പാര്‍ലമെന്റില്‍ കറുത്ത വസ്ത്രമണിഞ്ഞ് പ്രതിപക്ഷാംഗങ്ങളുടെ പ്രതിഷേധം. പരീക്ഷാ വീഴ്ചകളും പോലീസ് നടപടികളും ചര്‍ച്ച ചെയ്യാമെന്ന് കേന്ദ്ര പാര്‍ലമെന്ററികാര്യ മന്ത്രി കിരണ്‍ റിജിജു പറഞ്ഞു. സ്പീക്കര്‍ സന്നദ്ധത അറിയിച്ചു. എന്നാല്‍ കേന്ദ്രമന്ത്രി ധര്‍മേന്ദ്ര പ്രധാന്‍ രാജിവച്ചശേഷം ചര്‍ച്ച മതിയെന്ന് പ്രതിപക്ഷ നേതാവ് രാഹുല്‍ഗാന്ധി നിലപാടെടുത്തു.
ഡല്‍ഹിയില്‍ പാറ്റ പാര്‍ട്ടിക്കു പിന്തുണയുമായി കൂടുതല്‍ ജനങ്ങള്‍ എത്തി. സിജെപി നേതാക്കളുമായി ചര്‍ച്ച നടത്താമെന്ന് കേന്ദ്ര സര്‍ക്കാര്‍. കേന്ദ്രമന്ത്രി ജെ.പി. നദ്ദയുടെ വസതിയില്‍ ഉച്ചയ്ക്കു രണ്ടിനു ചര്‍ച്ച നടത്താമെന്നാണു വാഗ്ദാനം ചെയ്തിരുന്നതെങ്കിലും ഇരുകൂട്ടരും ചര്‍ച്ചയ്ക്ക് എത്തിയില്ല. മന്ത്രിയുടെ വസതിയില്‍ ചര്‍ച്ച നടത്താനില്ലെന്നാണ് സിജെപിയുടെ നിലപാട്. പ്രക്ഷോഭം തകര്‍ക്കാനുള്ള തന്ത്രമാണു ചര്‍ച്ചയെന്നാണ് സിജെപി നിലപാട്. ഇന്നു വൈകുന്നേരം കോണ്‍ഗ്രസ് നേതാക്കള്‍ ജന്തര്‍മന്ദറില്‍ എത്തുമെന്ന അഭ്യൂഹമുണ്ട്.
വിദ്യാര്‍ത്ഥി പ്രതിഷേധക്കാര്‍ക്കെതിരെ പോലീസ് നടത്തിയ നടപടികളിലെ അതിക്രമങ്ങള്‍ ആരോപിച്ചുള്ള ഹര്‍ജിയില്‍, സ്വമേധയാ നടപടി സ്വീകരിക്കാനോ അത് അടിയന്തരമായി പരിഗണനയ്ക്കായി ലിസ്റ്റ് ചെയ്യാനോ സുപ്രീം കോടതി വിസമ്മതിച്ചു. വീഡിയോകള്‍ സമര്‍പ്പിച്ച് കോടതിയുടെ സമയം ‘പാഴാക്കരുതെന്നും’ പകരം നിയമപരമായ ഉചിതമായ മാര്‍ഗ്ഗങ്ങള്‍ തേടണമെന്നും ചീഫ് ജസ്റ്റീസ് സൂര്യകാന്ത് നിര്‍ദേശിച്ചു.
റാഗിംഗ് തടയാന്‍ നിയമം കൊണ്ടുവരുമെന്ന് മുഖ്യമന്ത്രി വിഡി സതീശന്‍. റാഗിങ്ങിന് ഇരയായി മരിച്ച സിദ്ധാര്‍ത്ഥിന്റെ പേരില്‍ ആപ് പുറത്തിറക്കും. വിദ്യാര്‍ത്ഥികള്‍ക്ക് ആപ് വഴി പരാതി നല്‍കാം. മുഖ്യമന്ത്രി പറഞ്ഞു.
മന്ത്രിസ്ഥാനം വാഗ്ദാനം ചെയ്ത് എലത്തൂര്‍ എം.എല്‍.എ വിദ്യ ബാലകൃഷ്ണനില്‍നിന്നു പണം തട്ടാന്‍ ഫോണ്‍ വിളിച്ച സിം കാര്‍ഡിന്റെ ഉടമയെ അന്വേഷണ സംഘം ഡല്‍ഹിയില്‍ കണ്ടെത്തി. രണ്ടു മാസം മുന്‍പ് തന്റെ ഫോണ്‍ നഷ്ടപ്പെട്ടിരുന്നെന്നും, എംഎല്‍എയെ ഫോണില്‍ വിളിച്ചതുമായി തനിക്ക് ഒരു ബന്ധവുമില്ലെന്നും ഇയാള്‍ മൊഴി നല്‍കി.
സംസ്ഥാനത്തു വൈദ്യുതി ഉപയോഗം കഴിഞ്ഞ വര്‍ഷത്തേക്കാള്‍ 1000 മെഗാ വാട്ട് വര്‍ധിച്ചെന്ന് മുഖ്യമന്ത്രി വി.ഡി. സതീശന്‍. എല്‍നിനോ പ്രതിഭാസംമൂലം മഴ കുറഞ്ഞു, ഡാമില്‍ വെള്ളം കുറഞ്ഞു, വൈദ്യുതി ഉല്‍പാദനം വര്‍ധിപ്പിക്കാനായില്ല. മഴയില്ലാത്തതുമൂലം വൈദ്യുതി ഉപയോഗം കൂടി. ദേശീയ വൈദ്യുതി വിപണിയില്‍ ആവശ്യത്തിന് വൈദ്യുതി ഇല്ലാത്തതും പ്രശ്നമായി. ഉമ്മന്‍ചാണ്ടി സര്‍ക്കാരിന്റെ കാലത്തു കുറഞ്ഞ നിരക്കില്‍ വൈദ്യുതി ലഭിക്കുന്ന ദീര്‍ഘകാല കരാര്‍ എല്‍ഡിഎഫ് സര്‍ക്കാര്‍ റദ്ദാക്കിയതും കൂടുതല്‍ നിരക്കില്‍ അദാനിയില്‍ നിന്ന് വൈദ്യുതി വാങ്ങിയതും പ്രതിസന്ധിക്കു കാരണമായെന്ന് സതീശന്‍.
സര്‍ക്കാര്‍ അധികാരത്തിലേറി രണ്ടു മാസം കഴിഞ്ഞിട്ടും മന്ത്രി ബിന്ദു കൃഷ്ണയ്ക്ക് പ്രൈവറ്റ് സെക്രട്ടറിയെ നിയമിക്കാനായില്ല. സംഘടനാ ചുമതലയുള്ള എ.ഐ.സി.സി ജനറല്‍ സെക്രട്ടറി കെ.സി വേണുഗോപാല്‍ നിര്‍ദ്ദേശിച്ച ഉദ്യോഗസ്ഥനെ നിയമിക്കാന്‍ മുഖ്യമന്ത്രി വി.ഡി സതീശന്‍ അനുമതി നല്‍കാത്തതാണ് കാരണമെന്ന് റിപ്പോര്‍ട്ടുകള്‍.
കൈവിലങ്ങ് ഉപയോഗിക്കുന്നതിന് മാനദണ്ഡങ്ങള്‍ പുറത്തിറക്കി ഡിജിപി. കൈവിലങ്ങ് അണിയിക്കുമ്പോള്‍ വിവേചനാധികാരം പാലിക്കണം. ഒരാളുടെ അന്തസ് കെടുത്താന്‍ ബോധപൂര്‍വ്വം വിലങ്ങ് ധരിപ്പിക്കരുത്. വാര്‍ദ്ധക്യം, രോഗം എന്നിവ പരിശോധിക്കണം. വിലങ്ങ് ധരിപ്പിക്കേണ്ടിവന്ന സാഹചര്യം കോടതിയെ അറിയിക്കുകയും ചെയ്യണം. ഡിജിപി നിര്‍ദേശിച്ചു.
ആലപ്പുഴയില്‍ മുന്‍മുഖ്യമന്ത്രിയുടെ ഗണ്‍മാന്മാര്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ മര്‍ദിച്ച സംഭവത്തില്‍ ഗണ്‍മാന്മാരെ സംരക്ഷിക്കാന്‍ കേസ് അട്ടിമറിച്ചുവെന്ന പരാതിയില്‍ വിശദീകരണം നല്‍കാന്‍ എഡിജിപി എം ആര്‍ അജിത് കുമാര്‍ സാവകാശം ആവശ്യപ്പെട്ടു. ഡിജിപിക്ക് ഇന്നലെ നല്‍കിയ മറുപടിയിലാണ് ഈ ആവശ്യം ഉന്നയിച്ചത്. റിപ്പോര്‍ട്ട് നല്‍കുമ്പോള്‍ വയനാട്ടിലായിരുന്നുവെന്നും ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി കണ്ടിട്ടില്ലെന്നും അജിത് കുമാര്‍ വിശദീകരിച്ചു.
പ്രതിപക്ഷനേതാവ് പിണറായി വിജയന്റെ വീട്ടിലെത്തിയ ഇ.ഡി. ഉദ്യോഗസ്ഥരെ ആക്രമിച്ച കേസിലെ പ്രതികളുടെ ജാമ്യഹര്‍ജി വീണ്ടും കോടതി തള്ളി. കഴിഞ്ഞ 57 ദിവസമായി ജയിലില്‍ കഴിയുന്ന പ്രതികള്‍ക്ക് ഇനി 23 ദിവസം ജയിലില്‍ തുടരാം.
താമരശ്ശേരി ചുരം ബൈപ്പാസ് പദ്ധതി കേന്ദ്ര ഉപരിതല ഗതാഗത മന്ത്രാലയത്തിനും എന്‍എച്ച്എയ്ക്കും മുന്നില്‍ അടിയന്തരമായി ഉന്നയിക്കുമെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ എംഎല്‍എ. വയനാട് ചുരം ബൈപ്പാസ് ആക്ഷന്‍ കമ്മിറ്റി പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തിയ ശേഷമാണ് ഈ പ്രതികരണം.
കേരള ഉത്പന്നങ്ങള്‍ യുഎസ്, യൂറോപ്യന്‍ വിപണികളില്‍ എത്തിക്കാന്‍ ഫ്ളിപ്കാര്‍ട്ട് പദ്ധതിയൊരുങ്ങുന്നു. സംസ്ഥാന സര്‍ക്കാരുമായി സഹകരിച്ചാണ് ഈ പദ്ധതി നടപ്പാക്കുന്നത്.
ശബരിമലയില്‍ കണ്ഠര് രാജീവരുടെ തന്ത്രി സ്ഥാനം സംബന്ധിച്ച് ദേവസ്വം ബോര്‍ഡിന് തീരുമാനം എടുക്കാമെന്ന് ഹൈക്കോടതി. തന്ത്രിസ്ഥാനത്ത് രാജീവര് തുടരണമോ എന്നതില്‍ നിര്‍ണായക തീരുമാനം നാളത്തെ ബോര്‍ഡ് യോഗത്തില്‍ എടുക്കും.
മുന്‍ സര്‍ക്കാരിന്റ കാലത്ത് നടന്ന ഡയറ്റ് ലക്ചറര്‍ നിയമനങ്ങളില്‍ വന്‍ ക്രമക്കേടുകള്‍ നടന്നതായി ആരോപണം. കാലിക്കറ്റ് യൂണിവേഴ്സിറ്റി കേന്ദ്രീകരിച്ച് ഇടത് അനുകൂല അധ്യാപകര്‍ക്ക് വേണ്ടി പിഎസ്സി പരീക്ഷ അട്ടിമറിച്ചെന്നാണു പരാതി. പ്രത്യേക അന്വേഷണസംഘം പരാതിക്കാരന്റെ മൊഴി രേഖപ്പെടുത്തി.
നിതിന്‍ രാജ് ആത്മഹത്യ കേസില്‍ പ്രതി ഡോ. എം കെ റാമിനെ അറസ്റ്റ് ചെയ്തതിലെ നിയമപരമായ വീഴ്ചകളില്‍ പോലീസിനെയും സര്‍ക്കാരിനെയും ഹൈക്കോടതി രൂക്ഷമായി വിമര്‍ശിച്ചു. പ്രതിക്ക് രക്ഷപ്പെടാന്‍ പോലീസ് ഒത്തുകളിച്ചോ എന്ന് സംശയം പ്രകടിപ്പിച്ച കോടതി, വീഴ്ച വരുത്തിയ ഉദ്യോഗസ്ഥര്‍ക്കെതിരെ നടപടിയെടുക്കാത്തതില്‍ സര്‍ക്കാരിനോട് വിശദീകരണം തേടി.
ഡല്‍ഹിയില്‍ നടക്കുന്ന സമരം കേന്ദ്രസര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുന്തോറും കൂടുതല്‍ ജനപിന്തുണ ആര്‍ജിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍. രാഹുല്‍ ഗാന്ധിയെ അറസ്റ്റ് ചെയ്തതില്‍ ശക്തമായ പ്രതിഷേധം അറിയിക്കുന്നതായും പിണറായി വിജയന്‍ പറഞ്ഞു.
കായംകുളം നഗരസഭയില്‍ എല്‍ഡിഎഫ് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ തമ്മില്‍ കയ്യാങ്കളി. നഗരസഭയുടെ രണ്ടാം വാര്‍ഡില്‍ പ്രവര്‍ത്തിച്ചിരുന്ന അംഗന്‍വാടി മറ്റൊരു വാര്‍ഡിലേക്ക് മാറ്റുന്നതുമായി ബന്ധപ്പെട്ട ചര്‍ച്ചയാണ് കയ്യാങ്കളിയില്‍ കലാശിച്ചത്. എല്‍ഡിഎഫ് കൗണ്‍സിലര്‍മാര്‍ നഗരസഭ ചെയര്‍മാന്‍ ശരത് ലാല്‍ ബെല്ലാരിയെ തളളി താഴെയിട്ടെന്ന് യുഡിഎഫ് ആരോപിച്ചു. പരിക്കേറ്റെന്ന പരാതിയുമായി നാല് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ താലൂക്ക് ആശുപത്രിയില്‍ ചികില്‍സ തേടി.
മസ്തിഷ്‌ക മരണം സംഭവിച്ച കൊല്ലം കോര്‍പ്പറേഷന്‍ കൗണ്‍സിലറും വിദ്യാഭ്യാസ-കായിക സ്റ്റാന്‍ഡിംഗ് കമ്മിറ്റി ചെയര്‍മാനുമായ ബി. അജിത് കുമാറിന്റെ (53) അവയവങ്ങള്‍ അഞ്ചുപേര്‍ക്ക് പുതുജീവനേകും. ജൂലൈ 19 നു സ്ട്രോക്ക് സംഭവിച്ചതിനെ തുടര്‍ന്ന് ആശുപത്രിയില്‍ ചികില്‍സയിലായിരുന്നു അദ്ദേഹം.
ആലപ്പുഴ മണ്ണഞ്ചേരിയില്‍ മോഷണം നടത്തിയ കുറുവ സംഘത്തിലെ രണ്ടാംപ്രതി കാട്ടുപൂച്ചനെ ആലപ്പുഴ ജുഡീഷ്യല്‍ ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതി തെളിവുകളുടെ അഭാവത്തില്‍ വെറുതെ വിട്ടു. കേസിലെ മുഖ്യപ്രതി സന്തോഷ് സെല്‍വം കുറ്റക്കാരനാണെന്ന് കോടതി കണ്ടെത്തി. 2024 ലായിരുന്നു കുറുവാ സംഘത്തിന്റെ മോഷണ പരമ്പര നടന്നത്.
ഇഡി ആക്രമണക്കേസില്‍ പ്രതിചേര്‍ക്കപ്പെട്ട് തിരുവനന്തപുരം സെന്‍ട്രല്‍ ജയിലില്‍ റിമാന്റില്‍ കഴിയുന്ന സിപിഎം പ്രവര്‍ത്തകര്‍ വി.എസ് അച്യുതാനന്ദന്‍ അനുസ്മരണം സംഘടിപ്പിച്ചതില്‍ അന്വേഷണം. സംഭവത്തില്‍ ഗുരുതര ചട്ട ലംഘനമുണ്ടായെന്നാണ് വിലയിരുത്തല്‍. അനുസ്മരണം സംഘടിപ്പിച്ചത് ഉദ്യോഗസ്ഥരുടെ മൗനാനുവാദത്തോടെയെന്നാണ് ആക്ഷേപം.
തൃശൂര്‍ പീച്ചി പ്രദേശത്തു ഭൂചലനം. വെള്ളക്കാരിത്തടം, തെക്കേക്കുളം, പള്ളിക്കുന്ന്, പീച്ചി എന്നീ പ്രദേശങ്ങളിലാണ് പ്രകമ്പനം ഉണ്ടായത്. രാവിലെ ഒമ്പതു മണിയോടെയായിരുന്നു ഭൂചലനം അനുഭവപ്പെട്ടത്.
പോത്തന്‍കോട് വിമുക്തഭടനെ യുവതിയും സുഹൃത്തുക്കളും ചേര്‍ന്ന് മദ്യം നല്‍കി കവര്‍ച്ച നടത്തിയ സംഭവത്തില്‍ മൂന്നു പ്രതികള്‍ പിടിയില്‍. ആലപ്പുഴയിലെ ധ്യാനകേന്ദ്രത്തില്‍ നിന്നാണ് പ്രതികളായ ആറാലുംമുട് സ്വദേശി ദീപ, മകന്‍ അഖില്‍, പ്രകാശന്‍ എന്നിവരെ പിടികൂടിയത്. ഹണിട്രാപ് കേസില്‍ ദീപ മുന്‍പും അറസ്റ്റിലായിട്ടുണ്ട്.
നാടക കലാകാരനെക്കുറിച്ചുള്ള ലേഖനം ദേശാഭിമാനി വാരന്തപ്പതിപ്പില്‍ ഉണ്ടായിരുന്നില്ലെന്ന് എം. സ്വരാജ്. വാരാന്തപ്പതിപ്പ് എഡിറ്റര്‍ക്കെതിരെ നടപടിയെടുത്തിട്ടില്ല. തെറ്റായ പ്രചരണമാണു നടക്കുന്നതെന്നും ഏതു വാര്‍ത്ത നല്‍കണമെന്ന് തീരുമാനിക്കാന്‍ പത്രത്തിന് അധികാരമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
തൃശ്ശൂര്‍ ബിജെപി ഓഫീസില്‍ കള്ളപ്പണമെത്തിയെന്ന് ആരോപണവുമായി ബിജെപി തൃശ്ശൂര്‍ മുന്‍ ഓഫീസ് സെക്രട്ടറി പി അക്ഷയ്. 17 ചാക്കുകളില്‍ പണമെത്തിയെന്നാണ് ആക്ഷേപം.
എറണാകുളം ആര്‍ടിഒയുടെ കീഴിലുള്ള കാക്കനാട് ഡ്രൈവിംഗ് ടെസ്റ്റ് ഗ്രൗണ്ടില്‍ സംസ്ഥാന ഗതാഗത കമ്മീഷണര്‍ നാഗരാജു ചക്കിലം മിന്നല്‍ പരിശോധന നടത്തി. ഔദ്യോഗിക വാഹനം ഒഴിവാക്കി മാസ്‌ക് ധരിച്ച് എത്തിയ അദ്ദേഹം ഡ്രൈവിംഗ് ടെസ്റ്റ് അടക്കമുള്ള നടപടികള്‍ നിരീക്ഷിച്ചു.
നെന്മാറ ഇരട്ടക്കൊല കേസില്‍ പ്രതിഭാഗം അഭിഭാഷകനെ പൊലീസ് ഓഫീസര്‍ അധിക്ഷേപിച്ചതായി പരാതി. അഭിഭാഷകന്‍ ചാറ്റ് ജിപിടി നോക്കി കേസ് വാദിച്ചെന്ന പരാമര്‍ശം അടിസ്ഥാനരഹിതമാണെന്ന് ഓള്‍ ഇന്ത്യാ ലോയേഴ്‌സ് യൂണിയന്‍ പ്രതികരിച്ചു.
ഡല്‍ഹിയില്‍ സിജെപി സമരക്കാര്‍ക്കു നേരെ പൊലീസ് പെല്ലറ്റ് ഗണ്ണുകള്‍ പ്രയോഗിച്ചെന്ന് ആശുപത്രികളില്‍നിന്നുള്ള റിപ്പോര്‍ട്ടുകള്‍. സമരത്തിനിടെ ഗുരുതരമായി പരിക്കേറ്റ് ലേഡി ഹാര്‍ഡിങ് ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ട പ്രക്ഷോഭകന്റെ കണ്ണില്‍നിന്ന് ശസ്ത്രക്രിയയിലൂടെ പെല്ലറ്റുകള്‍ നീക്കം ചെയ്തു. ഇയാളുടെ നെഞ്ചിലും കഴുത്തിലുമുള്ള പെല്ലറ്റുകള്‍ വീണ്ടും ശസ്ത്രക്രിയ നടത്തി നീക്കം ചെയ്യണമെന്നും മെഡിക്കല്‍ സംഘം അറിയിച്ചു. പെല്ലറ്റ് ഗണ്ണുകള്‍ ഉപയോഗിച്ചിട്ടില്ലെന്നായിരുന്നു ഡല്‍ഹി പൊലീസ് അവകാശപ്പെട്ടിരുന്നത്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നില്‍ പ്രതിഷേധിച്ച പ്രതിപക്ഷ നേതാവ് രാഹുല്‍ഗന്ധി അടക്കമുള്ള കോണ്‍ഗ്രസ് നേതാക്കള്‍ക്കും പ്രവര്‍ത്തകര്‍ക്കുമെതിരെ ഗുരുതര വകുപ്പുകള്‍ ചുമത്തി കേസെടുക്കാന്‍ ഡല്‍ഹി പൊലീസ് നിയമപദേശം തേടി. പ്രിയങ്ക ഗാന്ധി, മല്ലികാര്‍ജ്ജുന്‍ ഖര്‍ഗെ, കെ സി വേണുഗോപാല്‍ തുടങ്ങിയ നേതാക്കളുടെ നേതൃത്വത്തിലായിരുന്നു പ്രതിഷേധം
ഡല്‍ഹിയിലെ പ്രതിഷേധങ്ങളുടെ പശ്ചാത്തലത്തില്‍ സുരക്ഷ ശക്തമാക്കാന്‍ കേന്ദ്ര സര്‍ക്കാര്‍. രാജ്യതലസ്ഥാനത്തേക്ക് സിആര്‍പിഎഫിന്റെ 20 കമ്പനികളെ കൂടി വിന്യസിക്കാന്‍ സര്‍ക്കാര്‍ ഉത്തരവിട്ടു. പശ്ചിമ ബംഗാളില്‍ നിന്നാണ് സേനയെ എത്തിക്കുക.
ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിയും കോണ്‍ഗ്രസും വിദ്യാര്‍ത്ഥികളെ രാഷ്ട്രീയ ആയുധങ്ങളായി ലജ്ജയില്ലാതെ ചൂഷണം ചെയ്യുകയാണെന്ന് വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്‍. നീറ്റ് പരീക്ഷാ ചോദ്യപ്പേപ്പര്‍ ചോര്‍ച്ചയില്‍ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധര്‍മേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് പ്രതിഷേധം ശക്തമാകുന്നതിനിടെയാണ് വിമര്‍ശനം.
ആവശ്യങ്ങള്‍ അംഗീകരിച്ചില്ലെങ്കില്‍ സമരം കൂടുതല്‍ ശക്തമാക്കുമെന്ന് കോക്ക്റോച്ച് ജനതാ പാര്‍ട്ടി വക്താവ് അശുതോഷ് റാങ്ക. ഇപ്പോള്‍ ഡല്‍ഹി കണ്ടത് വെറും ‘ട്രെയിലര്‍’ മാത്രമാണ്. പരീക്ഷാ ക്രമക്കേടുകള്‍ക്കെതിരെ സമരം നടത്തുന്ന തങ്ങള്‍ക്കെതിരെ കേസെടുത്തും എഫ്.ഐ.ആര്‍ ഇട്ടും പേടിപ്പിക്കേണ്ടെന്നും അശുതോഷ് റാങ്ക
ജന്തര്‍ മന്തറില്‍ നടക്കുന്ന വിദ്യാര്‍ത്ഥി പ്രതിഷേധത്തിന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് അപ്രതീക്ഷിതമായ പിന്തുണ. പ്രതിഷേധത്തില്‍ പങ്കെടുക്കാന്‍ കഴിയാത്ത നിരവധി പേര്‍ സൊമാറ്റോ, സ്വിഗ്ഗി തുടങ്ങിയ ഓണ്‍ലൈന്‍ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകള്‍ ഉപയോഗിച്ച് സമരവേദിയിലേക്ക് ഭക്ഷണവും ലഘുഭക്ഷണവും വെള്ളവുമെല്ലാം എത്തിക്കുകയാണ്. എന്നാല്‍ ഇവയെല്ലാം പോലീസ് തടയുന്നുണ്ട്.
പ്രധാനമന്ത്രി നരേന്ദ്ര മോദിയുമായി എന്‍സിപി അധ്യക്ഷന്‍ ശരദ് പവാറും മകളും എംപിയുമായ സുപ്രിയ സുലെയും കൂടിക്കാഴ്ച നടത്തിയത് രാഷ്ട്രീയ അഭ്യൂഹങ്ങള്‍ക്ക് ഇടയാക്കുന്നു. പ്രധാനമന്ത്രിയുടെ ഓഫീസിലെത്തിയാണ് ഇരുവരും മോദിയുമായി കൂടിക്കാഴ്ച നടത്തിയത്.
നീറ്റ് പരീക്ഷയിലെ ക്രമക്കേടുകളെ മാത്രമല്ല എതിര്‍ക്കുന്നതെന്നും ആ പരീക്ഷ പൂര്‍ണമായും റദ്ദാക്കണമെന്നും തമിഴ്‌നാട്ടില്‍ ഭരണത്തിലുള്ള തമിഴക വെട്രി കഴകം. മെഡിക്കല്‍ വിദ്യാഭ്യാസവുമായി ബന്ധപ്പെട്ട എല്ലാ വിഷയങ്ങളിലും സംസ്ഥാനങ്ങള്‍ക്ക് പൂര്‍ണ അധികാരം നല്‍കണമെന്നും ടി വി കെ ആവശ്യപ്പെട്ടു.
നിര്‍മ്മിതബുദ്ധി സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ മൊബൈല്‍ ആപ്ലിക്കേഷനുകള്‍ നിര്‍മ്മിച്ച് രാജ്യവ്യാപകമായി 64 കോടിയിലധികം രൂപയുടെ സൈബര്‍ തട്ടിപ്പ് നടത്തിയ 18 വയസ്സുകാരന്‍ സൂറത്ത് പൊലീസിന്റെ പിടിയിലായി. ഉത്തര്‍പ്രദേശിലെ കാണ്‍പൂരിലുള്ള ഹോട്ടലില്‍ നിന്ന് സൂറത്ത് സിറ്റി സൈബര്‍ ക്രൈം സെല്ലാണ് രോഹിത് വിരേന്ദ്രസിംഗ് ശാക്യയെ അറസ്റ്റ് ചെയ്തത്. പ്ലസ് വണ്ണില്‍ പഠനം ഉപേക്ഷിച്ച ഇയാള്‍ സ്വയം കോഡിംഗ് പഠിച്ചെടുത്താണ് എഐ സാങ്കേതികവിദ്യയുടെ സഹായത്തോടെ വ്യാജ ആപ്പുകള്‍ നിര്‍മ്മിച്ചത്.
ഇറാനെതിരെയുള്ള സൈനിക നടപടികള്‍ക്കായി അമേരിക്ക 37.5 ബില്യണ്‍ യു.എസ് ഡോളര്‍ ചെലവഴിച്ചതായി അമേരിക്കന്‍ പ്രതിരോധ മന്ത്രാലയമായ പെന്റഗണ്‍ വ്യക്തമാക്കി. ഏകദേശം 3.61 ലക്ഷം കോടി രൂപ. സെനറ്റ് അപ്രോപ്രിയേഷന്‍സ് കമ്മിറ്റിക്കു നല്‍കിയ റിപ്പോര്‍ട്ടിലാണ് യു.എസ് പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്സെത്ത് ഇക്കാര്യം വെളിപ്പെടുത്തിയത്.
പാക്കിസ്ഥാന്‍ അമേരിക്കയോട് 1,000 കോടി ഡോളറിന്റെ അടിയന്തര സാമ്പത്തിക സഹായം ആവശ്യപ്പെട്ടു. ഇറാന്‍ യുദ്ധത്തില്‍ മധ്യസ്ഥത വഹിച്ചതിലൂടെ അമേരിക്കയുമായുള്ള നയതന്ത്ര ബന്ധം ശക്തമാക്കിയ സാഹചര്യത്തിലാണ് പാകിസ്ഥാന്‍ പണം ആവശ്യപ്പെട്ടത്. അഞ്ച് വര്‍ഷത്തെ കാലാവധിയുള്ള ഉഭയകക്ഷി ധനസഹായ പദ്ധതിയാണ് ഇസ്ലാമാബാദ് ആവശ്യപ്പെട്ടിരിക്കുന്നത്.
ഡല്‍ഹിയിലെ സിജെപി പ്രതിഷേധത്തിന് ഐക്യദാര്‍ഢ്യം അറിയിച്ച് ന്യൂയോര്‍ക്കിലും ലണ്ടനിലും പ്രതിഷേധവുമായി ഇന്ത്യന്‍ സമൂഹം. ന്യൂയോര്‍ക്ക് സിറ്റിയിലെ യൂണിയന്‍ സ്‌ക്വയറിലുള്ള മഹാത്മ ഗാന്ധിയുടെ പ്രതിമയ്ക്ക് സമീപവും ലണ്ടനില്‍ ഇന്ത്യന്‍ ഹൈക്കമ്മീഷന്റെ പുറത്തുമായിരുന്നു പ്രതിഷേധം.
ആദ്യചിത്രമായ ഗോഡ്സില്ല വേഴ്സസ് കോംഗിലൂടെത്തന്നെ പ്രശസ്തയായ അമേരിക്കന്‍ യുവനടി കെയ്ലി ഹാട്ടില്‍ കാറപകടത്തില്‍ മരിച്ചു. 18 വയസ് ആയിരുന്നു. ഫ്രെഡറിക്കിലെ മേരിലാന്‍ഡില്‍ ഇന്നലെ ആയിരുന്നു അപകടം. തന്റെ ബധിരതയെ അതിജീവിച്ച് സിനിമകളില്‍ നടത്തിയ മികവുറ്റ പ്രകടനമാണ് കെയ്ലി ഹാട്ടിലിനെ കൂടുതല്‍ പ്രിയങ്കരി ആക്കിയത്.
വെനസ്വേലയില്‍ ശക്തമായ ഭൂകമ്പത്തിന് പിന്നാലെ ഹന്തവൈറസ് ബാധ പുതിയ ഭീഷണിയാകുന്നു. അന്‍സോട്ടെഗിയില്‍ ഒരു കുടുംബത്തിലെ മൂന്ന് പേര്‍ മരിച്ചതായി ആരോഗ്യ മന്ത്രാലയം സ്ഥിരീകരിച്ചിട്ടുണ്ട്.
പതിനഞ്ച് വയസ്സിന് താഴെയുള്ള കുട്ടികള്‍ സോഷ്യല്‍ മീഡിയ ഉപയോഗിക്കുന്നത് നിരോധിച്ചുകൊണ്ടുള്ള ബില്ലിന് ഫ്രഞ്ച് പാര്‍ലമെന്റിന്റെ ഇരു സഭകളും അംഗീകാരം നല്‍കി. സെപ്റ്റംബര്‍ ഒന്നു മുതല്‍ രാജ്യത്ത് പുതിയ നിയമം പ്രാബല്യത്തില്‍ വരുത്താനാണ് ഫ്രഞ്ച് സര്‍ക്കാരിന്റെ നീക്കം.
രാജസ്ഥാന്‍ റോയല്‍സിന്റെ ഉടമസ്ഥാവകാശം സ്വന്തമാക്കിയ ഇന്ത്യന്‍ ശതകോടീശ്വരന്‍ പ്രമുഖ ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ഫുട്ബോള്‍ ടീമായ ലിവര്‍പൂളിന്റെ ഓഹരികളും വാങ്ങുന്നു. സ്റ്റീല്‍ വ്യവസായി ആഴ്സലര്‍ മിത്തല്‍ കമ്പനി ചെയര്‍മാന്‍ ലക്ഷ്മി മിത്തലിന്റെ പിന്തുണയോടെ മരുമകന്‍ അമിത് ഭാട്ടിയയാണ് ലിവര്‍പൂളിന്റെ ന്യൂനപക്ഷ ഓഹരികള്‍ വാങ്ങാനൊരുങ്ങുന്നത്. ലിവര്‍പൂള്‍ ഫുട്ബോള്‍ ക്ലബ്ബിന് 600 കോടി ഡോളര്‍ (ഏകദേശം 57,500 കോടി രൂപ) മൂല്യം വിലയിരുത്തിയാകും ഡീല്‍.
എസ്ബിഐ മ്യൂച്ചല്‍ ഫണ്ടിന്റെ പ്രാരംഭ ഓഹരി വില്‍പ്പന പൂര്‍ത്തിയാക്കി ഓഹരികള്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തതോടെ കോളടിച്ച് കമ്പനിയുടെ ഉന്നതരായ 13 ജീവനക്കാര്‍. കൈവശമുള്ള ഓഹരികള്‍ക്ക് ഒരു കോടി മുതല്‍ 121 കോടി രൂപ വരെ മൂല്യമുള്ളവര്‍ ഇക്കൂട്ടത്തിലുണ്ട്. ഇഷ്യു വിലയേക്കാള്‍ 6.27 ശതമാനം വര്‍ധനയോടെയാണ് ഓഹരികള്‍ ലിസ്റ്റ് ചെയ്തത്. അതായത് 610 രൂപയ്ക്ക്. 574 രൂപയായിരുന്നു ഇഷ്യു വില. 2018ല്‍ തുടങ്ങിയ മുതിര്‍ന്ന ഉദ്യോഗസ്ഥര്‍ക്കുള്ള എംപ്ലോയി സ്റ്റോക്ക് ഓപ്ഷന്‍ പദ്ധതി വഴി ഓഹരികള്‍ വാങ്ങിയവരാണ് കോടിപതികളായത്. 21.14 ലക്ഷം ഓഹരികള്‍ കൈവശമുള്ള ഡെപ്യുട്ടി മാനേജിങ് ഡയറക്ടര്‍ ദേവിന്ദര്‍ പാല്‍ സിങ്ങിന്റെ ഓഹരി മൂല്യം 121 കോടിയായാണ് ഉയര്‍ന്നത്. ഇനിയും 30 കോടി രൂപയുടെ ഓഹരികള്‍ കൂടി അദ്ദേഹത്തിന് അനുവദിച്ചിട്ടുണ്ട്. ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസറായ ശ്രീനിവാസന്‍ രാമ അയ്യരുടെ കൈവശമുള്ള 18.25 ലക്ഷം ഓഹരികളുടെ മൂല്യം 105 കോടി രൂപ വരും. 51 കോടിയിലധികം രൂപ മൂല്യം വരുന്ന ഓഹരികള്‍ ഇദ്ദേഹത്തിന് വേറെ അനുവദിച്ചിട്ടുണ്ട്. ചീഫ് സ്ട്രാറ്റജി ഓഫീസര്‍ ശ്രീനിവാസന്‍ ജെയിന്‍ (59 കോടി), ചീഫ് ഇന്‍വെസ്റ്റ്‌മെന്റ് ഓഫീസര്‍ രാജീവ് രാധാകൃഷ്ണന്‍ ( 36 കോടി) എന്നിങ്ങനെ പോകുന്നു നേട്ടം ഉണ്ടാക്കിയ മറ്റുള്ളവരുടെ ഓഹരി മൂല്യം.
എഐ പ്ലാറ്റ്ഫോമായ ഹഗിംഗ് ഫേസിനെ ലക്ഷ്യമിട്ട് കഴിഞ്ഞയാഴ്ച നടന്ന ഹാക്കിങ് ശ്രമത്തിന് പിന്നില്‍ തങ്ങളുടെ എഐ മോഡലുകളാണെന്ന് തുറന്ന് സമ്മതിച്ച് ഓപ്പണ്‍എഐ. ആഭ്യന്തര പരിശോധനയ്ക്കിടെയാണ് ഇക്കാര്യം സ്ഥിരീകരിച്ചതെന്ന് സാം ഓള്‍ട്ട്മാന്റെ കമ്പനി ഔദ്യോഗിക പ്രസ്താവനയില്‍ വ്യക്തമാക്കി. ഹഗിംഗ് ഫേസിന്റെ സുരക്ഷാ സംവിധാനങ്ങളെ എഐ ഏജന്റുകള്‍ മറികടന്നുവെന്ന് ഓപ്പണ്‍എഐ പറയുന്നു. കൂടുതല്‍ സൈബര്‍ സുരക്ഷാ കഴിവുകളുള്ള എഐ മോഡലുകള്‍ വ്യാപിക്കുമ്പോള്‍ ഇത്തരം കാര്യങ്ങള്‍ സംഭവിക്കാന്‍ സാധ്യതയുണ്ട്. ജിപിടി5.6 എസ്ഒഎല്‍ ഉള്‍പ്പെടെയുള്ള ഓപ്പണ്‍ എഐ മോഡലുകള്‍, വിപണിയില്‍ ഇതുവരെ ലഭ്യമല്ലാത്ത ഒരു പ്രീ-റിലീസ് മോഡല്‍ എന്നിവയാണ് സൈബര്‍ ആക്രമണ ശ്രമങ്ങള്‍ക്ക് പിന്നില്‍. എഐ മോഡലുകള്‍ സുരക്ഷാ പഴുതുകള്‍ കണ്ടെത്തി അവ പ്രയോജനപ്പെടുത്തി. ഹഗിംഗ് ഫേസിന്റെ സംവിധാനങ്ങളില്‍ നിന്ന് അവ ഡേറ്റ വീണ്ടെടുക്കാന്‍ ശ്രമിച്ചു. സംഭവത്തില്‍ അന്വേഷണം തുടരുകയാണെന്നും സുരക്ഷ ശക്തമാക്കിയെന്നും കമ്പനി അറിയിച്ചിരുന്നു.
ഓസ്‌കര്‍ ജേതാവ് ജെസിക്ക ചാസ്റ്റെയ്ന്‍ പ്രധാന വേഷത്തിലെത്തുന്ന ഹൊറര്‍ ചിത്രം ‘അദര്‍ മമ്മി’യുടെ ട്രെയിലര്‍ പുറത്ത്. സൈക്കോളജിക്കല്‍ ഹൊറര്‍ ചിത്രമായ ‘അദര്‍ മമ്മി’യില്‍ ഇരട്ട വേഷത്തിലാണ് ജെസീക്ക ചസ്റ്റെയ്ന്‍ എത്തുന്നത്. റോബ് സാവേജാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ജോഷ് മലേര്‍മന്റെ ‘ഇന്‍സിഡന്‍സ് എറൗണ്ട് ദ ഹൗസ്’ എന്ന നോവലാണ് ‘അദര്‍ മമ്മി’ എന്ന പേരില്‍ സിനിമയാകുന്നത്. ഒക്ടോബര്‍ 9നാണ് ചിത്രം ആഗോളവ്യാപകമായി റിലീസിനെത്തുക. എട്ടുവയസ്സുകാരിയായ ‘ബേല’ എന്ന പെണ്‍കുട്ടിയുടെ ജീവിതത്തിലേക്ക് അമാനുഷിക ശക്തിയുടെ സാന്നിധ്യമുണ്ടാക്കുന്ന പ്രശ്നങ്ങളെക്കുറിച്ചാണ് ചിത്രം പറയുന്നത്. ‘ബേല’യുടെ അമ്മ ഉര്‍സുലിന്‍ ആയി വേഷമിടുന്നത് ജെസീക്ക ചസ്റ്റെയ്നാണ്. അതേ രൂപത്തില്‍ എത്തുന്ന അമാനുഷികശക്തിയായും ചസ്റ്റെയിനാണ് എത്തുന്നത്. തന്റെ യഥാര്‍ഥ അമ്മ ആരാണെന്ന ആശക്കുഴപ്പത്തിലാകുന്ന ‘ബേല’യുടെ കഥാപരിസരമാണ് ചിത്രത്തിന്റെ ഇതിവൃത്തം. ജെയ് ഡുപ്ലാസ്, ഡിച്ചെന്‍ ലാക്മാന്‍, കാറെന്‍ അല്ലെന്‍ എന്നിവരാണ് മറ്റുപ്രധാനവേഷങ്ങളില്‍ എത്തുന്നത്.
‘ജനനായകന്‍’ ചിത്രം നാളെ തിയറ്ററുകളിലേക്ക് എത്തുകയാണ്. ട്രാക്കര്‍മാരുടെ കണക്ക് പ്രകാരം തമിഴ്നാട്ടില്‍ നിന്ന് മാത്രം റിലീസ് ദിനത്തിലേക്ക് ചിത്രം നേടിയ അഡ്വാന്‍സ് ബുക്കിംഗ് 12 കോടിയുടേതാണ്. ഇതനുസരിച്ച് ആറര ലക്ഷം ടിക്കറ്റുകള്‍ അവിടെ വിറ്റിട്ടുണ്ട്. സാക്നില്‍കിന്റെ കണക്ക് പ്രകാരം ഇന്ത്യയില്‍ നിന്ന് ചിത്രം ഇതുവരെ നേടിയിരിക്കുന്ന ഗ്രോസ് 15.48 കോടിയാണ്. തമിഴ്, തെലുങ്ക്, ഹിന്ദി പതിപ്പുകളുടെ ആദ്യ ദിനത്തിലെ മാത്രം ബുക്കിംഗ് ആണ് ഇത്. 6.71 ലക്ഷം ടിക്കറ്റുകള്‍ ചിത്രം ഇതിനകം ഇന്ത്യയില്‍ വിറ്റു. മണിക്കൂറില്‍ 15,000 ടിക്കറ്റുകള്‍ക്ക് മുകളില്‍ ബുക്ക് മൈ ഷോയില്‍ ഒരു ഘട്ടത്തില്‍ ചിത്രം വിറ്റിരുന്നു. ബെംഗളൂരുവില്‍ ജനനായകന്‍ ആദ്യ ഷോ ടിക്കറ്റുകള്‍ 100 രൂപ മുതല്‍ 2500 രൂപയ്ക്ക് വരെ ലഭ്യമാണ്. ഓപണിംഗില്‍ ചിത്രം 100 കോടി നേടുമോ എന്നാണ് ഇന്‍ഡസ്ട്രി കാത്തിരിക്കുന്നത്. എച്ച് വിനോദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ നിര്‍മ്മാണം കെവിഎന്‍ പ്രൊഡക്ഷന്‍സ് ആണ്.
സ്‌കോഡ സ്ലാവിയുടെ മോണ്ടേ കാര്‍ലോ പതിപ്പ് ഷിംല ഗ്രീന്‍, സ്റ്റീല്‍ ഗ്രേ എന്നീ രണ്ട് നിറങ്ങളില്‍ ഇന്ത്യന്‍ വിപണിയില്‍ അവതരിപ്പിച്ചു. 200 യൂണിറ്റ് മാത്രമാണ് ഇത് നിര്‍മിച്ചിട്ടുള്ളത്. റെഗുലര്‍ സ്ലാവിയ പോലെ 16.69 ലക്ഷം രൂപ മുതല്‍ 18.19 ലക്ഷം രൂപ വരെയാണ് എക്‌സ്‌ഷോറൂം വില. റൂഫിന് ബ്ലാക്ക് നിറമായിരിക്കും. ഈ രണ്ട് നിറങ്ങള്‍ കൂടി എത്തുന്നതോടെ സ്ലാവിയ ഏഴ് നിറങ്ങളില്‍ ലഭ്യമാകും. രണ്ട് മോണോ ടോണ്‍ നിറങ്ങളിലും മൂന്ന് ഡ്യുവല്‍ ടോണ്‍ കളര്‍ ഒപ്ഷനുകളിലുമാണ് സ്ലാവിയ വിപണിയില്‍ എത്തിയിരുന്നത്. ഇവയ്‌ക്കൊപ്പമാണ് പുതിയ രണ്ട് നിറങ്ങള്‍ കൂടി കൂട്ടിച്ചേര്‍ക്കുന്നത്. രണ്ട് എന്‍ജിന്‍ ഓപ്ഷനുകളിലാണ് മോണ്ടേ കാര്‍ലോ പതിപ്പ് എത്തുന്നത്. 115 എച്ച്പി പവറും 178 എന്‍എം ടോര്‍ക്കുമേകുന്ന 1.0 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് ഒന്ന്. ഇതില്‍ ആറ് സ്പീഡ് ടോര്‍ക്ക് കണ്‍വേര്‍ട്ടര്‍ ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനാണ് നല്‍കുന്നത്. 150 എച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.5 ലിറ്റര്‍ ടര്‍ബോ പെട്രോള്‍ എന്‍ജിനാണ് മറ്റൊന്ന്. ഏഴ് സ്പീഡ് ഡ്യുവല്‍ ക്ലെച്ച് ഓട്ടോമാറ്റിക്കാണ് ഇതിലെ ട്രാന്‍സ്മിഷന്‍.
ശരീരഭാഷയുടെ വിജയശക്തി, സ്പര്‍ശനത്തിന്റെ സംവേദനതലങ്ങള്‍, ഹസ്തദാനത്തിന്റെ മാന്ത്രികശക്തി, മുഖം മനസ്സിന്റെ കണ്ണാടി, നയനഭാഷയുടെ ശാസ്ത്രം, പുഞ്ചിരി ആത്മാവിന്റെ സ്‌നേഹഭാഷ, ചിരിയുടെ വിനിമയമാനങ്ങള്‍, പ്രഭാഷകന്റെ ശരീരഭാഷ, ഇന്റര്‍വ്യൂ: വിജയതന്ത്രങ്ങള്‍, മനോനില മാറ്റാനും ശരീരഭാഷ. ശരീരഭാഷയുടെ കൃത്യമായ ഉപയോഗത്തിലൂടെ ജീവിതവിജയം നേടാനുള്ള പ്രായോഗികപാഠങ്ങള്‍ അവതരിപ്പിക്കുന്ന പുസ്തകം. ഇന്റര്‍വ്യൂ, ഗ്രൂപ്പ് ഡിസ്‌കഷന്‍ എന്നിവയില്‍ ശരീരഭാഷ ഫലപ്രദമായി ഉപയോഗിക്കാനുള്ള മാര്‍ഗ്ഗനിര്‍ദ്ദേശങ്ങള്‍. രസകരവും പ്രസക്തവുമായ നിരവധി ഉദാഹരണങ്ങളിലൂടെ ശരീരഭാഷയുടെ പ്രാധാന്യം സൂക്ഷ്മമായും ലളിതമായും വിശകലനം ചെയ്യുന്ന പുസ്തകം. ‘ശരീരഭാഷ: വിജയത്തിന്റെ കല’. ഡോ. ജോണ്‍ മുഴുത്തേറ്റ്. മാതൃഭൂമി. വില 229 രൂപ.
പോളിഎന്‍ഡോക്രൈന്‍ മെറ്റബോളിക് ഒവേറിയന്‍ സിന്‍ഡ്രോം അഥവാ പിഎംഒഎസ് ഉള്ള സ്ത്രീകളില്‍ ഹൃദയാഘാതത്തിനും പക്ഷാഘാതത്തിനുമുള്ള സാധ്യത കൂടുതലെന്ന് പഠനം. പെന്‍സില്‍വാനിയ സര്‍വകലാശാലയിലെയും റോചസ്റ്റര്‍ സര്‍വകലാശാലയിലെയും ഗവേഷകരാണ് പഠനത്തിനു പിന്നില്‍. പിഎംഒഎസ് ഉള്ള സ്ത്രീകളില്‍ ഹൃദയാഘാത സാധ്യത 3.45 മടങ്ങ് കൂടുതലും ഇഷെമിക് സ്ട്രോക്കിനുള്ള സാധ്യത 3.50 മടങ്ങ് കൂടുതലും ട്രാന്‍സിയന്റ് ഇഷെമിക് അറ്റാക്കിനുള്ള സാധ്യത ഏകദേശം അഞ്ച് മടങ്ങ് കൂടുതലും പെരിഫറല്‍ ആര്‍ട്ടറി രോഗ സാധ്യത 4.98 മടങ്ങ് കൂടുതലും ആണെന്ന് പഠനം പറയുന്നു. പിഎംഒഎസ് ഉള്ളവരില്‍ സ്ഥിരമായി ശരീരത്തിലുണ്ടാകുന്ന വീക്കം, ഇന്‍സുലിന്‍ പ്രതിരോധം, ഹോര്‍മോണ്‍ അസന്തുലിതാവസ്ഥ തുടങ്ങിയവ ധമനികളുടെ കട്ടികൂട്ടുകയും കാലക്രമേണ പ്ലാക്ക് അടിഞ്ഞുകൂടാനിടയാക്കുകയും ഇത് അതെറോസ്‌ക്ലെറോട്ടിക് കാര്‍ഡിയോവാസ്‌കുലാര്‍ ഡിസീസിലേക്ക് നയിക്കുകയും ചെയ്യുമെന്നാണ് കരുതുന്നത്. ആര്‍ത്തവ ക്രമത്തിലെ ഏറ്റക്കുറച്ചിലുകളാണ് പ്രാഥമികവും പ്രധാനപ്പെട്ടതുമായ ലക്ഷണം. ഭക്ഷണത്തില്‍ അന്നജത്തിന്റെ അളവ് കുറയ്ക്കണം. അരിയാഹാരം, മധുരം എന്നിവ നിയന്ത്രിക്കണം. കൊഴുപ്പ് കുറയ്ക്കണം, മാംസാഹാരം നിയന്ത്രിക്കണം. കരിച്ചതും പൊരിച്ചതുമായ ഭക്ഷണങ്ങള്‍ നിയന്ത്രിക്കുക. ജങ്ക് ഫുഡ്, ഫാസ്റ്റ് ഫുഡ്, ചോക്ലേറ്റ്‌സ്, സോഫ്റ്റ് ഡ്രിങ്ക്‌സ്, മൈദ അടങ്ങിയ ഭക്ഷണസാധനങ്ങള്‍ തുടങ്ങിയവ ഒഴിവാക്കുക. വീട്ടിലുണ്ടാക്കുന്ന ഭക്ഷണ പദാര്‍ത്ഥങ്ങള്‍ക്ക് മുന്‍തൂക്കം നല്‍കുക. പച്ചക്കറികള്‍ക്കും പഴവര്‍ഗങ്ങള്‍, ധാന്യങ്ങള്‍ എന്നിവ ഭക്ഷണത്തില്‍ കൂടുതലായി ഉള്‍പ്പെടുത്താം.
ഇന്നത്തെ വിനിമയ നിരക്ക്
ഡോളര്‍ – 96.51, പൗണ്ട് – 129.08, യൂറോ – 109.90, സ്വിസ് ഫ്രാങ്ക് – 110.11, ഓസ്‌ട്രേലിയന്‍ ഡോളര്‍ – 67.52, ബഹറിന്‍ ദിനാര്‍ – 255.55, കുവൈത്ത് ദിനാര്‍ -311.30, ഒമാനി റിയാല്‍ – 250.99, സൗദി റിയാല്‍ – 25.69, യു.എ.ഇ ദിര്‍ഹം – 26.23, ഖത്തര്‍ റിയാല്‍ – 26.44, കനേഡിയന്‍ ഡോളര്‍ – 68.49.
