yt cover 2

സര്‍ക്കാര്‍ ജീവനക്കാര്‍ക്കു രണ്ടാം തിയതിയും ശമ്പളം നല്‍കാനായില്ലെന്ന് റിപ്പോര്‍ട്ടുകള്‍. ഇതോടെ ആദ്യ രണ്ടു ദിവസങ്ങളിലായി ശമ്പളം മുടങ്ങിയ സര്‍ക്കാര്‍ ജീവനക്കാരുടെ എണ്ണം മൂന്നര ലക്ഷത്തോളമായി. ഇന്നലെ അധ്യാപകര്‍ക്കും ആരോഗ്യ വകുപ്പു ജീവനക്കാര്‍ക്കുമാണു ശമ്പളം നല്‍കേണ്ടിയിരുന്നത്. ഈ രണ്ടു വിഭാഗങ്ങളിലുമായി രണ്ടര ലക്ഷത്തോളം ജീവനക്കാരുണ്ട്. മൊത്തം 5.25 ലക്ഷം സര്‍ക്കാര്‍ ജീവനക്കാരാണ് സംസ്ഥാനത്തുള്ളത്.

സിദ്ധാര്‍ത്ഥിന്റെ മരണത്തിലെ മുഖ്യപ്രതി സിന്‍ജോ ജോണ്‍സണ്‍ അടക്കമുള്ളവര്‍ പിടിയിലായി. കീഴടങ്ങാന്‍ വരുമ്പോള്‍ കല്‍പ്പറ്റയില്‍ വെച്ചാണ് സിന്‍ജോ പിടിയിലായത്. മുഹമ്മദ് ഡാനിഷ്, ആദിത്യന്‍ എന്നീ പ്രതികളും പൊലീസിന്റെ പിടിയിലായിട്ടുണ്ട്. ഇതോടെ കേസിലെ 18 പ്രതികളും പിടിയിലായി.

സിദ്ധാര്‍ത്ഥിനെതിരെ പെണ്‍കുട്ടി പരാതി നല്‍കിയിട്ടില്ലെന്നും, ഡീനിനും മറ്റും പരാതി നല്‍കിയിട്ടുണ്ടെങ്കില്‍ തന്റെ അടുത്ത് വന്നിട്ടില്ലെന്നും പൂക്കോട് വെറ്ററിനറി കോളേജിലെ സസ്പെന്‍ഷനിലായ മുന്‍ വിസി എംആര്‍ ശശീന്ദ്രനാഥ്. വിദ്യാര്‍ഥി സംഘടനയുടെ ധാര്‍ഷ്ട്യമാണ് പ്രശ്നങ്ങള്‍ക്ക് കാരണം. സിദ്ധാര്‍ത്ഥന്റെ വിഷയത്തില്‍ ഭരണപരമായ വീഴ്ച ഉണ്ടായെന്നും മുന്‍ വിസി കൂട്ടിച്ചേര്‍ത്തു. കുറ്റകൃത്യം ചെയ്തവര്‍ ക്രിമിനല്‍ മനസ്സുള്ളവരാണ്. ഇവരുടെ പിഎഫ്ഐ ബന്ധം അന്വേഷിക്കണം. ഇത്തരത്തില്‍ പുറത്തു പോരേണ്ടി വന്നതില്‍ വിഷമമുണ്ടെന്നും ജുഡീഷ്യല്‍ അന്വേഷണം അടക്കം ഏതന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം പറഞ്ഞു.

*മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും*

മലയാളികളുടെ വിവാഹ സങ്കല്‍പങ്ങള്‍ക്ക് നിറച്ചാര്‍ത്തേകിയ തൃശൂര്‍ പാലസ് റോഡിലെ പുളിമൂട്ടില്‍ സില്‍ക്‌സില്‍ ഇനി മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലിനോടൊപ്പം 299 രൂപ മുതലുള്ള സ്‌പെഷ്യല്‍ ന്യൂ ഇയര്‍ കളക്ഷനും. വിവാഹ പര്‍ച്ചേസുകള്‍ക്ക് 10 ശതമാനം വരെ പ്രത്യേക ഡിസ്‌കൗണ്ട്. പുളിമൂട്ടില്‍ സില്‍ക്‌സിന്റെ തൊടുപുഴ, കോട്ടയം, തിരുവല്ല, കൊല്ലം, പാല എന്നീ ഷോറൂമുകളിലും മാംഗല്യം ഷോപ്പിംഗ് ഫെസ്റ്റിവലനോടനുബന്ധിച്ച് ഈ ഓഫറുകള്‍ ലഭ്യമാണ്. ഓണ്‍ലൈന്‍ പര്‍ച്ചേസുകള്‍ക്ക് : www.pulimoottilonline.com

ഗവര്‍ണര്‍ തന്നെ സസ്പെന്‍ഡ് ചെയ്തത് പ്രതികാര നടപടിയായി കാണുന്നില്ലെന്ന് കേരള വെറ്ററിനറി സര്‍വകലാശാല മുന്‍ വൈസ് ചാന്‍സലര്‍ ഡോ. എം.ആര്‍ ശശീന്ദ്രനാഥ്. ആന്റി റാഗിങ് കമ്മിറ്റി റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ കോളജ് ഡീനിനെയും അസിസ്റ്റന്റ് വാര്‍ഡനെയും സസ്പെന്‍ഡ് ചെയ്യാനിരിക്കെയാണ് തന്നെ സസ്പെന്‍ഡ് ചെയ്തുകൊണ്ടുള്ള ഉത്തരവ് ഗവര്‍ണര്‍ പുറത്തിറക്കിയത്. തന്നെ സസ്പെന്‍ഡ് ചെയ്തതോടുകൂടി അവര്‍ക്കുള്ള സസ്പെന്‍ഷന്‍ ഓര്‍ഡര്‍ നല്‍കാന്‍ സാധിച്ചില്ലെന്നും അദ്ദേഹം പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണത്തെ തുടര്‍ന്ന് നിലവിലെ വൈസ് ചാന്‍സിലര്‍ ഡോ. എം.ആര്‍. ശശീന്ദ്രനാഥിനെ സര്‍വീസില്‍ നിന്നും സസ്‌പെന്‍ഡ് ചെയ്ത ചാന്‍സലര്‍ കൂടിയായ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ റിട്ടയേഡ് പ്രഫസറായ ഡോ. പി.സി. ശശീന്ദ്രനെ കേരള വെറ്ററിനറി സര്‍വകലാശാലയുടെ പുതിയ വൈസ് ചാന്‍സലറായി നിയമിച്ച് ഉത്തരവിറക്കി.

വയനാട് വെറ്ററിനറി സര്‍വകലാശാല വിസിയെ ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സസ്പെന്റ് ചെയ്ത സംഭവത്തില്‍ ഗവര്‍ണറുടെ നടപടി സര്‍ക്കാരുമായി ആലോചിക്കാതെയായിരുന്നുവെന്ന് മന്ത്രി ചിഞ്ചുറാണി. വിസിയെ സസ്പെന്‍ഡ് ചെയ്യേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ചെയ്യേണ്ട നടപടികള്‍ സര്‍വകലാശാല എടുത്ത് കഴിഞ്ഞിരുന്നുവെന്നും മന്ത്രി പറഞ്ഞു.

സിദ്ധാര്‍ഥന്റെ മരണത്തിന് പിന്നില്‍ വര്‍ഗീയതയാണെന്നും അക്രമം നടത്തിയത് പി.എഫ്.ഐ ചേര്‍ന്ന എസ്.എഫ്.ഐ. ആണെന്നും ബി.ജെ.പി. സംസ്ഥാന അധ്യക്ഷന്‍ കെ. സുരേന്ദ്രന്‍. സഖാവ് എളമരം കരിം എത്ര പെട്ടെന്നാണ് കരീമിക്ക ആയതെന്നും മുസ്ലിംവോട്ടിന് വേണ്ടി സി.പി.എം ഏതറ്റം വരെയും പോകുമന്നും സുരേന്ദ്രന്‍ വിമര്‍ശിച്ചു.

*തിളങ്ങട്ടെ ജീവിതം ഡയമണ്ട് പോലെ : KSFE ഡയമണ്ട് ചിട്ടികള്‍ 2.0*

ചിട്ടിയില്‍ ചേരുന്ന 30 പേരില്‍ ഒരാള്‍ക്ക് സമ്മാനം ഉറപ്പ്. ഒരു കോടി രൂപയുടെ വജ്രാഭരണങ്ങള്‍ ഉള്‍പ്പെടെ 4 കോടി രൂപയുടെ സമ്മാനങ്ങള്‍. ശാഖാതലത്തിലും മേഖലാതലത്തിലും സംസ്ഥാന തലത്തിലും ഡയമണ്ട് ആഭരണങ്ങള്‍ ഉള്‍പ്പെടെ നിരവധി സമ്മാനങ്ങള്‍ ഉറപ്പ്. കൂടുതല്‍ വിവരങ്ങള്‍ക്ക് : 0487-2332255 ,

ടോള്‍ ഫ്രീ ഹെല്‍പ് ലൈന്‍ : 18004253455, *www.ksfe.com*

195 സീറ്റുകളില്‍ സ്ഥാനാര്‍ത്ഥികളെ പ്രഖ്യാപിച്ച് ബിജെപി. പ്രധാനമന്ത്രി നരേന്ദ്ര മോദി വാരാണസിയില്‍ നിന്നും, അമിത് ഷാ ഗാന്ധിനഗറില്‍ നിന്നും മത്സരിക്കും. കേരളത്തിലെ 12 സീറ്റുകളില്‍ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍ തിരുവനന്തപുരത്തും, സുരേഷ് ഗോപി തൃശൂരിലും വി മുരളീധരന്‍ ആറ്റിങ്ങലിലും മത്സരിക്കും. കാസര്‍ഗോഡ് -എം എല്‍ അശ്വനി , കണ്ണൂരില്‍ സി രഘുനാഥ്, വടകര-പ്രഫുല്‍ കൃഷ്ണ, കോഴിക്കോട് – എം ടി രമേശ്, മലപ്പുറം – ഡോ അബ്ദുല്‍ സലാം, പൊന്നാനി – നിവേദിത സുബ്രമണ്യം, പാലക്കാട് – കൃഷ്ണകുമാര്‍, ആലപ്പുഴ – ശോഭാ സുരേന്ദ്രന്‍, പത്തനംതിട്ട – അനില്‍ ആന്റണി എന്നിങ്ങനെയാണ് സ്ഥാനാര്‍ത്ഥികളുടെ പട്ടിക.

പത്തനംതിട്ട ലോക്സഭാ മണ്ഡലത്തിലേക്ക് ബിജെപി സ്ഥാനാര്‍ത്ഥിയായി അനില്‍ ആന്റണിയെ പ്രഖ്യാപിച്ചതിനു പിന്നാലെ നീരസം പ്രകടിപ്പിച്ച് ബിജെപി നേതാവ് പിസി ജോര്‍ജ്. താന്‍ മത്സരിക്കണമെന്ന് പത്തനംതിട്ടയിലെ ജനങ്ങള്‍ ആഗ്രഹിച്ചിരുന്നുവെന്നും പത്തനംതിട്ടയില്‍ അനില്‍ ആന്റണി പരിചിതനല്ലെന്നും അനിലിനെ പരിചയപ്പെടുത്തിയെടുക്കണമെന്നും പിസി ജോര്‍ജ് പ്രതികരിച്ചു.

ഇനിയുള്ള ഓരോ ചുവടും കേരളത്തിന്റെയും തിരുവനന്തപുരത്തിന്റെയും വികസനത്തിനു വേണ്ടിയാകട്ടെയെന്ന് ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ തിരുവനന്തപുരം മണ്ഡലത്തില്‍ നിന്ന് ബിജെപി സ്ഥാനാര്‍ത്ഥിയായി പ്രഖ്യാപിച്ച കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖര്‍. മത്സരിക്കാന്‍ പാര്‍ട്ടി ഏല്‍പ്പിച്ച ഉത്തരവാദിത്തം ഹൃദയപൂര്‍വ്വം സ്വീകരിക്കുന്നുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.

കേരളത്തിലെ ജനങ്ങള്‍ രാഷ്ട്രീയ മാറ്റം ആഗ്രഹിക്കുന്നുവെന്ന് കേന്ദ്രമന്ത്രി വി. മുരളീധരന്‍. രാജ്യവ്യാപകമായി കോണ്‍ഗ്രസ് തകര്‍ന്നിരിക്കുകയാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ആറ്റിങ്ങലിലെ ജനങ്ങള്‍ വിവേകപൂര്‍വ്വം വോട്ടവകാശം വിനിയോഗിക്കുമെന്നും നരേന്ദ്രമോദി സര്‍ക്കാര്‍ കേന്ദ്രത്തില്‍ മൂന്നാമതും അധികാരത്തില്‍ വരുമെന്നും അദ്ദേഹം പറഞ്ഞു.

വയനാട്ടില്‍ മത്സരിക്കുന്ന കാര്യം രാഹുല്‍ തീരുമാനിക്കട്ടെ എന്ന് എഐസിസി. രാഹുല്‍ ഗാന്ധി വയനാട്ടില്‍ മത്സരിക്കുന്നതിനെതിരെ ഇടതുപക്ഷം ദേശീയതലത്തില്‍ വലിയ പ്രതിഷേധമാണ് ഉയര്‍ത്തുന്നത്. കര്‍ണാടകയിലോ തെലുങ്കാനയിലോ രാഹുല്‍ മത്സരിക്കണമെന്ന അഭിപ്രായവും നിലനില്‍ക്കുന്നുണ്ട്. കണ്ണൂരില്‍ മത്സരിക്കുമെങ്കിലും കെപിസിസി അധ്യക്ഷ സ്ഥാനം ഒഴിയുന്നതിലെ ഇഷ്ടക്കേട് കെ സുധാകരന്‍ കമ്മിറ്റിയെ അറിയിച്ചു. ആലപ്പുഴയില്‍ കെസി വേണുഗോപാല്‍ മത്സരിക്കുന്ന കാര്യത്തിലും ഇതുവരെ തീരുമാനമായില്ല.

കൊല്ലത്തിന്റെ പ്രേമലു എന്‍.കെ.പ്രേമചന്ദ്രനെ വിജയിപ്പിക്കുക. യുവാക്കളെ കൈയിലെടുക്കാന്‍, യുവാക്കള്‍ക്കിടയില്‍ ഹിറ്റായി ഓടിക്കൊണ്ടിരിക്കുന്ന ‘പ്രേമലു’ എന്ന ചിത്രത്തിന്റെ പോസ്റ്റര്‍ പ്രചരണായുധം ആക്കിയിരിക്കുകയാണ് കൊല്ലം ലോക്‌സഭാ മണ്ഡലത്തിലെ ആര്‍.എസ്.പി. എന്തായാലും സിനിമ പോലെ തന്നെ പോസ്റ്ററും സൂപ്പര്‍ ഹിറ്റാണെന്നാണ് റിപ്പോര്‍ട്ടുകള്‍

മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയുടെ സമാപന സംവാദം ഇന്ന് എറണാകുളത്ത്. 50 റസിഡന്റ്‌സ് അസോസിയേഷന്‍ പ്രതിനിധികളുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടിയില്‍ മന്ത്രി എം.ബി രാജേഷ് അധ്യക്ഷത വഹിക്കും. വിദ്യാര്‍ത്ഥികള്‍, കാര്‍ഷിക മേഖലയിലുള്ളവര്‍, തൊഴിലാളികള്‍, വനിതാ പ്രതിനിധികള്‍, യുവജനങ്ങള്‍ തുടങ്ങിവരുമായുള്ള മുഖ്യമന്ത്രിയുടെ മുഖാമുഖം പരിപാടി സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിലായി നടന്നിരുന്നു.

പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ പരിപാടിയുടെ സംസ്ഥാനതല ഉദ്ഘാടനം ഇന്ന് രാവിലെ പത്തനംതിട്ട ചെന്നീര്‍ക്കര കുടുംബാരോഗ്യ കേന്ദ്രത്തില്‍ വച്ച് ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ് നിര്‍വഹിക്കും. പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷനായി സംസ്ഥാനം സജ്ജമായതായും, 5 വയസിന് താഴെയുള്ള 23,28,258 കുഞ്ഞുങ്ങള്‍ക്കാണ് പള്‍സ് പോളിയോ തുള്ളിമരുന്ന് നല്‍കാന്‍ ലക്ഷ്യമിടുന്നതെന്നും മന്ത്രി വീണാ ജോര്‍ജ് പറഞ്ഞു.

കുഞ്ഞിന് വേണ്ടി ചികിത്സ സഹായം ചോദിച്ച കുടുംബത്തെ സുരേഷ് ഗോപി പരിഹസിച്ചെന്ന ആരോപണത്തിന് പിന്നാലെ സഹായം ചോദിച്ചു വരുന്നവരെ ആടിയോടിക്കുകയല്ല, ചേര്‍ത്തു പിടിക്കുകയാണ് കേരളത്തിന്റെ സംസ്‌കാരമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍ വ്യക്തമാക്കി. കോയമ്പത്തൂര്‍ സ്വദേശിയും മലയാളിയുമായ സിന്ധുവിന്റെ മകനാണ് ആരോഗ്യ വകുപ്പ് അപൂര്‍വ രോഗത്തിനുള്ള വിലപിടിപ്പുള്ള മരുന്ന് നല്‍കുന്നത്.

78 വയസുള്ള സരോജിനിയമ്മയെ പുറത്താക്കി മകള്‍ വീടുപൂട്ടിപോയ സംഭവത്തില്‍ മനുഷ്യാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തു. തൈക്കൂടം സ്വദേശിനിയായ സരോജിനി അമ്മയ്ക്കാണ് ഈ ദുരനുഭവം ഉണ്ടായത്. മരട് പൊലീസ് എസ്.എച്ച്. ഒ അന്വേഷണം നടത്തി 2 ആഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന് കമ്മീഷന്‍ അംഗം വി.കെ ബീനാകുമാരി ആവശ്യപ്പെട്ടു. ദൃശ്യമാധ്യമങ്ങളില്‍ വന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് മനുഷ്യാവകാശ കമ്മീഷന്‍ കേസെടുത്തിരിക്കുന്നത്.

ജോയിന്റ് സെക്രട്ടറിമാരുടേയും ഡയറക്ടര്‍മാരുടേയും ഡെപ്യൂട്ടി സെക്രട്ടറിമാരുടേയും തസ്തികകളിലേക്ക് കേന്ദ്രസര്‍ക്കാര്‍ സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കുന്നു. വിവിധ വകുപ്പുകളിലായി മൂന്ന് ജോയിന്റ് സെക്രട്ടറിമാരെയും, 22 ഡയറക്ടര്‍മാരെയും, ഡെപ്യൂട്ടി സെക്രട്ടറിമാരെയുമാണ് നിയമിക്കുക. സിവില്‍ സര്‍വീസില്‍ നിന്നുള്ളവരായിരുന്നു സാധാരണ ഈ തസ്തികകളിലേക്ക് നിയമിക്കപ്പെടുന്നത്. പ്രധാനമന്ത്രി അധ്യക്ഷനായ ക്യാബിനറ്റിന്റെ അപ്പോയിന്റ്‌മെന്റ് കമ്മിറ്റി സ്വകാര്യ മേഖലയില്‍ നിന്നുള്ളവരെ നിയമിക്കാനായി അനുമതി നല്‍കി.

രാമേശ്വരം കഫെ സ്ഫോടനകേസില്‍ നാലുപേര്‍ കസ്റ്റഡിയിലെന്ന് സൂചന. സിസിടിവി ദൃശ്യങ്ങളില്‍ കണ്ട പ്രതികളെയാണ് പോലീസ് കസ്റ്റഡിയില്‍ എടുത്തത്. സിസിടിവി ദൃശ്യങ്ങളില്‍ നിന്നും മറ്റു പ്രതികളുടെ രേഖാചിത്രം തയ്യാറാക്കുകയാണ് പൊലിസ്. ഐഇഡി സ്ഫോടനം നടത്തിയത് ടൈമര്‍ ഉപയോഗിച്ചാണെന്ന് കണ്ടെത്തിയിട്ടുണ്ട് . പ്രതിയ്ക്കെതിരെ യുഎപിഎ ഉള്‍പ്പെടെ ഏഴ് വകുപ്പുകള്‍ ചുമത്തി.

രാമേശ്വരം കഫേയിലുണ്ടായ സ്‌ഫോടനവും 2022ല്‍ മംഗളൂരുവിലെ ഓട്ടോറിക്ഷയിലുണ്ടായ കുക്കര്‍ബോംബ് സ്‌ഫോടനവും തമ്മില്‍ ബന്ധമുള്ളതായി സംശയമുണ്ടെന്ന് കര്‍ണാടക ഉപമുഖ്യമന്ത്രി ഡി.കെ.ശിവകുമാര്‍. സംഭവവുമായി ബന്ധപ്പെട്ട് എല്ലാ വശങ്ങളും പോലീസ് അന്വേഷിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.

ലോക്സഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കാനില്ലെന്ന് ബിജെപി എംപി ജയന്ത് സിന്‍ഹ. കാലാവസ്ഥാ വ്യതിയാനത്തെ ചെറുക്കുന്നതില്‍ ശ്രദ്ധ കേന്ദ്രീകരിക്കാന്‍ ആണ് താന്‍ ഇപ്പോള്‍ ആഗ്രഹിക്കുന്നത്. തെരഞ്ഞെടുപ്പ് ചുമതലകളില്‍ നിന്ന് തന്നെ ഒഴിവാക്കണമെന്നും ദേശീയ അധ്യക്ഷന്‍ ജെ.പി നദ്ദയോട് അദ്ദേഹം ആവശ്യപ്പെട്ടു. സജീവ രാഷ്ട്രീയത്തില്‍ നിന്നും പിന്മാറുന്നുവെന്ന് ഗൗതം ഗംഭീര്‍ അറിയിച്ച് മണിക്കൂറുകള്‍ പിന്നീടും മുന്നേയാണ് ജയന്ത് സിന്‍ഹയുടെയും പ്രഖ്യാപനം.

പാകിസ്താന്റെ ആണവ, ബാലിസ്റ്റിക് മിസൈല്‍ പദ്ധതികള്‍ക്ക് ഉപയോഗിക്കാനുള്ള സാമഗ്രികള്‍ കടത്തുന്നുവെന്ന സംശയത്തെത്തുടര്‍ന്ന് ചൈനയില്‍നിന്ന് പാകിസ്താനിലേക്ക് പോകുകയായിരുന്ന ചരക്കുകപ്പല്‍ മുംബൈ തീരത്ത് തടഞ്ഞ് ഇന്ത്യന്‍ സുരക്ഷാ സേന. പാകിസ്താനിലെ കറാച്ചിയിലേക്ക് പോകുകയായിരുന്ന കപ്പലാണ് മുംബൈയിലെ നവാഷേവ തുറമുഖത്ത് സുരക്ഷാ ഏജന്‍സികള്‍ തടഞ്ഞത്.

ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ ബംഗളൂരു എഫ്‌സിക്കെതിരായ മത്സരത്തില്‍ എതിരില്ലാത്ത ഒരു ഗോളിന് കേരള ബ്ലാസ്റ്റേഴ്‌സിന് തോല്‍വി. ഈ തോല്‍വിയോടെ ബ്ലാസ്റ്റേഴ്‌സ് 29 പോയിന്റുമായി അഞ്ചാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

വനിതാ ഐപിഎല്ലില്‍ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ മുംബൈ ഇന്ത്യന്‍സിന് ഏഴു വിക്കറ്റിന്റെ വിജയം. ആദ്യം ബാറ്റ് ചെയ്ത റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂര്‍ ആറ് വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. മറുപടി ബാറ്റിംഗിനിറങ്ങിയ മുംബൈ 15.1 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു.

ഇലക്ട്രോണിക് പണമിടപാട് സംവിധാനമായ നാഷണല്‍ നാഷണല്‍ ഇലക്ട്രോണിക് ഫണ്ട് ട്രാന്‍സ്ഫര്‍ ഫെബ്രുവരി 29ന് എക്കാലത്തെയും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടപാടുകള്‍ രേഖപ്പെടുത്തി. മൊത്തം 4.10 കോടി ഇടപാടുകളാണ് ഫെബ്രുവരി 29ന് നടന്നതെന്ന് റിസര്‍വ് ബാങ്ക് അറിയിച്ചു. പത്ത് വര്‍ഷങ്ങളില്‍ മികച്ച വളര്‍ച്ചകഴിഞ്ഞ പത്ത് വര്‍ഷങ്ങളില്‍ (2014-23) എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് (റിയല്‍ ടൈം ഗ്രോസ് സെറ്റില്‍മെന്റ്) സംവിധാനങ്ങള്‍ ഇടപാടുകളുടെ എണ്ണത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം 700 ശതമാനവും 200 ശതമാനവും മൂല്യത്തിന്റെ അടിസ്ഥാനത്തില്‍ യഥാക്രമം 670 ശതമാനവും 104 ശതമാനവും വളര്‍ച്ച രേഖപ്പെടുത്തി. 2023 മാര്‍ച്ച് 31ന് നടന്ന 16.25 ലക്ഷം ഇടപാടുകളാണ് ആര്‍.ടി.ജി.എസിന്റെ എക്കാലത്തെയും ഉയര്‍ന്ന ഒറ്റ ദിവസത്തെ ഇടപാടുകള്‍. 2019 ഡിസംബര്‍ 16 മുതല്‍ വര്‍ഷത്തിലെ 365 ദിവസവും 24*7 അടിസ്ഥാനത്തില്‍ എന്‍.ഇ.എഫ്.ടി പ്രവര്‍ത്തിക്കാന്‍ തുടങ്ങിയിരുന്നു. 2020 ഡിസംബര്‍ 14 മുതല്‍ ആര്‍.ടി.ജി.എസും ഇത്തരത്തില്‍ പ്രവര്‍ത്തിക്കാന്‍ തുടങ്ങി. റിസര്‍വ് ബാങ്ക് നിയന്ത്രിക്കുന്ന എന്‍.ഇ.എഫ്.ടി, ആര്‍.ടി.ജി.എസ് എന്നിവ യഥാക്രമം റീറ്റെയ്ല്‍, മൊത്തവ്യാപാര പേയ്മെന്റുകള്‍ തീര്‍ക്കാനാണ് ഉപയോഗിക്കുന്നത്. യു.പി.ഐ ഇടപാടുകള്‍ കുറഞ്ഞു. യൂണിഫൈഡ് പേയ്മെന്റ് ഇന്റര്‍ഫേസ് ഉപയോഗിച്ചുള്ള ഇടപാടുകള്‍ ഫെബ്രുവരിയില്‍ ചെറിയ തോതില്‍ കുറഞ്ഞതായി നാഷണല്‍ പേയ്മെന്റ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ കണക്കുകള്‍ വ്യക്തമാക്കി. ഫെബ്രുവരിയില്‍ 18.28 ലക്ഷം കോടി രൂപ ഇടപാട് മൂല്യത്തോടെ മൊത്തം 1,210 കോടി ഇടപാടുകളാണ് നടന്നത്. ജനുവരിയില്‍ ഇടപാടുകള്‍ 1,220 കോടിയായിരുന്നു. ഇടപാട് മൂല്യം 18.41 ലക്ഷം കോടി രൂപയും. അതേസമയം ഫെബ്രുവരിയിലെ ഇടപാടുകളില്‍ വാര്‍ഷികാടിസ്ഥാനത്തില്‍ 61 ശതമാനവും ഇടപാട് തുകയില്‍ 48 ശതമാനവും വര്‍ധനയുമുണ്ടായി.

ചിരിയുടെ മാലപ്പടക്കം പൊട്ടിക്കാന്‍ ബിജു മേനോന്‍-സുരാജ് കൂട്ടുകെട്ട്. ഒരു ഫണ്‍ ഫാമിലി എന്റര്‍ടെയ്നര്‍ വിഭാഗത്തില്‍ ഒരുങ്ങുന്ന ‘നടന്ന സംഭവം’ മാര്‍ച്ച് 22ന് തിയറ്ററുകളില്‍ എത്തും. ചിത്രത്തിന്റെ ടീസര്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടു. മറഡോണ എന്ന ചിത്രത്തിന് ശേഷം വിഷ്ണു നാരായണന്‍ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ ബിജു മേനോനും സുരാജ് വെഞ്ഞാറമൂടുമാണ് പ്രധാന വേഷത്തിലെത്തുന്നത്. നഗരത്തിലെ ഒരു വില്ല കമ്യൂണിറ്റിക്ക് അകത്ത് നടക്കുന്ന രസകരമായ സംഭവങ്ങളുടെ നര്‍മ്മത്തിലൂടെയുള്ള ആവിഷ്‌ക്കാരമാണ് ചിത്രം. ലിജോ മോള്‍, ശ്രുതി രാമചന്ദ്രന്‍, സുധി കോപ്പ, ജോണി ആന്റണി, ലാലു അലക്സ്, നൗഷാദ് അലി, ആതിര ഹരികുമാര്‍, അനഘ അശോക്, ശ്രീജിത്ത് നായര്‍, എയ്തള്‍ അവ്ന ഷെറിന്‍, ജെസ് സുജന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന വേഷത്തിലെത്തുന്നുണ്ട്. ഒരു മെക്സിക്കന്‍ അപാരത എന്ന സൂപ്പര്‍ ഹിറ്റ് ചിത്രത്തിന് ശേഷം അനൂപ് കണ്ണന്‍ സ്റ്റോറീസിന്റെ ബാനറില്‍ അനൂപ് കണ്ണനും രേണുവും ചേര്‍ന്നാണ് ചിത്രം നിര്‍മിക്കുന്നത്. രാജേഷ് ഗോപിനാഥന്‍ തിരക്കഥയൊരുക്കുന്ന ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിച്ചിരിക്കുന്നത് മനീഷ് മാധവന്‍ ആണ്. അങ്കിത് മേനോന്‍ ആണ് സംഗീതം.

ഹൃദയത്തിന് ശേഷം വിനീത് ശ്രീനിവാസന്‍ ഒരുക്കുന്ന ‘വര്‍ഷങ്ങള്‍ക്ക് ശേഷം’ എന്ന ചിത്രത്തിലെ ആദ്യ ഗാനം റിലീസായി. അമൃത് രാംനാഥ് സംഗീതം ചെയ്ത ‘മധു പകരൂ’ എന്ന ഗാനം വിനീത് ശ്രീനിവാസന്‍ തന്നെയാണ് ആലപിച്ചിരിക്കുന്നത്. ഗസല്‍ മൂഡിലാണ് ഗാനത്തിന്റെ ചിത്രീകരണം. ഗാനം ഇതിനോടകം തന്നെ യുട്യൂബ് ട്രെന്‍ഡിങ്ങില്‍ ആയിട്ടുണ്ട്. പ്രണവ് മോഹന്‍ലാല്‍ ആണ് ഗാന രംഗത്തില്‍ അഭിനയിക്കുന്നത്. സ്‌ക്രീനില്‍ പ്രണവ് പഴയ മോഹന്‍ലാലിനെ ഓര്‍മിപ്പിക്കുന്നു എന്നായിരുന്നു പലരുടെയും അഭിപ്രായം. ചിത്രത്തില്‍ വ്യത്യസ്ത ലുക്കിലാണ് പ്രണവ് പ്രത്യക്ഷപ്പെടുക എന്ന് ചിത്രത്തിന്റെ ടീസര്‍ സൂചന നല്‍കിയിരുന്നു. പ്രണവിനൊപ്പം ധ്യാനും നിവിന്‍ പോളിയും ചിത്രത്തിലെത്തുന്നുണ്ട്. കല്യാണി പ്രിയദര്‍ശനാണ് നായിക. അജു വര്‍ഗീസ്, ബേസില്‍ ജോസഫ്, വിനീത് ശ്രീനിവാസന്‍, നീരജ് മാധവ്, നീത പിള്ളൈ, അര്‍ജുന്‍ ലാല്‍, അശ്വത് ലാല്‍, കലേഷ് രാംനാഥ്, ഷാന്‍ റഹ്‌മാന്‍ എന്നിങ്ങനെ ഒരു വലിയ താരനിര തന്നെയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്. ഗായിക ബോംബെ ജയശ്രീയുടെ മകന്‍ അമൃത് രാംനാഥ് ആണ് ചിത്രത്തിലെ ഗാനങ്ങള്‍ക്ക് സംഗീതം ഒരുക്കുന്നത്. ഹൃദയം നിര്‍മ്മിച്ച മെറിലാന്‍ഡ് സിനിമാസിന്റെ ബാനറില്‍ വിശാഖ് സുബ്രഹ്‌മണ്യം തന്നെയാണ് ഈ ചിത്രത്തിന്റെയും നിര്‍മ്മാണം നിര്‍വഹിക്കുന്നത്. ചിത്രം ഏപ്രില്‍ 11ന് തിയറ്ററിലെത്തും.

ഈ വര്‍ഷം പകുതിയോടെ തങ്ങളുടെ ഫ്‌ളാഗ്ഷിപ് മോഡലായ എസ് യു 7 പുറത്തിറക്കുമെന്ന് ഷവോമി അറിയിച്ചിരിക്കുന്നു. എസ് യു 7ന്റെ ദൃശ്യങ്ങള്‍ ഷവോമി തന്നെ ഔദ്യോഗിക യുട്യൂബ് ചാനലിലൂടെ പുറത്തുവിടുകയും ചെയ്തിട്ടുണ്ട്. മൊബൈല്‍ ആപ്പുകളും ലാപ്‌ടോപും ഹോം അപ്ലയന്‍സസും സ്‌കൂട്ടറുമെല്ലാം ഷവോമി പുറത്തിറക്കിയിട്ടുണ്ട്. ഈ നിരയിലേക്കാണ് ഇപ്പോള്‍ വൈദ്യുത കാര്‍ കൂടി എത്തുന്നത്. സ്മാര്‍ട്ട്‌ഫോണ്‍ വിപണിയില്‍ വില്‍പനയിലുണ്ടായ കുറവും പുതിയ മേഖലയിലേക്ക് നീങ്ങാന്‍ വര്‍ഷങ്ങള്‍ക്കു മുമ്പു തന്നെ ഷവോമിയെ പ്രേരിപ്പിച്ചു. പോര്‍ഷെ, ടെസ്ല തുടങ്ങിയ വന്‍ കമ്പനികള്‍ക്ക് വെല്ലുവിളിയുമായാണ് ഷവോമിയുടെ എസ് യു 7ന്റെ വരവ്. ഷവോമിയുടെ സോഫ്‌റ്റ്വെയര്‍ രംഗത്തെ അനുഭവ പരിചയവും കരുത്തും വെളിവാക്കുന്നതാവും എസ് യു 7ന്റെ ഓപറേറ്റിങ് സിസ്റ്റം. സ്മാര്‍ട്ട്‌ഫോണുകളും മറ്റു ഹോം അപ്ലയന്‍സസുമായും കാറിനെ ബന്ധിപ്പിക്കാനും സാധ്യതയുണ്ട്. ഏതാണ്ട് പത്തു ദശലക്ഷം ഡോളറാണ്(ഏകദേശം 82.17 കോടിരൂപ) കഴിഞ്ഞ വര്‍ഷങ്ങളില്‍ വൈദ്യുത കാര്‍ നിര്‍മാണത്തിനായി ഷവോമി ചിലവാക്കിയത്. ഇതും കാറിന്റെ വിലയില്‍ പ്രതിഫലിച്ചേക്കും. ഷവോമി മാത്രമല്ല മറ്റൊരു സ്മാര്‍ട്ട്‌ഫോണ്‍ ഭീമന്മാരായ ആപ്പിളും വൈദ്യുത വാഹന നിര്‍മാണ രംഗത്തേക്ക് വരുമെന്ന് പ്രഖ്യാപിച്ചിരുന്നു.

അതിശയിപ്പിക്കുന്ന ദൃശ്യപരതയോടെ മനുഷ്യബന്ധങ്ങളുടെ കഥ പറയുകയാണ് പടയോട്ട കൗശലങ്ങള്‍. വിവാഹബന്ധവും വേര്‍പിരിയലും പ്രണയവും അവിടെ വഴിപിരിയാതുണ്ട്. പോയകാലത്തെ പ്രണയവും വര്‍ത്തമാനകാലത്തെ ദാമ്പത്യവും കൂടിച്ചേരുമ്പോള്‍ ഉണ്ടാകുന്ന പ്രതിസന്ധികളുണ്ട്. പ്രണയജീവിതം വീണ്ടും തളിര്‍ക്കുമ്പോള്‍, ഉരുത്തിരിയുമ്പോള്‍ ഉണ്ടാകുന്ന സംഭവപരമ്പരകളാണ് നോവലിന്റെ പ്രമേയം. യുദ്ധക്കപ്പലിലെ പടയോട്ട കൗശലങ്ങളെപ്പോലെ ഊളിയിടുന്ന കുടുംബബന്ധങ്ങളിലെ സംത്രാസങ്ങള്‍. ‘പടയോട്ട കൗശലങ്ങള്‍’. വി.പി. ജോസഫ്. മംഗളോദയം. വില 145 രൂപ.

വ്യായാമം കൊണ്ട് ശരീരത്തിനു പല ഗുണങ്ങളുമുണ്ടെന്ന് നമുക്കെല്ലാവര്‍ക്കും അറിയാം. ഹൃദയാരോഗ്യം മെച്ചപ്പെടുത്താനും പക്ഷാഘാതത്തിന്റെയും ഉയര്‍ന്ന രക്തസമ്മര്‍ദ്ദത്തിന്റെയും സാധ്യത കുറയ്ക്കാനും വ്യായാമം സഹായിക്കും. സമ്മര്‍ദ്ദവും ഉത്കണ്ഠയും വിഷാദവും കുറച്ച് മൂഡും മാനസികാരോഗ്യവും മെച്ചപ്പെടുത്താനും വ്യായാമം സഹായിക്കും. എന്നാല്‍ ഇതിനെല്ലാം പുറമേ അര്‍ബുദത്തെ അതിജീവിച്ചവരില്‍ ഉണ്ടാകുന്ന വേദനയെ ലഘൂകരിക്കാനും വ്യായാമം സഹായിക്കുമെന്ന് പുതിയ പഠനങ്ങള്‍ വെളിപ്പെടുത്തുന്നു. വ്യക്തികള്‍ ഒരാഴ്ച 150 മുതല്‍ 300 മിനിട്ട് മിതമായ വ്യായാമമോ 75 മുതില്‍ 150 മിനിട്ട് തീവ്രമായ എയറോബിക് വ്യായാമമോ പിന്തുടരണമെന്നാണ് അമേരിക്കയിലെ ആരോഗ്യ ഏജന്‍സികള്‍ നിര്‍ദ്ദേശിക്കുന്നത്. ഈ നിര്‍ദ്ദിഷ്ട സമയം താണ്ടുന്ന തരത്തില്‍ വ്യായാമം ചെയ്യുന്ന മുന്‍ അര്‍ബുദ രോഗികള്‍ക്ക് ഇത്രയും സമയം വ്യായാമം ചെയ്യാത്ത മുന്‍ അര്‍ബുദ രോഗികളെ അപേക്ഷിച്ച് വേദനയുണ്ടാകാനുള്ള സാധ്യത 16 ശതമാനം കുറവാണെന്ന് പഠനം പറയുന്നു. അമേരിക്കന്‍ കാന്‍സര്‍ സൊസൈറ്റിയുടെ പ്രസിദ്ധീകരണമായ കാന്‍സറിലാണ് ഗവേഷണ ഫലം പ്രസിദ്ധീകരിച്ചത്. അര്‍ബുദത്തെ അതിജീവിച്ച 10,651 പേരുടെയും അര്‍ബുദ ചരിത്രമില്ലാത്ത 51,439 പേരുടെയും ആരോഗ്യ വിവരങ്ങള്‍ ഗവേഷണത്തിനായി താരതമ്യം ചെയ്തു. തങ്ങളുടെ വേദനയെ പൂജ്യം മുതല്‍ 10 വരെയുള്ള ശരാശരി റേഞ്ച് വച്ച് രേഖപ്പെടുത്താന്‍ പഠനത്തില്‍ പങ്കെടുത്തവരോട് ആവശ്യപ്പെട്ടു. ഇതില്‍ നിന്നാണ് വ്യായാമവും അര്‍ബുദ രോഗികളിലെ വേദനയും തമ്മിലുള്ള ബന്ധം കണ്ടെത്തിയത്.

*ശുഭദിനം*

*കവിത കണ്ണന്‍*

അന്ന് അവിടെ നായ്ക്കളുടെ ഓട്ടമത്സരം നടക്കുകയാണ്. സംഘാടകര്‍ ഒരു ചീറ്റപ്പുലിയെക്കൂടി ആ മത്സരത്തില്‍ ഉള്‍പ്പെടുത്തി. എന്നാല്‍ ഓട്ടം തുടങ്ങിയപ്പോള്‍ ചീറ്റ തന്റെ സ്ഥാനത്തുതന്നെ അനങ്ങാതെ നിന്നു ആ മത്സരം ആസ്വദിച്ചു. ആ മത്സത്തില്‍ വിജയിച്ച നായ ചീറ്റയോട് ചോദിച്ചു: നീ എന്താണ് മത്സരത്തില്‍ പങ്കെടുക്കാതിരുന്നത്… ചീറ്റപറഞ്ഞു: നിങ്ങളോടൊപ്പം ഞാന്‍ ഓടിയാല്‍ ഞാന്‍ തന്നെ ജയിക്കുമെന്ന് എനിക്കും നിങ്ങള്‍ക്കും അറിയാം. എന്നിട്ടും ഞാന്‍ പങ്കെടുത്താല്‍ അതെനിക്ക് അപമാനമാണ്… എല്ലാ മത്സരങ്ങളും എല്ലാവര്‍ക്കും വേണ്ടിയുളളതല്ല. കാണികളുള്ള സ്ഥലങ്ങളിലെല്ലാം ഗോദയിലിറങ്ങുക എന്നതല്ല, നല്ലൊരു മത്സരാര്‍ത്ഥിയുടെ ലക്ഷണം. ഈ മത്സരം എന്നെ വളര്‍ത്തുമോ? എന്റെ കഴിവ് പ്രകടിപ്പിക്കാന്‍ മാത്രം നിലവാരമുളളതാണോ എന്ന ചോദ്യങ്ങള്‍ ഓരോ മത്സരത്തിലും പങ്കെടുക്കുമ്പോള്‍ സ്വയം ചോദിക്കണം. നമ്മേക്കാള്‍ ശേഷി കുറഞ്ഞവരുടെ മത്സരങ്ങളില്‍ ഭാഗമായി വിജയിക്കുന്നതില്‍ എന്ത് സാഹസികതയാണ് ഉള്ളത്.. ഏറ്റവും അവസാന സ്ഥാനത്തെത്തിയാലും പുതിയ അനുഭവങ്ങള്‍ ലഭിക്കുന്നുണ്ടെങ്കില്‍ അത്തരം മത്സരങ്ങളാണ് ഒരാളെ വളര്‍ത്തുന്നത് എന്ന് പറയാം. ഒരാള്‍ പങ്കെടുക്കുന്ന മത്സരങ്ങളേതൊക്കെയെന്ന് ശ്രദ്ധിച്ചാല്‍ അയാളുടെ വളര്‍ച്ചാതാല്‍പര്യം മനസ്സിലാകും. ജയിക്കുമെന്ന് ഉറപ്പുള്ള മത്സരങ്ങളില്‍ എല്ലാവരും പങ്കെടുക്കും.. എന്നാല്‍ തോല്‍ക്കാന്‍ സാധ്യതയുളള മത്സരവേദികളില്‍ കയറണമെങ്കില്‍ പരാജയഭീതി അതിജീവിക്കാനുള്ള മനക്കരുത്തുണ്ടാകണം.. ആ മനക്കരുത്ത് നേടാന്‍ നമുക്ക് സാധിക്കട്ടെ – ശുഭദിനം.

Shaji Padmanabhan

Thirty years of experience in publication field. Started carrier from Gulf Voice monthly malayalam magazine in 1994. Worked in Mangalam (2000), Kerala Kaumudi (2004). Started a publication in 2008, named...

Leave a comment

Your email address will not be published. Required fields are marked *