yt cover 28

മന്ത്രിമാരെ തീരുമാനിക്കാന്‍ യുഡിഎഫ് നേതാക്കള്‍ തമ്മില്‍ തിരക്കിട്ട ചര്‍ച്ചകള്‍. കോണ്‍ഗ്രസ് മന്ത്രിപ്പട്ടിക ഇന്നുതന്നെ ഉണ്ടാകും. കോണ്‍ഗ്രസ് മന്ത്രിമാരുടെ പട്ടിക നിയുക്ത മുഖ്യമന്ത്രിയും കെപിസിസി അധ്യക്ഷനും ദീപാ ദാസ് മുന്‍ഷിയും കെസി വേണുഗോപാലുമായി ചര്‍ച്ച നടത്തി ഹൈക്കമാന്‍ഡിന് കൈമാറും. ഹൈക്കമാന്‍ഡിന്റെ അംഗീകാരത്തോടെ മന്ത്രിപ്പട്ടിക ഇന്നുതന്നെ ഗവര്‍ണര്‍ക്ക് കൈമാറും.

തെരഞ്ഞെടുപ്പു പരാജയത്തിന് പിന്നാലെ പിണറായി വിജയനെതിരെ സിപിഎം കൊല്ലം ജില്ലാ സെക്രട്ടേറിയറ്റ് യോഗത്തിലും വിമര്‍ശനം. സിപിഎം സംസ്ഥാന കമ്മിറ്റിയിലും പത്തനംതിട്ട ജില്ലാ സെക്രട്ടേറിയറ്റിലും ഉയര്‍ന്ന ആരോപണങ്ങള്‍ കൊല്ലത്തും ആവര്‍ത്തിച്ചെന്നാണു റിപ്പോര്‍ട്ട്. കേന്ദ്ര കമ്മിറ്റിയംഗങ്ങളായ കെ.എന്‍. ബാലഗോപാല്‍, പുത്തലത്ത് ദിനേശന്‍, സംസ്ഥാന സെക്രട്ടേറിയറ്റംഗം കെ.കെ. ജയചന്ദ്രന്‍ എന്നിവരുടെ സാന്നിധ്യത്തില്‍ ചേര്‍ന്ന യോഗത്തിലാണു വിമര്‍ശനം. ഇന്നും നാളെയും നടക്കുന്ന ജില്ലാ കമ്മിറ്റിയിലും ചര്‍ച്ചയാകും.

സിപിഎം പത്തനംതിട്ട ജില്ലാ സെക്രട്ടറിയേറ്റ് യോഗത്തില്‍ പിണറായി വിജയനെതിരെ വിമര്‍ശനങ്ങള്‍ ഉയര്‍ന്നുവെന്ന വാര്‍ത്തകള്‍ തെറ്റാണെന്ന് മുന്‍ മന്ത്രി സജി ചെറിയാന്‍. പിണറായി വിജയന്‍ മോശം ഭരണാധികാരിയാണെന്നു ചിലര്‍ പ്രചരിപ്പിക്കുകയാണ്. അദ്ദേഹത്തെ പ്രതിപക്ഷ നേതാവാക്കിയതില്‍ പാര്‍ട്ടിയില്‍ ആര്‍ക്കും പ്രതിഷേധമില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

രമേശ് ചെന്നിത്തലയ്ക്ക് ആഭ്യന്തര വകുപ്പു നല്‍കിയേക്കും. ചെന്നിത്തല പക്ഷക്കാരായ ഐസി ബാലകൃഷ്ണന്‍, ജ്യോതികുമാര്‍ ചാമക്കാല, അന്‍വര്‍ സാദത്ത്, ടി ജെ വിനോദ് എന്നിവരില്‍ ആരെയെങ്കിലും മന്ത്രിമാരാക്കണമെന്ന് ആവശ്യപ്പെട്ടെന്നാണു റിപ്പോര്‍ട്ട്. നിയുക്ത മുഖ്യമന്ത്രി വി.ഡി. സതീശന്‍ ഇന്നു ചെന്നിത്തലയുടെ വസതിയിലെത്തി നടത്തിയ അനുനയ കൂടിക്കാഴ്ചയിലാണ് ഈ നിര്‍ദേശങ്ങള്‍.

പൈലറ്റും എസ്‌കോര്‍ട്ടും ഒഴികെ മറ്റു വാഹനങ്ങള്‍ വേണ്ടെന്നു നിര്‍ദേശിച്ച നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ ക്ലിഫ് ഹൗസ് മോടി പിടിപ്പിക്കേണ്ടതില്ലെന്ന് നിര്‍ദേശിച്ചു. ചിലവു ചുരുക്കലിന്റെ ഭാഗമായാണ് തീരുമാനം. അറ്റകുറ്റ പണികള്‍ മാത്രം മതിയെന്ന് വി ഡി സതീശന്‍ നിര്‍ദേശം നല്‍കി.

കേരള ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേകറുടെ അകമ്പടി വാഹനങ്ങളുടെ എണ്ണം ഒമ്പതില്‍നിന്ന് ആറായി കുറച്ച് ലോക്ഭവന്‍. പ്രധാനമന്ത്രി ഇന്ധന നിയന്ത്രണം വേണമെന്ന് ആഹ്വാനം ചെയ്തതിനെത്തുടര്‍ന്നാണ് നടപടി.

ജൂണ്‍ മാസം വിരമിക്കാനിരിക്കുന്ന ചീഫ് സെക്രട്ടറി ജയതിലകിന് രണ്ടു മാസം മുമ്പേ പെന്‍ഷനും മറ്റ് ആനുകൂല്യങ്ങളും അനുവദിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കിയതു വിവാദമായി. ഏപ്രില്‍ 28-നാണ് ജയതിലകിന്റെ പെന്‍ഷനും ആനുകൂല്യങ്ങളും പ്രഖ്യാപിച്ചുകൊണ്ടുള്ള ഉത്തരവ് സര്‍ക്കാര്‍ പുറപ്പെടുവിച്ചത്.

എഐസിസി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാലിനെ കാണാന്‍ നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍ വീട്ടിലെത്തി. ഇന്നലെ വൈകിട്ടാണ് കെസി വേണുഗോപാല്‍ ഡല്‍ഹിയില്‍നിന്നു തിരിച്ചെത്തിയത്. വഴുതക്കാട്ടെ രമേശ് ചെന്നിത്തലയുടെ വീട്ടില്‍ സന്ദര്‍ശിച്ചതിനു ശേഷമാണ് കെസിയെ കാണാന്‍ സതീശന്‍ എത്തിയത്.

മന്ത്രിസഭയുടെ സത്യപ്രതിജ്ഞ ചടങ്ങില്‍ താനും ബിജെപി എംഎല്‍എമാരും പങ്കെടുക്കുമെന്നു സംസ്ഥാന പ്രസിഡന്റും നിയുക്ത എംഎല്‍എയുമായ രാജീവ് ചന്ദ്രശേഖര്‍ അറിയിച്ചു.

വയനാട്ടില്‍ നിന്ന് ഐസി ബാലകൃഷ്ണനെ മന്ത്രിയാക്കണമെന്നാവശ്യപ്പെട്ട് രാഹുല്‍ ഗാന്ധിക്കും പ്രിയങ്കാഗാന്ധിക്കും ഊര് മൂപ്പന്മാര്‍ ഇമെയില്‍ അയച്ചു. പട്ടിക വര്‍ഗ വിഭാഗത്തില്‍ നിന്നുള്ള ഐ സിയെ പരിഗണിക്കണമെന്ന് ആവശ്യപ്പെട്ട് കെ സി വേണുഗോപാലും എം കെ രാഘവനും രംഗത്തുണ്ട്.

വിദ്യാഭ്യാസ വകുപ്പ് ആര്‍ക്കു കൊടുക്കണമെന്ന് ബിജെപി നേതാവ് വി മുരളീധരനല്ല തീരുമാനിക്കേണ്ടതെന്ന് പാണക്കാട് മുനവറലി ശിഹാബ് തങ്ങള്‍. എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരുടെ ആരോപണങ്ങള്‍ക്ക് മറുപടി കൊടുക്കുന്നത് ലീഗിന്റെ സംസ്‌കാരമല്ലെന്നും മുനവറലി ശിഹാബ് തങ്ങള്‍ പറഞ്ഞു.

മുസ്ലിം ലീഗിന്റേത് ഉറച്ച മതേതര നിലപാടാണെന്ന് നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍. ലീഗ് യുഡിഎഫിന്റെ ശക്തി സ്രോതസാണെന്നും സതീശന്‍ പുകഴ്ത്തി. അതേസമയം, മന്ത്രി സ്ഥാനവുമായി ബന്ധപ്പെട്ട് ഒരു തര്‍ക്കവുമില്ലെന്ന് പാണക്കാട് സാദിക്കലി തങ്ങള്‍ പ്രതികരിച്ചു. തിരുവനന്തപുരത്ത് സതീശന്‍ തങ്ങളെ സന്ദര്‍ശിച്ചപ്പോഴാണ് ഈ പ്രതികരണം.

നിയുക്ത മുഖ്യമന്ത്രി വി.ഡി സതീശന് ആശംസകള്‍ അറിയിക്കാന്‍ ആശാവര്‍ക്കര്‍മാരുടെ സമരസമിതി നേതാക്കള്‍ കന്റോണ്‍മെന്റ് ഹൗസില്‍ എത്തി. ആശാവര്‍ക്കര്‍മാരുടെ വേതനം പരിഷ്‌കരിക്കുന്നത് ആദ്യ മന്ത്രിസഭായോഗം പരിഗണിച്ചേക്കും.

കെസി വേണുഗോപാലിനെതിരായ സൈബര്‍ ആക്രമണങ്ങളില്‍ രൂക്ഷവിമര്‍ശനവുമായി എംകെ രാഘവന്‍ എംപി. കെ സിയെ ഇനി ഒന്നും ചെയ്യാന്‍ ബാക്കിയില്ലെന്നും ചെയ്തവര്‍ക്ക് ആത്മസുഖം ഉണ്ടാകട്ടെയെന്നും എംകെ രാഘവന്‍ പറഞ്ഞു.

ആര്‍എസ്പി ഓഫീസ് സന്ദര്‍ശിച്ച് പയ്യന്നൂരില്‍ നിന്നു സ്വതന്ത്ര സ്ഥാനാര്‍ത്ഥിയായി ജയിച്ച വി കുഞ്ഞികൃഷ്ണന്‍. പയ്യന്നൂര്‍ തനിക്കു സമ്മാനിച്ചത് ചരിത്ര വിജയമാണ്. ആര്‍എസ്പിയുടെ സീറ്റില്‍ ഐക്യ ജനാധിപത്യമുന്നണി പിന്തുണ നല്‍കിയാണ് മല്‍സരിച്ചത്. അതുകൊണ്ടാണ് നന്ദി പ്രകടിപ്പിക്കാന്‍ ആര്‍എസ്പിയുടെ ഓഫീസില്‍വന്നതെന്നും അദ്ദേഹം പറഞ്ഞു.

ഇടുക്കി എംപി ഡീന്‍ കുര്യാക്കോസിനെതിരെ അധിക്ഷേപ പരാമര്‍ശം നടത്തിയ ഡിസിസി പ്രസിഡന്റ് സിപി മാത്യുവിനെതിരെ പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. സംഘടനാ നടപടി ആവശ്യപ്പെട്ട് എഐസിസിക്കും കെപിസിസി പ്രസിഡണ്ടിനും പരാതി നല്‍കി.

വാളയാര്‍ ആള്‍ക്കൂട്ട കൊലപാതക കേസില്‍ ഏഴു പ്രതികള്‍ക്കു കോടതി ജാമ്യം അനുവദിച്ചു. അന്വേഷണ സംഘം കുറ്റപത്രം സമര്‍പ്പിക്കാതിരുന്നതിനാലാണ് സ്വാഭാവിക ജാമ്യം അനുവദിച്ചത്. 2025 ഡിസംബര്‍ 17ന് വൈകിട്ടാണ് ഛത്തീസ്ഗഡ് സ്വദേശിയായ രാം നാരായണ്‍ ഭാഗേല്‍ ആള്‍ക്കൂട്ട ആക്രമണത്തില്‍ കൊല്ലപ്പെട്ടത്.

ഇന്ന് ഒമ്പതു ജില്ലകളില്‍ മഞ്ഞ ജാഗ്രത. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, എറണാകുളം, ഇടുക്കി, കണ്ണൂര്‍, കാസര്‍കോട് ജില്ലകളിലാണ് യെല്ലോ അലര്‍ട്ട്. ലക്ഷദ്വീപിലും യെല്ലോ അലര്‍ട്ടാണ്. ശക്തമായ കാറ്റിനും മിന്നലിനും സാധ്യതയുണ്ട്.

ഗാനരചയിതാവും റാപ്പറുമായ വേടന്റെ മാലയിലെ ലോക്കറ്റായ പുലിപ്പല്ല് യഥാര്‍ത്ഥ പുലിപ്പല്ലാണെന്ന് സ്ഥിരീകരിച്ചു. കൊല്‍ക്കത്തയിലെ സുവോളജി ലാബില്‍ നടത്തിയ പരിശോധനയിലാണ് സ്ഥിരീകരണം. റാപ്പര്‍ ഹിരണ്‍ ദാസ് മുരളിക്കെതിരെ വനം വകുപ്പ് ഉടന്‍ കുറ്റപത്രം സമര്‍പ്പിക്കും. മൂന്നു വര്‍ഷം വരെ തടവുശിക്ഷ ലഭിക്കാവുന്ന വകുപ്പാണ് ചുമത്തുക.

താര സംഘടനയായ അമ്മയുടെ ഭാരവാഹികള്‍ക്കെതിരെ ആരോപണങ്ങള്‍ക്ക് ഉയര്‍ന്നിരിക്കേ, പ്രസിഡന്റിന് കൂടുതല്‍ അധികാരം നല്‍കുന്ന ഭരണഘടനാ ഭേദഗതി വരുത്തുന്നു. കരട് രേഖ ഇന്ന് എക്സിക്യൂട്ടീവ് കമ്മിറ്റി തീരുമാനിക്കും. എക്‌സിക്യൂട്ടിവ് കമ്മിറ്റി അംഗീകരിച്ചാല്‍ ജൂണ്‍ 21 നു നടക്കുന്ന ജനറല്‍ ബോഡിയില്‍ ചര്‍ച്ച ചെയ്യും.

മകള്‍ വിവാഹിതയോ കന്യാസ്ത്രീയോ ആയാല്‍ അവര്‍ക്കു നല്‍കിയ ഭൂമി മകനു ലഭിക്കുമെന്ന പിതാവിന്റെ ധനനിശ്ചയ ആധാരത്തിലെ വ്യവസ്ഥ നിലനില്‍ക്കില്ലെന്നു ഹൈക്കോടതി. ഈ വ്യവസ്ഥ പ്രകാരം സഹോദരിയുടെ വിഹിതം സ്വന്തം പേരിലാക്കിയ വൈക്കം സ്വദേശിയുടെ അപ്പീല്‍ ജസ്റ്റിസ് എസ്.ഈശ്വരന്‍ തള്ളി.

കരള്‍ സംബന്ധമായ രോഗത്തിനു 15 ലക്ഷം രൂപ മുടക്കി നടത്തിയ ചികിത്സയ്ക്ക് ഇന്‍ഷുറന്‍സ് തുക അനുവദിക്കാത്ത സ്റ്റാര്‍ ഹെല്‍ത്ത് ഇന്‍ഷുറന്‍സ് കമ്പനി 5.35 ലക്ഷം രൂപ നഷ്ടപരിഹാരം നല്‍കണമെന്ന് ജില്ലാ ഉപഭോക്ത്യ കമീഷന്‍. താനാളൂര്‍ സ്വദേശി സമര്‍പ്പിച്ച ഹര്‍ജിയിലാണ് കമീഷന്‍ വിധി. രോഗകാരണം അമിതമായ ആല്‍ക്കഹോള്‍ ഉപയോഗമാണെന്നു വ്യാഖ്യാനിച്ചുകൊണ്ടാണ് കമ്പനി പണം അനുവദിക്കാതിരുന്നത്.

പെട്രോള്‍, ഡീസല്‍ വില വര്‍ധിപ്പിച്ചതോടെ കര്‍ണാടകയില്‍ സ്വകാര്യ ബസ് ചാര്‍ജ് വര്‍ധിപ്പിച്ചു. ബസ് ടിക്കറ്റ് നിരക്ക് 20 മുതല്‍ 30 ശതമാനം വരെയാണ് വര്‍ധിപ്പിച്ചത്. ഇന്ധനവില വര്‍ധിപ്പിച്ചതോടെ ബസ് ഓപ്പറേറ്റര്‍മാര്‍ക്ക് ഓരോ വാഹനത്തിനും ഇന്ധനച്ചെലവില്‍ മാത്രം മാസം 15,000 രൂപയുടെ അധിക ബാധ്യതയുണ്ടാകും.

പെട്രോള്‍ കയറ്റുമതിക്ക് ലിറ്ററിന് മൂന്നു രൂപ വീതം കേന്ദ്ര സര്‍ക്കാര്‍ പ്രത്യേക അധിക എക്സൈസ് തീരുവ ഏര്‍പ്പെടുത്തി. അതേസമയം, ഡീസല്‍ ലിറ്ററിന് 16.5 രൂപയും വിമാന ഇന്ധനത്തിന് 16 രൂപയും കയറ്റുമതി തീരുവ നിശ്ചയിച്ചു.

നീറ്റ് പരീക്ഷ ചോദ്യപേപ്പര്‍ വന്‍ തുകയ്ക്ക് വില്‍പ്പന നടത്തിയത് മുഖ്യസൂത്രധാരന്‍ പി വി കുല്‍ക്കര്‍ണിയുടെ സഹായി മനീഷ വാഗ്മറെ ആണെന്ന് സിബിഐ. ആണ്‍ സുഹൃത്തായ ധനഞ്ജയ് ലോഖണ്ഡെയ്‌ക്കൊപ്പമാണ് ചോദ്യപേപ്പര്‍ ലക്ഷക്കണക്കിന് രൂപയ്ക്ക് വിറ്റത്.

നീറ്റ് ചോദ്യപേപ്പര്‍ ചോര്‍ച്ചക്ക് പിന്നാലെ നാല് വിദ്യാര്‍ഥികള്‍ ആത്മഹത്യ ചെയ്തു. ഡല്‍ഹിയിലും ഉത്തര്‍പ്രദേശിലും ഗോവയിലും, രാജസ്ഥാനിലുമാണ് ആത്മഹത്യാ റിപ്പോര്‍ട്ട് ചെയ്തത്. മാനസിക സമ്മര്‍ദ്ദം മൂലമാണ് ആത്മഹത്യകള്‍ എന്നാണ് റിപ്പോര്‍ട്ടുകള്‍.

രേണുകാസ്വാമി കൊലക്കേസില്‍ ജാമ്യാപേക്ഷ സമര്‍പ്പിക്കാന്‍ ഒരുവര്‍ഷം കാത്തിരിക്കൂവെന്ന് നടന്‍ ദര്‍ശനോട് സുപ്രീംകോടതി. കേസിന്റെ വിചാരണ വേഗത്തില്‍ നടക്കുന്നുണ്ടോയെന്ന് ഒരുവര്‍ഷം നോക്കാമെന്നും പുരോഗതിയില്ലെങ്കില്‍ ജാമ്യാപേക്ഷ ആകാമെന്നും കോടതി വ്യക്തമാക്കി. സുഹൃത്തായ നടി പവിത്രഗൗഡയ്ക്ക് അശ്ലീലസന്ദേശങ്ങള്‍ അയച്ചതിനാണ് 2024 ജൂണ്‍ ഒന്‍പതിന് രേണുകാസ്വാമിയെ തട്ടിക്കൊണ്ടുപോയി കൊലപ്പെടുത്തിയത്.

മധ്യപ്രദേശില്‍ ധര്‍ ജില്ലയിലെ ഭോജ്ശാല-കമാല്‍ മൗല മസ്ജിദ് തര്‍ക്കഭൂമി സരസ്വതീക്ഷേത്രമാണെന്ന് മധ്യപ്രദേശ് ഹൈക്കോടതിയുടെ ഇന്‍ഡോര്‍ ബെഞ്ച് വിധിച്ചു.

തമിഴ്‌നാട്ടില്‍ ലഹരി ഉപയോഗം തടയാന്‍ സ്‌കൂളുകള്‍, കോളേജുകള്‍, ഹോസ്റ്റലുകള്‍, ബസ് സ്റ്റാന്‍ഡുകള്‍, റെയില്‍വേ സ്റ്റേഷനുകള്‍ എന്നിവയുടെ സമീപത്ത് സ്ഥിരമായി പരിശോധന നടത്തണമെന്ന വിജയ് സര്‍ക്കാര്‍ ഉത്തരവിട്ടു.

ഐഎസ് തലപ്പത്തെ രണ്ടാമനായ അബു ബിലാന്‍ അല്‍ മിനുക്കിയെ വധിച്ചെന്ന് യുഎസ് പ്രസിഡന്റ് ഡോണാള്‍ഡ് ട്രംപ്. യുഎസ് സൈന്യവും നൈജീരയന്‍ സായുധ സേനയും സംയുക്തമായി നൈജീരിയയില്‍ നടത്തിയ ഓപ്പറേഷനിലാണ് ഐഎസിന്റെ ആഗോളതലത്തിലെ രണ്ടാം നിരക്കാരനായ അബു ബിലാന്‍ അല്‍ മിനുക്കിയെ വധിച്ചതെന്ന് ട്രംപ് ട്രൂത്ത് സോഷ്യലിലൂടെ അറിയിച്ചു.

ഹമാസിന്റെ സൈനിക വിഭാഗമായ അല്‍-ഖസ്സാം ബ്രിഗേഡ്‌സിന്റെ തലവന്‍ ഇസ്സുദ്ദീന്‍ അല്‍-ഹദ്ദാദിനെ ലക്ഷ്യമിട്ട് ഇസ്രായേല്‍ സൈന്യം ഗാസയില്‍ കനത്ത വ്യോമാക്രമണം നടത്തി. ഗാസ സിറ്റിയിലെ റിമാല്‍ മേഖലയിലുള്ള ഒരു അപ്പാര്‍ട്ട്‌മെന്റിന് നേരെയാണ് ആക്രമണമുണ്ടായത്.

ഇസ്രയേല്‍- ലെബനന്‍ വെടിനിര്‍ത്തല്‍ 45 ദിവസത്തേക്ക് കൂടി നീട്ടി. വാഷിങ്ടണില്‍ നടന്ന രണ്ട് ദിവസത്തെ സമാധാന ചര്‍ച്ചക്കു ശേഷമാണ് തീരുമാനം. ഈ മാസം അവസാനം കൂടുതല്‍ ചര്‍ച്ചകള്‍ നടക്കുമെന്ന് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് അറിയിച്ചു. അതേസമയം, ലെബനനില്‍ ഇസ്രയേല്‍ നടത്തിയ ആക്രമണത്തില്‍ 11 പേര്‍ കൊല്ലപ്പെട്ടു.

ഹോര്‍മൂസ് ഒഴിവാക്കി ഫുജൈറ തുറമുഖത്തേക്കുള്ള എണ്ണ പൈപ്പ് ലൈന്‍ ശേഷി ഇരട്ടിയാക്കുന്ന യുഎഇയുടെ പ്രവര്‍ത്തനം അടുത്ത വര്‍ഷത്തോടെ പൂര്‍ത്തിയാകുമെന്ന് യുഎഇ. ഇന്ത്യയുടെ ഊര്‍ജ്ജ സുരക്ഷ മെച്ചപ്പെടുത്താന്‍ ഇതുമൂലം കഴിയും. പ്രതിദിനം പതിനഞ്ച് ലക്ഷം എണ്ണ എത്തിക്കാന്‍ ശേഷിയുള്ളതാണ് പൈപ്പ് ലൈന്‍.

ദക്ഷിണാഫ്രിക്കയില്‍ ആശങ്ക ഉയര്‍ത്തി എബോള പടര്‍ന്നുപിടിക്കുന്നു. ഇതുവരെ 80 മരണങ്ങള്‍ സ്ഥിരീകരിച്ചു. കിഴക്കന്‍ ഇട്ടൂരി പ്രവിശ്യയില്‍ 246 ഓളം സംശയാസ്പദമായ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.

ചൈന സന്ദര്‍ശനം കഴിഞ്ഞ് തിരിച്ചെത്തിയ യുഎസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ് ഇറാനെതിരെ നിര്‍ണായക സൈനിക നീക്കം നടത്തുമെന്ന് റിപ്പോര്‍ട്ടുകള്‍.

ഓപ്പണ്‍ ഹാര്‍ട്ട് സര്‍ജറിക്കു ശേഷം അടിക്കടി സുഖവിവരങ്ങള്‍ അന്വേഷിച്ച് ‘ശല്യപ്പെടുത്തി’യെന്ന കാരണത്താല്‍ യുഎസില്‍ അറുപത്തഞ്ചുകാരി ഭര്‍ത്താവിനെ വെടിവച്ച് കൊന്നു. അലബാമയിലെ റസ്സല്‍വില്ലില്‍ താമസിക്കുന്ന ഷേരി മിച്ചല്‍ ക്ലട്ട്സ് (65) ആണ്, 15 വര്‍ഷമായി ഒന്നിച്ച് ജീവിച്ചിരുന്ന ഭര്‍ത്താവ് തിമോത്തി ക്ലട്ട്സിനെ (69) കൊലപ്പെടുത്തിയത്.

രാജ്യത്തെ ഏറ്റവും വലിയ സ്വര്‍ണ പണയ സ്ഥാപനമായ മുത്തൂറ്റ് ഫിനാന്‍സ് കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തില്‍ റെക്കാഡ് അറ്റാദായം കൈവരിച്ചു. ഇക്കാലയളവില്‍ 10,134 കോടി രൂപയുടെ അറ്റാദായമാണ് കമ്പനി നേടിയത്. മുന്‍വര്‍ഷത്തെ 5,201 കോടി രൂപയേക്കാള്‍ അറ്റാദായത്തില്‍ 95 ശതമാനം വര്‍ദ്ധനയുണ്ട്. മുത്തൂറ്റ് ഗ്രൂപ്പിന്റെ സംയോജിത വായ്പ ആസ്തികള്‍ 49 ശതമാനം വാര്‍ഷിക വളര്‍ച്ചയോടെ 1,81,916 കോടി രൂപയിലെത്തി റെക്കോഡിട്ടു. സംയോജിത ലാഭം 98 ശതമാനം ഉയര്‍ന്ന് 10,607 കോടി രൂപയായി. വായ്പാ ആസ്തികള്‍ 50 ശതമാനം വളര്‍ന്ന് 1,62,826 കോടി രൂപയായി. സ്വര്‍ണ പണയ വായ്പ ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന 50 ശതമാനം വളര്‍ച്ചയുമായി 1,54,084 കോടി രൂപയിലെത്തി. ശക്തമായ സാമ്പത്തിക പ്രകടനം, ആസൂത്രിതമായ ശാഖാ വികസനം, അചഞ്ചലമായ ഉപഭോക്തൃ വിശ്വാസം എന്നിവയാണ് ലാഭക്കുതിപ്പിന് കരുത്തായത്.

സ്നാപ്ചാറ്റ്, ബിറീല്‍ തുടങ്ങിയ എതിരാളികളില്‍നിന്ന് ആശയങ്ങള്‍ കടമെടുത്ത് ഇന്‍സ്റ്റഗ്രാമില്‍ ‘ഇന്‍സ്റ്റന്റ്സ്’ എന്ന പേരില്‍ പുതിയ ഫോട്ടോ ഷെയറിങ് ഫീച്ചര്‍ അവതരിപ്പിച്ച് മെറ്റ. എഡിറ്റ് ചെയ്യാത്ത യഥാര്‍ത്ഥ ചിത്രങ്ങള്‍ അടുത്ത സുഹൃത്തുക്കളുമായോ ഫോളോവര്‍മാരുമായോ താത്കാലികമായി പങ്കുവെക്കാന്‍ ഇതിലൂടെ സാധിക്കും. ഇന്‍സ്റ്റഗ്രാം ആപ്പില്‍നിന്ന് ഇന്‍സ്റ്റന്റ്സ് ആക്സസ് ചെയ്യാന്‍ ഡി.എം. ഇന്‍ബോക്സില്‍ പോയി താഴെ വലതുഭാഗത്ത് മൂലയിലുള്ള ഐക്കണിലോ ഫോട്ടോകളുടെ കൂട്ടത്തിലോ നോക്കുക. ഒരു ഫോട്ടോ പോസ്റ്റ് ചെയ്തുകഴിഞ്ഞാല്‍ സുഹൃത്തുക്കള്‍ക്ക് ഇമോജി വഴി പ്രതികരിക്കാനും ഡി.എമ്മിലേക്ക് മറുപടി അയക്കാനും കഴിയും; എന്നാല്‍ ഒരിക്കല്‍ കണ്ടുകഴിഞ്ഞാല്‍ ആ ഫോട്ടോ അവര്‍ക്ക് പിന്നീട് കാണാനാവില്ല. ഇന്‍സ്റ്റന്റ്സുകള്‍ 24 മണിക്കൂറിനുശേഷം അപ്രത്യക്ഷമാകും. ഇന്‍സ്റ്റന്റ് അയക്കുന്നത് ഉടനെ തന്നെ പിന്‍വലിക്കാനും ആര്‍ക്കൈവില്‍നിന്ന് ഡെലീറ്റ് ചെയ്യാനുമെല്ലാമുള്ള സൗകര്യം ലഭ്യമാണ്.

ലോകേഷ് കനകരാജ് നായകനാകുന്ന പുതിയ സിനിമ ‘ഡിസി’ ട്രെയിലര്‍ എത്തി. സ്വന്തം സിനിമകളിലെ നായകന്മാരെ പുനഃസൃഷ്ടിക്കുകയാണ് ഈ ചിത്രത്തിലൂടെ ലോകേഷ്. മുടിയും താടിയും നീട്ടിവളര്‍ത്തി ദേവ്ദാസ് എന്ന കഥാപാത്രമായാണ് ലോകേഷ് എത്തുന്നത്. പരുക്കന്‍ ലുക്കിലാണ് ലോകേഷ് എത്തുന്നത്. വാമിഖ ഗബ്ബി നായികയായെത്തുന്നു. ഒരു പ്രതികാര കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. അനിരുദ്ധിന്റെ ബിജിഎം ആണ് ട്രെയിലറിന്റെ പ്രധാന ആകര്‍ഷണം. അരുണ്‍ മാഥേശ്വരന്‍ സംവിധാനം ചെയ്യുന്ന ചിത്രം നിര്‍മിക്കുന്നത് സണ്‍ പിക്‌ചേഴ്‌സാണ്. ചിത്രം കാന്‍ ഫെസ്റ്റിവലില്‍ പ്രിമിയര്‍ ചെയ്തിരുന്നു.

കോപ്പ്-നോയര്‍ കെന്നഡിക്ക് ശേഷം ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന അനുരാഗ് കശ്യപ് ചിത്രം ‘ബന്ദറി’ന്റെ ടീസര്‍ റിലീസ് ആയി. തിളങ്ങുന്ന ജാക്കറ്റ് ധരിച്ച്, ഇലക്ട്രിക് ഗിറ്റാര്‍ പിടിച്ചുകൊണ്ട്, ഒരു റോക്ക് സ്റ്റാറിന്റെ രൂപത്തിലാണ് ബോബി ഡിയോള്‍ പോസ്റ്ററില്‍ പ്രത്യക്ഷപ്പെടുന്നത്. ശ്രദ്ധേയമായ വേഷത്തില്‍ മലയാളികളുടെ ഇന്ദ്രജിത്ത് സുകുമാരനും ചിത്രത്തിലുണ്ട്. ഇന്ദ്രജിത്തിന്റെ ബോളിവുഡ് അരങ്ങേറ്റം കൂടിയാണ് ഈ പടം. സുദീപ് ശര്‍മ്മയും അഭിഷേക് ബാനര്‍ജിയും ചേര്‍ന്നാണ് തിരക്കഥ എഴുതുന്നത്. രാജ് ബി ഷെട്ടി, സപ്ന പബ്ബി, സബ ആസാദ്, റിദ്ധി സെന്‍, ജിതേന്ദ്ര ജോഷി, നാഗേഷ് ഭോണ്‍സ്ലെ തുടങ്ങിയവരും ചിത്രത്തിലുണ്ട്. ജൂണ്‍ 5 ന് ബന്ദര്‍ ലോകമെമ്പാടുമുള്ള തിയേറ്റര്‍ റിലീസ് ചെയ്യാന്‍ ഷെഡ്യൂള്‍ ചെയ്തിട്ടുണ്ട്.

വീണ്ടും ശക്തമായ തിരിച്ചുവരവ് നടത്തി റെനോ ഇന്ത്യ. ഏപ്രിലിലെ വില്‍പ്പന കണക്കുകള്‍ പ്രകാരം, റെനോ ഇന്ത്യ മൊത്തം 5,413 പാസഞ്ചര്‍ വാഹനങ്ങള്‍ ഡീലര്‍ഷിപ്പുകളില്‍ എത്തിച്ചു. 2025ല്‍ ഇത് വെറും 2,602 യൂണിറ്റായിരുന്നു. 108 ശതമാനം വളര്‍ച്ച. 36 മാസത്തിനിടയിലെ ഏറ്റവും ഉയര്‍ന്ന പ്രതിമാസ വില്‍പ്പനയാണിത്. മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളിലെ മൊത്തം ഡസ്റ്റര്‍ വില്‍പ്പന 3,761 യൂണിറ്റുകളിലെത്തി. ഈ രണ്ട് മാസങ്ങളില്‍ റെനോയുടെ മൊത്തം പാസഞ്ചര്‍ വാഹന വില്‍പ്പന 10,459 യൂണിറ്റായിരുന്നു, ഇതില്‍ ഡസ്റ്റര്‍ മാത്രം 36 ശതമാനമാണ്. ഏപ്രിലില്‍ കമ്പനിയുടെ മൊത്തം 9,333 വാഹനങ്ങളുടെ ഉല്‍പ്പാദനത്തില്‍ ഏകദേശം 48 ശതമാനവും ഡസ്റ്ററായിരുന്നു. മൂന്നാം തലമുറ റെനോ ഡസ്റ്ററിന്റെ വില 10.49 ലക്ഷം മുതല്‍ 18.49 ലക്ഷം (എക്സ്-ഷോറൂം) വരെ ഉയരുന്നു. 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍, 1.3 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എഞ്ചിനുകളാണ് ഈ എസ്യുവിക്ക് കരുത്ത് പകരുന്നത്.

മലയാളത്തിലെ ആധുനിക കവിതയ്ക്ക് തുടക്കംകുറിക്കുകയും കവനത്തിനു നവീനമായൊരു ഭാവമണ്ഡലം വികസിപ്പിക്കുകയും അതിനനുയോജ്യമായ രൂപാവിഷ്‌കാരം നടത്തുകയും ചെയ്ത എന്‍.എന്‍. കക്കാടിന്റെ കാവ്യമണ്ഡലത്തില്‍നിന്നും കവിയുടെ മകന്‍ ശ്രീകുമാര്‍ കക്കാട് തിരഞ്ഞെടുത്ത 101 കവിതകളുടെ സമാഹാരം. ‘പ്രിയപ്പെട്ട 101 എന്‍.എന്‍. കക്കാട് കവിതകള്‍’. സമാഹരണം – ശ്രീകുമാര്‍ കക്കാട്.

പല്ലുകളിലുണ്ടാകുന്ന അണുബാധ തലച്ചോറിനെ വരെ ബാധിക്കാം. നമ്മുടെ ശരീരത്തിലെ മിക്ക സിരകള്‍ക്കും വാല്‍വുകളുണ്ട്. എന്നാല്‍ വാല്‍വുകളില്ലാത്ത സിരകള്‍ പല്ലുകളുടെ ഭാഗത്തുണ്ട്. ഇവ തലച്ചോറിനെ ചുറ്റിപ്പിറ്റിയുള്ള ദ്രാവകവുമായി നേരിട്ട് ആശയവിനിമയം നടത്തുന്നു. പല്ലുകളില്‍ ബാധിക്കുന്ന അണുബാധ ഈ സിരകളിലൂടെ തലച്ചോറിനെ ബാധിക്കാനും മെനിഞ്ചൈറ്റിസിലേക്ക് നയിക്കാനും കാരണമാകാം. അതുകൊണ്ടുതന്നെ കീമോതെറാപ്പി, റേഡിയേഷന്‍, ഡയാലിസിസ് അല്ലെങ്കില്‍ ഹൃദയശസ്ത്രക്രിയയ്ക്ക് വിധേയരാകുന്ന രോഗികള്‍ക്ക് ഓറല്‍ ഹെല്‍ത്ത് വളരെ പ്രധാനമാണ്. ഫ്ലൂറോയിഡ് അടങ്ങിയ പേസ്റ്റ് വേണമെന്ന് നിര്‍ബന്ധമില്ല. ഭക്ഷണം കഴിക്കുന്നതിലൂടെ നമ്മുടെ പല്ലുകള്‍ക്ക് ചെറിയ തോതില്‍ തേയ്മാനം സംഭവിക്കുന്നുണ്ട്. ബ്രഷ് ചെയ്യുമ്പോഴും ഇതേ തേയ്മാനം സംഭവിക്കാം. പല്ലുകള്‍ തേക്കുന്ന രീതിയും പ്രധാനമാണ്. സൈഡിലേക്ക് പല്ലുകള്‍ തേക്കുന്നതിനെക്കാള്‍ മുകളിലോട്ടും താഴേക്കും ചലിക്കുന്നതാണ് നല്ലത്. പല്ലു വൃത്തിയാക്കുന്നതിന്റെ ഭാഗമാണ് ടങ് ക്ലീനര്‍ ഉപയോഗിച്ച് നാവ് വൃത്തിയാക്കുന്നത്. എന്നാല്‍ ശക്തിയായി ടങ് ക്ലീനര്‍ ഉപയോഗിക്കുന്നത് നാവിന് മുകളിലെ രുചി കുമിളകളെ നശിപ്പിക്കാന്‍ കാരണമാകും. നാവ് വൃത്തിയാക്കാന്‍ സൗമ്യമായ ഒരു ബ്രഷ് ഉപയോഗിക്കുന്നതാണ് നല്ലത്.

ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 95.97, പൗണ്ട് – 127.91, യൂറോ – 111.44, സ്വിസ് ഫ്രാങ്ക് – 121.84, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 68.61, ബഹറിന്‍ ദിനാര്‍ – 254.30, കുവൈത്ത് ദിനാര്‍ -311.22, ഒമാനി റിയാല്‍ – 249.51, സൗദി റിയാല്‍ – 25.43, യു.എ.ഇ ദിര്‍ഹം – 26.06, ഖത്തര്‍ റിയാല്‍ – 26.13, കനേഡിയന്‍ ഡോളര്‍ – 69.72.

 

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *