന്‍ ഉള്‍പ്പെടെ 11 പേരെ രണ്ടര ലക്ഷം രൂപയുമായി അറസ്റ്റു ചെയ്തു. റിട്ടയേര്‍ഡ് പൊലീസ് ഉദ്യോഗസ്ഥന്‍ കുമളി കിഴക്കേതില്‍ ഈപ്പന്‍ വര്‍ഗ്ഗീസിന്റെ കെട്ടിടത്തിലായിരുന്നു ചീട്ടുകളി. കേരളത്തിലും തമിഴ്നാട്ടിലും ക്ലബ്ബുകള്‍ രൂപീകരിച്ച് പണം വച്ച് ചീട്ടുകളിക്കുന്ന സംഘമാണു പിടിയിലായത്.

കൊട്ടാരക്കര എഴുകോണില്‍ ഗാന്ധി പ്രതിമ തകര്‍ത്തു. ഇന്നലെ രാത്രിയാണ് സംഭവം. തിങ്കളാഴ്ച കൊടിക്കുന്നില്‍ സുരേഷ് എംപി ഉദ്ഘാടനം ചെയ്യാനിരുന്ന പ്രതിമയുടെ തലയാണ് തകര്‍ത്തത്. മുന്‍പ് ഇതേ സ്ഥലത്ത് സ്ഥാപിച്ചിരുന്ന ഗാന്ധി സ്മൃതി മണ്ഡപം തകര്‍ത്തതിനെ തുടര്‍ന്നാണ് പുതിയ പ്രതിമ സ്ഥാപിച്ചത്. ഗാന്ധി പ്രതിമ തകര്‍ത്തത് സിപിഎമ്മുകാരാണെന്ന് കോണ്‍ഗ്രസ് ആരോപിച്ചു. പൊലീസ് കേസെടുത്തു

മഷിനോട്ടക്കാരനെ ആക്രമിച്ച് ഏഴേകാല്‍ പവന്‍ സ്വര്‍ണം കവര്‍ന്ന കേസില്‍ ഒരാള്‍ അറസ്റ്റില്‍. കോട്ടയം ചങ്ങനാശ്ശേരി പെരുന്ന മലേക്കുന്ന് കുന്നേല്‍ പുതുപറമ്പ് വീട്ടില്‍ അജിത്ത് (40) നെയാണ് നോര്‍ത്ത് പറവൂര്‍ പൊലീസ് അറസ്റ്റ് ചെയ്തത്. പെരുവാരത്ത് മഷിനോട്ടം നടത്തിയിരുന്ന ആളുടെ സ്ഥാപനത്തിലാണു കവര്‍ച്ച നടത്തിയത്.

ആവിക്കരയില്‍ ഭാര്യ വിഷം നല്‍കിയയാള്‍ ചികിത്സയിലിരിക്കേ മരിച്ചു. വയനാട് സ്വദേശി ജയപ്രകാശ് നാരായണന്‍ (45) ആണ് മരിച്ചത്. തിങ്കളാഴ്ച ഭാര്യ രമ വിഷം ഉള്ളില്‍ ചെന്ന് മരിച്ചിരുന്നു. ഭാര്യയാണ് തനിക്ക് വിഷം നല്‍കിയതെന്നാണ് ജയപ്രകാശ് നല്‍കിയ മൊഴി.

കേന്ദ്ര ഷിപ്പിംഗ് മന്ത്രാലയത്തില്‍ ജോലി വാഗ്ദാനം ചെയ്ത് രണ്ടു യുവാക്കളില്‍നിന്ന് മൂന്നര ലക്ഷം രൂപ തട്ടിയെടുത്ത സംഭവത്തില്‍ യുവാവിന് ഒരു വര്‍ഷം തടവും പതിനായിരം രൂപ പിഴയും ശിക്ഷ. ദേവികുളം കോളനി ഗായത്രി ഭവനില്‍ എസ്.മുത്തുകുമാര്‍ (43)നെയാണ് ദേവികുളം ഫസ്റ്റ് ക്ലാസ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് ശിക്ഷിച്ചത്. സംഭവത്തില്‍ രണ്ടാം പ്രതിയായിരുന്ന ഇയാളുടെ ഭാര്യ മുരുകേശ്വരിയെ വെറുതെ വിട്ടു. മൂന്നാം പ്രതിയായ തമിഴ്നാട് രാജപാളയം സ്വദേശി ആന്റണി രാജേന്ദ്രന്‍ (53) നെ പിടികൂടിയിട്ടില്ല.

വോട്ടെടുപ്പു തുടങ്ങിയ ഹിമാചല്‍ പ്രദേശില്‍ ബിജെപി സ്ഥാനാര്‍ത്ഥിയുടെ സിലയിലെ കടയില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുത്തെന്നു കോണ്‍ഗ്രസ്. വോട്ടെടുപ്പിനു തലേന്നായ ഇന്നലെ വോട്ടര്‍മാര്‍ക്ക് പണം വിതരണം ചെയ്തെന്നും ആരോപിച്ചു. കടയില്‍നിന്ന് 14 ലക്ഷം രൂപ പിടിച്ചെടുക്കുന്ന ദൃശ്യങ്ങള്‍ പുറത്തുവിട്ടാണ് ബിജെപിക്കെതിരെ കോണ്‍ഗ്രസ് ആരോപണങ്ങള്‍ ഉന്നയിച്ചത്.

തെലങ്കാന സന്ദര്‍ശിക്കുന്ന പ്രധാനമന്ത്രി നരേന്ദ്രമോദിയെ സ്വീകരിക്കാന്‍ വരാതെ മുഖ്യമന്ത്രി കെ ചന്ദ്രശേഖര്‍ റാവു. പ്രധാനമന്ത്രിയെ സ്വീകരിക്കാന്‍ മന്ത്രി ടി ശ്രീനിവാസ റെഡ്ഡിയെയാണ് നിയോഗിച്ചത്. മോദി കടന്നുപോകുന്ന വഴികളില്‍ ടിആര്‍എസ് പ്രവര്‍ത്തകര്‍ ‘മോദി ഗോ ബാക്ക്’ പോസ്റ്ററുകള്‍ പതിച്ചു.

ഒഡീഷയിലെ കോരാപുട്ട് ജില്ലയില്‍ മാവോയിസ്റ്റുകളും സുരക്ഷാ ഉദ്യോഗസ്ഥരും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ രണ്ട് മാവോയിസ്റ്റുകള്‍ കൊല്ലപ്പെട്ടു. കോരാപുട്ട് ജില്ലയിലെ ബൈപാരിഗുഡ പൊലീസ് സ്റ്റേഷന്‍ പരിധിയിലുള്ള സ്ഥലത്താണ് വെടിവയ്പു നടന്നത്.

വൃക്കയിലെ കല്ല് നീക്കാന്‍ ശസ്ത്രക്രിയക്കു വിധേയനായയാളുടെ ഒരു വൃക്ക കാണാനില്ല. ഉത്തര്‍ പ്രദേശിലെ അലിഗഡിലാണ് സംഭവം. ഹോം ഗാര്‍ഡായ സുരേഷ് ചന്ദ്ര എന്ന 53 കാരനാണ് വൃക്ക നഷ്ടപ്പെട്ടത്. മറ്റൊരു ആശുപത്രിയില്‍ പരിശോധിച്ചപ്പോഴാണ് ഒരു വൃക്ക നഷ്ടപ്പെട്ടെന്നു മനസിലായത്. അന്വേഷണം ആരംഭിച്ചെന്ന് യുപി ആരോഗ്യ വകുപ്പ്.

വിലക്കയറ്റം തടയുമെന്ന് ഗുജറാത്തില്‍ കോണ്‍ഗ്രസിന്റെ പ്രകടനപത്രിക. 10 ലക്ഷം രൂപ വരെയുള്ള ചികിത്സ സൗജന്യമാക്കും. മൂന്നു ലക്ഷം രൂപവരെയുള്ള കാര്‍ഷിക വായ്പകള്‍ എഴുതിത്തള്ളും. കര്‍ഷകര്‍ക്ക് സൗജന്യ വൈദ്യുതി നല്‍കും. എന്നിവയാണു വാഗ്ദാനങ്ങള്‍.

കാബൂളിലെ പാര്‍ക്കുകളില്‍ പ്രവേശിക്കരുതെന്ന് സ്ത്രീകളോടു താലിബാന്‍. കാബൂളിലെ എല്ലാ പാര്‍ക്കുകളിലും സ്ത്രീകള്‍ക്ക് നിരോധനം ഏര്‍പ്പെടുത്തി.

ഐ ലീഗ് ഫുട്‌ബോള്‍ മാമാങ്കത്തിന് ഇന്ന് മഞ്ചേരിയില്‍ തുടക്കം. വൈകീട്ട് നാലരയ്ക്ക് ആദ്യ മത്സരത്തില്‍ നിലവിലെ ചാംപ്യന്മാരായ ഗോകുലം കേരള എഫ്‌സി കൊല്‍ക്കത്ത മുഹമ്മദന്‍സിനെ നേരിടും.

‘മാന്‍ ഓഫ് കേരള’, ‘വുമണ്‍ ഓഫ് കേരള’ എന്നീ ടൈറ്റിലുകള്‍ക്ക് വേണ്ടി ഇന്ത്യയിലെ ആദ്യത്തെ ആറ്റിട്യൂഡ് ഹണ്ട് ഫിനാലെ നവംബര്‍ 13 ഞായറാഴ്ച്ച ഉച്ചക്ക് 2 മണി മുതല്‍ നെടുമ്പാശ്ശേരിയിലെ ഐസ് ലാന്‍ഡ് കണ്‍വെന്‍ഷന്‍ സെന്ററില്‍ വെച്ച് നടത്തും. എഫ് ഐ ഇവെന്റ്സ് സംഘാടകരും ഡാലുകൃഷ്ണ ദാസ് കൊറിയോഗ്രാഫറും ആയിട്ടുള്ള ഷോ സംവിധാനം ചെയ്യുന്നത് ഇടവേള ബാബുവാണ്. എഫ് ഐ ഇവെന്റ്സ് അവതരിപ്പിക്കുന്ന പുതിയ ടൈറ്റിലിന്റെ ഭാഗമായി പ്രൊഫഷണല്‍ മോഡല്‍സിന്റെ ഡിസൈനര്‍ ഷോയും ഇതോടൊപ്പം നടത്തപ്പെടുന്നുണ്ട്. ഇരു വിഭാഗങ്ങളിലായി 50 ഓളം മല്‍സരാര്‍ത്ഥികള്‍ മാറ്റുരക്കുന്ന ഈ ഇവന്റില്‍ പുതുമയേറിയ 3 റൗണ്ടുകളിലൂടെയാണ് വിജയികളെ കണ്ടെത്തുന്നത്. ഇരു ടൈറ്റിലുകളിലും തിരഞ്ഞെടുക്കുന്ന വിജയികള്‍ക്കായി 5 ലക്ഷത്തില്‍ പരം രൂപയുടെ സമ്മാനങ്ങളാണ് നല്‍കുന്നത്.

സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ കുതിപ്പ്. പവന് 320 രൂപയാണ് കൂടിയത്. ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 38,560 രൂപ. ഗ്രാമിന് 40 രൂപ വര്‍ധിച്ച് 4820 ആയി. ഇന്നലെ പവന് 360 രൂപ കൂടിയിരുന്നു. രണ്ടു ദിവസത്തിനിടെ ഉണ്ടായ വര്‍ധന 680 രൂപ. ഈ മാസത്തെ ഏറ്റവും ഉയര്‍ന്നനിലയിലാണ് സ്വര്‍ണവില. ഒരാഴ്ചക്കിടെ 1680 രൂപയാണ് വര്‍ധിച്ചത്. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വില 30 രൂപ ഉയര്‍ന്നു. ഇന്നലെ 45 രൂപ ഉയര്‍ന്നിരുന്നു. ഒരു ഗ്രാം 18 കാരറ്റ് സ്വര്‍ണത്തിന്റെ വിപണിയിലെ വില 4000 രൂപയാണ്.

പ്രമുഖ ബാങ്കിതര ധനകാര്യസ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് നടപ്പുവര്‍ഷത്തെ ജൂലായ്-സെപ്തംബര്‍പാദത്തില്‍ 902 കോടി രൂപ ലാഭം നേടി. ജൂണ്‍പാദത്തിലെ 825 കോടി രൂപയേക്കാള്‍ 9 ശതമാനം അധികമാണിത്. 2021-22ലെ രണ്ടാംപാദത്തില്‍ ലാഭം 1,002 കോടി രൂപയായിരുന്നു. വായ്പാ ആസ്തി നാല് ശതമാനം വര്‍ദ്ധിച്ച് 57,230 കോടി രൂപയായി. സംയോജിത വായ്പാ ആസ്തി ആറ് ശതമാനം ഉയര്‍ന്ന് 64,356 കോടി രൂപയിലെത്തി. സംയോജിതലാഭം 1,981 കോടി രൂപയില്‍ നിന്ന് 1,727 കോടി രൂപയായി കുറഞ്ഞു. സ്വര്‍ണവായ്പ മൂന്ന് ശതമാനം വര്‍ദ്ധിച്ച് 56,501 കോടി രൂപയിലെത്തി. രണ്ടാംപാദത്തില്‍ 24 പുതിയ ശാഖകളും കമ്പനി തുറന്നു.

ഐഷ സുല്‍ത്താന സംവിധാനം ചെയ്ത ‘ഫ്ളഷ്’ എന്ന ചിത്രത്തിലെ ഗാനമെത്തി. ലക്ഷദ്വീപിലെ ജസരി ഭാഷയില്‍ ഒരുങ്ങിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് ഷഫീഖ് കില്‍ത്താന്‍ ആണ്. കൈലാസ് മേനോന്റേത് ആണ് സംഗീതം. ലക്ഷദ്വീപിന്റെ മനോഹാരിതയും പ്രണയവും പറയുന്ന ഗാനം ഇതിനോടകം ശ്രദ്ധനേടി കഴിഞ്ഞു. ലക്ഷദ്വീപില്‍ നിന്നുള്ള ആദ്യ വനിതാ സംവിധായിക ഐഷാ സുല്‍ത്താന ഒരുക്കിയ ഫ്ളഷ്, അന്താരാഷ്ട്ര വനിതാ ചലച്ചിത്രമേളയില്‍ നിറഞ്ഞ സദസ്സിലാണ് പ്രദര്‍ശിപ്പിച്ചത്. ലക്ഷദ്വീപിന്റെ ഭൂപ്രകൃതി പശ്ചാത്തലമാക്കി ഒരുക്കിയ ഫ്ളഷ് ലക്ഷദ്വീപിന്റെ കഥ പറയുന്ന ഒരു ചിത്രമാണ്. കടലിലുള്ള ജീവികളുടെ സ്വഭാവം കരയിലുള്ള മനുഷ്യരുമായി സാമ്യമുണ്ടെന്ന കണ്ടെത്തല്‍ കൂടിയാണ് ഈ സിനിമ.

തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന ‘സൗദി വെള്ളക്ക’യുടെ റിലീസ് തിയതി പുറത്തുവിട്ടു. ഡിസംബര്‍ 2ന് ചിത്രം തിയറ്ററുകളില്‍ എത്തും. റിലീസ് വിവരം പങ്കുവച്ചു കൊണ്ടുള്ള പുതിയ പോസ്റ്ററും അണിയറ പ്രവര്‍ത്തകര്‍ പങ്കുവച്ചിട്ടുണ്ട്. സംവിധായകന്റേത് തന്നെയാണ് രചന. ഉര്‍വ്വശി തിയറ്റേഴ്സിന്റെ ബാനറില്‍ സന്ദീപ് സേനന്‍ ആണ് നിര്‍മ്മാണം. നേരത്തെ ഗോവയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലെ ഇന്ത്യന്‍ പനോരമയിലേക്ക് ‘സൗദി വെള്ളക്ക’ തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ധാക്കയിലെ അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിലേക്കും ചിത്രം തെരഞ്ഞെടുക്കപ്പെട്ടിരുന്നു. ലുക്മാന്‍ അവറാന്‍, ദേവി വര്‍മ്മ, സിദ്ധാര്‍ഥ് ശിവ, ബിനു പപ്പു, സുജിത്ത് ശങ്കര്‍, ഗോകുലന്‍, ശ്രിന്ധ, റിയ സെയ്റ, ധന്യ അനന്യ എന്നിവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. മനു അങ്കിള്‍ എന്ന ചിത്രത്തിലെ ലോതര്‍ എന്ന കഥാപാത്രത്തെ അവതരിപ്പിച്ച കുര്യന്‍ ചാക്കോ ചിത്രത്തില്‍ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്.

ഇ-ട്രോണ്‍ ഇലക്ട്രിക് എസ്യുവിയുടെ ഫെയ്സ്ലിഫ്റ്റ് പതിപ്പായ ഔഡി ക്യു8 ഇ-ട്രോണ്‍ ആഗോളതലത്തില്‍ അരങ്ങേറ്റം കുറിച്ചു. 2023 ഫെബ്രുവരിയില്‍ ഈ മോഡല്‍ ആഗോള വിപണിയില്‍ വില്‍പ്പനയ്‌ക്കെത്തും. ഇത് 2023 പകുതിയോടെ എത്തുമെന്ന് പ്രതീക്ഷിക്കുന്നു. 50, 55, എസ് എന്നീ മൂന്ന് വേരിയന്റുകളില്‍ വരുന്ന ബ്രാന്‍ഡിന്റെ പുതിയ മുന്‍നിര ഇലക്ട്രിക് എസ്യുവിയായിരിക്കും പുതിയ ക്യു8 ഇ-ട്രോണ്‍. 50, 55 വേരിയന്റുകളില്‍ മുന്നിലും പിന്നിലും ഇരട്ട മോട്ടോറുകള്‍ സ്ഥാപിച്ചിട്ടുണ്ട്. ആദ്യത്തേത് 664എന്‍എം ടോര്‍ക്കോടുകൂടി 340ബിഎച്ച്പി കരുത്ത് സൃഷ്ടിക്കുമ്പോള്‍, രണ്ടാമത്തേത് 408ബിഎച്ച്പിയും 664എന്‍എം ടോര്‍ക്കും സൃഷ്ടിക്കും. എസ് മോഡലിന് പിന്‍ ആക്‌സിലില്‍ ഇരട്ട-മോട്ടോര്‍ സജ്ജീകരണമുണ്ട്. കൂടാതെ 503ബിഎച്ച്പി പവറും 973എന്‍എം ടോര്‍ക്കും നല്‍കുന്നു. 11 കിലോവാട്ട് എസി ചാര്‍ജര്‍ ഉപയോഗിച്ച് പൂര്‍ണ്ണമായി ചാര്‍ജ് ചെയ്യാന്‍ 9 മണിക്കൂറും 15 മിനിറ്റും 150 കിലോവാട്ട് ഡിസി ഫാസ്റ്റ് ചാര്‍ജര്‍ വഴി വെറും 28 മിനിറ്റും എടുക്കും.

ഇരുപത്തിയഞ്ചുകവിതകളും ഇരുപത്തിയഞ്ച് അനുഭവങ്ങളാണ്. ഓരോ കവിതയും ഓരോ ആശ്വാസതലങ്ങളാണ്. അവസാനത്തെ കവിത ‘സ്വസ്തി’യിലൂടെ കവിതയെ ധ്യാനത്തിലേക്കു കൊണ്ടുപോകുന്നു. ”കാലും നടുവും നിവര്‍ത്തി ബോധം കിടന്നുറങ്ങട്ടെ.” ”ധ്യാനിക്കാന്‍ വിളക്കുമാടങ്ങള്‍ കാട്ടിത്തന്നവരോട് എന്റെ ധ്യാനമാണിത്, സ്വസ്തിയും മറ്റൊന്നല്ല.” എന്ന് എല്‍സ നീലിമ മാത്യു പാടുമ്പോള്‍ ദയാബായിയുടെ കവിതകള്‍ പോലെ മലയാളത്തിലെ ഒരു കൊച്ചു കോകിലമായി നമുക്കവരുടെ പാട്ടുകേട്ടു കൊണ്ടേയിരിക്കാം. ‘മലമുകളിലെ മരം ഒറ്റയ്ക്കാണ്’. എല്‍സ നീലിമ മാത്യു. കൈരളി ബുക്സ്. വില 120 രൂപ.

എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഭക്ഷണ കാര്യത്തിലും പ്രത്യേകം ശ്രദ്ധിക്കണം. വറുത്തതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ പരമാവധി ഒഴിവാക്കുക. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തേണ്ട ചില ഭക്ഷണങ്ങളില്‍ ഒന്നാമത്തേത് വെള്ളരിക്ക ആണ്. വെള്ളരിക്കയില്‍ 95 ശതമാനവും വെള്ളം അടങ്ങിയിട്ടുണ്ട്. ഇത് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതിനാല്‍ എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും വെള്ളരിക്ക ജ്യൂസായോ അല്ലാതെയോ കഴിക്കാന്‍ ശ്രമിക്കുക. വെള്ളരിക്കയുടെ നീര് മുഖത്ത് തേച്ചുപിടിപ്പിക്കുന്നതും മുഖം തിളങ്ങാനും മുഖത്തെ കറുത്ത പാടുകള്‍ മാറാനും സഹായിക്കും. നട്സ് ആണ് രണ്ടാമതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഒമേഗ 3 ഫാറ്റി ആസിഡ് ധാരാളം അടങ്ങിയ നട്സ് എണ്ണമയമുള്ള ചര്‍മ്മത്തിലെ മുഖക്കുരു, ബ്ലാക്ക് ഹെഡ്‌സ്, വൈറ്റ് ഹെഡ്‌സ് പോലുള്ള പ്രശ്നങ്ങള്‍ കുറയ്ക്കാന്‍ സഹായിക്കുന്നു. അതിനാല്‍ ദിവസവും പിസ്ത, അണ്ടിപരിപ്പ്, ബദാം പോലുള്ള നട്സ് ഡയറ്റില്‍ ഉള്‍പ്പെടുത്തുക. വാഴപ്പഴം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഇവയില്‍ വിറ്റാമിന്‍ ഇ, പൊട്ടാഷ്യം, ഫോസ്ഫേറ്റ് എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ദിവസവും ഓരോ പഴം കഴിക്കുന്നത് ചര്‍മ്മം കൂടുതല്‍ ആരോഗ്യത്തോടെ സംരക്ഷിക്കാന്‍ സഹായകമാകും. അവക്കാഡോ ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആരോഗ്യകരമായ ഫാറ്റി ആഡിഡും മറ്റ് ആന്റി ഓക്സിഡന്റുകളും അടങ്ങിയതാണ് അവക്കാഡോ. അതിനാല്‍ ഇവ എണ്ണമയമുള്ള ചര്‍മ്മത്തിന് മികച്ചതാണ്. ചീരയാണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ഫൈബര്‍ ധാരാളം അടങ്ങിയ ചീര ചര്‍മ്മത്തിലെ എണ്ണ മയം ഇല്ലാതാക്കാന്‍ സഹായിക്കും. ഓറഞ്ച് ആണ് ആടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. വിറ്റാമിന്‍ സി ധാരാളം അടങ്ങിയ ഓറഞ്ച് ചര്‍മ്മം കൂടുതല്‍ തിളക്കമുള്ളതാക്കാന്‍ സഹായിക്കും. കരിക്കിന്‍ വെള്ളം ആണ് അടുത്തതായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. എണ്ണമയമുള്ള ചര്‍മ്മമുള്ളവര്‍ ദിവസവും ഒരു ഗ്ലാസ് കരിക്കിന്‍ വെള്ളം കുടിക്കുന്നത് ചര്‍മ്മത്തിന് ഏറെ നല്ലതാണ്. ഡാര്‍ക്ക് ചോക്ലേറ്റ് ആണ് അവസാനമായി ഈ പട്ടികയില്‍ ഉള്‍പ്പെടുന്നത്. ആന്റി ഓക്സിഡന്റുകള്‍ ധാരാളം അടങ്ങിയ ഡാര്‍ക്ക് ചോക്ലേറ്റ് ചര്‍മ്മത്തിന്റെ ആരോഗ്യത്തിന് ഏറെ ഗുണം ചെയ്യും.

*ഇന്നത്തെ വിനിമയ നിരക്ക്*

ഡോളര്‍ – 80.55, പൗണ്ട് – 95.14, യൂറോ – 83.55, സ്വിസ് ഫ്രാങ്ക് – 85.45, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 53.99, ബഹറിന്‍ ദിനാര്‍ – 214.11, കുവൈത്ത് ദിനാര്‍ -262.96, ഒമാനി റിയാല്‍ – 209.58, സൗദി റിയാല്‍ – 21.42, യു.എ.ഇ ദിര്‍ഹം – 21.93, ഖത്തര്‍ റിയാല്‍ – 22.12, കനേഡിയന്‍ ഡോളര്‍ – 60.72.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *